അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു

മദ്ധ്യപ്രദേശിൽ വെടിവയ്പിൽ കൊല്ലപ്പെട്ട കർഷകരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം നൽകുക, ഈ പാതകത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കർശനശിക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 14 ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാൻ എസ്‌യുസിഐ(സി) ആഹ്വാനം ചെയ്തിരുന്നു. പിന്തിരപ്പൻമാരുടെയും അനുരഞ്ജകശക്തികളുടെയും മധുരവചനങ്ങളിലും പ്രതിഷേധ നാട്യങ്ങളിലും വശംവദരായിപ്പോകരുതെന്നും ശരിയായ വിപ്ലവനേതൃത്വത്തിൻ കീഴിൽ, ന്യായമായ ഡിമാന്റുകൾ നേടിയെടുക്കുന്നതിനായി സംഘടിതവും ശക്തവും നീണ്ടുനിൽക്കുന്നതും സുചിന്തിതവുമായ പ്രക്ഷോഭം വളർത്തിയെടുക്കണമെന്നും പൊരുതുന്ന കർഷകരോട് പാർട്ടി ആഹ്വാനം ചെയ്യുകയുമുണ്ടായി.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ നടന്ന പ്രതിഷേധപരിപാടി എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി സഖാവ് ആർ.കുമാർ ഉദ്ഘാടനം ചെയ്തു.

എറണാകുളം

എറണാകുളം ജില്ലയിൽ ആലുവയിലും തിരുവാങ്കുളത്തും പ്രതിഷേധയോഗങ്ങൾ ചേർന്നു. ആലുവയിൽ പാർട്ടി ജില്ലാ സെക്രട്ടറി സഖാവ് ടി.കെ.സുധീർകുമാർ ഉഉദ്ഘാടനം ചെയ്തു. കെ.പി.സാൽവിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എംസിപിഐ (യു) നേതാവ് എം.പി.ജോർജ്ജ് പ്രസംഗിച്ചു.

തിരുവാങ്കുളത്ത് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് പി.എം.ദിനേശൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സഖാവ് സി.ബി.അശോകൻ അദ്ധ്യക്ഷത വഹിച്ചു.

കണ്ണൂർ

എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം നടന്നു. ജൂൺ 16 ന് കണ്ണൂർ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ഡോ.ഡി.സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം സഖാവ് എം.കെ.ജയരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാവ് പോൾ ടി.സാമുവൽ, അനൂപ്‌ ജോൺ എരിമറ്റം എന്നിവർ പ്രസംഗിച്ചു.

Share this