ഇടതുപക്ഷ ഐക്യമുന്നണി വയനാട് ജില്ലാ കണ്‍വന്‍ഷന്‍

സുല്‍ത്താന്‍ബത്തേരി
30.5.2015
യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ അനുവര്‍ത്തിക്കുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ ജനങ്ങളുടെ സമരരാഷ്ട്രീയം വളര്‍ത്തിയെടുക്കാനാഹ്വാനം ചെയ്തുകൊണ്ട് ഇടതുപക്ഷ ഐക്യമുന്നണി വയനാട് ജില്ലാ കണ്‍വന്‍ഷന്‍ നടന്നു.

ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. കെ.കെ.രമ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാന കണ്‍വീനറും എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സ. ഡോ.വി.വേണുഗോപാല്‍, എല്‍.യു.എഫ് സംസ്ഥാന ചെയര്‍മാനും ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സ. കെ.എസ്.ഹരിഹരന്‍, എല്‍.യു.എഫ് സംസ്ഥാന വൈസ് ചെയര്‍മാനും എം.സി.പി.ഐ(യു) കേന്ദ്രകമ്മിറ്റി അംഗവുമായ സ. കെ.ആര്‍.സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി സ. വി.കെ.സദാനന്ദന്‍ അദ്ധ്യക്ഷം വഹിച്ചു.

ജനങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് അധികാരത്തില്‍വന്ന നരേന്ദ്രമോദി കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ് അത് നല്‍കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ.കെ.രമ പറഞ്ഞു. ഒരുഭാഗത്ത് വര്‍ഗ്ഗീയത ആളിക്കത്തിക്കുകയും മറുഭാഗത്ത് കരയും കടലുമടക്കം എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയുമാണ്. അഴിമതിക്കാരനായ കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഓടി നടന്ന സി.പി.ഐ(എം) ഇപ്പോള്‍ അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ബാലകൃഷ്ണപിള്ളയെ കൂട്ടുപിടിച്ചുകൊണ്ടു നടത്തുന്ന അഴിമതിവിരുദ്ധ സമരം അപഹാസ്യമാണ്. അഴിമതിക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ ശബ്ദിക്കാന്‍ സി.പി.ഐ(എം)ന് ധാര്‍മ്മീകാവകാശമില്ല – കെ.കെ.രമ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ഇരുമുന്നണികളും ജനവിരുദ്ധപക്ഷത്ത് നിലകൊള്ളുന്ന ഒരു പ്രത്യേകസാഹ്യചര്യത്തിലാണ് ഇടതുപക്ഷ ഐക്യമുന്നണി രൂപം കൊണ്ടതെന്നും, കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റ കോര്‍പ്പറേറ്റ് ഭരണത്തിനും കേരളത്തിലെ ഉമ്മന്‍ചാണ്ടിയുടെ അഴിമതിഭരണത്തിനുമെതിരെ ബഹുജനപ്രക്ഷോഭണത്തിന്റെ പാതയിലാണ് എല്‍.യു.എഫ് എന്നും സ. വി.വേണുഗോപാല്‍ പറഞ്ഞു.

തൊഴിലാളികളെ വഴിയാധാരമാക്കി പൊതുമേഖലാസ്ഥാപനങ്ങളും, കര്‍ഷകരെ ഭൂമിയില്‍നിന്ന് പിഴുതെറിഞ്ഞ് കൃഷിഭൂമിയും, തീരദേശനിവാസികളെ പട്ടിണിയിലാക്കി കടലും ബഹുരാഷ്ട്രകുത്തകള്‍ക്ക് പതിച്ചുനല്‍കുകയാണ് മോദിസര്‍ക്കാരെന്ന് സ. കെ.ആര്‍.സദാനന്ദന്‍ ചൂണ്ടിക്കാട്ടി.
സുല്‍ത്താന്‍ ബത്തേരി സ്വതന്ത്രമൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പി.കെ.ഭഗത് സ്വാഗതവും സി.എന്‍.മുകുന്ദന്‍ നന്ദിയും പറഞ്ഞു.
പൊതുസമ്മേളനത്തിന് മുമ്പ് സുല്‍ത്താന്‍ പൈയ്‌സില്‍വച്ച് നടന്ന ജില്ലാ കണ്‍വന്‍ഷന്‍ ഡോ. വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍.സദാനന്ദന്‍, കെ.എസ്.ഹരിഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.കെ.സദാനന്ദന്‍ കണ്‍വീനറായിക്കൊണ്ട് എട്ടംഗ ജില്ലാ കമ്മിറ്റിക്ക് കണ്‍വന്‍ഷന്‍ രൂപം കൊടുത്തു. സി.എന്‍.മുകുന്ദന്‍ സ്വാഗതവും ദേവസ്യ പുറ്റനാല്‍ നന്ദിയും പരഞ്ഞു.

Share this