എഐഎംഎസ്എസ് ആഭിമുഖ്യത്തിൽ: വനിതകളുടെ രാജ്ഭവൻ മാർച്ച്

Spread our news by sharing in social media

വിലക്കയറ്റം തടയുക, പാചകവാതക സബ്‌സിഡി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, റേഷൻ ഏവർക്കും ലഭ്യമാക്കുക, അവശ്യ സാധനങ്ങൾ ന്യായവിലയ്ക്ക് പൊതുവിതരണ കേന്ദ്രം വഴി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവൻ മാർച്ച് നടത്തി.
എഐഎംഎസ്എസ് സംസ്ഥാന സെക്രട്ടറി ഷൈല കെ.ജോൺ മാർച്ച് ഉദ്ഘാടനം ചെയ്തു. ഒന്നിനുപുറകേ ഒന്നായി കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക നയങ്ങൾ സാധാരണ ജനങ്ങളെ ഒടുങ്ങാത്ത ദുരിതത്തിലേയ്ക്ക് തള്ളിവിടുകയാണ് എന്ന് ഷൈല കെ. ജോൺ അഭിപ്രായപ്പെട്ടു. നോട്ടു നിരോധനം സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്നും കരകയറാൻ ജനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ജിഎസ്ടി നടപ്പിലാക്കിയതോടെ ജീവൻ രക്ഷാ മരുന്നുകളടക്കം എല്ലാ അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വിലതാങ്ങാനാവാത്തവിധം വർദ്ധിച്ചുകഴിഞ്ഞു. പാചകവാതകത്തിനുനൽകുന്ന സബ്‌സിഡി നിർത്തലാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കം വലിയൊരു വിഭാഗത്തിന്റെ അടുക്കളകളിൽ തീപുകയാത്ത നാളുകൾ സൃഷ്ടിക്കും. അങ്ങേയറ്റം ജനവിരുദ്ധമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കൊണ്ടുവന്ന കാർഡ് വിഭജനത്തിലൂടെ റേഷൻ മാത്രമല്ല സൗജന്യ ചികിൽസയും മറ്റു സാമൂഹ്യ ക്ഷേമ പദ്ധതികളുമെല്ലാം അർഹരായവർക്ക് നിഷേധിക്കുന്ന കൊടുംക്രൂരതയാണ് ഇന്ന് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ചെയ്യുന്നത്. നിരവധി സ്ഥലങ്ങളിൽ തെരുവിൽ നടന്ന ഒപ്പുശേഖരണത്തിൽ വമ്പിച്ച ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. എന്തെങ്കിലും സ്ഥിരവരുമാനമുള്ള ആളുകൾക്കുപോലും ജീവിതം കഠിനതരമാകുന്നു എന്നതാണ് സംസ്ഥാനവ്യാപകമായി നടന്ന പ്രചാരണപ്രവർത്തനങ്ങളിലൂടെ അനുഭവപ്പെട്ടത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം കെട്ടിപ്പടുക്കുകയല്ലാതെ മറ്റ് പോംവഴിയില്ല. സംസ്ഥാനവ്യാപകമായി ജില്ലാതലങ്ങളിലും പ്രാദേശിക തലങ്ങളിലും സമരപരിപാടികൾ തുടരുമെന്നും ഷൈല കെ.ജോൺ വ്യക്തമാക്കി.
എഐഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് മിനി കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.എ.ബിന്ദു, എസ്.രാധാമണി എന്നിവർ പ്രസംഗിച്ചു. എസ്.മിനി, എ.സബൂറ, കെ.ജെ.ഷീല, കെ.കെ. ശോഭ, കെ.എം.ബീവി, എം.കെ.ഉഷ, സൗഭാഗ്യലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.

രാജ് ഭവൻ മാർച്ചിന് മുന്നോടിയായി സംസ്ഥാന വ്യാപകമായ പ്രചാരണ പരിപാടികളിലൂടെ പ്രധാനമന്ത്രിക്കുള്ള നിവേദനത്തിലേയ്ക്ക് ഒപ്പുശേഖരണം നടന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ ഒപ്പുശേഖരണം നടന്നു.
തൃശ്ശൂർ ജില്ലയിൽ ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നിവിടങ്ങളിൽ തെരുവിൽ ഒപ്പുശേഖരണവും പ്രതിഷേധ യോഗവും നടന്നു. സഖാക്കൾ സുജ ആന്റണി, സുനിത ആർ, ശ്രീജ ഒ.എം, ബേബി വൽസൻ, അഡ്വ.ധന്യ കെ എന്നിവർ നേതൃത്വം നൽകി.
ആലപ്പുഴയിൽ അമ്പലപ്പുഴ, ആലപ്പുഴ എന്നിവിടങ്ങളിൽ ഒപ്പുശേഖരണവും പ്രതിഷേധ യോഗവും നടന്നു. സഖാക്കൾ എം.എ.ബിന്ദു, ഗായത്രി സ്വാമിനാഥൻ, കെ.ജെ.ഷീല, ടി.ആർ. രാജിമോൾ, ഉഷാകുമാരി, രാധമ്മ തുടങ്ങിയവർ നേതൃത്വം നൽകി.
കോട്ടയം ടൗണിൽ നടന്ന ഒപ്പുശേഖരണവും പ്രതിഷേധയോഗവും ജില്ലാ സെക്രട്ടറി ആശാരാജ് ഉദ്ഘാടനം ചെയ്തു. സഖാക്കൾ ആലീസ് ജോസഫ്, കെ.കെ.ഗിരിജ, കെ.എസ്.ചെല്ലമ്മ എന്നിവർ പ്രസംഗിച്ചു. സാലി സെബാസ്റ്റ്യൻ, സുജാത മണിക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി. തൃപ്പൂണിത്തുറയിൽ നടന്ന പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറി സഖാവ് ഷൈല കെ.ജോൺ ഉദ്ഘാടനം ചെയ്തു. സഖാക്കൾ എം.പി.സുധ, എം.കെ.ഉഷ തുടങ്ങിയവർ പ്രസംഗിച്ചു. ഒപ്പുശേഖരണം മാർച്ച് 31വരെ തുടരും. മാർച്ച് 31ന് നിവേദനം പ്രധാനമന്ത്രിക്ക് പോസ്റ്റ്ഓഫീസ് വഴി അയച്ചുകൊടുത്തുകൊണ്ട് ഒന്നാംഘട്ട സമരപരിപാടി സമാപിക്കും.

Share this