എഐഡിവൈഒയുടെ ആഭിമുഖ്യത്തിൽ സമരസാഹോദര്യ സംഗമം.

Spread our news by sharing in social media

ജാതി-മതം-പശു-ദേശം-വംശം ഇവയുടെ പേരിൽ വർഗ്ഗീയത വളർത്തി ജനൈക്യം തകർക്കുന്ന ഭരണനയം അവസാനിപ്പിക്കുക, നോട്ടുനിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച സാമ്പത്തിക തകർച്ചയിൽനിന്നും നാടിനെ രക്ഷിക്കുക, രൂക്ഷമാകുന്ന തൊഴിലില്ലായ്മയ്ക്ക് അറുതിവരുത്തുക എന്നീ ആവശ്യങ്ങളെ മുൻനിർത്തി എഐഡിവൈഒയുടെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരിയിൽ വർഗ്ഗീയതയ്ക്കും മുതലാളിത്ത ചൂഷണ നയങ്ങൾക്കുമെതിരെ സമരസാഹോദര്യ സംഗമം നടന്നു.
എഐഡിവൈഒ ചങ്ങനാശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സംഗമം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മതാന്ധതയും ജാതീയ വേർതിരിവുകളും മനുഷ്യർക്കിടയിൽ വേലിക്കെട്ടുകൾ വളർത്തുമ്പോൾ ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ യോജിച്ച മുന്നേറ്റത്തിന് ഏറെ പ്രസക്തിയുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പശുവിന്റെ പേരിലും ആരാധനാലയങ്ങളുടെ പേരിലും ദലിതുകളും മുസ്ലീങ്ങളും കൊലചെയ്യപ്പെടുന്നത് ഇന്ന് വാർത്തപോലും അല്ലാതാകുന്നു. ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലില്ല ഇസ്ലാംരക്തം, ഞങ്ങളിലില്ല ക്രൈസ്തവരക്തം, ഞങ്ങളിലുള്ളത് മാനവരക്തം എന്ന് ഉറക്കെ വിളിച്ചുപറയാൻ ചെറുപ്പക്കാർക്ക് സാധിക്കണം.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സർക്കാർ ഉന്നയിച്ചിരുന്ന ന്യായങ്ങളും അവകാശവാദങ്ങളും പൂർണ്ണമായും കളവാണെന്ന് തെളിഞ്ഞുകഴിഞ്ഞു. മുഴുവൻ പൗരന്മാരെക്കൊണ്ടും ബാങ്ക് അക്കൗണ്ട് എടുപ്പിക്കാൻ നടത്തിയ ശ്രമങ്ങളും നോട്ട് നിരോധനവും ജിഎസ്ടിയും സർക്കാർ ഇപ്പോൾ നടപ്പാക്കുന്ന എഫ്ആർഡിഐയും എല്ലാം ഒരേ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് സഖാവ് എൻ.കെ.ബിജു വിഷയാവതരണം നടത്തി. എഐവൈഎഫ് കോട്ടയം ജില്ലാ ജോയിന്റ്‌സെക്രട്ടറി സഖാവ് പൗലോസ് എം.സ്‌കറിയ, എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ്, ജില്ലാ സെക്രട്ടറി സഖാവ് അനില ബോസ്, ജില്ലാ പ്രസിഡന്റ് സഖാവ് രജിത ജയറാം, സംസ്ഥാന കമ്മിറ്റിയംഗം സഖാവ് കെ.സജി, എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി സഖാവ് ആശാരാജ്, എസ്.യു.സി.ഐ(സി) സംസ്ഥാന കമ്മിറ്റിയംഗം സഖാവ് മിനി കെ.ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. എഐഡിവൈഒ സംസ്ഥാന കമ്മിറ്റിയംഗം സഖാവ് അരവിന്ദ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സഖാവ് മേധ സുരേന്ദ്രനാഥ് സ്വാഗതവും സഖാവ് ലാരിയ പരമേശ്വരൻ കൃതജ്ഞതയും രേഖപ്പെടുത്തി.
സംഗമത്തോടനുബന്ധിച്ച് പ്രചോദന മ്യൂസിക് സ്‌ക്വാഡിന്റെ ഗാനസദസ്സും എഐഡിവൈഒ നാടകസംഘത്തിന്റെ ‘വരൂ ഈ തെരുവിലെ രക്തം കാണൂ’ എന്ന തെരുവുനാടകവും അവതരിപ്പിച്ചു.

Share this