എഐഡിവൈഒ 50-ാം സ്ഥാപന വാര്‍ഷികാചരണം കല്‍ക്കട്ടയില്‍

എഐഡിവൈഒ 50-ാം സ്ഥാപന വാര്‍ഷികാചരണം
കല്‍ക്കട്ടയില്‍ യുവജനറാലിയും സമ്മേളനവും
ആള്‍ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷ(എഐഡിവൈഒ)ന്റെ 50-ാം സ്ഥാപന വാര്‍ഷികാചരണത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള വന്‍യുവജനറാലിയും പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും കലാപരിപാടികളും ജൂണ്‍ 25,26 തീയതികളില്‍ കല്‍ക്കത്തയില്‍ നടന്നു.

AIDYO RALLY
1966 ജൂണ്‍ 26 ന് സഖാവ് ശിബ്ദാസ്‌ഘോഷിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍ കീഴില്‍ ആണ് ഇന്ത്യന്‍ മണ്ണിലെ യഥാര്‍ത്ഥ വിപ്ലവ യുവജനസംഘടന എന്ന നിലയില്‍ എഐഡിവൈഒ സ്ഥാപിതമായത്.
തൊഴിലില്ലായ്മയ്ക്കും സാംസ്‌കാരിക അധഃപതനത്തിനും മദ്യവും മയക്കുമരുന്നും അശ്ലീലതയും വ്യാപിപ്പിച്ച് രാജ്യത്തെ യുവാക്കളുടെ സാംസ്‌കാരിക നട്ടെല്ല് തകര്‍ക്കുന്ന മുതലാളിത്ത ഭരണാധികാരികളുടെ നയങ്ങള്‍ക്കും ഇതര സാമൂഹ്യതിന്മകള്‍ക്കുമെതിരായ യുവാക്കളുടെ പ്രക്ഷോഭങ്ങള്‍ രാജ്യമെമ്പാടും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടാണ് എഐഡിവൈഒ രൂപീകരിക്കപ്പെട്ടത്.

ഈ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് രാജ്യമെമ്പാടും യുവജന സമരശക്തി സമാഹരിക്കപ്പെട്ട 50 വര്‍ഷങ്ങളുടെ ആവേശകരമായ സ്മരണകള്‍ ഉയര്‍ത്തിയ വേളയായിരുന്നു ഇത്. രാജ്യത്ത് സോഷ്യലിസ്റ്റ് സാമൂഹ്യക്രമം സ്ഥാപിച്ചെടുക്കുന്നതിന് പര്യാപ്തമായ സാംസ്‌കാരിക മുന്നേറ്റവും യുവജന പോരാട്ടവും പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുവാനുള്ള ആഹ്വാനങ്ങള്‍ സമ്മേളനങ്ങളില്‍ ഉയര്‍ന്നു.
ജൂണ്‍ 25 ന് കല്‍ക്കട്ടയിലെ വെല്ലിംഗ്ടണ്‍ സ്ട്രീറ്റില്‍നിന്നും ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിന് യുവതീയുവാക്കള്‍ അണിനിരന്നു. വെളുത്ത യൂണിഫോം ധരിച്ച് ചെങ്കൊടി വഹിച്ച 50 വോളണ്ടിയര്‍മാരായിരുന്നു മുന്‍നിരയില്‍. എഐഡിവൈഒ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് ബി.ആര്‍.മഞ്ജുനാഥ്, ജനറല്‍ സെക്രട്ടറി സഖാവ് പ്രതിഭാ നായിക്, വൈസ്പ്രസിഡന്റുമാരായ മൊഹ്‌യുദ്ദീന്‍ മന്നന്‍, ടി.കെ.സുധീര്‍കുമാര്‍, ദീപക്കുമാര്‍, രാമാഞ്ജനപ്പ, സുബൈര്‍ റബാനി എന്നീ സഖാക്കള്‍ റാലിയെ നയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാനറുകള്‍ക്ക് പിന്നിലായി സഖാക്കള്‍ അണിനിരന്നു. എസ്പ്ലനേഡിലെ സമ്മേളന നഗരിയില്‍ ഡിവൈഒ ഗാനാലാപനത്തോടെ പൊതുസമ്മേളനം ആരംഭിച്ചു. അഖിലേന്ത്യാ വൈസ്പ്രസിഡന്റ് മൊഹ്‌യുദ്ദീന്‍ മന്നന്‍ അദ്ധ്യക്ഷത വഹിച്ച യോഗം എസ്‌യുസിഐ(സി) കേന്ദ്രകമ്മിറ്റിയംഗവും ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് സൗമന്‍ബോസ് ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ ജനറല്‍ സെക്രട്ടറി സഖാവ് പ്രതിഭാനായിക് പ്രസംഗിച്ചു.

എഐഡിവൈഒയുടെ വെബ്‌സൈറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം എസ്‌യുസിഐ(സി) കേന്ദ്രകമ്മിറ്റിയംഗം സഖാവ് സത്യവാന്‍ നിര്‍വ്വഹിച്ചു.
26-ാം തീയതി രവീന്ദ്രസദനില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സഖാവ് ബി.ആര്‍.മഞ്ജുനാഥ് പതാക ഉയര്‍ത്തി. സഖാവ് മഞ്ജുനാഥിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ഡിവൈഒ ആദ്യകാലനേതാക്കളിലൊരാളും എസ്‌യുസിഐ(സി) കേന്ദ്രകമ്മിറ്റിയംഗവുമായ സഖാവ് ഛായമുഖര്‍ജി ഉദ്ഘാടനം ചെയ്തു. ഡിവൈഒയുടെ ആദ്യകാലനേതാക്കളിലൊരാളായ സഖാവ് രാജേന്ദ്രസിംഗ് പ്രസംഗിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന സഖാക്കളുടെ കലാപരിപാടികള്‍ സമ്മേളനങ്ങള്‍ക്കുശേഷം അവതരിപ്പിച്ചു.
കഴിഞ്ഞ 50 വര്‍ഷക്കാലത്ത് ഡിവൈഒ നയിച്ച പ്രക്ഷോഭങ്ങളില്‍ രക്തസാക്ഷികളായ സഖാക്കളേയും അന്തരിച്ച മുന്‍കാല നേതാക്കളേയും സ്മരിച്ചുകൊണ്ടുള്ള പ്രമേയം ഡിവൈഒ അഖിലേന്ത്യാ സെക്രട്ടേറിയറ്റംഗം സഖാവ് തമാല്‍ സാമന്ത് അവതരിപ്പിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ്, പോളിറ്റ്ബ്യൂറോഅംഗം സഖാവ് മണിക്മുഖര്‍ജി എന്നിവര്‍ പ്രസംഗിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും allindiadyo.org സന്ദര്‍ശിക്കുക.

Share this