എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) കണയന്നൂര്‍ താലൂക്കോഫീസിലേയ്ക്ക് മാര്‍ച്ച്,  എറണാകുളം

2016 ഫെബ്രുവരി 18

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കണയന്നൂര്‍ താലൂക്കോഫീസിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെ നടത്തിയ മാര്‍ച്ച് എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

സാമ്പത്തിക നയങ്ങളുടെ ആഘാതം ജനജീവിതത്തെ വലയ്ക്കുന്ന ചിത്രമാണ് രാജ്യമെമ്പാടുമെന്നും, എന്നാല്‍ അതിനെതിരെ വളര്‍ന്നുവരാന്‍ സാധ്യതയുള്ള ജനരോക്ഷത്തെ വഴിതിരിച്ചുവിടാന്‍ വര്‍ഗ്ഗീയതയെയും വംശീയ-ജാതി രാഷ്ട്രീയത്തെയും കൂട്ടുപിടിച്ചിരിക്കുകയാണ് ബിജെപിയുടെ കേന്ദ്ര സര്‍ക്കാരെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. ജെഎന്‍യുവിലും ഹൈദ്രബാദ് യൂണിവേഴ്‌സിറ്റിയിലുമൊക്കെ ദേശീയഭ്രാന്തിന്റെയും ജാതിവെറിയുടെയും പേരില്‍ നടക്കുന്ന അതിക്രമങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും മേലുള്ള നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ മോദി സര്‍ക്കാരും സംഘപരിവാറും നടത്തുന്ന ശ്രമങ്ങളും നേരായി ചിന്തിക്കുന്നവരെ ആശങ്കയിലാക്കുകയാണ്.
കേരളത്തിലാകട്ടെ, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അഴിമതിയുടെയും വഴിവിട്ട ഇടപാടുകളുടെയും കഥകള്‍ പരസ്പരം വാരിയെറിഞ്ഞ് ഇടതു-വലതുമുന്നണികള്‍ ഉയര്‍ത്തിവിടുന്ന മലിമസമായ രാഷ്ട്രീയത്തില്‍ നിന്നും മുതലെടുക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണ് ഛിദ്രശക്തികള്‍. മനംമടുപ്പിക്കുന്ന ഈ സാഹചര്യത്തിന്റെ സൃഷ്ടികര്‍ത്താക്കള്‍ ജനദ്രോഹ സാമ്പത്തിക നയങ്ങളുടെ ഉപാസകരാണ്. ഈ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും വളര്‍ന്നുവരേണ്ടുന്ന സുശക്തമായ ഇടതു-ജനാധിപത്യ സമരപ്രസ്ഥാനത്തില്‍ ജനങ്ങള്‍ ഒന്നടങ്കം കക്ഷി-രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കതീതമായി ഒന്നിക്കണമെന്നും അദ്ദേഹം ആഭ്യര്‍ത്ഥിച്ചു.

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടേറിയറ്റംഗം പി.എം.ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. എംസിപിഐ(യു) സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.പി.സാജു, എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറിയറ്റംഗം ഫ്രാന്‍സിസ് കളത്തുങ്കല്‍, ജില്ലാ കമ്മിറ്റിയംഗം സി.ബി.അശോകന്‍, എഐഡിവൈഒ ജില്ലാ സെക്രട്ടറി കെ.ഒ.സുധീര്‍ എന്നിവരും പ്രസംഗിച്ചു.
ഹൈക്കോടതി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ജില്ലാ നേതാക്കളായ പി.പി.അഗസ്റ്റിന്‍, കെ.കെ.ശോഭ, കെ.പി.സാല്‍വിന്‍, എം.കെ.ഉഷ, കെ.ഒ.ഷാന്‍, സി.കെ.രാജേന്ദ്രന്‍, സി.കെ.തമ്പി തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

Share this