എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)-ന്റെ നേതൃത്വത്തിൽ റിസർവ്വ് ബാങ്ക് മാർച്ച്

ജനങ്ങൾക്ക് സ്വന്തം പണം ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ വിലക്കുകളും എടുത്തുകളയുക, നോട്ട് അസാധുവാക്കൽ നടപടി മൂലം ജനങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് സർക്കാർ പരിഹാരം നൽകുക, ആവശ്യത്തിന് കറൻസി ലഭ്യമാക്കുക എന്നീ ഡിമാന്റുകളുന്നയിച്ചുകൊണ്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ന്റെ നേതൃത്വത്തിൽ റിസർവ്വ് ബാങ്ക് മാർച്ച് സംഘടിപ്പിച്ചു.

എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സി.കെ.ലൂക്കോസ് തിരുവനന്തപുരത്ത്‌
റിസർവ്വ് ബാങ്ക് മാർച്ച് ഉദ്ഘാടനം ചെയ്തു. 50 ദിവസങ്ങൾക്കുള്ളിൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 51-ാം ദിനത്തിൽ രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ അതിനെക്കുറിച്ച് പരാമർശിക്കാൻ പോലും തയ്യാറായില്ലെന്ന് ലൂക്കോസ് ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കൽ നടപടി സാമ്പത്തിക ഘടനയിലും ജനജീവിതത്തിലും സൃഷ്ടിച്ച ഫലങ്ങളെന്ത്, ജനങ്ങൾക്ക് സ്വന്തം പണം ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പിൻവലിക്കാൻ അനുവദിക്കാത്ത നിയന്ത്രണങ്ങൾ എന്തുകൊണ്ട്, എത്രകാലത്തേക്ക് തുടങ്ങിയ വിഷയങ്ങളിലെല്ലാം പ്രധാനമന്ത്രി മൗനംപാലിക്കുകയാണ്. സാധാരണക്കാരുടെ സമ്പാദ്യങ്ങളും വരുമാനസ്രോതസ്സുകളുമെല്ലാം കുത്തക മൂലധനശക്തികളുടെ വരുതിയിലാക്കുക എന്നതായിരുന്നു നോട്ട് അസാധുവാക്കൽ നടപടിയുടെ പിന്നിലെ രഹസ്യഅജണ്ട. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനകീയ കമ്മിറ്റികൾക്ക് രൂപംനൽകിക്കൊണ്ടുള്ള ശക്തമായ പ്രക്ഷോഭണം മാത്രമാണ് ജനങ്ങളുടെ മുന്നിലുള്ള പോംവഴിയെന്നും സി.കെ.ലൂക്കോസ് പറഞ്ഞു.

എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി.എസ്.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.രാജീവൻ, ജ്യോതികൃഷ്ണൻ, വി.കെ.സദാനന്ദൻ, ഷൈല കെ. ജോൺ, വർഗ്ഗീസ് എം. ജോർജ് എന്നിവർ പ്രസംഗിച്ചു.

എറണാകുളത്ത് റിസർവ്വ് ബാങ്ക് മാർച്ച് സംസ്ഥാന സെക്രട്ടേറിയറ്റംഗം ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഡോ. പി.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം മിനി കെ.ഫിലിപ്പ്, ഇടുക്കി ജില്ലാ സെക്രട്ടറി എൻ.വിനോദ്കുമാർ, എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് എൻ.കെ.ബിജു, ജില്ലാ സെക്രട്ടേറിയറ്റംഗം പി.എം.ദിനേശൻ, എഐഡിഎസ്ഒ ജില്ലാപ്രസിഡന്റ് രശ്മി രവി തുടങ്ങിയവരും പ്രസംഗിച്ചു.

മാർച്ചിന് പ്രൊഫ.പി.എൻ.തങ്കച്ചൻ, പി.പി.അഗസ്റ്റിൻ, സി.ബി.അശോകൻ, കെ.പി.സാൽവിൻ, കെ.കെ.ശോഭ, എൻ.കെ.ഉഷ, കെ.ഒ.സുധീർ, കെ.ഒ.ഷാൻ, സിബി സി.മാത്യു, കെ.പി.മനോഹരൻ, എൻ.കെ.ശശികുമാർ, സി.കെ.ശിവദാസൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

നോട്ട്നിരോധനത്തിനെതിരെ സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച സമരത്തിൻെറ ഭാഗമായി കോഴിക്കോട്  ഇൻകംടാക്സ് ആപ്പീസിലേക്ക്   പ്രതിഷേധമാർച്ച്  നടന്നു.സെട്രൽ ലെെബ്രറി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് മിഠായിതെരുവ്, ആശുപത്രി റോഡ് ,ടൗൺഹാൾ റോഡ് വഴി ഇൻകംടാക്സ് ഒാഫീസിന് മുമ്പിലെത്തിയതോടെ പോലീസ്തടഞ്ഞു. തുടർന്ന് അവിടെ നടന്ന പ്രതിഷേധയോഗ എസ് യുസിഎെ  കോഴിക്കോട്ജില്ലാസെക്രട്ടറി സ.,എ.ശേഖർ ഉൽഘാടനം ചെയ്തു.

കള്ളപ്പണവേട്ട,തീവ്രവാദംതടയൽ,അഴിമതിനിർമാർജ്ജനം, വ്യാജനോട്ട്തടയൽ തുടങ്ങിയവ നരേന്ദ്രമോഡി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിൻെറ ലക്ഷ്യങ്ങളായിരുന്നില്ലെന്നും മറിച്ച് ജനങ്ങളുടെ സമ്പാദ്യങ്ങൾ മുഴുവൻ ഒററയടിക്ക് ബാങ്ക്കളിലെത്തിച്ച് കുത്തകകൾക്ക് വേണ്ടി വകഞ്ഞുവെക്കുകയായിരുന്നു യഥാർത്ഥ ലക്ഷ്യമെന്നും ജനങ്ങൾതിരിച്ചറിഞ്ഞിരിക്കുന്നു. ജനാധിപത്യസ്ഥാപനങ്ങളെ മുഴുവൻ നോക്കുകുത്തികളാക്കിക്കൊണ്ട് ,സ്വേച്ഛാധിപത്യപരമായി മോദി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനദ്രോഹപരമായ ഇത്തരം നയ  നടപടികൾക്കെതിരെ എല്ലാ സങ്കുചിതചിന്താഗതികളും മാററിവവെച്ച് ഒററക്കെട്ടായ ചെറുത്ത്നില്പ് വളർത്തിയെടുക്കണമെന്ന് സ.ശേഖർ പറഞ്ഞു.

സ.പി.എം.ശ്രീകുമാർ അധ്ക്ഷത വഹിച്ചു.സഖാക്കൾ അബ്ദുൾ അസീസ്,പോൾ.ടി.സാമുവൽ,പി.കെ. ഭഗത്,ടി.ജെ.ഡിക്സൻ എന്നി വർ പ്രസംഗിച്ചു.

Share this