കാശ്‌മീരില്‍ മനുഷ്യത്വവിരുദ്ധ പ്രവൃത്തിചെയ്‌ത പട്ടാള ഉദ്യോഗസ്ഥന്‌ പാരിതോഷികം നല്‍കിയതിനെ എസ്‌യുസിഐ(സി) ശക്തമായി അപലപിക്കുന്നു

2017 മേയ്‌ 24 ന്‌ എസ്‌യുസിഐ (സി) ജനറല്‍ സെക്രട്ടറി
സഖാവ്‌ പ്രൊവാഷ്‌ഘോഷ്‌ പുറപ്പെടുവിച്ച പ്രസ്‌താവന.

ഏപ്രില്‍ 9 ന്‌ കാശ്‌മീരില്‍ ഒരു ആര്‍മി മേജര്‍ ചെയ്‌ത ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടി രാജ്യത്തെ നേരായി ചിന്തിക്കുന്ന മുഴുവനാളുകളെയും നടുക്കിക്കളഞ്ഞു. ജനങ്ങളുടെ കല്ലേറില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഒരു സാധാരണപൗരനെ ജീപ്പിനുമുന്നില്‍ മനുഷ്യകവചമായി കെട്ടിവച്ചുകൊണ്ട്‌ പോകുകയാണുണ്ടായത്‌. ജനങ്ങളില്‍ വലിയ പ്രതിഷേധമാണ്‌ ഇതുണ്ടാക്കിയത്‌. എന്നാല്‍, ജനങ്ങളുടെ പ്രതിഷേധത്തിന്‌ പുല്ലുവില കല്‍പ്പിച്ചുകൊണ്ട്‌, മനുഷ്യാവകാശ ലംഘനത്തിന്‌ വിചാരണചെയ്യേണ്ട ഒരു പട്ടാള ഉദ്യോഗസ്ഥനെ “കലാപകാരികളെ നേരിടുന്നതില്‍ കാണിച്ച ശുഷ്‌കാന്തിയുടെയും നിരന്തരപരിശ്രമത്തിന്റെയും” പേരില്‍ ബഹുമതി പത്രം നല്‍കി ആദരിച്ച നടപടി ആശങ്കാകുലരായ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ സ്‌തബ്‌ധരാക്കിക്കളഞ്ഞു. മുറിവേറ്റവനെ അപമാനിക്കുകകൂടി ചെയ്യുന്ന നടപടിയായിരുന്നു അത്‌. കാശ്‌മീരില്‍ നിലനില്‍ക്കുന്ന സ്‌ഫോടനാത്മകമായ സാഹചര്യത്തെ കൂടുതല്‍ അപകടകരമാക്കിത്തീര്‍ക്കാനും ഇന്ത്യന്‍ പട്ടാളത്തോടും ഗവണ്‍മെന്റിനോടും കാശ്‌മീരി ജനതയ്‌ക്കുള്ള ശത്രുത വര്‍ദ്ധിപ്പിക്കാനും മാത്രമേ ഈ നടപടി ഉപകരിക്കൂ. അങ്ങേയറ്റം നിന്ദ്യമായ ഈ നടപടിയെ നമ്മുടെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നതോടൊപ്പം ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന്‌ ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടുകയും ചെയ്യുന്നു.

Share this