കെഎസ്ഇബി കരാർ തൊഴിലാളികളുടെ പ്രതിഷേധ മാർച്ച്‌

സംസ്ഥാന വൈദ്യുതി ബോർഡിലെ കരാർ തൊഴിലാളികൾ പട്ടം പിഎസ്‌സി ഓഫീസിനു മുൻപിൽ നിന്നും കെഎസ്ഇബി ആസ്ഥാനമായ വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കരാർ തൊഴിലാളികളുടെ സ്ഥിരം നിയമനം ഉടൻ നടത്തുക, പെറ്റികോൺട്രാക്ടർമാരെയും തൊഴിലാളികളെയും ലൈസൻസിൽ നിന്നും ഒഴിവാക്കുക, 1995-ലെ എഗ്രിമെന്റ് വ്യവസ്ഥകൾ പൂർണ്ണമായും നടപ്പിലാക്കുക, അപകടങ്ങളിൽപ്പെടുന്ന തൊഴിലാളികൾക്ക് ചികിത്സാ സഹായം അനുവദിക്കുക, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മീറ്റർ റീഡർമാരേയും, എസ്എമാരേയും പിരിച്ചുവിടരുത് എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു മാർച്ച്. കെഎസ്ഇബി- പിസിസി ലൈൻ വർക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു. യൂണിയൻ ജനറൽ സെക്രട്ടറിയും എഐയുറ്റിയുസി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സഖാവ് എസ്.സീതിലാൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ‘തൊഴിലാളി പ്രക്ഷോഭങ്ങളുടെയും കോടതി വിധികളുടെയും സമ്മർദ്ദത്താൽ സ്ഥിരം നിയമനത്തിനുള്ള എല്ലാവിധ തടസ്സങ്ങളും നീക്കിക്കൊണ്ട് വൈദ്യുതി ബോർഡ് തീരുമാനം എടുക്കുകയുണ്ടായി. എന്നാൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ യോഗ്യതാ പരിശോധന നടത്തുന്നത് നീട്ടിക്കൊണ്ടുപോവുകയാണ്. ഇതിലൂടെ നൂറുകണക്കിന് തൊഴിലാളികൾ പ്രായപരിധി കഴിഞ്ഞ് നിയമനാവകാശത്തിൽ നിന്നും പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വൈദ്യുതി ബോർഡാവട്ടെ, കരാർ തൊഴിലാളികൾക്ക് നിയമവിരുദ്ധമായി ലൈസൻസ് അടിച്ചേൽപ്പിച്ചിരിക്കുന്നു. ഇതിലൂടെ നിലവിൽ ജോലി ചെയ്തുവരുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ഈ മേഖലയിൽ നിന്നും പുറത്താക്കപ്പെടും. കമ്പനി വത്ക്കരണത്തിന്റെയും സ്വകാര്യ വത്ക്കരണത്തിന്റെയും ഭാഗമായി വൻകിടക്കാരെ ആനയിക്കുന്നതിനുവേണ്ടിയുള്ള നീക്കമാണിത്. സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും പിഎസ്‌സിയുടെയും തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ പ്രക്ഷോഭണം ശക്തിപ്പെടുത്തേണ്ടതുണ്ട്- ഉദ്ഘാടകൻ പറഞ്ഞു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ എ.ബി.മുഹമ്മദ് അസ്‌ലം, പി.കെ.സജി, ബി.വിനോദ്, പി.റ്റി.സെയ്തലവി, എം.ബി.രാജശേഖരൻ, യു.എം.ബിനു, വി.പി.കൊച്ചുമോൻ, ആർ.വേണുഗോപാൽ, ജെ.സുരേഷ് എന്നിവർ പ്രസംഗിച്ചു. കെ.കെ.മോഹനൻ, ബേബി ജോർജ്, പി.ആർ.സതീശൻ, വി.റ്റി.ശശി, എ.അബ്ദുൾ ഖാദർ, പി.നന്ദകുമാർ, പി.കെ.ഷാജി, റ്റി.ജെ.സജിമോൻ, എം.മാത്തുക്കുട്ടി, ഡി.ഹരികൃഷ്ണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

 

Share this