കേരളത്തിലെ കെഎസ്ഒയു വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടക രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി

ബെങ്കളൂരു
2015 ഡിസംബര്‍ 17
യുജിസി അംഗീകാരം 2011-ല്‍ നഷ്ടപ്പെട്ട കോഴ്‌സുകളില്‍ 2012, 2013 അദ്ധ്യായനവര്‍ഷങ്ങളില്‍ അഡ്മിഷന്‍ നല്‍കിക്കൊണ്ട്, ഉന്നതവിദ്യാഭ്യാസത്തിനോ ജോലിക്കോ പ്രയോജനം ചെയ്യാത്ത സര്‍ട്ടിഫിക്കറ്റ് നല്‍കുവാനുള്ള കര്‍ണ്ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ നീക്കത്തിനെതിരെ കേരളത്തില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ബാംഗ്ലൂരില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഭീമമായ തുക മുടക്കി കേരളത്തിലെ നൂറോളം സ്റ്റഡീസെന്ററുകളില്‍ പഠിച്ചുവരുന്ന കാല്‍ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളാണ് ബാഗ്ലൂര്‍ സിറ്റി റെയില്‍വേസ്റ്റേഷനില്‍ നിന്നും ഫ്രീഡം പാര്‍ക്കിലേക്ക് മാര്‍ച്ച് ചെയ്തത്.
MANJUNATH
എഐഡിവൈഒ അഖിലേന്ത്യാ പ്രസിഡന്റ് ഡോ.ബി.ആര്‍. മഞ്ജുനാഥ് രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കര്‍ണ്ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരം നിലവില്‍വന്ന കെഎസ്ഒയു നടത്തിയ കൃത്യവിലോപനത്തിനും അതുവഴി യുജിസി അംഗീകാരം നഷ്ടമായതിനും ഉത്തരവാദിത്തം വഹിക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്. സര്‍വ്വകലാശാലയുടെ പഠനോപാധികള്‍ സ്വീകരിച്ച് പരീക്ഷ ജയിച്ച കുട്ടികള്‍ക്ക് ദേശവ്യാപകമായി അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ സര്‍ക്കാര്‍ യുദ്ധകാലനടപടികള്‍ സ്വീകരിക്കണം- ഡോ. മഞ്ജുനാഥ് പറഞ്ഞു.
Sudhirkumar
ടിഎസ്ഒ രക്ഷാധികാരി ടി.കെ.സുധീര്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സാല്‍വിന്‍ (ജനറല്‍സെക്രട്ടറി, ടിഎസ്ഒ), ബേബി തോമസ് (സെക്രട്ടറി, രക്ഷാകര്‍ത്തൃ സമിതി), പ്രൊഫ. ഫ്രാന്‍സിസ് കളത്തുങ്കല്‍ (ആള്‍ ഇന്ത്യാ സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി), കെ.കൃഷ്ണകുമാര്‍ മേനോന്‍ (അദ്ധ്യാപക പ്രതിനിധി), വി.എന്‍. രാജശേഖര്‍(സംസ്ഥാന പ്രസിഡന്റ്, എഐഡിഎസ്ഒ), കെ.രജികുമാര്‍ (രക്ഷകര്‍ത്തൃ സമിതി), അകില്‍ മുരളി, അഡ്വ. ആര്‍. അപര്‍ണ്ണ, രശ്മി രവി, ജിതിന്‍ ബാബു, മനോജ്, ടി.ഷിജിന്‍, എ.എം.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.

Share this