ചെന്നൈ പ്രളയം: പ്രകൃതിക്ഷോഭമോ മനുഷ്യസൃഷ്ടിയോ?

ചെന്നൈയില്‍ അടുത്തിടെയുണ്ടായ പേമാരിയിലും പ്രളയത്തിലും 347 പേര്‍ മരിച്ചു. വന്‍തോതിലുള്ള ജീവഹാനി, നാശനഷ്ടം, ഭക്ഷ്യ-ജലദൗര്‍ലഭ്യം, മാലിന്യങ്ങള്‍, രോഗങ്ങള്‍, പകര്‍ച്ചവ്യാധി ഭീഷണി, ദുരിതാശ്വാസത്തിന്റെ അപര്യാപ്തത എന്നിവയെല്ലാംകൂടി അവശേഷിച്ചവര്‍ക്ക് അതൊരു നരകം തീര്‍ത്തിരിക്കുന്നു. അവരെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ക്കാവില്ല.

ദുരന്തഭൂമിയില്‍നിന്നുള്ള ഒരു റിപ്പോര്‍ട്ട് നോക്കൂ. ചെന്നൈയിലെ മാനാപക്കത്ത് എംഐഒടി ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ഡിസംബര്‍ 2,3 തീയതികളിലായി 18 രോഗികള്‍ മരിച്ചു. അടയാറിലെ വെള്ളം കരകവിഞ്ഞ് ആശുപത്രി മതിലുംതകര്‍ത്ത് ഉള്ളില്‍കയറി വൈദ്യുതി സംവിധാനം തകരാറിലാക്കിയതാണ് ഇതിന് കാരണം. വൈദ്യുതി നിലച്ചത് വെന്റിലേറ്ററിലെ രോഗികളുടെ മരണത്തിനിടയാക്കിയെന്നും ഒരു സഹായവും ലഭിച്ചില്ലെന്നുമാണ് ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞത്. എന്നാല്‍, ഡിസംബര്‍ 3ന് തന്നെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നു എന്നും ആശുപത്രിയില്‍ ബദല്‍ ജനറേറ്ററുകള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ദുരന്തത്തിന്റെ വേളയില്‍ സര്‍ക്കാരിന്റെയും മറ്റും മനോഭാവം എന്തായിരുന്നു എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ഈ സംഭവം ചൂണ്ടിക്കാണിച്ചത്. ’17 ദിവസം തുടര്‍ച്ചയായി പെയ്ത മഴ’, ‘ആഗോളതാപനം’, ‘എല്‍നിനോ’ എന്നിങ്ങനെ പ്രളയത്തിന് പല കാരണങ്ങളും അധികൃതര്‍ നിരത്തിവയ്ക്കുന്നുണ്ട്.

ചെന്നൈ പ്രളയം സമാനമായ പല സംഭവങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒറീസ്സയിലെ ചുഴലിക്കൊടുങ്കാറ്റ്, ഉത്തരാഘണ്ഡിലും ജമ്മു കാശ്മീരിലും ഉണ്ടായ പ്രളയം, മെട്രോ പൊളിറ്റന്‍ നഗരങ്ങളിലുണ്ടായ വെള്ളപ്പൊക്കം തുടങ്ങിയവയൊക്കെ ഇതില്‍പെടും. ഓരോ ദുരന്തവുമുണ്ടാകുമ്പോള്‍ അധികൃതര്‍ പ്രകൃതിക്ഷോഭമെന്ന പതിവുപല്ലവി പാടും. അല്ലെങ്കില്‍ പരസ്പരം പഴിചാരും. എന്നാല്‍ സത്യമെന്താണ്. എന്തുകൊണ്ടാണ് ഡെല്‍ഹി, മുംബൈ, ഹൈദ്രാബാദ്, ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത തുടങ്ങിയ വന്‍നഗരങ്ങളൊക്കെ ദുരന്തങ്ങളേറ്റുവാങ്ങുകയും പുതിയ ദുരന്തങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നത്. ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ ഇത്രയേറെ വികസിച്ച ഇക്കാലത്തും മനുഷ്യരാശി പ്രകൃതിയുടെ മുന്നില്‍ നിസ്സഹായമായി നില്‍ക്കേണ്ടിവരുന്നത് എന്തുകൊണ്ട്… ജനങ്ങള്‍ വീണ്ടുംവീണ്ടും ദുരന്തങ്ങളില്‍പ്പെടുകയും അധികൃതര്‍ ഹൃദയശൂന്യമായി പെരുമാറുകയും ചെയ്യുന്നതെന്തുകൊണ്ട്? ഇതിനുത്തരം കണ്ടെത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. ചെന്നൈ ദുരന്തം ഒരുപാടുകാര്യങ്ങള്‍ മനസ്സിലാക്കിത്തരുന്നുണ്ട്. മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.

ഇക്കൊല്ലം ദീപാവലി മുതല്‍ മഴ തുടങ്ങിയതാണ്. ഡിസംബര്‍ 1,2 തീയതികളില്‍ 500 മില്ലീമീറ്റര്‍ മഴയുണ്ടാകുമെന്ന് അന്തര്‍ദേശീയ ഏജന്‍സികള്‍ മുന്നറിയിപ്പും തന്നിരുന്നു. ഈ പശ്ചാത്തലത്തില്‍, ചെമ്പാ രമ്പക്കത്തെ വന്‍ അണക്കെട്ടിന്റെ റിസര്‍വോയറിലെ ജലനിരപ്പ് 22 അടിയില്‍നിന്ന് 18 അടിയായി കുറയ്ക്കണമെന്നും നാലുദിവസം കഴിയുമ്പോഴേയ്ക്കും വന്‍തോതിലുണ്ടാകുന്ന നീരൊഴുക്ക് ഉള്‍ക്കൊള്ളാന്‍ അതുവഴി റിസര്‍വോയറിനാകുമെന്നും പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ ഗവണ്മെന്റ് സെക്രട്ടറിയടക്കമുള്ള ബ്യൂറോക്രാറ്റുകളെ ധരിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അത് പാടെ അവഗണിക്കപ്പെട്ടു. മഴ തുടങ്ങിയപ്പോഴാകട്ടെ 40 ശതമാനം ഉള്‍ക്കൊള്ളല്‍ ശേഷി എക്കല്‍ അടിഞ്ഞ് നഷ്ടപ്പെട്ടിരുന്ന റിസര്‍വോയറിന് നീരൊഴുക്ക് ഉള്‍ക്കൊള്ളാനാകാതെ വരികയും ചെന്നൈ നഗരം വെള്ളത്തിലാകുകയും ചെയ്തു. അനിവാര്യമായത് സംഭവിച്ചുകഴിഞ്ഞപ്പോള്‍, എല്ലാറ്റിനും പ്രകൃതിയെ കുറ്റപ്പെടുത്തുന്നു. ആസന്നമായ പ്രളയത്തെക്കുറിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ഇവരുടെ ദുരിതങ്ങള്‍ കൂടി കണക്കിലെടുത്താല്‍ ദുരന്തത്തിന്റെ വ്യാപ്തി പല മടങ്ങാകും. ഇതിനൊക്കെ ജനങ്ങളെങ്ങനെ ഉത്തരവാദികളാകും. തടാകങ്ങള്‍ പോലെയുള്ള ജലാശയങ്ങള്‍ നികത്തുന്നതും സസ്യജാലങ്ങള്‍ നശിപ്പിക്കുന്നതും നദികളില്‍ മണല്‍ഖനനം നടത്തുന്നതുമൊക്കെ ജല സംഭരണത്തിന്റെ സാദ്ധ്യതകള്‍ നശിപ്പിക്കുന്ന നടപടികളാണ്. പ്രകൃതിക്ഷോഭത്തിന്റെ ആഘാതം കുറയ്ക്കാന്‍ പ്രകൃതിതന്നെ ഒരുക്കിവച്ച സംവിധാനങ്ങളാണ് ഇതുവഴി തകരാറിലായത്. നിക്ഷേപം കാത്തുകിടക്കുന്ന വന്‍ മൂലധനം റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് വരുന്നതോടെ അംബരചുംബികള്‍ ഉയരുകയായി. ഇതിന് അനുബന്ധമായി വര്‍ത്തിക്കുന്ന മണല്‍ മാഫിയയും തടിച്ചുകൊഴുക്കുന്നു. ഇരുകൂട്ടരുംകൂടി അനേകായിരങ്ങളുടെ ജീവിതത്തിന്റെ താളംതെറ്റിക്കുന്നു. ഇതോടൊപ്പം നഗരങ്ങളില്‍ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതും ജലാശയങ്ങള്‍ മാലിന്യംകൊണ്ട് മൂടുന്നതും നിര്‍മ്മാണമേഖലയ്ക്ക് വേണ്ടി മരങ്ങളെല്ലാം വെട്ടിവീഴ്ത്തുന്നതുമെല്ലാം വെള്ളപ്പൊക്കത്തിലേക്ക് നയിക്കുന്ന പ്രധാനഘടകങ്ങളാണ് എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാകില്ല.

കാലാവസ്ഥ മോശമാകുമ്പോള്‍, മനുഷ്യര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളും തെറ്റായ നിയമനിര്‍മ്മാണങ്ങളും നിയമം നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുടെ അഭാവവും പച്ചയായ ആര്‍ത്തിയുംപോലുള്ള മനുഷ്യനിര്‍മ്മിത ഘടകങ്ങളാല്‍, നഗരങ്ങളില്‍ അതിന്റെ പ്രത്യാഘാതം കൂടുതല്‍ ഗുരുതരമാകുന്നു. എല്ലാ നഗരങ്ങളും ഈ അവസ്ഥയെത്തന്നെയാണ് കാത്തിരിക്കുന്നത്. എപ്പോഴാണത് സംഭവിക്കുക എന്ന കാര്യത്തിലേ വ്യത്യാസമുള്ളൂ. 2000ത്തിനും 2014നുമിടക്ക് ഗണ്യമായ വളര്‍ച്ച കൈവരിച്ച ബാംഗ്ലൂര്‍ നഗരത്തില്‍ സസ്യജാലങ്ങള്‍ വളരെയേറെ കുറഞ്ഞിട്ടുണ്ട് എന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒരു പഠനത്തില്‍ വ്യക്തമാക്കുന്നത്. ജലാശയങ്ങളുടെ സ്ഥിതി ഇതിനേക്കാള്‍ മോശമാണ്. മൂവായിരത്തിലേറെ ജലാശയങ്ങളുണ്ടായിരുന്ന ഹൈദ്രാബാദില്‍ ഇന്ന് വളരെ കുറച്ചേ അവശേഷിക്കുന്നുള്ളൂ. മഴവെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ ഹൈദ്രാബാദിലെ ഐടി കോറിഡോര്‍ മഴ പെയ്താല്‍ വെള്ളത്തില്‍ മുങ്ങും. പടിഞ്ഞാറന്‍ മുംബെയിലെ 26 സബ്‌വെകള്‍ മുമ്പ് നീര്‍ച്ചാല്‍ കലുങ്കുകളായിരുന്നു.

ഈസ്റ്റ്-വെസ്റ്റ് കണക്ടിവിറ്റിക്കുവേണ്ടി ഇവ റോഡുകളാക്കി മാറ്റിയതോടെ, വേലിയേറ്റസമയത്ത് മഴ പെയ്താല്‍ അന്ധേരി, ഗോറിഗാവോണ്‍, മലാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളപ്പൊക്കമുണ്ടാകും. കടല്‍ത്തീരത്തെ ലോലമായ പരിസ്ഥിതിയുടെ സംരക്ഷണം ലക്ഷ്യമാക്കി രൂപംകൊടുത്ത തീരദേശ നിയന്ത്രണ നിയമം സൗകര്യപൂര്‍വ്വം വലിച്ചുനീട്ടി ചതുപ്പ് പ്രദേശങ്ങളിലും ഓരുജല സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിലുമൊക്കെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവസരമൊരുക്കി. താനെ, മലാട്, വാഷി തുടങ്ങിയ സ്ഥലങ്ങളൊക്കെ ഈ മേഖലയില്‍ വരും. മുംബെയിലെ കണ്ടല്‍ക്കാടുകള്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ 36 ചതുരശ്ര കിലോമീറ്ററോളം കുറഞ്ഞിട്ടുണ്ട്. കല്‍ക്കത്തയില്‍ സാള്‍ട്ട് ലേക്കിന്റെയും(12.35ച.കി.മീ) ന്യൂഠൗണിന്റെയും (37ച.കി.മീ) നിര്‍മ്മാണം ചതുപ്പുനിലം നികത്തി നടത്തിയത് നഗരവികസന അതോറിറ്റിയുടെ എതിര്‍പ്പ് മറികടന്നാണ്. ഇത് വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണമാകുന്നു. കല്‍ക്കത്തയിലെ ജലാശയ ശൃംഖലയും തോടുകളുമൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ പല ജലാശയങ്ങളുടെയും മഴവെള്ള ശേഖരണത്തിനുള്ള ജലസംഭരണികള്‍ നാശമടഞ്ഞിരിക്കുന്നു. തണ്ണീര്‍ത്തടമായിരുന്ന സരയ്കാലാഘാന്‍ എന്ന സ്ഥലത്ത് സംസ്ഥാനാന്തര ബസ് ടെര്‍മിനല്‍ പണിതിരിക്കുന്നു. ഇതുമൂലം മഴപെയ്താല്‍ റോഡിലെല്ലാം വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥിതിയാണ്.

ഇത് ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ചെന്നൈയിലെ സ്ഥിതിയും ഇത് തന്നെ. സൈന്യം, തീരസംരക്ഷണ സേന, ദുരന്തനിവാരണ സേന, പോലീസ് തുടങ്ങിയ സംവിധാനങ്ങള്‍ തമ്മില്‍ പരസ്പര ധാരണ ഇല്ലാതെപോയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. പ്രളയക്കെടുതിയില്‍പ്പെട്ട നിസ്സഹായരായ ജനങ്ങള്‍ സഹായത്തിനായി യാചിക്കുന്നു, രക്ഷാപ്രവര്‍ത്തകര്‍ക്ക് അങ്ങോട്ട് ചെന്നെത്താന്‍ കഴിയുന്നില്ല, എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തങ്ങളുടേതല്ലാത്ത ഒരു ദുരിതാശ്വാസ പ്രവര്‍ത്തനവും അനുവദിക്കാതിരിക്കുകയും എല്ലാത്തിന്റെയും ഖ്യാതി സ്വന്തം പേരിലാക്കാന്‍ പരക്കംപായുകയും ചെയ്യുന്നു! ആകെക്കൂടി ഒരു ഭീകരതാണ്ഡവത്തിനാണ് ദുരന്തനാളുകളില്‍ ചെന്നൈ സാക്ഷ്യം വഹിച്ചത്. ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയതിനെക്കുറിച്ചും നൂറുകണക്കിന് ബോട്ടുകളില്‍ ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചതിനെക്കുറിച്ചും ലക്ഷക്കണക്കിന് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതിനെക്കുറിച്ചും മെഡിക്കല്‍ ക്യാമ്പ് നടത്തിയതിനെക്കുറിച്ചുമൊക്കെ അവര്‍ വാചാലരായി. എന്നാല്‍, ഡിസംബര്‍ 6 വരെ മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളാരും തയ്യാറായില്ല. ഭക്ഷണപ്പൊതികളിലെല്ലാം മുഖ്യമന്ത്രി ജയലളിതയുടെ പടം ഒട്ടിച്ചിരുന്നു. ദുരന്ത ബാധിതര്‍ സഹായത്തിനായി നെട്ടോട്ടമോടുമ്പോള്‍ അതില്‍നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുന്ന ഈ നടപടിയുടെ അധാര്‍മ്മികത ജനങ്ങള്‍ക്ക് എളുപ്പം മനസ്സിലാകും.

ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയുമൊക്കെ ദൗര്‍ലഭ്യം വളരെയേറെയായിരുന്നു. എഐഎഡിഎംകെ നയിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തീരെ അപര്യാപ്തമായിരുന്നത് ജനങ്ങളില്‍ കടുത്ത പ്രതിഷേധമുണ്ടാക്കി. വെള്ളപ്പൊക്കത്തിന് ശമനമുണ്ടായപ്പോള്‍ പകര്‍ച്ചവ്യാധി പടരുന്ന തരത്തില്‍ മാലിന്യങ്ങളും മൃതശരീരങ്ങളും മറ്റും ചീഞ്ഞുനാറുകയാണ്. ട്വിറ്റര്‍, വാട്‌സ് ആപ്, ഫെയ്‌സ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയെ സഹായത്തിനായി ഉപയോഗപ്പെടുത്തണമായിരുന്നു എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നല്ല തമാശതന്നെ. ഇത് ക്രൂരതയോ അതോ വിഡ്ഢിത്തമോ? വെളളത്തില്‍ മുങ്ങി ഭക്ഷണമോ കാലുകുത്താന്‍ സ്ഥലം പോലുമോ ഇല്ലാതെ ഉഴലുന്നവര്‍ എങ്ങനെയാണ് സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ദുരന്ത സമയത്ത് അതിനിരയായവര്‍ ആരെന്ന് നോക്കാതെ ഒരു സോഷ്യല്‍ മീഡിയയുടെയും സഹായമില്ലാതെ എല്ലാ സഹായവും ചെയ്തുകൊണ്ട് ചെന്നൈ നിവാസികള്‍ പ്രദര്‍ശിപ്പിച്ച ഉയര്‍ന്ന നൈതികത ഈ വിദഗ്ദ്ധര്‍ കണ്ടുപഠിക്കണം. ഇവിടെ ഉയരുന്ന ചോദ്യമിതാണ് – മനുഷ്യ സൃഷ്ടിയായ ഇത്തരം ദുരന്തങ്ങളില്‍നിന്ന് ജനലക്ഷങ്ങളെ നമുക്കെങ്ങനെ രക്ഷിക്കാം?

ജനങ്ങളുടെ ആവശ്യങ്ങള്‍ ആധികാരികളുടെ ബധിരകര്‍ണ്ണങ്ങളില്‍ എങ്ങനെ എത്തിക്കാം? ആരാണിതിനെല്ലാം ഉത്തരവാദികള്‍? ലക്കുംലഗാനുമില്ലാത്ത നഗരവല്‍ക്കരണം, വനനശീകരണം, ചതുപ്പുനിലം നികത്തല്‍ എന്നിവയൊക്കെ അനുവദിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കപട ഇടത്-വലത് പാര്‍ട്ടികളുമൊക്കെ ഒരുപോലെ ഉത്തരവാദികളാണ് എന്ന് വ്യക്തം. എന്നാല്‍, എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിക്കുന്നു?
മുതലാളിത്ത നിയമങ്ങളുടെ സൃഷ്ടിയായ രൂക്ഷമായ കമ്പോള പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുമ്പോഴും പരമാവധി ലാഭത്തിനുവേണ്ടിയുള്ള അടങ്ങാത്ത ദാഹംമൂലം, മറ്റുപല നടപടികളോടൊപ്പം, റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് മൂലധനം ഒഴുക്കുകയാണ് മുതലാളിവര്‍ഗ്ഗം എന്ന വസ്തുത ജനങ്ങള്‍ അറിയേണ്ടതുണ്ട്. ജനങ്ങളുടെ സുരക്ഷയോ സംരക്ഷണമോ ഒന്നും അവര്‍ പരിഗണിക്കുന്നില്ല. പരമാവധി ലാഭമുണ്ടാക്കുക എന്ന ഏക ലക്ഷ്യമാണ് അവര്‍ക്കുള്ളത്.

സര്‍ക്കാര്‍ ദുരന്തം കൈകാര്യം ചെയ്യുന്ന രീതിയില്‍നിന്ന് മുതലാളിത്തത്തിന്റെ മനുഷ്യത്വഹീനമായ മുഖം വെളിവാകുന്നുണ്ട്. സഹായത്തിനായി നിലവിളിച്ചുകൊണ്ട് മനുഷ്യര്‍ പട്ടിയെയും പൂച്ചയെയും പോലെ ചത്തൊടുങ്ങുന്നു.ഗവണ്മെന്റില്‍നിന്ന് ഒരു പ്രതികരണവുമില്ല. ചുഴലിക്കൊടുങ്കാറ്റും സുനാമിയുമൊക്കെ ഉണ്ടായപ്പോള്‍ നമ്മള്‍ ഇത് കണ്ടതാണ്. ഇപ്പോള്‍ ചെന്നൈയിലും അതുതന്നെ സംഭവിക്കുന്നു. പരസ്പരബന്ധമോ ആശയവിനിമയമോ ഏകോപനമോ കാണാനില്ല. എന്തെങ്കിലും സഹായം ലഭിച്ചാല്‍ത്തന്നെ അത് സങ്കുചിത പാര്‍ട്ടി താല്പര്യം മുന്‍നിര്‍ത്തിയായിരിക്കും. ഒരു വശത്ത്, ജനങ്ങളെ ദുരന്തങ്ങളിലേക്ക് തള്ളിവിടുക, മറുവശത്ത് അവരുടെ രക്ഷകരായി മേനി നടിക്കുക. മുതലാളിമാരെ രക്ഷിക്കാനായി 100 സ്മാര്‍ട്ട് സിറ്റികള്‍ ആരംഭിക്കുമെന്ന് വീമ്പിളക്കുന്ന പ്രധാനമന്ത്രി ജനങ്ങളുടെ സുരക്ഷയില്‍ യാതൊരു താല്പര്യവും കാണിക്കുന്നില്ല. ഇതേ രീതിയിലാണ് കേന്ദ്ര ഗവണ്മെന്റ് ഡിജിറ്റല്‍ ഇന്ത്യാ പ്രഖ്യാപനവും നടത്തുന്നത്. രാജ്യം സാങ്കേതിക പുരോഗതി നേടി മിസൈലുകളും സാറ്റലൈറ്റുകളും ബുള്ളറ്റ് ട്രെയിനുകളുമൊക്കെ സ്വന്തമാക്കുന്നു. അപകടത്തില്‍ പെടുന്ന ജനങ്ങള്‍ക്കാകട്ടെ ഒരു സഹായവും ലഭിക്കുന്നില്ല. ദുരിതാശ്വാസത്തിന് വന്‍തുകകള്‍ അനുവദിക്കുന്നതായി പ്രഖ്യാപിക്കും. എന്നാല്‍ ഇത് ഏതളവില്‍, എത്ര വേഗത്തില്‍ ഇരകളിലെത്തും, ജീവനും ജീവിതവും നിലനിര്‍ത്താനും കരുപ്പിടിപ്പിക്കാനും ഇതുപകരിക്കുമോ എന്നതാണ് നിര്‍ണ്ണായക ചോദ്യം.

ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഗവണ്മെന്റുകളെ നിര്‍ബന്ധിതമാക്കുംവിധം കരുത്തുറ്റ ജനകീയ മുന്നേറ്റം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത, ഈ ഭീഷണമായ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നു. ജനങ്ങള്‍ ഒറ്റക്കെട്ടായി സംഘടിക്കുകയും പ്രകൃതിയോടുള്ള കളി മതിയാക്കി മതിയായ അളവില്‍ മുന്‍കരുതല്‍ നടപടികളും സുരക്ഷാസംവിധാനങ്ങളും കൈക്കൊള്ളാന്‍ ഹൃദയശൂന്യമായ ഗവണ്മെന്റുകളെ നിര്‍ബ്ബന്ധിതമാക്കുകയും ചെയ്യുക എന്നതുമാത്രമാണ് ഏക പോംവഴി.

Share this