ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പിരിച്ചുവിട്ട് കേന്ദ്രഗവണ്മെന്റ് നോമിനേറ്റ് ചെയ്യുന്ന നാഷണൽ മെഡിക്കൽ കമ്മിഷൻ സ്ഥാപിക്കാനും മെഡിക്കൽ വിദ്യാഭ്യാസ-പൊതുജനാരോഗ്യ രംഗത്ത് വൻ പ്രത്യാഘാതങ്ങൾക്കിടവരുത്തുന്ന സങ്കരവൈദ്യം നടപ്പിലാക്കാനും ലക്ഷ്യമിടുന്ന നാഷണൽ മെഡിക്കൽ കമ്മിഷൻ ബിൽ-2016 പിൻവലിക്കണമെന്ന് എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സഖാവ് സി.കെ.ലൂക്കോസ് കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
മെഡിക്കൽ വിദ്യാഭ്യാസ-ആരോഗ്യമേഖലയിൽ നിർണ്ണായക തീരുമാനങ്ങളെടുക്കുന്നതിൽ സംസ്ഥാനങ്ങൾക്കുകൂടി പങ്കാളിത്തം ഉറപ്പുവരുത്തുന്ന തരത്തിലുള്ള ഫെഡറൽ ഘടനയാണ് ഈ ബില്ലിലൂടെ ഇല്ലാതാവുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ നോമിനികളായി വരിക സ്വദേശത്തെയും വിദേശത്തെയും വൻകിട കോർപ്പറേറ്റുകളുടെ പ്രതിനിധികളായിരിക്കും എന്നതിൽ സംശയമില്ല. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ-ആരോഗ്യമേഖലയുടെ സമ്പൂർണ്ണമായ സ്വകാര്യവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനുമുള്ള പാതയൊരുക്കലാണ് നിർദ്ദിഷ്ട ബിൽ. ആയുർവ്വേദം, ഹോമിയോ തുടങ്ങിയ പരമ്പരാഗത സമ്പ്രദായങ്ങളുടെ തനത് സ്വഭാവം ഇല്ലാതാക്കുകയും ആ രംഗത്തുള്ളവർക്ക് ഒരു ബ്രിഡ്ജ് കോഴ്സിലൂടെ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ അവസരമൊരുക്കുകയും ചെയ്യുന്ന ഈ ബിൽ യഥാർത്ഥത്തിൽ ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുകയാണ് ചെയ്യുന്നത്.
അങ്ങേയറ്റം അശാസ്ത്രീയവും ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവും മെഡിക്കൽ വിദ്യാഭ്യാസ-ആരോഗ്യ രംഗത്ത് അരാജകത്വം സൃഷ്ടിക്കുന്നതുമായ നാഷണൽ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ മനുഷ്യനന്മ കാംക്ഷിക്കുന്ന മുഴുവനാളുകളും അണിനിരക്കണമെന്ന് സഖാവ് സി.കെ.ലൂക്കോസ് അഭ്യർത്ഥിച്ചു.