ജറുസലേം അമേരിക്കൻ നിലപാടിനെതിരെ രാജ്യവ്യാപക പ്രതിഷേധം

Spread our news by sharing in social media

ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ നടപടിക്കെതിരെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ഡൽഹിയിൽ കസ്തൂർബാ ഗാന്ധി റോഡിലുള്ള അമേരിക്കൻ സെന്ററിനു മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ പശ്ചിമേഷ്യയിലെ അമേരിക്കൻ ഹീനനീക്കങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കി. ഐക്യരാഷ്ട്ര സഭയുടെയും അന്തർദ്ദേശീയ സമൂഹത്തിന്റെയും നിലപാടുകൾ തള്ളിക്കൊണ്ട് ഏകപക്ഷീയമായി അമേരിക്ക സ്വീകരിച്ച നിലപാടിനെ, പ്രതിഷേധ പരിപാടിയെ അഭിസംബോധന ചെയ്ത എസ്‌യുസിഐ(സി) ഡൽഹി സംസ്ഥാന സംഘാടക കമ്മിറ്റി സെക്രട്ടറി സഖാവ് പ്രാൺ ശർമ്മ അപലപിച്ചു. തർക്കനഗരമായ കിഴക്കൻ ജറുസലേം 1967 മുതൽ നിയമവിരുദ്ധമായി ഇസ്രായേൽ കൈവശം വച്ചിരിക്കുകയാണ്. ചർച്ചകളിലൂടെ രമ്യമായി പ്രശ്‌നം പരിഹരിക്കാനുള്ള സാദ്ധ്യതയ്ക്ക് അമേരിക്കൻ നീ ക്കം തുരങ്കം വച്ചിരിക്കുകയാണ്. നടപടിയെ പരസ്യമായി അപലപിക്കാൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ നിലപാടിനെയും സഖാവ് ശർമ്മ വിമർശിച്ചു. രാജ്യത്തിന്റെ മഹത്തായ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തിനും പലസ്തീനുമായി നിലനിൽക്കുന്ന ദീർഘകാല ബന്ധത്തിനും നിരക്കുന്നതല്ല ഈ നിലപാടെന്നും സഖാവ് ശർമ്മ ചൂണ്ടിക്കാണിച്ചു. അമേരിക്കൻ നിലപാട് ഉടൻ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this