ജിഷ്ണു കേസ്: പൊതുപ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചത് കരാർ ലംഘനം – എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)

എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സി.കെ.ലൂക്കോസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു : ജിഷ്ണു സമരത്തിൽ ഇന്നലെയുണ്ടാക്കിയ കരാറിന്റെ മഷിയുണങ്ങും മുമ്പ് പിണറായി സർക്കാർ എല്ലാ രാഷ്ട്രീയമാന്യതയും സത്യസന്ധതയും കാറ്റിൽപ്പറത്തിക്കൊണ്ട്, കരാർ ലംഘിച്ചുകൊണ്ടുള്ള നടപടികൾ കൈക്കൊണ്ടിരിക്കുന്നുവെന്നത് അത്യന്തം അപലപനീയമാണ്. എസ്‌യുസിഐ(സി) നേതാക്കളായ എം.ഷാജർഖാൻ, എസ്.മിനി, എസ്.ശ്രീകുമാർ എന്നിവരുടെ ജാമ്യാപേക്ഷയെ, കരാറിന് വിരുദ്ധമായി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ശക്തമായി എതിർത്തു. പുറമെ, പുതുതായി ഗൂഢാലോചനാക്കുറ്റം ചുമത്തി, അതിന്മേൽ അവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് അപേക്ഷ സമർപ്പിക്കുകയും കോടതി അത് അനുവദിക്കുകയും ചെയ്തിരിക്കുന്നു. ഇന്നലെ അറസ്റ്റ്‌ചെയ്യപ്പെട്ട ജിഷ്ണുകേസിലെ മൂന്നാംപ്രതി ശക്തിവേലിന് ജാമ്യം അനുവദിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വസ്തുത നാം കാണേണ്ടത്. മറ്റ് രണ്ട് പ്രതികൾക്ക് മുൻകൂർ ജാമ്യവും അനുവദിച്ചിരിക്കുന്നതായാണ് അറിയുന്നത്. കരാറിന്റെ നഗ്നമായ ലംഘനമാണ് ഈ പ്രവൃത്തികൾ. പ്രകടമായ ഈ വഞ്ചന അവസാനിപ്പിച്ച് കരാർ നടപ്പിലാക്കാൻ ആത്മാർത്ഥത കാണിക്കുന്നില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ അത് പൊറുക്കുകയില്ല എന്നും, പിണറായി സർക്കാരിന് ശക്തമായ ജനകീയ പ്രതിഷേധത്തെ നേരിടേണ്ടിവരുമെന്നും ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

Share this