തൊഴിലാളിവര്‍ഗ്ഗ വിമോചനത്തിന്റെ മാര്‍ഗ്ഗദീപവും ശാസ്‌ത്രങ്ങളുടെ ശാസ്‌ത്രവുമായ മാര്‍ക്‌സിസത്തിന്റെ അജയ്യത ഉദ്‌ഘോഷിച്ചുകൊണ്ട്‌: മഹാനായ കാള്‍ മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മവാര്‍ഷികം

മനുഷ്യചരിത്രത്തില്‍ ആദ്യമായി, ഭൗതികലോകത്തെ സംബന്ധിച്ച്‌, വിവിധ ശാസ്‌ത്രശാഖകള്‍ കണ്ടെത്തിയതും സാമൂഹ്യശാസ്‌ത്രങ്ങള്‍ സമാഹരിച്ചവയുമായ സത്യങ്ങളെ പരസ്‌പരം ബന്ധിപ്പിച്ചുകൊണ്ടും ഇഴ ചേര്‍ത്തുകൊണ്ടും സാമാന്യവല്‍ക്കരിച്ചുകൊണ്ടും പുതുയുഗസൃഷ്‌ടിക്കുതകുന്ന ശാസ്‌ത്രീയ തത്വചിന്തയായ വൈരുദ്ധ്യാത്മക ഭൗതികവാദം മഹാനായ കാള്‍ മാര്‍ക്‌സ്‌ അവതരിപ്പിച്ചപ്പോള്‍, മുതലാളിത്തത്തിന്റെ അന്ത്യം അനിവാര്യമാണെന്നും മനുഷ്യരാശിയുടെ ലക്ഷ്യസ്ഥാനം കമ്മ്യൂണിസമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍, ലോകത്തെ മുഴുവന്‍ അത്‌ ഇളക്കിമറിക്കുകയും മുതലാളിത്ത ഭരണാധികാരികളുടെ ഇടനെഞ്ചില്‍ മിന്നല്‍ പിണര്‍ പായിക്കുകയും ചെയ്‌തു.

പിന്നീട്‌, 1917 നവംബര്‍ 7 ന്‌ ഐതിഹാസികമായ റഷ്യന്‍ വിപ്ലവം അതിന്റെ ശില്‍പ്പിയും മാര്‍ക്‌സിന്റെ അര്‍ഹനായ ശിഷ്യനുമായ മഹാനായ ലെനിന്റെ നേതൃത്വത്തിന്‍ കീഴില്‍ വിജയംവരിച്ചപ്പോള്‍, മാര്‍ക്‌സിസ്റ്റ്‌ തത്വശാസ്‌ത്രത്തെ ശരിയായി മനസ്സിലാക്കി, കൃത്യമായി പ്രയോഗിക്കുന്നതിലൂടെ മാത്രമേ എല്ലാ പീഡനങ്ങളിലും അടിച്ചമര്‍ത്തലിലും നിന്ന്‌ മോചനമുണ്ടാവുകയുള്ളൂ എന്ന്‌ ലോകമൊട്ടാകെയുള്ള അധ്വാനിക്കുന്ന ജനങ്ങള്‍ തിരിച്ചറിഞ്ഞു. തന്റെ ലോകവീക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മാര്‍ക്‌സ്‌ അടിവരയിട്ട്‌ ഉറപ്പിച്ചിട്ടുള്ള സത്യത്ത സോവിയറ്റ്‌ വിപ്ലവം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. “തത്വചിന്തകര്‍ നാളിതുവരെ ലോകത്തെ പലരീതിയില്‍ വ്യാഖ്യാനിച്ചിട്ടേയുള്ളൂ. എന്നാല്‍ അതിനെ മാറ്റുകയെന്നതാണ്‌ കാര്യം” (ഫോയര്‍ബാഹിനെ കുറിച്ചുള്ള തീസിസ്‌, തീസിസ്‌ 11 (1845)) ഭൗതികലോകത്തിന്റെയും സമൂഹത്തിന്റെയും വികാസനിയമങ്ങള്‍ കണ്ടെത്തിക്കൊണ്ട്‌, തെളിയിക്കപ്പെട്ട സത്യങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ക്‌സ്‌ സമഗ്രവും ശാസ്‌ത്രീയവുമായ ലോകവീക്ഷണം വികസിപ്പിച്ചെടുത്തു. ഇത്‌ ലോകത്തെ ശരിയായി വ്യാഖ്യാനിക്കാന്‍ മാത്രമായിരുന്നില്ല അതിനെ മാറ്റിത്തീര്‍ക്കാനുള്ള വസ്‌തുനിഷ്‌ഠവും ചരിത്രപരമായി നിര്‍ണ്ണയിക്കപ്പെട്ടതുമായ പ്രക്രിയ കാണിച്ചുതരാന്‍കൂടി വേണ്ടിയായിരുന്നു. മറ്റുവാക്കുകളില്‍, മനുഷ്യരാശിക്ക്‌ സാര്‍വ്വലൗകിക വീക്ഷണം പ്രദാനം ചെയ്യുന്നതും ലോകത്തെയാകെ ഉള്‍ക്കൊള്ളുന്നതുമായ തത്വചിന്തയാണത്‌. അതുകൊണ്ടാണ്‌, മാര്‍ക്‌സിസം കേവലം അക്കാദമിക്‌ ശാസ്‌ത്രമാകാതെ, ബോധപൂര്‍വ്വം ഉപയോഗിക്കുന്ന മനുഷ്യന്‌ ലോകത്തെ മാറ്റുന്നതിനുള്ള സമഗ്രമായ വിജ്ഞാനമായി മാറുന്നത്‌. അത്‌ കേവലം വരട്ടുതത്വവാദമല്ല, മറിച്ച,്‌ പ്രവര്‍ത്തനത്തിനുള്ള വഴികാട്ടിയാണ്‌, ശാസ്‌ത്രങ്ങളുടെ ശാസ്‌ത്രമാണ്‌. മാര്‍ക്‌സിസത്തിന്റെ അന്തഃസത്തയെ ശാസ്‌ത്രീയ വീക്ഷണമായി ഉള്‍ക്കൊണ്ടുകൊണ്ട്‌, മാറുന്ന ലോകസാഹചര്യത്തില്‍ അത്‌ ശരിയായി പ്രയോഗിച്ച്‌ കാലത്തിന്റെ സത്യത്തെ വെളിവാക്കുവാനുള്ള സമരമാണ്‌ ലെനിന്‍ നടത്തിയത്‌. നിലവിലുള്ള സാമൂഹിക നിയമങ്ങളെയും, ശക്തികള്‍ തമ്മിലുള്ള ബന്ധത്തേയും പഠിക്കുവാനുള്ള വഴികാട്ടിയായി മാര്‍ക്‌സിസത്തെ ഏറ്റെടുത്തു, റഷ്യന്‍ മണ്ണില്‍ അതിനെ ഉറപ്പിച്ചു. ചൂഷക മുതലാളിത്ത വ്യവസ്ഥയെ തകര്‍ത്തെറിയുന്നതിനായി ആഗ്രഹിക്കുന്ന വിപ്ലവകരമായ മാറ്റം നടപ്പില്‍ വരുത്താനുള്ള സാഹചര്യം പൂര്‍ത്തിയായിട്ടുണ്ടോ എന്നു തിരിച്ചറിയാനും അത്‌ ഉപയോഗിച്ചു. ഇതിലൂടെ സമൂഹത്തിന്റെ പുരോഗതിയിലേയ്‌ക്കുള്ള പാത വെട്ടിത്തുറക്കുകയും, അതുവഴി ചരിത്രഗതിയെ മുന്നോട്ടുനയിക്കുകയും ചെയ്യും. അങ്ങനെ ചരിത്രത്തിലെ ദീപസ്‌തംഭമായി മാര്‍ക്‌സിസം വര്‍ത്തിക്കുന്നു മഹത്തായ സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ്‌ മുന്നേറ്റത്തിനുനേരിട്ട താല്‍ക്കാലിക തിരിച്ചടിയായിരുന്നു സോവിയറ്റ്‌ യൂണിയന്റെയും ചൈനയുടെയും ലോക സോഷ്യലിസ്റ്റ്‌ ചേരിയുടെയും തകര്‍ച്ച. എന്നാല്‍ ഇതാകട്ടെ, തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റങ്ങളിലെ ബൂര്‍ഷ്വാ ഏജന്റുമാര്‍ എന്ന്‌ ലെനിന്‍ കൃത്യമായി വിളിച്ച തിരുത്തല്‍വാദികളും പരിഷ്‌ക്കരണവാദികളും, മാര്‍ക്‌സിസത്തെയും, അതിന്‌ സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവര്‍ഗ്ഗവിപ്ലവത്തിന്റെയും കാലഘട്ടത്തില്‍ ലെനിന്‍ നല്‍കിയ വ്യാഖ്യാനത്തെയും, ഉപേക്ഷിച്ചുകൊണ്ട്‌ മുതലാളിത്തത്തെ തിരിച്ചുകൊണ്ടുവരാനായി അഹോരാത്രം പണിയെടുത്തതുകൊണ്ടാണ്‌. അതുകൊണ്ട്‌ ഈ തിരിച്ചടിയില്‍ വിഷാദംവേണ്ട. മറിച്ച്‌, മാര്‍ക്‌സിസം-ലെനിനിസത്തിന്റെ പാതയില്‍നിന്നും വ്യതിചലിച്ചാല്‍ അത്‌ വിനാശകരമായിരിക്കും എന്ന്‌ എല്ലാ മാര്‍ക്‌സിസ്റ്റ്‌ പ്രാമാണികരും തന്ന മുന്നറിയിപ്പ്‌ ആവര്‍ത്തിക്കുകയാണ്‌ ഈ തിരിച്ചടി. ഇപ്പോള്‍ സ്വേച്ഛാധിപതികളായ സാമ്രാജ്യത്വ-മുതലാളിത്ത ഭരണാധികാരികള്‍ ഈ ഏക ധ്രുവ ലോകത്തില്‍ നിറഞ്ഞാടുന്നു. നിസ്സഹായരായ മനുഷ്യരോ, മനുഷ്യന്‍ മനുഷ്യനുമേല്‍ നടത്തുന്ന ഈ ചൂഷണത്തിന്റെ നുകത്തില്‍നിന്നുള്ള മോചനത്തിനായി കേഴുന്നു. ഇവിടെ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെല്ലാം വീണ്ടെടുത്ത്‌ സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ്‌ മുന്നേറ്റത്തെ വര്‍ദ്ധിത വീര്യത്തോടെ ഉണര്‍ത്തിയെടുത്ത്‌, എല്ലാ തിന്മകളുടെയും തായ്‌വേരായ സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ അടിത്തറയിളക്കണം.
മാര്‍ക്‌സിസത്തിന്റെ ആവിര്‍ഭാവം

മാര്‍ക്‌സിന്റെ ഉദയം യാദൃശ്ചികമായിരുന്നില്ല, തികച്ചും ചരിത്രപരമായ ആവശ്യകതയായിരുന്നു. സാമൂഹിക സാഹചര്യങ്ങള്‍ പാകമായപ്പോഴാണ്‌-അത്‌ ശാസ്‌ത്രത്തിന്റെ മതിയായ വികാസം, മുതലാളിത്തത്തിന്റെ വളര്‍ച്ച, തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഉത്ഭവം, മാര്‍ക്‌സിസം ആവിര്‍ഭവിച്ചത്‌. വഴിത്തിരിവായ മൂന്നു ശാസ്‌ത്രകണ്ടുപിടുത്തങ്ങള്‍ സംഭവിച്ചു. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം, വിദ്യുത്‌-കാന്തികശക്തിയെ മാക്‌സ്‌വെല്‍ കണ്ടുപിടിക്കുന്നു, ജീവന്റെ അടിസ്ഥാന കണിക ജൈവകോശം ആണെന്ന്‌ ഷ്‌ളെയിഡെന്‍ കണ്ടെത്തുന്നു.-ഇതെല്ലാം പ്രകൃതിയെ നിയന്ത്രിക്കുന്ന പുതിയ നിയമങ്ങളെ തുറന്നു കാണിക്കുകയും, ഭൗതിക ലോകത്തെ നിയന്ത്രിക്കുന്ന പൊതുശാസ്‌ത്രീയ നിയമങ്ങളെ വെളിവാക്കി മാര്‍ക്‌സിസത്തിന്റെ അടിത്തറ നല്‍കുകയും ചെയ്‌തു.

മാര്‍ക്‌സിസത്തിനുമുമ്പേ ജര്‍മ്മന്‍ തത്വചിന്തകനായ ഹെഗല്‍ വൈരുദ്ധ്യാത്മകവാദത്തിന്റെ പ്രധാനഘടകങ്ങളെ, ഭൗതികലോകത്തിന്റെ വികാസത്തിന്റെയും, മാറ്റത്തിന്റെയും താക്കോലായി അവതരിപ്പിച്ചിരുന്നു. വൈരുദ്ധ്യാത്മകതയുടെ പ്രയോഗത്തെക്കുറിച്ച്‌ ആദ്യമായി പറഞ്ഞത്‌ ഹെഗല്‍ ആണ്‌. ലോകത്ത്‌ എല്ലാം, തീസിസ്‌, ആന്റി തീസിസ്‌ എന്നിങ്ങനെ രണ്ടു വിപരീതങ്ങളുടെ വൈരുദ്ധ്യങ്ങളില്‍ നിലകൊള്ളുകയും അത്‌ ആത്യന്തികമായി സിന്തസീസിലേയ്‌ക്ക്‌ നയിക്കുമെന്നും അദ്ദേഹം കാട്ടിത്തന്നു. മാറ്റത്തിനുള്ള വൈരുദ്ധ്യാത്മകത പിന്തുടരുന്നതിലൂടെയാണ്‌ ഭൗതികലോകം വികസിക്കുന്നതെന്നും അദ്ദേഹം സ്ഥാപിച്ചു. എന്നാല്‍ എന്താണ്‌ ചിന്തയും ആശയവുമെന്ന്‌ മനസ്സിലാക്കുന്നതില്‍ അദ്ദേഹം കുടുങ്ങിപ്പോയി. ആ പ്രഹേളികയില്‍നിന്നും പുറത്തുവരാനായി ഹെഗല്‍ കണ്ടെത്തിയ മാര്‍ഗ്ഗം ആശയം ആണ്‌ പരമം, ദ്രവ്യമെന്നത്‌ ആശയത്തിന്റെ വൈരുദ്ധ്യപരമായ പ്രകാശനമാണ്‌ എന്ന്‌ കരുതുകയായിരുന്നു. ദ്രവ്യവും ആശയവും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട ഹെഗല്‍, ഭൗതികലോകത്തെ ഒരു പരമമായ ആശയത്തിന്റെ പ്രകാശനമായി മാത്രം കാണുകയും ചെയ്‌തു. ഇതിലൂടെ, തന്റെ കണ്ടെത്തലിനെ വൈരുദ്ധ്യാത്മക ആശയവാദമായി അദ്ദേഹം ചുരുക്കി. ഹെഗലിന്റെ ശിഷ്യനായ ഫോയര്‍ബാഗ്‌ ഹെഗലിയന്‍ വൈരുദ്ധ്യവാദത്തിലെ `പരമമായ ആശയം’ എന്ന തത്വത്തെ ഒഴിവാക്കിക്കൊണ്ട്‌ അതിനെ തിരുത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ ചിന്തയുടെ ഉല്‍പ്പത്തിയെയും ദ്രവ്യവും ആശയവും തമ്മിലുള്ള ശരിയായ ബന്ധത്തെയും വ്യക്തമായി വ്യാഖ്യാനിക്കുവാന്‍ അദ്ദേഹത്തിനും സാധിച്ചില്ല. നൈതികതയും സദാചാരവും പോലെയുള്ള അടിസ്ഥാന മനുഷ്യമൂല്യങ്ങള്‍ നിശ്ചലവും മാറ്റമില്ലാത്തതുമാണെന്നും അദ്ദേഹം വിശ്വസിച്ചു. ഭൗതികലോകത്തെ രണ്ടാമതും, ആശയത്തിനും ബോധത്തിനും മുന്‍ഗണനയും നല്‍കുന്ന ആശയവാദത്തിന്റെ സീമകള്‍ മറികടക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു.
അവസാനം മാര്‍ക്‌സ്‌ തന്നെയാണ്‌ ഈ കടങ്കഥയ്‌ക്കുള്ള ഉത്തരവും കണ്ടെത്തിയത്‌. മനുഷ്യമനസ്സും ചുറ്റുമുള്ള ഭൗതികലോകവും തമ്മിലുള്ള വൈരുദ്ധ്യാത്മക കൊടുക്കല്‍ വാങ്ങലുകളുടെ ഫലമായാണ്‌ ചിന്തയും ആശയവും ഉടലെടുക്കുന്നതെന്നും, അതുകൊണ്ടുതന്നെ അത്‌ ഒരു ദ്രവ്യപ്രക്രിയയുടെ ഉല്‍പ്പന്നവുമാണെന്ന്‌ മാര്‍ക്‌സ്‌ കാട്ടിത്തന്നു. അപ്പോള്‍, ദ്രവ്യം അല്ലെങ്കില്‍ ഭൗതികലോകമാണ്‌ പ്രഥമം, ആശയമല്ല. ഈ സത്യം ശാസ്‌ത്രീയവിശകലനരീതി ഉപയോഗിച്ച്‌ അദ്ദേഹം കണ്ടെത്തിയതാണ്‌. അപ്പോഴും പരീക്ഷണത്തിലൂടെ ശാസ്‌ത്രജ്ഞര്‍ അത്‌ സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട്‌, പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ട തള്ളിക്കളയാനാകാത്ത സത്യമായി, മാര്‍ക്‌സിന്റെ നിരീക്ഷണത്തെ ശാസ്‌ത്രജ്ഞരും അംഗീകരിച്ചു. മാര്‍ക്‌സ്‌ പിന്നീട്‌ ചൂണ്ടിക്കാണിച്ചു, ഭൗതികലോകം മാറ്റങ്ങള്‍ക്കു വിധേയമാവുകയും ആ മാറ്റങ്ങളിലൂടെ വികസിക്കുകയും ചെയ്യുന്നു. ആശയങ്ങളും ചിന്തകളും മാറ്റത്തിനുവിധേയമാകുന്നു. ബാഹ്യലോകത്തെ മാറ്റങ്ങളെ നിയന്ത്രിക്കുന്ന പൊതുതത്വങ്ങള്‍ക്ക്‌ അവയും വിധേയമാണ്‌. “എന്റെ വൈരുദ്ധ്യാത്മകരീതി”, മാര്‍ക്‌സ്‌ പറഞ്ഞു; “ഹെഗലിന്റേതില്‍ നിന്ന്‌ വ്യത്യസ്‌തമാണെന്നുമാത്രമല്ല; അതിന്‌ കടകവിരുദ്ധവുമാണ്‌. ഹെഗലിനെ സംബന്ധിച്ചിടത്തോളം, ആശയം എന്നപേരില്‍ ചിന്താപ്രക്രിയതന്നെ ഒരു സ്വതന്ത്രവിഷയമാക്കി മാറ്റിയെടുക്കുകയും, യഥാര്‍ത്ഥ ലോകത്തിന്റെ സൃഷ്‌ടാവായി അതിനെ കാണുകയും, യഥാര്‍ത്ഥ ലോകം ബാഹ്യമാണെന്നും ആശയത്തിന്റെ വികസിച്ച രൂപമാണെന്നുമുള്ള രീതിയാണ്‌” മറുവശത്ത്‌ എനിക്കാകട്ടെ, ആശയമെന്നാല്‍ മനുഷ്യമനസ്സില്‍ ഭൗതിക ലോകത്തിന്റെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല, അതിനെ ചിന്തയുടെ രൂപങ്ങളായി പരിവര്‍ത്തനപ്പെടുത്തുന്നു. (മാര്‍ക്‌സ്‌-മൂലധനം ഒന്നാംവോള്യം, രണ്ടാം ജര്‍മ്മന്‍ എഡിഷന്‍) ദൃഷ്‌ടാന്തമായി അദ്ദേഹം പറയുന്നു.`യുക്തി എപ്പോഴും നിലനിന്നിരുന്നു എപ്പോഴും യുക്തിപരമായ രീതിയില്‍ അല്ലെങ്കിലും’.(കത്ത്‌ -റൂസ്‌ 1843). മാര്‍ക്‌സിന്റെ അജീവാനാന്ത സഖാവും, മാര്‍ക്‌സിനോടൊപ്പം പല മാര്‍ക്‌സിയന്‍ ക്ലാസ്സിക്കുകളും എഴുതിയയാളും അതിലൂടെ മാര്‍ക്‌സിസത്തിന്റെ പ്രാമാണിക സ്ഥാനത്തേയ്‌ക്ക്‌ ഉയര്‍ന്നയാളുമായ ഫെഡറിക്‌ എംഗല്‍സ്‌ ഒന്നിലേറെ തവണ പ്രഖ്യാപിച്ചിട്ടുണ്ട്‌ “ഭൗതികവാദപരമായ അടിത്തറ ഉണ്ടായിട്ടുകൂടിയും ഫോയര്‍ബാഗ്‌ പരമ്പരാഗത ആശയവാദ ചട്ടക്കൂടിനുള്ളില്‍ നിലകൊള്ളുകയായിരുന്നു.” കൂടാതെ,“മതവും നൈതികതയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ തത്വചിന്തയിലേയ്‌ക്കുവരുമ്പോള്‍തന്നെ ഫോയര്‍ബാഗിന്റെ യഥാര്‍ത്ഥ ആശയവാദം വ്യക്തമാകുന്നു.(മാര്‍ക്‌സ്‌-എംഗല്‍സ്‌-വോള്യം(14. പേജ്‌ 652-52). കൂടുതല്‍ വിശദീകരിച്ചുകൊണ്ട്‌; മറ്റൊരു മഹാനായ മാര്‍ക്‌സിസ്റ്റ്‌ പ്രാമാണികനായ സ്റ്റാലിന്‍ നിരീക്ഷിക്കുന്നു “മാര്‍ക്‌സും ഏംഗല്‍സും ഹെഗലിയന്‍ വൈരുദ്ധ്യവാദത്തില്‍ നിന്നും “യുക്തിപരമായ അകക്കാമ്പ്‌” മാത്രം എടുത്തു, ആശയവാദപരമായ പുറന്തോട്‌ ഉപേക്ഷിച്ചു, പിന്നീട്‌ വൈരുദ്ധ്യവാദത്തെ ഭൈതികവാദത്തിന്റെ ശാസ്‌ത്രീയ തത്വചിന്തയായി വികസിപ്പിച്ച്‌ അതിന്റെ ആശയവാദ-മതപരമായ-നൈതികമായ ബാദ്ധ്യതകള്‍ ഒഴിവാക്കുകയും ചെയ്‌തു. (വൈരുദ്ധ്യാത്മകവും-ചരിത്രപരവുമായ ഭൗതികവാദം- ലെനിനിസത്തിന്റെ പ്രശ്‌നങ്ങള്‍- page 836)

മാര്‍ക്‌സിന്റെ ജീവിത സമരം

മാര്‍ക്‌സ്‌ ഒരു ആജീവനാന്ത സമരത്തിന്റെ ഉല്‍പ്പന്നമായിരുന്നു. മുതലാളിത്ത ധാരണയനുസരിച്ചുള്ള വ്യക്തിഗത സമരമല്ല, നേരെമറിച്ച്‌ സമൂഹത്തിന്റെ അഭിലാഷങ്ങള്‍ക്ക്‌ മൂര്‍ത്തരൂപം നല്‍കാനും അടിസ്ഥാന സാമൂഹ്യാവശ്യകതകള്‍ നിറവേറ്റാനുമുള്ള സമരമായിരുന്നു അത്‌. മാര്‍ക്‌സ്‌ 1818 മേയ്‌ 5 ന്‌ പ്രഷ്യയിലെ റൈന്‍ പ്രവിശ്യയിലെ ടയെര്‍ എന്ന സ്ഥലത്ത്‌ ജനിച്ചു. അന്ന്‌ തൊഴിലാളിവര്‍ഗ്ഗം മുതലാളിത്തത്തിന്‍ കീഴില്‍ നരകയാതനകള്‍ അനുഭവിക്കുകയായിരുന്നു. സെന്റ്‌ സൈമണ്‍, ചാള്‍സ്‌ ഫുരിയര്‍, റോബര്‍ട്ട്‌ ഓവന്‍, പ്രുധോണ്‍ തുടങ്ങിയവര്‍ സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ അവതരിപ്പിക്കുന്ന കാലമായിരുന്നു അത്‌. എന്നാല്‍ അവ ആത്മനിഷ്‌ഠ ചിന്താഗതികളെ അടിസ്ഥാനമാക്കിയ സാങ്കല്‍പ്പിക സോഷ്യലിസ്റ്റ്‌ ആശയങ്ങളായിരുന്നു. മറുവശത്ത്‌, ഹെഗല്‍ തന്റെ വൈരുദ്ധ്യവാദ സിദ്ധാന്തം മുന്നോട്ടുവച്ചു. എന്നാല്‍ ഫൊയര്‍ബാഹ്‌ ആ സിദ്ധാന്തം അതിഭൗതികവാദപരമായ ആശയവാദമാണെന്നുപറഞ്ഞ്‌ തള്ളിക്കളഞ്ഞു. ഹെഗലിന്റെ സ്വാധീനംമൂലം ഒരു ഉത്‌പതിഷ്‌ണു ജനാധിപത്യവാദിയായാണ്‌ മാര്‍ക്‌സ്‌ രംഗപ്രവേശം ചെയ്‌തത്‌. മുതലാളിത്ത വ്യവസ്ഥയിന്‍ കീഴില്‍ അടിച്ചമര്‍ത്തപ്പെടുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ സ്ഥിതി അദ്ദേഹത്തില്‍ അന്വേഷണ മനോഭാവം വളര്‍ത്തുകയും ആ സ്ഥിതിക്ക്‌ കാരണമാകുന്ന സാമ്പത്തികവും രാഷ്‌ട്രീയവുമായ കാരണങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പ്രേരണ ചെലുത്തുകയും ചെയ്‌തു. ഈ ശ്രമത്തിനിടയില്‍ അദ്ദേഹത്തിന്‌ ഒരു കാര്യം മനസ്സിലായി. തൊഴിലാളിവര്‍ഗ്ഗം അനുഭവിക്കുന്ന യാതനകളുടെ കാരണമെന്തെന്ന്‌ മനസ്സിലാക്കുന്നതിന്‌ സഹായകരമായ എന്തെങ്കിലും ഉള്‍ക്കാഴ്‌ച പ്രദാനം ചെയ്യുന്നതോ മുതലാളിവര്‍ഗ്ഗവും തൊഴിലാളിവര്‍ഗ്ഗവും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിലേയ്‌ക്ക്‌ സൈദ്ധാന്തികമായ എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതോ അല്ല ഹെഗലിന്റെ തത്വചിന്ത. അദ്ദേഹത്തിന്റെ ആശയങ്ങള്‍ യുക്തിബോധവും ശാസ്‌ത്രത്തിന്റെ പ്രയോഗരീതിയും പിന്തുടര്‍ന്ന്‌ മൂര്‍ച്ച കൂട്ടുന്നതിനും കൂടുതല്‍ വികസിപ്പിക്കുന്നതിനും നടത്തിയ നിരന്തര പരിശ്രമങ്ങളിലൂടെ ഹെഗലിന്റെ തത്വചിന്തയുടെ നിരര്‍ത്ഥകതമാത്രമല്ല, ഫൊയര്‍ബാഹിന്റെ കണ്ടെത്തലുകളുടെ അപര്യാപ്‌തതയും അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടു. തുടര്‍ന്ന്‌ എല്ലാ ആശയവാദ ധാരണകളെയും യുക്തിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്‌തുകൊണ്ടും നിരാകരിച്ചുകൊണ്ടുമുള്ള ലേഖനങ്ങള്‍ മാര്‍ക്‌സ്‌ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അദ്ദേഹം തന്റെ പുരോഗമനപരമായ ആശയങ്ങള്‍ അവതരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങളും പുറത്തിറക്കി. ഇതേ തുടര്‍ന്ന്‌ 1843-ല്‍ അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു. “ആയുധത്തിന്റെ വിമര്‍ശനം നേരിടുന്നതിനുപകരംവയ്‌ക്കാന്‍ തീര്‍ച്ചയായും വിമര്‍ശനമെന്ന ആയുധത്തിനാകില്ല: ഭൗതികശക്തിയെ ഭൗതികശക്തി കൊണ്ടേ തൂത്തെറിയാനാകൂ. എന്നാല്‍ ബഹുജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നതോടെ ആശയവും ഒരു ഭൗതികശക്തിയായി മാറും. തത്വചിന്ത തൊഴിലാളിവര്‍ഗ്ഗത്തില്‍ അതിന്റെ ഭൗതികമായ ആയുധം കണ്ടെത്തുകയും ചെയ്യും. ജനങ്ങളാകുന്ന പുതുമണ്ണില്‍ ചിന്തയാകുന്ന ഇടിമിന്നല്‍ പതിക്കുന്നതോടെ അവര്‍ സ്വയം മോചനം നേടി യഥാര്‍ത്ഥ മനുഷ്യരായിത്തീരുന്നു (എ കോണ്‍ട്രിബ്യൂഷന്‍ ടു ദി ക്രിട്ടിക്ക്‌ ഓഫ്‌ ദി ഹെഗല്‍സ്‌ ഫിലോസഫി ഓഫ്‌ റൈറ്റ്‌). ജീവിത പ്രാരാബ്‌ധങ്ങള്‍ പൊറുതിമുട്ടിക്കാന്‍ തുടങ്ങിയതോടെ മാര്‍ക്‌സ്‌ നിലനില്‍പ്പിനായി എഴുത്തിലേയ്‌ക്കും പത്രപ്രവര്‍ത്തനത്തിലേയ്‌ക്കും തിരിഞ്ഞു. 1842-ല്‍ കോളോണിലെ ലിബറല്‍ ന്യൂസ്‌ പേപ്പറായ `റെയിനിഷെ സെയ്‌തുങ്‌’-ന്റെ എഡിറ്ററായി അദ്ദേഹം ചാര്‍ജെടുത്തു. എന്നാല്‍ അതിന്റെ പ്രസിദ്ധീകരണം ബര്‍ലിന്‍ സര്‍ക്കാര്‍ നിരോധിച്ചു. 1845 ജനുവരിയില്‍ പ്രഷ്യന്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ മൂലം മാര്‍ക്‌സ്‌ ഫ്രാന്‍സില്‍ നിന്ന്‌ പുറത്താക്കപ്പെട്ടു. തുടര്‍ന്നദ്ദേഹം ബല്‍ജിയത്തിലെ ബ്രസല്‍സിലേയ്‌ക്ക്‌ പോകുകയും അവിടെ ജര്‍മ്മന്‍ വര്‍ക്കേഴ്‌സ്‌ പാര്‍ട്ടിക്ക്‌ രൂപംകൊടുക്കുകയും കമ്മ്യൂണിസ്റ്റ്‌ ലിഗില്‍ സജീവ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. 1848-ല്‍ ബല്‍ജിയം ഗവണ്‍മെന്റും പുറത്താക്കിയതോടെ അദ്ദേഹം കൊളോണില്‍ തിരിച്ചെത്തി ജൂണ്‍മാസത്തില്‍ `ന്യൂ റെയ്‌നിഷെ സെതുങ്‌’ന്റെ എഡിറ്ററായി ചുമതലയേറ്റു. ഒരു വര്‍ഷം തികയുന്നതിനുമുമ്പുതന്നെ പ്രഷ്യന്‍ ഗവണ്‍മെന്റ്‌ പത്രം നിരോധിക്കുകയും മാര്‍ക്‌സ്‌ കൊളോണ്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതനാകുകയും ചെയ്‌തു. അദ്ദേഹം പാരീസിലേയ്‌ക്ക്‌ പോയി. എന്നാല്‍ ഫ്രഞ്ച്‌ ഗവണ്‍മെന്റ്‌ വീണ്ടും അദ്ദേഹത്തെ പുറത്താക്കി. ഒടുവിലദ്ദേഹം ലണ്ടനില്‍ താമസമാക്കി. ജീവിതാന്ത്യംവരെ അദ്ദേഹം ഒരു പ്രത്യേകരാജ്യക്കാരനായല്ലാതെ പ്രവാസിയായിട്ടാണ്‌ അവിടെ ജീവിച്ചത്‌. ബ്രിട്ടണ്‍ അദ്ദേഹത്തിന്‌ പൗരത്വം നിരസിക്കുകയും പ്രഷ്യ അദ്ദേഹത്തെ സ്വന്തം പൗരനായി സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്‌തു. രാഷ്‌ട്രീയ കാരണങ്ങളാല്‍ നാടുകടത്തപ്പെട്ട മാര്‍ക്‌സിന്റെ ജീവിതം ഏറെ കഠിനമായിരുന്നു. പട്ടിണി അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തെ ഉലച്ചിരുന്നതായി മാര്‍ക്‌സും എംഗല്‍സും തമ്മിലുള്ള കത്തിടപാടുകള്‍ വെളിവാക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ വ്യക്തിജീവിതവും യാതനാനിര്‍ഭരമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കാന്‍സര്‍രോഗം ബാധിച്ച്‌ മരിച്ചു. അദ്ദേഹത്തിന്റെ ഏഴുമക്കളില്‍ നാലുപേരും വളരെ കുട്ടിക്കാലത്തുതന്നെ മരിച്ചു. നിലനിന്നിരുന്ന പെറ്റിബൂര്‍ഷ്വ സോഷ്യലിസ്റ്റ്‌ ആശയങ്ങളും തൊഴിലാളിവര്‍ഗ്ഗേതരമായ സോഷ്യലിസ്റ്റ്‌ ചിന്താഗതികളും, അവയ്‌ക്കെതിരെയുള്ള നിരന്തരവും നിര്‍ദ്ദാക്ഷിണ്യവുമായ പോരാട്ടത്തിന്‌ അദ്ദേഹത്തെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. പലപ്പോഴും ഹീനവും പൈശാചികവുമായ വ്യക്തിഹത്യകളെയും അദ്ദേഹത്തിന്‌ നേരിടേണ്ടിവന്നു. എന്നാല്‍ മാര്‍ക്‌സിന്‌ ഒരു കൂസലുമുണ്ടായിരുന്നില്ല. അദ്ദേഹത്തെ അലോസരപ്പെടുത്താന്‍ ഇവയ്‌ക്കൊന്നുമായില്ല. കടുത്ത പട്ടിണിയും ദുരിതങ്ങളുമൊക്കെ അവഗണിച്ചുകൊണ്ട്‌, എല്ലാ ആശയവാദചിന്താധാരകളുടെയും നിരര്‍ത്ഥകതയും പൊള്ളത്തരവും തുറന്നുകാണിക്കാനുള്ള പോരാട്ടം അദ്ദേഹം തുടര്‍ന്നു. മാനവരാശിയെ സാമ്പത്തികവും രാഷ്‌ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ എല്ലാത്തരം അടിച്ചമര്‍ത്തലുകളില്‍നിന്നും മോചിപ്പിക്കാനുള്ള മാര്‍ഗ്ഗം അദ്ദേഹം വരച്ചുകാട്ടി. അതോടൊപ്പം തന്നെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ സമരസംഘടനകള്‍ കെട്ടിപ്പടുക്കാനുള്ള പ്രായോഗിക കടമകള്‍ ഏറ്റെടുക്കുകയും ചെയ്‌തു. തൊഴിലാളിവര്‍ഗ്ഗത്തിന്റെ സംഘടനകള്‍ രൂപീകരിക്കാനും വികസിപ്പിച്ചെടുക്കാനുമുള്ള കഠിനമായ പരിശ്രമങ്ങളും അവയ്‌ക്ക്‌ ആശയാടിത്തറ പ്രദാനം ചെയ്യാനുള്ള അതിനേക്കാള്‍ കഠിനതരമായ പരിശ്രമങ്ങളും മൂലം മാര്‍ക്‌സിന്റെ ആരോഗ്യം വല്ലാതെ ക്ഷയിച്ചുവന്നു. തന്റെ മാസ്റ്റര്‍പീസായ മൂലധനംപോലും പൂര്‍ത്തിയാക്കാന്‍ അനാരോഗ്യം അദ്ദേഹത്തെ അനുവദിച്ചില്ല. 1883 മാര്‍ച്ച്‌ 14 ന്‌ സ്വന്തം ചാരുകസേരയില്‍ ശാന്തനായി കിടന്ന്‌ അദ്ദേഹം ലോകത്തോട്‌ വിടപറഞ്ഞു.
മാര്‍ക്‌സിന്റെ മരണശേഷം തൊഴിലാളിവര്‍ഗ്ഗത്തിന്റെ ദീപശിഖ ഏറ്റുവാങ്ങി അതിനെ നയിക്കാനുള്ള ഉത്തരവാദിത്വം ഏംഗല്‍സിന്റെ ചുമലിലായി. അദ്ദേഹമാകട്ടെ, മാര്‍ക്‌സിന്റെ പിന്‍ഗാമിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ശാസ്‌ത്രീയവും രാഷ്‌ട്രീയവുമായ പ്രവര്‍ത്തനങ്ങള്‍ പിന്തുടര്‍ന്നു. മാര്‍ക്‌സിന്റെ മൂലധനത്തിന്റെ രണ്ടും മൂന്നും വാള്യങ്ങളുടെ രചന പൂര്‍ത്തിയാക്കി. എന്നുമാത്രമല്ല, മാര്‍ക്‌സിസത്തിന്റെ വിജ്ഞാനഭണ്ഡാഗാരത്തിലേയ്‌ക്ക്‌ നിരവധി തത്വചിന്താപരമായ സംഭാവനകള്‍ നല്‍കിക്കൊണ്ട്‌ അദ്ദേഹം അതിനെ ദൃഢപ്പെടുത്തുകയും സമ്പുഷ്‌ടമാക്കുകയും ചെയ്‌തു. എന്നിട്ടും ഏംഗല്‍സ്‌ എപ്പോഴും പറഞ്ഞതിപ്രകാരമാണ്‌: “മാര്‍ക്‌സ്‌ എപ്പോഴും തലയുയര്‍ത്തിപ്പിടിച്ച്‌ ഉയര്‍ന്നുനിന്നു, കൂടുതല്‍ അകലെ കണ്ടു. ഞങ്ങളേക്കാളെല്ലാം വിശാലമായും ദ്രുതഗതിയിലും കാര്യങ്ങളെ വീക്ഷിച്ചു. മാര്‍ക്‌സ്‌ ഒരു പ്രതിഭാശാലിയായിരുന്നു: ഞങ്ങളെല്ലാം ഏറിപ്പോയാല്‍ ബുദ്ധിമാന്മാര്‍ മാത്രം. അദ്ദേഹമില്ലായിരുന്നെങ്കില്‍ ഈ സിദ്ധാന്തം ഇന്നത്തേ നിലയിലെങ്ങുമെത്തില്ലായിരുന്നു. അതുകൊണ്ടാണ്‌ അത്‌ അദ്ദേഹത്തിന്റെ നാമധേയം വഹിക്കുന്നത്‌”.

മാര്‍ക്‌സും ഏംഗല്‍സും തമ്മിലുള്ള
ചരിത്രപ്രധാനമായ സമാഗമം

1842-ല്‍ കൊളോണില്‍വച്ച്‌ മാര്‍ക്‌സും ഏംഗല്‍സും കണ്ടുമുട്ടിയിരുന്നുവെങ്കിലും ഐതിഹാസികമായ ആ സമാഗമം നടന്നത്‌ 1844-ല്‍ പാരീസില്‍വച്ചാണ്‌. ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ച്‌ ഏറെ ശ്രമകരവും ആഴത്തിലുള്ളതുമായ ഒരു പഠനം നടത്തി “ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ സ്ഥിതി” എന്ന ലേഖനം ഏംഗല്‍സ്‌ തയ്യാറാക്കിയത്‌ അതിനു തൊട്ടുമുമ്പായിരുന്നു. സ്വതന്ത്രമായിട്ടാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കിലും കാഴ്‌ചപ്പാടിലും നിഗമനങ്ങളിലും പൂര്‍ണ്ണമായ യോജിപ്പാണ്‌ ഇരുവര്‍ക്കും ഉള്ളതെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. മാനവരാശിയുടെ വിമോചനം എന്ന ആശയം വികസിപ്പിച്ചെടുക്കുന്നതില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ ഇരുവരും അവിടെവച്ച്‌ തീരുമാനിച്ചു. ദാരിദ്ര്യവും പട്ടിണിയുമടക്കമുള്ള എല്ലാ പ്രതികൂലാവസ്ഥകളെയും തരണംചെയ്‌ത്‌ വിപ്ലവപ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ മാര്‍ക്‌സിന്‌ കഴിയുന്നു എന്നുറപ്പുവരുത്താനുള്ള ഉത്തരവാദിത്വം എംഗല്‍സ്‌ സ്വയം ഏറ്റെടുത്തു. ഏംഗല്‍സിന്റെ നിരന്തരവും നിസ്വാര്‍ത്ഥവുമായ സാമ്പത്തിക സഹായം ഉണ്ടായിരുന്നില്ലെങ്കില്‍, മൂലധനം എന്ന കൃതി രചിക്കാന്‍ മാര്‍ക്‌സിന്‌ കഴിയുമായിരുന്നില്ല. എന്നുമാത്രമല്ല, കഷ്‌ടപ്പാടുകളില്‍പ്പെട്ട്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാകെ താറുമാറായേനെ.
ഇരുവരും സജീവ രാഷ്‌ട്രീയത്തില്‍ മുഴുകുകയും 1846-ന്റെ തുടക്കത്തില്‍ത്തന്നെ ജര്‍മ്മന്‍ വര്‍ക്കേഴ്‌സ്‌ സൊസൈറ്റിക്ക്‌ ബ്രസല്‍സില്‍വച്ച്‌ രൂപം നല്‍കുകയും ചെയ്‌തു. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഒരു വിപ്ലവസംഘടനയ്‌ക്ക്‌ രൂപംകൊടുക്കാനും വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിപ്ലവകാരികള്‍ക്കിടയില്‍ ആശയപ്പൊരുത്തം വളര്‍ത്തിയെടുക്കാനുമുദ്ദേശിച്ചായിരുന്നു ഈ നടപടി. 1847-ല്‍ ഇരുവരും `നീതിമാന്മാരുടെ സഖ്യം’ എന്ന രഹസ്യസംഘടനയില്‍ ചേര്‍ന്നു. ഇത്‌ പിന്നീട്‌ കമ്മ്യൂണിസ്റ്റ്‌ ലീഗ്‌ എന്നറിയപ്പെട്ടു. 1847-ല്‍ എംഗല്‍സ്‌ അതിന്റെ ഒന്നാം കോണ്‍ഗ്രസ്സില്‍ പങ്കെടുത്തുകൊണ്ട്‌ മാര്‍ക്‌സിന്റെ കാഴ്‌ചപ്പാടുകള്‍ വിശദമായി അവതരിപ്പിക്കുകയും പ്രധാനപ്പെട്ട നിരവധി വിഷയങ്ങളില്‍ പ്രതിനിധികളുടെ അംഗീകാരം നേടിയെടുക്കുകയും സംഘടനാ തത്വങ്ങളെ സംബന്ധിച്ച്‌ നിലനിന്നിരുന്ന പല വിഭാഗീയ കാഴ്‌ചപ്പാടുകളും ദൂരീകരിക്കുകയും ചെയ്‌തു. കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മാനിഫെസ്റ്റോ തയ്യാറാക്കാന്‍ കോണ്‍ഗ്രസ്‌ ഇരുവരെയും ചുമതലപ്പെടുത്തി. പിന്നീട്‌ ഐതിഹാസികമായ `കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ’യ്‌ക്ക്‌ അടിത്തറയായത്‌ ഈ കരട്‌ രേഖയാണ്‌. 1847 ഒടുവില്‍ നടന്ന രണ്ടാംകോണ്‍ഗ്രസില്‍ മാര്‍ക്‌സ്‌ തന്റെ പുതിയ വിപ്ലവസിദ്ധാന്തം വിശദമായി അവതരിപ്പിച്ചു. അതിന്‌ വ്യാപകമായ അംഗീകാരം ലഭിച്ചു. “എല്ലാ മനുഷ്യരും സഹോദരന്മാരാണ്‌” എന്ന ലീഗിന്റെ പഴയ ആദര്‍ശവാക്യത്തിനുപകരം “സര്‍വ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവീന്‍” എന്ന പുതിയ മുദ്രാവാക്യം സ്വീകരിക്കപ്പെട്ടു. തുടര്‍ന്ന്‌, യൂറോപ്പിന്റെ പല ഭാഗങ്ങളിലും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുത്തിയെടുക്കാനും തത്വചിന്തയെയും തൊഴിലാളിസമരങ്ങളെയും സംബന്ധിച്ച്‌ ലേഖനങ്ങളും ഉപന്യാസങ്ങളും മറ്റും പ്രസിദ്ധീകരിക്കാനുമുള്ള ശ്രമകരമായ ഉത്തരവാദിത്വം മാര്‍ക്‌സും എംഗല്‍സും ഏറ്റെടുത്തു. ഏംഗല്‍സുമായി ചേര്‍ന്ന്‌ `ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ്‌ മെന്‍സ്‌ അസോസിയേഷന്‍’ രൂപീകരിക്കാനുള്ള ദൗത്യവും മാര്‍ക്‌സ്‌ ചുമലിലേറ്റി. 1864-ല്‍ രൂപീകരിക്കപ്പെട്ട ഈ സംഘടന ഒന്നാം ഇന്റര്‍നാഷണല്‍ എന്നാണറിയപ്പെട്ടത്‌. അതിന്റെ ഒന്നാം കോണ്‍ഫറന്‍സില്‍ മാര്‍ക്‌സ്‌ ഉജ്ജ്വലമായ ഒരു പ്രഭാഷണമാണ്‌ നടത്തിയത്‌.
പിന്നീട്‌ ഫ്രങ്കോ-ജര്‍മ്മന്‍ യുദ്ധത്തില്‍ ഫ്രാന്‍സ്‌ പരാജയപ്പെടുകയും നെപ്പോളിയന്‍ മൂന്നാമന്റെ രണ്ടാം സാമ്രാജ്യം (1852-70) തകരുകയും ചെയ്‌തതോടെ, ഫ്രഞ്ച്‌ ഗവണ്‍മെന്റിനെതിരായി പാരീസിലെ തൊഴിലാളികളുടെ ഐതിഹാസികമായ കലാപമുണ്ടായി. 1871 മാര്‍ച്ച്‌ 18 മുതല്‍ മേയ്‌ 28 വരെ നടന്ന ആ വിപ്ലവമാണ്‌ പാരീസ്‌ കമ്മ്യൂണ്‍ എന്നറിയപ്പെടുന്നത്‌. രണ്ടുമാസത്തിലേറെക്കാലം പാരീസിലെ തൊഴിലാളിവര്‍ഗ്ഗം അധികാരം നിലനിര്‍ത്തി. അതിനുശേഷം മുതലാളിവര്‍ഗ്ഗം അതിന്റെ ദംഷ്‌ട്രകള്‍ പുറത്തെടുത്തു. കമ്മ്യൂണിനുമേല്‍ ഭീകരമായ അടിച്ചമര്‍ത്തല്‍ നടത്തി. ഒടുവില്‍ കമ്മ്യൂണിന്റെ പതനം സംഭവിക്കുകയും ചെയ്‌തു. കമ്മ്യൂണ്‍ നിലനില്‍ക്കുമ്പോള്‍ മാര്‍ക്‌സ്‌ രചിച്ച `സിവില്‍ വാര്‍ ഇന്‍ ഫ്രാന്‍സ്‌’ (1871) എന്ന കൃതിയില്‍, കമ്മ്യൂണിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിക്കുകയും ഭാവിയിലെ വിപ്ലവ ഗവണ്‍മെന്റിന്റെ ഒരു ബീജരൂപമാണ്‌ അതെന്നും തൊഴിലാളിവര്‍ഗ്ഗ വിമോചനത്തിന്റെ രൂപം ഒടുവില്‍ കണ്ടെത്തിയിരിക്കുന്നുവെന്നും വിശദീകരിക്കുകയും ചെയ്‌തു. തൊഴിലാളിവര്‍ഗ്ഗത്തിന്റെ പാരീസും അതിന്റെ കമ്മ്യൂണും ഒരു പുതിയ സമൂഹത്തിന്റെ മഹത്തായ സന്ദേശവാഹകരെന്ന നിലയില്‍ എക്കാലവും കൊണ്ടാടപ്പെടും. അതിന്റെ രക്തസാക്ഷികള്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഹൃദയങ്ങളില്‍ എന്നും ജ്വലിച്ചുനില്‍ക്കും. കമ്മ്യൂണിന്റെ ഘാതകരുടെ കാര്യമാകട്ടെ, എന്നെന്നേയ്‌ക്കുമായി ചരിത്രം അവരെ മുക്കാലിയില്‍ കെട്ടിയിട്ടിരിക്കുന്നു. ഒരു പുരോഹിതന്റെ പ്രാര്‍ത്ഥനയ്‌ക്കും അവര്‍ക്ക്‌ പാപമുക്തി നേടിക്കൊടുക്കാനാവില്ല”. പക്ഷെ മുതലാളിത്ത ഭരണകൂടം തകര്‍ക്കാതെ തൊഴിലാളിവര്‍ഗ്ഗത്തിന്‌ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന സ്വന്തം ഭരണകൂടം സ്ഥാപിക്കാനോ സോഷ്യലിസമെന്ന അന്തരാളഘട്ടം തരണം ചെയ്‌ത്‌ അന്തിമമായി വര്‍ഗരഹിത കമ്മ്യൂണിസ്റ്റ്‌ സമൂഹത്തില്‍ ചെന്നെത്താനോ കഴിയില്ലെന്ന പാഠം കമ്മ്യൂണിന്റെ തകര്‍ച്ചയില്‍നിന്ന്‌ പഠിക്കേണ്ടതുണ്ടെന്നും മാര്‍ക്‌സ്‌ ചൂണ്ടിക്കാണിച്ചു.

1871-ല്‍ കമ്മ്യൂണിന്റെ പതനത്തെത്തുടര്‍ന്ന്‌ മാര്‍ക്‌സ്‌ രചിച്ച “സിവില്‍ വാര്‍ ഇന്‍ ഫ്രാന്‍സ്‌” എന്ന കൃതിയില്‍ അതു സംബന്ധിച്ച്‌ അധികാരികവും സുവ്യക്തവും ഉജ്ജ്വലവും ഫലപ്രദവും വിപ്ലവകരവുമായ ഒരു വിശകലനം അവതരിപ്പിക്കുകയുണ്ടായി. ബക്കുനിനിസം മേല്‍ക്കൈ നേടുന്നതിനെക്കുറിച്ചും മാര്‍ക്‌സ്‌ വിശദമാക്കുന്നുണ്ട്‌. (മിഖായേല്‍ ബക്കുനിന്‍ എന്ന അരാജകവാദ സൈദ്ധാന്തികന്റെ പേരിലാണ്‌ ഈ പ്രവണത അറിയപ്പെടുന്നത്‌). മാര്‍ക്‌സിസത്തിനും ശാസ്‌ത്രീയ സോഷ്യലിസത്തിനും എതിരായ അരാജക വാദത്തിന്റെ സ്വാധീനംമൂലം ഒന്നാം ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റുകളും അരാജകവാദികളുമെന്ന നിലയില്‍ നെടുകെ പിളര്‍ന്നു. തുടര്‍ന്ന്‌ 1876-ല്‍ ഒന്നാം ഇന്റര്‍നാഷണല്‍ പിരിച്ചുവിടപ്പെട്ടു. മാര്‍ക്‌സിന്റെ മരണശേഷം, അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, എംഗല്‍സ്‌ മുന്‍കൈയെടുത്താണ്‌ 1889-ല്‍ രണ്ടാം ഇന്റര്‍നാഷണല്‍ രൂപീകരിക്കുന്നത്‌.

മാർക്‌സിസത്തിന് രൂപംനൽകുന്നതിൽ ഏംഗൽസിന്റെ സംഭാവന

നമ്മൾ ജീവിക്കുന്ന ലോകത്തെയും അതിന്റെ ഭാഗമായ മനുഷ്യസമൂഹത്തെയും സംബന്ധിച്ചുള്ള പൊതുവായ സിദ്ധാന്തമാണ് മാർക്‌സിസം എന്ന് നേരത്തെ പറഞ്ഞുവല്ലോ. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും അതിനുശേഷമുള്ള കാലഘട്ടത്തിലുമായി കാൾ മാർക്‌സ് തന്റെ ഉറ്റ സഖാവായ ഫ്രെഡറിക് ഏംഗൽസുമായി ചേർന്നാണ് ഈ സിദ്ധാന്തത്തിന് രൂപം നൽകുന്നത്. മനുഷ്യസമൂഹം ഇന്നത്തെനിലയിൽ എത്തിയതെങ്ങനെയാണ്, എന്തുകൊണ്ടാണ് അത് മാറ്റത്തിന് വിധേയമാകുന്നത്, ഇനി എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കാനിരിക്കുന്നത് എന്നൊക്കെ അവർ അന്വേഷിച്ചു. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ പോലെ ഈ മാറ്റവും യാദൃശ്ചികമല്ലെന്നും നിയതവും നിർണ്ണീതവുമായ നിയമങ്ങൾ അനുസരിച്ചാണെന്നുമുള്ള നിഗമനത്തിലേയ്ക്കാണ് പഠനങ്ങൾ അവരെ നയിച്ചത്. ഈ വസ്തുത സമൂഹത്തെ സംബന്ധിച്ച ഒരു ശാസ്ത്രീയ സിദ്ധാന്തം ആവിഷ്‌കരിക്കുന്നതിന് സഹായകമായി. സമൂഹത്തെ സംബന്ധിച്ച അവ്യക്തമായ സങ്കല്പങ്ങൾക്കുപകരം മനുഷ്യന്റെ യാഥാർത്ഥ അനുഭവങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ സിദ്ധാന്തം. മതവിശ്വാസം, വംശാഭിമാനം, വീരാരാധന, വ്യക്തിപരമായ താല്പര്യങ്ങൾ, സ്വപ്നങ്ങൾ എന്നിവയൊക്കെയായി ബന്ധപ്പെട്ട അവ്യക്തമായ സങ്കല്പങ്ങളാണ് അതുവരെയും അക്കാലത്തും അവതരിക്കപ്പെട്ടിരുന്നത്. മാർക്‌സും ഏംഗൽസും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട സഹവാസവും സംയുക്ത പ്രവർത്തനങ്ങളും സമരങ്ങളുമൊക്കെമൂലം ഇരുവരുടെയും ജീവിതവും സൃഷ്ടികളും പോരാട്ടങ്ങളുമൊക്കെ വേർപെടുത്താനാകാത്ത ഒരു പൂർണത കൈവരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽപോലും മാർക്‌സിന് ഏംഗൽസിൽനിന്ന് നിർണ്ണായകമായ സഹായവും സംഭാവനയും ലഭിച്ചു.

എല്ലാ ആശയവാദ തത്വചിന്തകളെയും മാർക്‌സ് നിരാകരിക്കുന്നു

മാർക്‌സിസ്റ്റ് വിരുദ്ധമായ എല്ലാ തത്വചിന്തകളെയും അങ്ങേയറ്റം യുക്തിസഹമായി, നിർഭയമായും ശക്തമായും മാർക്‌സ് നിരാകരിച്ചു. അനാർക്കിസം, പിയറി ജോസഫ് പ്രൂധോണിന്റെ മ്യൂച്വലിസം, സോഷ്യലിസ്റ്റ് ഭരണകൂടത്തെ സംബന്ധിച്ച ലസ്സാലിന്റെ തെറ്റായ സങ്കല്പങ്ങൾ, ബാക്കുനിന്റെ അരാജകവാദ ആശയങ്ങൾ എന്നിവയൊക്കെ ഇതിൽപെടും. പ്രൂധോണിന്റെ ”ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം” എന്ന പുസ്തകം 1847ൽ പുറത്തുവന്നപ്പോൾ മാർക്‌സ് അതിനെതിരെ രൂക്ഷമായ വിമർശനമുയർത്തി. പ്രൂധോണിന്റെ ആശയക്കുഴപ്പം ബാധിച്ചതും ശാന്തിവാദപരവും പരിഷ്‌കരണവാദപരവുമായ സിദ്ധാന്തങ്ങളെ മൂർച്ചയേറിയ യുക്തികൊണ്ട് അരിഞ്ഞുവീഴ്ത്തുന്നതിൽ അദ്ദേഹം വലിയ പ്രാഗത്ഭ്യം കാണിച്ചു. അതോടൊപ്പം തന്റെ ശരിയും ശാസ്ത്രീയവുമായ ഭൗതികവാദ സിദ്ധാന്തം സ്ഥാപിച്ചെടുക്കുകയും ചെയ്തു. റഷ്യൻ പത്രപ്രവർത്തകനായ അനെങ്കോവിന് അയച്ച കത്തിൽ പ്രൂധോണിന്റെ ആശയങ്ങളെ ഇപ്രകാരം അദ്ദേഹം ഖണ്ഡിക്കുന്നു: ”മനുഷ്യന് തനിക്കിഷ്ടപ്പെടുന്ന രീതിയിലുള്ള സമൂഹം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടോ? ഒരിക്കലുമില്ല. ഉല്പാദനശേഷിയുടെ വികസനത്തിന്റെ ഒരു പ്രത്യേക അവസ്ഥ നിങ്ങൾ സങ്കല്പിക്കുകയാണെങ്കിൽ അതിനുനിരക്കുന്ന രൂപത്തിലുള്ള വാണിജ്യവും ഉപഭോഗവും അതോടൊപ്പം നിലനിൽക്കുന്നതായി കാണാം. ഉല്പാദനം, വാണിജ്യം, ഉപഭോഗം എന്നിവയുടെ കാര്യത്തിൽ പ്രത്യേക ഘട്ടങ്ങൾ കണക്കിലെടുത്താൽ, കുടുംബത്തിന്റെയോ സ്വത്തിന്റെയോ വർഗ്ഗങ്ങളുടെയോ കാര്യമാകട്ടെ, ആ ഘട്ടങ്ങൾക്ക് നിരക്കുന്ന വിധത്തിലുള്ള സാമൂഹ്യഘടന അഥവാ വ്യവസ്ഥ – ഒറ്റ വാക്കിൽ പറഞ്ഞാൽ പൗരസമൂഹം നിലനിൽക്കുന്നതായി കാണാൻ കഴിയും. (മാർക്‌സ് ഏംഗൽസ്, സമാഹൃത കൃതികൾ, വാള്യം 38, പേജ് 95). പ്രൂധോൺ തന്റെ പുസ്തകത്തിന്റെ തലക്കെട്ടിലൂടെ മാർക്‌സിനെ ഒന്ന് പരിഹസിക്കാൻ തുനിഞ്ഞപ്പോൾ അതിന് മറുപടിയായി മാർക്‌സ് രചിച്ച കൃതിക്ക് ”തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം” എന്നപേര് നൽകിക്കൊണ്ട് മാർക്‌സ് ഒരു വിപ്ലവകാരിക്ക് നിരക്കുന്ന നർമ്മബോധം പ്രകടമാക്കി. ഈ കൃതിയിൽ വസ്തുനിഷ്ഠ വിശകലനത്തിന്റെയും ശക്തമായ വാദഗതികളുടെയും അടിസ്ഥാനത്തിൽ അദ്ദേഹം ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു: ”തുണിയോ ചണമോ ഒക്കെ ഉല്പാദിപ്പിക്കുന്നതുപോലെ മനുഷ്യൻ സാമൂഹ്യബന്ധങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്നതാണ് പ്രൂധോണിന് മനസ്സിലാകാത്ത കാര്യം. സാമൂഹ്യബന്ധങ്ങൾ ഉല്പാദനശക്തികളുമായി വളരെ അടുത്ത് ബന്ധം പുലർത്തുന്നു. പുതിയ ഉല്പാദന ശക്തികൾ സ്വന്തമാക്കുന്നതോടെ മനുഷ്യൻ ഉല്പാദനരീതിയിൽ മാറ്റം വരുത്തുന്നു; ഉല്പാദനരീതിയിൽ മാറ്റം വരുന്നതോടെ, അഥവാ ഉപജീവന രീതിയിൽ മാറ്റം വരുത്തുന്നതോടെ, എല്ലാ സമൂഹ്യബന്ധങ്ങളിലും മാറ്റം വരുന്നു. കൈത്തൊഴിൽശാലകൾ രാജവാഴ്ച പ്രദാനം ചെയ്തു; ആവി യന്ത്രശാലകളാകട്ടെ വ്യവസായ മുതലാളിമാരെ നൽകുന്നു. ഭൗതിക ഉല്പാദനം നടത്തുന്ന മനുഷ്യർ ആ ഉല്പാദന രീതിക്ക് നിരക്കുംപടിയുള്ള സാമൂഹ്യബന്ധങ്ങൾ സൃഷ്ടിക്കുന്നു. അതോടൊപ്പംതന്നെ ആ സാമൂഹ്യബന്ധങ്ങൾക്ക് നിരക്കുന്ന തത്വങ്ങൾക്കും ആശയങ്ങൾക്കും വർഗ്ഗങ്ങൾക്കുമൊക്കെ അവർ ജന്മംനൽകുന്നു. ഈ ആശയങ്ങളും വർഗ്ഗങ്ങളുമൊന്നും ഈ ബന്ധങ്ങളെപ്പോലെ തന്നെ ഒട്ടും ശാശ്വതമല്ല. അവയെല്ലാം ചരിത്രബന്ധിതവും മാറിക്കൊണ്ടിരിക്കുന്നതുമായ ഉല്പന്നങ്ങൾമാത്രം.

മാർക്‌സ് പരിഷ്‌കരണവാദത്തിനെതിരെ

പെറ്റിബൂർഷ്വാ അവസരവാദത്തിൽ നിന്നുടലെടുക്കുന്ന പരിഷ്‌കരണവാദ വ്യതിയാനങ്ങൾക്കെതിരെ, തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനകത്തും പുറത്തും, വിശേഷിച്ച് ജർമ്മൻ, ഫ്രഞ്ച് പാർട്ടി നേതൃത്വങ്ങളിലെ അത്തരക്കാർക്കെതിരെ, മാർക്‌സിന് ജീവിതത്തിലുടനീളം നിരന്തരവും നിശ്ചയദാർഢ്യം നിറഞ്ഞതുമായ പോരാട്ടം നടത്തേണ്ടിവന്നു. തൊഴിലാളിവർഗ്ഗ പാർട്ടിയിൽ നുഴഞ്ഞുകയറുന്ന ബൂർഷ്വാ-പെറ്റിബൂർഷ്വാ ചിന്താഗതിക്കാർ അവരോടൊപ്പം ആ വീക്ഷണവും സമീപനവും കൂടി കൊണ്ടുവന്ന് പാർട്ടിയുടെ തൊഴിലാളിവർഗ്ഗ സ്വഭാവത്തെ ദുർബലപ്പെടുത്തി അതിനെ മലിനപ്പെടുത്തുന്നതിനെതിരെ മാർക്‌സ് നിരന്തരം മുന്നറിയിപ്പുകൾ നൽകിയിരുന്നു.
തൊഴിലാളിവർഗ്ഗ പാർട്ടികളിലേയ്ക്കുള്ള, പ്രത്യേകിച്ച് രണ്ട് വലിയ പാർട്ടികളായ ജർമ്മൻ, ഫ്രഞ്ച് പാർട്ടികളിലേയ്ക്കുള്ള ബൂർഷ്വാ-പെറ്റിബൂർഷ്വാ നുഴഞ്ഞുകയറ്റം അദ്ദേഹത്തെ വളരെ വേദനിപ്പിച്ചിരുന്നു. ബൂർഷ്വാ ഭരണാധികാരികൾ സാർവ്വത്രിക വോട്ടവകാശം അനുവദിച്ചതോടെ ഈ രണ്ടു പാർട്ടികൾക്കും തെരഞ്ഞെടുപ്പ് വിജയങ്ങളുടെ രുചിയറിയാൻ അവസരമുണ്ടായി. അതോടെ ഈ പാർട്ടി നേതൃത്വങ്ങളിൽ രണ്ട് വ്യത്യസ്ത പ്രവണതകൾ ജന്മമെടുത്തു. അതിലൊന്ന് പാർലമെന്റേറിയനിസത്തോടും പരിഷ്‌കരണവാദത്തോടുമുള്ള ആഭിമുഖ്യമായിരുന്നു. ഇവർ ബൂർഷ്വാ മനുഷ്യസ്‌നേഹ വാദക്കാരെയും പെറ്റിബൂർഷ്വാ ബുദ്ധിജീവികളെയുമൊക്കെ പാർട്ടിയിലേയ്ക്ക് ആകർഷിക്കാൻ ശ്രമിച്ചു. മറ്റൊന്ന,് ബൂർഷ്വാസിയിൽ ഒരു വിഭാഗത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ താല്പര്യങ്ങൾ ഉൾക്കൊള്ളുന്ന സമീപനമായിരുന്നു. ഈ അനുരഞ്ജന പ്രവണതയ്ക്ക് അടിപ്പെട്ടിരിക്കുന്ന ഫ്രഞ്ച് പാർട്ടിയുടെ നേർക്ക് വിരൽചൂണ്ടിയ മാർക്‌സ്, ലസ്സാലിയന്മാരോട് പ്രീണനനയം സ്വീകരിച്ച ജർമ്മൻ പാർട്ടി ഒരു ‘ദുർഭൂത’ത്തിന്റെ പിടിയിലമർന്നിരിക്കുന്നുവെന്ന് അപലപിക്കുകയും ചെയ്തു. കുപ്രസിദ്ധമായ ഗോഥാപരിപാടിയിൽ സുപ്രധാനമായ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളിൽ ജർമ്മൻ പാർട്ടി സ്വീകരിച്ചത് ഇത്തരമൊരു നിലപാടായിരുന്നു. ജർമ്മൻ കമ്മ്യൂണിസ്റ്റ് നേതാവായ എഫ്.എ.സോർജിക്ക് 1877 ഒക്‌ടോബർ 19ന് അയച്ച കത്തിൽ മാർക്‌സ് ഇങ്ങനെ എഴുതി: ”സോഷ്യലിസത്തിന്റെ ഭൗതികവാദപരമായ അടിത്തറ ഇളക്കി, ആധുനികകാലത്തെ പൗരാണികമൂർത്തികളെന്ന് വിശേഷിപ്പിക്കാവുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ പകരം പ്രതിഷ്ഠിച്ച് ഉയർന്ന ആദർശ പരിവേഷം ചാർത്താനാണ് അപക്വമതികളായ പഠിതാക്കളും അവരുടെ മേൽനോട്ടക്കാരായ വൈദ്യന്മാരുംകൂടി ശ്രമിക്കുന്നത്.” പിന്നീട്, ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് സൈദ്ധാന്തികനും നേതാവുമായ എഡ്‌വേഡ് ബേൺസ്റ്റീന് 1882 നവംബർ 28ന്, മാർക്‌സിന്റെ പാഠങ്ങളുടെ അടിസ്ഥാനത്തിൽ ഏംഗൽസ് ഇങ്ങനെ എഴുതി: ”ഇവർ ഒരു തൊഴിലാളി പാർട്ടി എന്നതൊഴിച്ച് എന്തുമാകാം- എന്റെ അഭിപ്രായത്തിൽ, വോട്ടുചെയ്യാനുള്ള ഒരു കന്നുകാലിക്കൂട്ടത്തെ സൃഷ്ടിക്കുന്ന ഇത്തരം നേതാക്കൾ പ്രത്യക്ഷത്തിൽത്തന്നെ വഞ്ചകരാണ്.”

മാർക്‌സിന്റെയും ഏംഗൽസിന്റെയും ഈ നിരീക്ഷണങ്ങളിലും പരാമർശങ്ങളിലും മുന്നറിയിപ്പുകളിലുമൊക്കെ അന്തർലീനമായിരിക്കുന്നത,് ഒരു തൊഴിലാളിവർഗ്ഗ പാർട്ടിയുടെ രൂപീകരണത്തിനും നിലനിൽപിനും ആവശ്യമായ സ്വഭാവ സവിശേഷതകളുടെ ബീജരൂപമാണ്. അതിന്റെ നൈതികതയും തത്വങ്ങളും അതോടൊപ്പം പാർലമെന്ററി സമരങ്ങളോടുള്ള അതിന്റെ മനോഭാവവും ഇതിൽനിന്നെല്ലാം മനസ്സിലാക്കാം. ഈ ആശയങ്ങൾക്ക് അതിന്റെ എല്ലാ സവിശേഷതകളോടെയും ഘടനയോടെയും ലെനിൻ മൂർത്തരൂപം നൽകി. സ്റ്റാലിൻ അതിനെ വിപുലീകരിച്ചു. ഒടുവിൽ സഖാവ് ശിബ്ദാസ്‌ഘോഷ് ഈ ആശയങ്ങൾ കൂടുതൽ വികസിപ്പിക്കുകയും സമ്പുഷ്ടമാക്കുകയും ചെയ്തു.
മാർക്‌സിസം ഒരു ഉയർന്ന തത്വചിന്തയാകയാൽ അത് ഉയർന്ന തൊഴിലാളിവർഗ്ഗ സംസ്‌കാരത്തിൽ അധിഷ്ഠിതമാണ് എന്നും മുതലാളിത്തവിരുദ്ധ വിപ്ലവം നയിക്കാനും മാനവരാശിയെ ചൂഷണത്തിൽനിന്ന് മോചിപ്പിക്കാനും ഭരമേല്പിക്കപ്പെട്ടവർ എന്നനിലയിൽ തൊഴിലാളികൾ ആദ്യം സ്വയം മാറ്റത്തിന് വിധേയമാകണമെന്നും അതിനായി അവർ ബൂർഷ്വാവീക്ഷണത്തിന്റെയും സംസ്‌കാരത്തിന്റെയും കെട്ടുപാടുകളിൽനിന്ന് മുക്തരായി പുതിയ തൊഴിലാളിവർഗ്ഗ സംസ്‌കാരത്തെ പുൽകേണ്ടതുണ്ടെന്നുമുള്ള കാഴ്ചപ്പാട് മാർക്‌സ്തന്നെ മുന്നോട്ടുവച്ചിട്ടുണ്ട്. ലോകത്തെ മാറ്റണമെങ്കിൽ തൊഴിലാളികൾ സ്വയം മാറാൻ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.

മാർക്‌സിസ്റ്റ് തത്വചിന്തയുടെ സത്ത

മാർക്‌സിസ്റ്റ് തത്വചിന്തയുടെ അഥവാ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ അന്തഃസ്സത്ത ഇപ്രകാരം സംഗ്രഹിക്കാം. പ്രകൃതിയിലെ ഒരു പ്രതിഭാസവും നിശ്ചലമായല്ല, ആന്തരികമായ രണ്ട് വിരുദ്ധശക്തികൾ തമ്മിലുള്ള വൈരുദ്ധ്യത്തിലും നിരന്തര ചലനത്തിലുമാണ് നിലനിൽക്കുന്നത്. തീസിസും ആന്റി തീസിസും തമ്മിലുള്ള ഈ വൈരുദ്ധ്യമാണ് ചലനത്തിന് ജന്മം നൽകുന്നത്. ഇതാണ് മാറ്റത്തിനും വികാസത്തിനും കാരണം. ഈ വൈരുദ്ധ്യം മൂർച്ഛിച്ച് മൂർദ്ധന്യത്തിലെത്തുമ്പോൾ പദാർത്ഥത്തിൽ അഥവാ പ്രതിഭാസത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഈ വിരുദ്ധ ശക്തികൾക്ക് ഒന്നിച്ചുനിൽക്കാൻ കഴിയാതാകുന്നു. അപ്പോൾ സ്വന്തം നിലനിൽപിനെ നിഷേധിച്ചുകൊണ്ട് സിന്തസിസ് അഥവാ ഒരു പുതിയ പ്രതിഭാസം ജന്മമെടുക്കുന്നു. എന്നാൽ ഈ നിഷേധത്തെയും നിഷേധിക്കുന്ന പ്രവണത സഹജമായിത്തന്നെ ഏതൊരു പ്രതിഭാസത്തിലും നിലനിൽക്കുന്നതിനാൽ പുതിയ പദാർത്ഥം അഥവാ പ്രതിഭാസവും രണ്ട് വിരുദ്ധശക്തികളുമായി പിറക്കുകയും അവ തമ്മിലുള്ള വൈരുദ്ധ്യം അതിന്റെയും നിഷേധത്തിലേയ്ക്കും പുതിയ ഒന്നിന്റെ ജന്മത്തിലേയ്ക്കും നയിക്കുകയുംചെയ്യുന്നു. ഈ പ്രക്രിയ അനന്തമായി തുടരുന്നു. മാർക്‌സിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന വ്യത്യസ്ത ശാസ്ത്രശാഖകൾ വെളിവാക്കിയ ശാസ്ത്രീയ നിയമങ്ങളെ വിശകലനം ചെയ്തും ഏകോപിപ്പിച്ചും സമന്വയിപ്പിച്ചും ഉരുത്തിരിച്ചെടുത്ത ഈ വസ്തുനിഷ്ഠ സത്യം വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മൂന്ന് തത്വങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. 1) വിപരീതങ്ങളുടെ ഐക്യം, 2) അളവിലുള്ള മാറ്റത്തിൽനിന്ന് ഗുണപരമായ മാറ്റത്തിലേയ്ക്കും തിരിച്ചും. 3) നിഷേധത്തിന്റെ നിഷേധം എന്നിവയാണ് ആ മൂന്ന് തത്വങ്ങൾ. വൈരുദ്ധ്യാത്മക ഭൗതികവാദമെന്നത് യാഥാർത്ഥ്യത്തിൽനിന്ന് അന്യമായി നിൽക്കുന്നതോ തോന്നിയപോലെ പടച്ചുണ്ടാക്കിയ ഒരു വീക്ഷണത്തിലേയ്ക്ക് ലോകത്തെ തിരുകികയറ്റാൻ ശ്രമിക്കുന്ന സിദ്ധാന്തമോ അല്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്. നേരെമറിച്ച് അത് ലോകത്തിന്റെ ഏറ്റവും കൃത്യതയാർന്ന പ്രതിനിധാനമാണ്. മാർക്‌സിസം എങ്ങനെയാണ് ആശയവാദത്തെയും അധിഭൗതികവാദത്തെയും നിരാകരിക്കുന്നതെന്ന് വിശദമാക്കിക്കൊണ്ട് സ്റ്റാലിൻ പറയുന്നു: ”അധിഭൗതികവാദത്തിന് വിരുദ്ധമായി വൈരുദ്ധ്യവാദം പ്രകൃതിയെ പരസ്പര ബന്ധമില്ലാത്തതും ഒറ്റപ്പെട്ടതും സ്വതന്ത്രവുമായ പ്രതിഭാസങ്ങളുടെ ഒരു യാദൃശ്ചിക സഞ്ചയമായല്ല കാണുന്നത്, നേരെമറിച്ച് ജൈവീകമായി പരസ്പരം ബന്ധപ്പെട്ടതും പരസ്പരാശ്രിതവും പരസ്പര നിർണീതവുമായ വസ്തുക്കളുടെ, പ്രതിഭാസങ്ങളുടെ ഒരു ഉദ്ഗ്രഥിത സാകല്യം എന്നനിലയിലാണ്…. പ്രകൃതി നിശ്ചലവും നിഷ്‌ക്രിയവും പരിവർത്തനവിധേയമല്ലാത്തതുമായ സ്ഥിതിയിലല്ല നേരെമറിച്ച്, നിരന്തര ചലനത്തിലും മാറ്റത്തിലും നിരന്തരമായ പുതുക്കലിലും വികാസത്തിലുമാണ് സ്ഥിതിചെയ്യുന്നത്. ഓരോന്നും ഉദയം ചെയ്യുന്നതിന്റെയും വികസിക്കുന്നതിന്റെയും അതുപോലെതന്നെ ജീർണ്ണിക്കുന്നതിന്റെയും തിരോഭവിക്കുന്നതിന്റെയും പ്രക്രിയ അവിടെ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നു…. ലോകത്തെ ഒരു ”കേവലാശയ” ത്തിന്റെ പ്രകടിതരൂപമായും ”സാർവലൗകികമായ ചേതന”യായും ”പ്രജ്ഞ”യായുമൊക്കെ കാണുന്ന ആശയവാദത്തിന് വിരുദ്ധമാണ് മാർക്‌സിന്റെ ഭൗതികവാദതത്വചിന്ത. ലോകം സഹജമായിത്തന്നെ ഭൗതികമാണെന്നും ലോകത്തെ അസംഖ്യം പ്രതിഭാസങ്ങൾ പദാർത്ഥത്തിന്റെ വ്യത്യസ്തമായ ചലനരൂപങ്ങൾക്ക് ജന്മംനൽകുന്നുവെന്നും ഈ പ്രതിഭാസങ്ങൾ തമ്മിലുള്ള ബന്ധവും പരസ്പരാശ്രിതത്വവും, വൈരുദ്ധ്യാത്മക രീതി സ്ഥാപിച്ചിട്ടുള്ളതുപോലെ, ചലനത്തിലുള്ള പദാർത്ഥത്തിന്റെ വികാസ നിയമമായി വർത്തിക്കുന്നുവെന്നും പദാർത്ഥത്തിന്റെ ഈ ചലനത്തിനനുസരിച്ച് വികസിക്കുന്ന ലോകത്തിന് ഒരു ”സാർവലൗകികചേതന” യുടെ ആവശ്യമില്ലെന്നും അത് സമർത്ഥിക്കുന്നു. (വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം, ലെനിനിസത്തിന്റെ പ്രശ്‌നങ്ങൾ, പേജ് 837-844).
സയൻസിന്റെ കണ്ടുപിടുത്തങ്ങൾ ഈ ശാസ്ത്രീയ തത്വചന്തയെ വീണ്ടുംവീണ്ടും ശരിവയ്ക്കുന്നു. പ്രകൃതിയെയും ഭൗതികലോകത്തെയും മുൻവിധികളില്ലാതെയും വിമർശനാത്മകമായും വസ്തുനിഷ്ഠമായും സമീപിക്കുന്ന ശാസ്ത്രജ്ഞർ അനിവാര്യമായും വൈരുദ്ധ്യാത്മക വീക്ഷണത്തോടും മാർക്‌സിസ്റ്റ് വിശകലന പദ്ധതിയോടും കൂടുതൽ കൂടുതൽ അടുത്തുവരുന്നു. സയൻസിന്റെ ഓരോ കണ്ടുപിടുത്തവും മാർക്‌സിസത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് അനുരൂപമായിട്ടുള്ളതും അവയെ ആവർത്തിച്ച് ഉറപ്പിക്കുന്നതുമാണെന്ന് അവർക്ക് മനസ്സിലാക്കാനാവും. ഇക്കാര്യം ഏംഗൽസ് ഇങ്ങനെ വിശദമാക്കുന്നു: ”പ്രകൃതിയാണ് വൈരുദ്ധ്യവാദത്തിന്റെ ഉരകല്ല്. ആധുനിക പ്രകൃതിശാസ്ത്രത്തിന് ഇത് പരീക്ഷിച്ചറിയാനുള്ള സമൃദ്ധവും വർദ്ധമാനവുമായ സാമഗ്രികൾ അത് പ്രദാനം ചെയ്തിട്ടുണ്ട്. പ്രകൃതിയുടെ രീതി വൈരുദ്ധ്യാത്മകമാണെന്നും അധിഭൗതികവാദപരമല്ലെന്നും ശാശ്വതമായി ഓരേ രൂപത്തിൽ നിരന്തരം ആവർത്തിക്കുന്ന ഒരു ചാക്രിക ചലനമല്ല അതിനുള്ളതെന്നും ഒരു വികാസചരിത്രത്തിലൂടെയാണ് അത് കടന്നുപോകുന്നതെന്നും അന്തിമവിശകലനത്തിൽ വ്യക്തമാകുകയും ചെയ്യും. ഇവിടെ എടുത്തുപറയേണ്ട പേര് ഡാർവിന്റേതാണ്. പ്രകൃതിയെ അധിഭൗതികവാദപരമായി സങ്കല്പിക്കുന്ന രീതിക്ക് കനത്ത പ്രഹരമേല്പിച്ചത് അദ്ദേഹമാണ്. സസ്യങ്ങളും മൃഗങ്ങളും തുടർന്ന് മനുഷ്യനുമൊക്കെ അടങ്ങുന്ന ജൈവലോകം ഇന്നത്തെ നിലയിലെത്തിയത് ദശലക്ഷക്കണക്കിന് വർഷങ്ങളായി നടക്കുന്ന ഒരു വികാസ പ്രക്രിയയുടെ ഫലമായിട്ടാണെന്ന് അദ്ദേഹം തെളിയിച്ചു.” (പ്രകൃതിയുടെ വൈരുദ്ധ്യാത്മകത, പേജ് 23). അദ്ദേഹം തുടരുന്നു: ”ഇന്നത്തെ പ്രകൃതി ശാസ്ത്രത്തിന് ഏറ്റവും അനുയോജ്യമായ ചിന്താരീതിയാണ് വൈരുദ്ധ്യവാദത്തിന്റേത്. പ്രകൃതിയിൽ നടക്കുന്ന പരിണാമപ്രക്രിയയും പ്രതിഭാസങ്ങൾ തമ്മിലുള്ള പരസ്പര ബന്ധവുമൊക്കെ വിശദമാക്കാനും അന്വേഷണത്തെ ഒരു തലത്തിൽനിന്ന് മറ്റൊന്നിലേയ്ക്ക് പരിവർത്തിപ്പിക്കാനുമൊക്കെ ആശ്രയിക്കത്തക്കതായി വൈരുദ്ധ്യാത്മക രീതി മാത്രമേയുള്ളൂ. ” (വൈരുദ്ധ്യവാദത്തെ സംബന്ധിച്ച്, 1878) ഇക്കാരണത്താലാണ് ഒരിക്കൽ ലെനിൻ ഇങ്ങനെ പറഞ്ഞത്: ” ആധുനിക ഭൗതികവാദം ഈറ്റുനോവിലാണ്; അത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് ജന്മം നൽകുകയാണ്.” (മെറ്റീരിയലിസം ആന്റ്എംപിരിയോ ക്രിട്ടിസിസം, അദ്ധ്യായം 5)

Share this