ദേശീയപാത 30 മീറ്ററില്‍ 4 വരി പാതയായി വികസിപ്പിക്കുക

ദേശീയപാത 30 മീറ്ററിനുള്ളില്‍ നാലുവരിയായി വികസിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ എന്‍എച്ച്‌ 17 ആക്ഷന്‍ കൗണ്‍സില്‍ കണ്ണൂര്‍ ധര്‍മ്മശാല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേയ്‌ 25 ന്‌ ധര്‍മ്മശാലയില്‍ വിശദീകരണപൊതുയോഗം സംഘടിപ്പിച്ചു. സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ഹാഷിം ചേന്ദാമ്പള്ളി പൊതുയോഗം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ഡോ.ഡി.സുരേന്ദ്രനാഥ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ പോള്‍ ടി.സാമുവല്‍, ധര്‍മ്മശാല മേഖലാ കണ്‍വീനര്‍ കരുണാകരന്‍ ധര്‍മ്മശാല തുടങ്ങിയവര്‍ പ്രസംഗിച്ചു.
45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുത്തുകൊണ്ട്‌ വന്‍തോതിലുള്ള കുടിയൊഴിപ്പിക്കല്‍ നീക്കവുമായി `ഇടത്‌’ എന്നവകാശപ്പെടുന്ന ഗവണ്‍മെന്റ്‌ മുന്നോട്ടുപോകുമ്പോള്‍ ഈ പദ്ധതിക്കെതിരായ പ്രതിഷേധവുമായി കണ്ണൂര്‍-കാസര്‍ഗോഡ്‌ ജില്ലകളില്‍ ജനങ്ങള്‍ സമരരംഗത്ത്‌ വന്നിരിക്കുകയാണ്‌. അധികൃതരുടെ ഭാഗത്തുനിന്നും ഭൂമിയില്‍ സര്‍വ്വേ നടത്താനും ആധാരമുള്‍പ്പെടെയുള്ള രേഖകള്‍ കൈക്കലാക്കാനും നീക്കം നടന്നുകൊണ്ടിരിക്കുകയാണ്‌. വന്‍തോതില്‍ നഷ്‌ടപരിഹാരം നല്‍കുമെന്നും പുനരധിവാസം നല്‍കുമെന്നുമുള്ള വ്യാജപ്രചാരണങ്ങളാണ്‌ ജനങ്ങളെ പദ്ധതിക്കനുകൂലമാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ വ്യാപകമായി പൊതുയോഗങ്ങളും മറ്റ്‌ സമര പരിപാടികളും സംഘടിപ്പിക്കുവാനും കണ്ണൂര്‍-കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റികള്‍ തീരുമാനിച്ചു.

Share this