നവോത്ഥാന സാഹിത്യകാരന്‍ ശരത്ചന്ദ്രചാറ്റര്‍ജി അനുസ്മരണം

തൃശൂര്‍, സെപ്തംബര്‍ 17

ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരകാലത്തെ നവോത്ഥാന സാഹിത്യകാരന്‍ ശരത്ചന്ദ്രചാറ്റര്‍ജി അനുസ്മരണത്തിന്റെ ഭാഗമായി സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ പ്രഭാഷണവും ചര്‍ച്ചയും നടന്നു. ബാനര്‍ സാംസ്‌ക്കാരിക സമിതി സംസ്ഥാന കണ്‍വീനര്‍ ജി.എസ്. പത്മകുമാറാണ് മുഖ്യ പ്രഭാഷണം നടത്തിയത്.

മതേതര ജീവിത വീക്ഷണം ഉയര്‍ത്തിപ്പിടിച്ച ശരത്ചന്ദ്രന്‍ സ്ത്രീ സ്വാതന്ത്ര്യത്തെ ഉദ്‌ഘോഷിച്ച മഹാനനായ സാഹിത്യകാരനാരാണ.് സ്ത്രീ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ജനാധിപത്യധാരണകളാണ് അദ്ദേഹം അവതരിപ്പിച്ചത്. വിവാഹമെന്നത് സ്ത്രീയെസംബന്ധിച്ച ആത്യന്തിക ലക്ഷ്യമായി മാറിയതു മുതല്‍ അവളുടെ ദൗര്‍ഭാഗ്യവും ആരംഭിച്ചുവെന്ന് ശരത് ചന്ദ്രന്‍ എഴുതിയിട്ടുണ്ട്.

സവ്യസാചി, ശ്രീകാന്ത്, ശേഷപ്രശ്‌നം, ഗൃഹദാഹം തുടങ്ങി നിരവധി കൃതികളുടെ പരിഭാഷകളിലൂടെ മലയാള വായനക്കാര്‍ക്ക് ഒരു കാലത്ത് സുപരിചിതനായിരുന്നു. ബംഗാളില്‍ ജനിച്ച ശരത്ചന്ദ്രചാറ്റര്‍ജി. ഇന്‍ഡ്യന്‍ നവോത്ഥാന സാഹിത്യത്തില്‍ പ്രമുഖമായ ഒരു സ്ഥാനമുള്ള ശരത്ചന്ദ്രചാറ്റര്‍ജിയെ രവീന്ദ്രനാഥടാഗോറിനോളം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ടതുണ്ടെങ്കിലും മലയാള വായനക്കാരും ഇന്‍ഡ്യന്‍ സമൂഹവും ഇനിയും അദ്ദേഹത്തെ വേണ്ടപോലെ മനസ്സിലാക്കിയിട്ടില്ല. പഴയ സാമൂഹ്യക്രമത്തിന്റെ ചങ്ങലകെട്ടുകളും കാലാഹരണപ്പെട്ട ജീവിത മൂല്യങ്ങളും അന്ധവിശ്വാസങ്ങളും മതാന്ധതയും തകര്‍ത്തുകൊണ്ട് രാഷ്ട്രത്തിന്റെ ആവശ്യകതകള്‍ക്ക് ഇണങ്ങുന്ന പുതിയ ധാര്‍മ്മിക മൂല്യങ്ങള്‍ ശരത്ചന്ദ്രചന്ദ്രന്‍ മുന്നോട്ട് വച്ചു.

സ്വാതന്ത്ര്യ സമരത്തിലെ അനനുരഞ്ജന ധാരയിലൂടെയാണ് പ്രസ്തുത ധാരണകള്‍ ആവിര്‍ഭവിച്ചത്. എന്നാല്‍ പാരമ്പര്യവാദത്തില്‍ അധിഷ്ഠിതമായ പ്രവണതകള്‍ക്ക് എക്കാലത്തും മേല്‍ക്കൈ ലഭിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. നമ്മുടെ സാംസ്‌കാരിക ചരിത്രത്തെ സൂക്ഷ്മമായി പരിശോധിച്ചാല്‍, സമകാലീന ഇന്‍ഡ്യ നേരിടുന്ന വെല്ലുവിളികളുടെ ് വേരുകള്‍ കണ്ടെത്താവുന്നതാണ്. ഒരു ദേശീയ രാഷ്ട്രം എന്ന നിലയില്‍ വികസിച്ചുവരുന്നതില്‍ വിഘാതമായി നില്‍ക്കുന്ന വിഭാഗീയതകള്‍ സമൂഹത്തില്‍ ശക്തമായി അലയടിക്കുന്നതിന്റെ കാരണങ്ങള്‍ ഈ സാംസ്‌കാരിക ചരിത്രം പേറുന്നുണ്ട്. സാംസ്‌കാരിക രംഗത്തെ വിപത്ഭീഷണികളെ ഫലപ്രദമായി നേരിടുവാന്‍ ശരത്ചന്ദ്രചാറ്റര്‍ജി പ്രതിനിധാനം ചെയ്തിരുന്ന സാംസ്‌കാരിക ധാരയെ സംബന്ധിച്ച പഠനങ്ങള്‍ നമ്മെ കുടുതല്‍ സഹായിക്കുകതന്നെ ചെയ്യും ജി.എസ് പത്മകുമാര്‍ അഭിപ്രായപ്പെട്ടു.

നമ്മുടെ നവോത്ഥാന നായകരേയും സ്വാതന്ത്ര്യസമര പോരാളികളെയും അനുസ്മരിച്ചുകൊണ്ട് ഓള്‍ ഇന്‍ഡ്യ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചുവരുന്ന പരിപാടികളുടെ ഭാഗമായാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് സ. ടി.കെ. സുധീര്‍കമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.ബി. ഉണ്ണിത്താന്‍, പ്രൊഫ. ഐ. ഷണ്‍മുഖദാസ്, ആര്‍. പാര്‍ത്ഥസാരഥി വര്‍മ്മ, എം. പ്രദീപന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. എ.ഐ.ഡി.വൈ.ഒ ജില്ലാ കണ്‍വീനര്‍ എ.വി. ബെന്നി സ്വാഗതവും, ജോ.കണ്‍വീനര്‍ എ.എം. സുരേഷ് നന്ദിയും പറഞ്ഞു.

Share this