പ്രചോദന സംഘടിപ്പിച്ച 24-ാമത് കുട്ടികളുടെ ക്യാമ്പ്

പ്രചോദന കുട്ടികളുടെ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 24-ാമത് സംസ്ഥാനതല കുട്ടികളുടെ ക്യാമ്പ് 2017 മെയ് 18,19,20 തീയതികളിൽ കൊല്ലം പുല്ലുച്ചിറ വൈഎംസിഎയിൽ നടന്നു. ‘നാടിൻ ശ്രേഷ്ഠ സന്താനങ്ങളാക നാം’ എന്ന ആദർശവാക്യത്തെ അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ പ്രവർത്തിച്ചുവരുന്ന കുട്ടികളുടെ പ്രസ്ഥാനമാണ് പ്രചോദന. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജി.എസ്.പത്മകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ശാസ്ത്രബോധവും ശാസ്ത്രീയ മനോഭാവവും കുട്ടികളിൽ സൃഷ്ടിക്കുക, മഹാന്മാരുടെ ജീവിതത്തിലെ മഹത്തായ മൂല്യങ്ങളോടുള്ള ആഭിമുഖ്യം കുട്ടികളിൽ വളർത്തിയെടുക്കുക, സർഗ്ഗാത്മക ശേഷികൾ പരിപോഷിപ്പിക്കാൻ വേണ്ടുന്ന അവസരം കുട്ടികൾക്ക് ലഭ്യമാക്കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം. കുട്ടികളിൽ ഉയർന്ന അഭിരുചികളും ജീവിത വീക്ഷണവും സാമൂഹ്യ അവബോധവും വളർത്തിയെടുക്കുവാനുതകുന്ന ഒരു സാംസ്‌കാരിക പ്രസ്ഥാനമായാണ് ക്യാമ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 24-ാമത് ക്യാമ്പിൽ പ്രമുഖ ശാസ്ത്രകാരൻ എഡ്വേർഡ് ജന്നർ, ഈശ്വര ചന്ദ്രവിദ്യാസാഗർ, പ്രശസ്ത സാഹിത്യകാരൻ പ്രേംചന്ദ്, എബ്രഹാം ലിങ്കൺ തുടങ്ങിയ മഹദ്‌വ്യക്തിത്വങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി. നാടകം, ചിത്രരചന, സംഗീതം എന്നീ വിഷയങ്ങളിൽ പരിശീലനകളരികൾ നടന്നു. വിവിധജില്ലകളിൽനിന്നുമായി നൂറ്റമ്പത് കുട്ടികൾ പങ്കെടുത്തു.

 

Share this