ജെഎന്‍യു-ബിജെപി ഫാസിസ്റ്റ് ദംഷ്ട്രകള്‍ പുറത്തു കാട്ടുന്നു.

ജെഎന്‍യുവിലെ സംഭവത്തിലും അതിനെത്തുടര്‍ന്നുണ്ടായ വിഷയങ്ങളിലും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജനറല്‍ സെക്രട്ടറി ശ്രീ. പ്രൊവാഷ്‌ഘോഷ് താഴെപ്പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു.

2016 ഫെബ്രുവരി 18

ബിജെപിയുടേയും പരിവാരങ്ങളുടെയും ഗൂണ്ടകള്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ കിരാതമായ ആക്രമണങ്ങളെ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിക്കുന്നു.
ജെഎന്‍യു ക്യാമ്പസ്സിലുള്ള ജനാധിപത്യ അന്തരീക്ഷത്തെ തകര്‍ത്തെറിയുവാനായി ബിജെപി കരുതിക്കൂട്ടി ഒരു കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു. ഫെബ്രുവരി 9 -ാം തീയതി ചില അപ്രധാന സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധാര്‍ഹമായ മുദ്രാവാക്യങ്ങളുടെ പേരിലാണ് ബിജെപി ഫാസിസ്റ്റ് നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റിനെ അറസ്റ്റുചെയ്തതിലും രാജ്യദ്രോഹ കേസ്സില്‍ കുരുക്കാന്‍ കാണിച്ച അതീവ വ്യഗ്രതയിലും അതിനെ വിമര്‍ശിച്ച വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും ദേശവിരുദ്ധരായി മുദ്രകുത്തിയതിലും വിദ്യാര്‍ത്ഥിനേതാവിനെ പാട്യാല കോടതിക്കുള്ളില്‍ വച്ചും മാധ്യമപ്രവര്‍ത്തകരെ കോടതിക്കുപുറത്തുവച്ചും ബിജെപിക്കാരായ അഭിഭാഷകര്‍ മര്‍ദ്ദിച്ചതിലുമൊക്കെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഉന്നതതലങ്ങളില്‍ നടന്ന ഗൂഢാലോചനകളാണ് വ്യക്തമാകുന്നത്. അതേ സമയം നമ്മുടെ രാജ്യത്തെ ബുദ്ധിജീവികളും നേര്‍വഴിക്ക് ചിന്തിക്കുന്നവരും ജനാധിപത്യവിശ്വാസികളും സംഘപരിവാറിന്റെ നീചപദ്ധതികളെ വിമര്‍ശിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ പക്ഷത്ത് നിലകൊള്ളുന്നുവെന്നത് ശുഭോദര്‍ക്കമാണ്.

ഗൂഢാലോചനയുടെ ഫാസിസ്റ്റ് സ്വഭാവവും എല്ലാ ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകള്‍ക്കെതിരെയും ബിജെപി നടത്തുന്ന വിദ്വേഷപ്രചാരണങ്ങളും ഇതിനകം രൂപംകൊണ്ടിട്ടുള്ള ആറ് ഇടതുപക്ഷ കക്ഷികളുടെ കൂട്ടായ്മയുടെ ഭാഗത്തുനിന്നും ഒരു യോജിച്ച പ്രക്ഷോഭണമാണ് ആവശ്യമാക്കുന്നത്.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് കോണ്‍ഗ്രസ്സിന്റെ മുന്‍കാലചരിത്രം ഒരിക്കലും ഒരു ജനാധിപത്യ-മതേതര പാര്‍ട്ടിയുടേതായിരുന്നില്ലായെന്നതാണ്. ഇന്നവര്‍ ഈ വിഷയത്തിലേയ്ക്ക് എടുത്തുചാടിയിരിക്കുന്നത് ചില്ലറ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ്. കോണ്‍ഗ്രസ്സിന്റെ പങ്കാളിത്തം പ്രക്ഷോഭത്തിന്റെ ലക്ഷ്യത്തെത്തന്നെ ഹനിച്ചുകളഞ്ഞേക്കാം. ആറ് ഇടതുപക്ഷപാര്‍ട്ടികളുടെ കൂട്ടായ്മയുടെ മാത്രം നേതൃത്വത്തിലാകണം ഈ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടത് എന്നാണ് ഞങ്ങളുടെ ശക്തമായ അഭിപ്രായം.

Share this