മഹത്തായ മേയ്ദിനം സമുചിതം ആചരിച്ചു

Spread our news by sharing in social media

തൊഴിലാളിവർഗ്ഗത്തിന്റെ സാർവ്വദേശീയ ഐക്യദാർഢ്യം വിളംബരം ചെയ്യുന്ന മഹത്തായ മേയ് ദിനത്തിന്റെ 132-ാം വാർഷികം, എഐയുറ്റിയുസിയുടെയും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് സമുചിതം ആചരിച്ചു.
ജോലിസമയം 8 മണിക്കൂറായി നിജപ്പെടുത്തണമെന്ന മുഖ്യ ഡിമാന്റുയർത്തി 1886-ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഐതിഹാസിക സമരത്തിനുനേരെ ഉണ്ടായ നിഷ്ഠൂര വെടിവെപ്പിനെയും, അതിനെത്തുടർന്ന് കള്ളക്കേസ്സു ചുമത്തി 4 സമരനേതാക്കളെ തൂക്കിലേറ്റിയതിനെയും അനുസ്മരിക്കുന്ന മേയ് ദിനം എന്നും ലോകമെങ്ങുമുള്ള തൊഴിലാളിവർഗ്ഗ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതാണ്. തൊഴിലാളികൾ നേടിയ ഓരോ അവകാശങ്ങളും ആരും ഔദാര്യമായി തന്നതല്ലെന്നും, ഇഞ്ചോടിഞ്ച് പൊരുതിക്കൊണ്ടും നിരവധി ജീവൻ ബലിയർപ്പിച്ചുകൊണ്ടും നേടിയെടുത്തതാണെന്നും ഓർമ്മപ്പെടുത്തുന്നതുകൂടിയാണ് മേയ്ദിനം. മേയ്ദിന പ്രക്ഷോഭണം നേടിയെടുത്ത് സ്ഥാപിച്ച ഡിമാന്റുപോലും സംരക്ഷിക്കാൻ കടുത്ത സമരങ്ങൾ ആവശ്യമായിരിക്കുന്ന ലോകസാഹചര്യമാണിന്നുള്ളത്.
നമ്മുടെ രാജ്യത്ത് ട്രേഡ് യൂണിയൻ ആക്ട്, ഫാക്ടറീസ് ആക്ട്, തൊഴിൽ തർക്ക നിയമം, ഇഎസ്‌ഐ നിയമം, വർക്ക്‌മെൻസ് കോമ്പൻസേഷൻ ആക്ട്, പി.എഫ് നിയമം തുടങ്ങിയ അടിസ്ഥാന നിയമങ്ങളെപ്പോലും അട്ടിമറിയ്ക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഏറ്റവും ഒടുവിലായി സ്ഥിരംതൊഴിൽ എന്ന സങ്കൽപ്പത്തെപ്പോലും ഇല്ലാതാക്കി 1946 ലെ വ്യാവസായിക തൊഴിൽ (സ്റ്റാന്റിംഗ് ഓർഡർ) ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം ഇറക്കിയിരിക്കുന്നു.
കേരളത്തിലും തൊഴിൽ മേഖല പ്രശ്‌നകലുഷിതമാണ്. നഴ്‌സിംഗ്‌മേഖല, അൺഎയ്ഡഡ് സ്‌കൂളുകൾ, പീടിക തൊഴിലാളികൾ, നിർമ്മാണത്തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ തുടങ്ങി നിരവധി തൊഴിൽമേഖലകളിൽ പ്രതിസന്ധി രൂക്ഷമാണ്. പൊതുമേഖലയും പരമ്പരാഗത രംഗവും പ്രതിസന്ധി മൂലം തകർച്ചയെ നേരിടുകയാണ്. അതോടൊപ്പം ചുമട്ടുതൊഴിലാളികളെ ജയിലിലടക്കാൻ പാകത്തിൽ നിയമഭേദഗതി കൊണ്ടുവന്നിരിക്കുകയാണ് സംസ്ഥാന സർക്കാർ.

തിരുവനന്തപുരം നഗരത്തിൽ എഐയുറ്റിയുസി, കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്‌സ് യൂണിയൻ, കേരളാ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെയ്ദിന റാലിയും യോഗവും നടന്നു. എഐയുറ്റിയുസി ജില്ലാ സെക്രട്ടറി സഖാവ് ഡി. ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി സഖാവ് വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
കൊല്ലം ടൗണിൽ സിഐറ്റിയു, എഐറ്റിയുസി, എഐയുറ്റിയുസി, റ്റിയുസിഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെയ്ദിന റാലി നടന്നു. എഐയുറ്റിയുസിയെ പ്രതിനിധീകരച്ച് ജില്ലാ പ്രസിഡണ്ട് സഖാവ് എസ്.രാധാകൃഷ്ണൻ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ബി.വിനോദ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. സിഐറ്റിയു, എഐറ്റിയുസി, എഐയുറ്റിയുസി എന്നീ യൂണിയനുകൾ സംയുക്തമായി അഞ്ചൽ ടൗണിലും മെയ് ദിന റാലിയും യോഗവും നടത്തി.
പത്തനംതിട്ട ടൗണിൽ എഐയുറ്റിയുസിയുടെയും എസ്‌യുസിഐ (സി)യുടെയും നേതൃത്വത്തിൽ മെയ് ദിന റാലി നടന്നു. എഐയുറ്റിയുസി ജില്ലാ സെക്രട്ടറി സഖാവ് കെ.ജി.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി സഖാവ് എസ്.രാജീവൻ ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ ടൗണിൽ നടന്ന മെയ്ദിന റാലിയിൽ എഐയുറ്റിയുസി ജില്ലാസെക്രട്ടറി സ. പി.ആർ.സതീശന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സഖാവ് എസ.്‌സീതിലാൽ ഉദ്ഘാടനം ചെയ്തു.

കോട്ടയത്ത് നടന്ന മെയ്ദിന റാലിയിൽ എഐയുറ്റിയുസി ജില്ലാ സെക്രട്ടറി സഖാവ് വി.പി.കൊച്ചുമോൻ അധ്യക്ഷത വഹിച്ചു. എസ്‌യുസിഐ (സി) ജില്ലാ സെക്രട്ടേറിയറ്റംഗം സ. എൻ.കെ.ബിജു ഉദ്ഘാടനം ചെയ്തു.

തൊടുപുഴയിൽ എഐയുറ്റിയുസി, കെഎസ്ഇബിപിസിസി ലൈൻ വർക്കേഴ്‌സ് യൂണിയൻ, കേരളാ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ, കെഎസ്ആർടിസി വർക്കേഴ്‌സ് ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെയ്ദിന റാലിയും പൊതുയോഗവും നടന്നു. എഐയുറ്റിയുസി ജില്ലാ പ്രസിഡണ്ട് എം.എം.അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി എം.ബി.രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

എറണാകുളത്ത് സംയുക്ത ട്രേഡ്‌യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ മെയ്ദിന റാലിയും യോഗങ്ങളും നടന്നു. സിറ്റിയിൽ എഐയുറ്റിയുസിയെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി സ. പി.എം.ദിനേശൻ പ്രസംഗിച്ചു. ആലുവയിൽ നടന്ന സംയുക്ത റാലിയിൽ എഐയുറ്റിയുസിക്കുവേണ്ടി സ. കെ.പി.സാൽവിൻ പ്രസംഗിച്ചു. അങ്കമാലിയിൽ സ. പി.പി.അഗസ്റ്റിനും, കാലടിയിൽ സ. പി.വി.റജീഷും, കൂത്താട്ടുകുളത്ത് സ. കെ.ഒ.ഷാനും പ്രസംഗിച്ചു. മുളന്തുരുത്തിയിൽ എഐയുറ്റിയുസി ജില്ലാ പ്രസിഡണ്ട് സ. എൻ.ആർ. മോഹൻകുമാർ ഉദ്ഘാടനംചെയ്തു.
കൊച്ചിൻ റിഫൈനറി എംപ്ലോയീസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ അമ്പലമുകൾ വ്യവസായ മേഖലയിൽ മേയ്ദിന റാലി നടന്നു. സിആർഇഎ വൈസ് പ്രസിഡണ്ട് എൻ.ആർ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. പി.പ്രവീൺകുമാർ, പി.പി.സജീവ് കുമാർ, ജോസഫ് ഡെന്നീസ് എന്നിവർ പ്രസംഗിച്ചു.

തൃശൂരിൽ വിവിധയിടങ്ങളിൽ ആചരണ പരിപാടികൾ നടന്നു. കൊടുങ്ങല്ലൂരിൽ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ മേയ്ദിന റാലിയും യോഗവും നടന്നു. കെഎസ്ഇ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജോ. സെക്രട്ടറി സഖാവ് എ.വി.ബെന്നി പ്രസംഗിച്ചു. ചാലക്കുടിയിൽ നടന്ന സംയുക്ത റാലിയിൽ എഐയുടിയുസി ജില്ലാക്കമ്മിറ്റിയംഗം സ.പി.കെ.ഷിബു പ്രസംഗിച്ചു.
സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് ടൗണിൽ നടന്ന റാലിയിൽ എഐയുറ്റിയുസി ജില്ലാ സെക്രട്ടറി സ. കെ.അബ്ദുൾ അസീസ് മേയ്ദിന സന്ദേശം നൽകി. ചിറ്റൂരിൽ എഐയുറ്റിയുസിയും സിഐറ്റിയുവും സംയുക്തമായി നടത്തിയ റാലിയിൽ എഐയുറ്റിയുസി ജില്ലാ വൈസ് പ്രസിഡണ്ട് സ. കെ.രാമനാഥൻ പ്രസംഗിച്ചു.

Share this