മൂലമ്പിള്ളി പുനരധിവാസപാക്കേജ് ഉടന്‍ നടപ്പിലാക്കുക

കൊച്ചി, 2016 ഫെബ്രുവരി 6,

വികസനം പാവങ്ങളോടുള്ള അക്രമമാകരുതെന്നും ബലംപ്രയോഗിച്ചുള്ള മൂലമ്പിള്ളി കുടിയൊഴിപ്പിക്കലും നീണ്ട 8 വര്‍ഷത്തെ കഷ്ടാനുഭവവും വികസനപ്രവര്‍ത്തനങ്ങളോടു ജനങ്ങള്‍ മുഖംതിരിക്കുന്നതിന് കാരണമായേക്കാമെന്നും ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിന്റെ 8-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഹൈക്കോടതി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മേനകയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു .
ഐതിഹാസികമായ ജനകീയ സമരത്തിലൂടെ കേരള ജനതയുടെ തന്നെ മനഃസാക്ഷിയുടെ അംഗീകാരമായി ലഭിച്ച പുനരധിവാസപാക്കേജ് നടപ്പാക്കാന്‍ മാറി മാറി വന്ന സര്‍ക്കാരുകളുടെ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നത് ഞെട്ടലോടെ മാത്രമേ കേള്‍ക്കാനാകുന്നുള്ളൂ. സാമൂഹ്യതാല്‍പ്പര്യത്തിനുവേണ്ടി സ്വന്തം കിടപ്പാടവും ജീവിതവും വിട്ടുകൊടുത്ത ജനങ്ങളുടെ നിലനില്‍പ്പ് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. നിയമവാഴ്ച നിലനില്‍ക്കുന്ന, ജനാധിപത്യത്തിന്റെ പേരില്‍ അഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍ ചുവപ്പുനാടയുടെയോ, കെടുകാര്യസ്ഥതയുടെയോ പേരില്‍ അത് വൈകിക്കുന്നതിന് ഇനിയും യാതൊരു നീതീകരണവുമില്ല- ജസ്റ്റിസ് ഷംസുദ്ദീന്‍ തുടര്‍ന്ന് പറഞ്ഞു.

പ്രൊഫ. കെ.അരവിന്ദാക്ഷന്‍  മുഖ്യപ്രഭാഷണം നടത്തി. പദ്ധതിയില്‍ തൊഴിലും തുച്ഛമായ നഷ്ടപരിഹാരത്തില്‍ നിന്ന് പിടിച്ചുവച്ച 12 ശതമാനം നികുതി തിരിച്ചുകൊടുക്കാമെന്ന ഉറപ്പും അടങ്ങുന്ന പുനരധിവാസപാക്കേജിലെ എല്ലാ വ്യവസ്ഥകളും പാലിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണെന്ന് അദ്ദേഹം പറഞ്ഞു.

കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.രജികുമാര്‍, പി.ജെ.സെബാസ്റ്റ്യന്‍, പി.എം.ദിനേശന്‍, വി.പി.വില്‍സണ്‍, ഇടപ്പള്ളി സാബു, മൈക്കിള്‍ കോതാട്, ജസ്റ്റിന്‍ വടുതല, സ്റ്റാന്‍ലി മുളവുകാട്, വി.കെ.അബ്ദുള്‍ ഖാദര്‍, ഏലൂര്‍ ഗോപിനാഥ്, കുരുവിള മാത്യൂസ്, എം.എന്‍.ഗിരി, പി. ഉണ്ണികൃഷ്ണന്‍, ജോണി ജോസഫ്, ജോണ്‍സണ്‍ മൂലമ്പിള്ളി, ആഗ്നസ് ആന്റണി, മേരി ഫ്രാന്‍സിസ്, ചിന്നമ്മ ജോസഫ്, ജോര്‍ജ്ജ് അമ്പാട്ട്, ജമാല്‍ മഞ്ഞുമ്മല്‍ എന്നിവരും പ്രസംഗിച്ചു.

Share this