റിലയൻസ് ആസ്ഥാനത്തേക്ക് വിദ്യാഭ്യാസ വായ്പയെടുത്തവർ പ്രതിഷേധമാർച്ച് നടത്തി

വിദ്യാഭ്യാസ വായ്പ പിടിച്ചെടുക്കാൻ റിലയൻസ് നടത്തുന്ന ഹീനശ്രമങ്ങൾക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇൻഡ്യൻ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റിലയൻസ് ആസ്ഥാനത്തേക്ക്  പ്രതിഷേധ മാർച്ച് നടത്തി.

ഇടപ്പള്ളിയിലെ റിലയൻസിന്റെ ആസ്ഥാനത്ത് നടന്ന പ്രതിഷേധ മാർച്ച് പ്രൊഫ.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. വമ്പൻ വ്യവസായികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ആഘോഷങ്ങൾ നടത്തുന്ന പ്രവണതയാണ് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നഴ്‌സുമാരും ഇതര വിദ്യാഭ്യാസ ആവശ്യകതയ്ക്കായി വായ്പയെടുത്തവരും കടക്കെണിയിൽപെട്ടുഴലുമ്പോഴാണ് എസ്.ബി.റ്റി യുടെ ഇത്തരത്തിലുള്ള നടപടികൾ വരുന്നത്. വിദ്യാഭ്യാസ വായ്പ പിടിച്ചെടുക്കാൻ വരുന്ന റിലയൻസിന്റെ ആളുകൾക്കെതിരെ ശക്തമായ ജനരോഷം ഉണരുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ബി.റ്റി യിൽ നിന്നും എടുത്ത വായ്പയ്ക്ക് അന്യായമായി എഴുതിച്ചേർത്ത കളളക്കണക്ക് നിരത്തിയാണ് അത് പിടിച്ചെടുക്കാൻ റിലയൻസിന് കൈമാറിയത്. വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാർത്ഥികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ റിലയൻസുമായി യാതൊരു ഇടപാടുമില്ല. അങ്ങനെയിരിക്കെ അത് പിടിച്ചെടുക്കാൻ റിലയൻസിന്റെ ഗൂണ്ടകൾ നടത്തുന്ന ശ്രമത്തെ എന്തുവിലകൊടുത്തും തടയാൻ ഐ.എൻ.പി.എ യോടൊപ്പം പൊതുസമൂഹം നിലകൊളളുമെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ഐ.എൻ.പി.എ. സംസ്ഥാന ഉപദേശക മിനി.കെ.ഫിലിപ്പ്
പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എസ്.മിനി, നന്ദനൻ വലിയപറമ്പിൽ, കെ.ജെ.ജോസഫ്, എസ്.രാഘവൻ, എൻ.വിനോദ്കുമാർ, കെ.ജി.രവീന്ദ്രൻപിള്ള, സി.എം.ജോയ്, പി.ശശിധരൻ, ഡി.ഹരികൃഷ്ണൻ, ഇ.വി.പ്രകാശ്, പി.കെ.ഭഗത്, സി.കെ.ശിവദാസൻ, കെ.ജെ.ഷീല എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ആർ മോഹൻകുമാർ സ്വാഗതവും എറണാകുളം ജില്ലാ സെക്രട്ടറി മേരി തോമസ് നന്ദിയും പറഞ്ഞു.

Share this