സുൽത്താൻ ബത്തേരി ലൂഥറൻ ചർച്ച് ഹാളിൽ മേയ് 26ന് നടന്ന വയനാട് ജില്ലാ കർഷക കൺവൻഷൻ കർഷക പ്രതിരോധ സമിതി സംസ്ഥാന പ്രസിഡണ്ട് ജോർജ്ജ് മാത്യു കൊടുമൺ ഉദ്ഘാടനം ചെയ്തു. ജപ്തി ഭീഷണി, ഉൽപ്പന്നങ്ങൾക്ക് ന്യായ വില ലഭിക്കാത്തത്, സബ്സിഡികൾ പിൻവലിച്ചത്, കോർപ്പറേറ്റ് കടന്നുകയറ്റം തടങ്ങിയ പ്രശ്നങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന കർഷകരുടെമേൽ നിത്യേനയുള്ള വന്യമൃഗ ആക്രമണം കൂടിയായപ്പോൾ അവരൊരു പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണ്. കർഷക സ്ത്രീകൾ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ഇതിന്റെ സൂചനയാണ്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും ഉല്പാദനച്ചെലവിന്റെ ഇരട്ടിതുക മിനിമം താങ്ങുവിലയായി നിശ്ചയിച്ച് കാർഷികോല്പന്നങ്ങൾ സർക്കാർ സംഭരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിൽ ശക്തിപ്രാപിച്ചിരിക്കുന്ന കർഷകസമരത്തെ ഇനിയും സർക്കാറിന് അവഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി വി.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശകൻ ജയ്സൺ ജോസഫ് മുഖ്യപ്രസംഗം നടത്തി. ഡോ. വി.സത്യാനന്ദൻ നായർ, എൻ.വിനോദ്കുമാർ, പി.സി.ജോസഫ് ഉണ്ണിപ്പള്ളി, ടോമി വടക്കുംചേരി, എ.സി.തോമസ്, ദേവസ്യ പുറ്റനാൽ, നാരായണൻ പുതിയോണി എന്നിവർ പ്രസംഗിച്ചു. പുഷ്പ അഗസ്റ്റിൻ മുഖ്യപ്രമേയം അവതരിപ്പിച്ചു. പി.കെ.ഭഗത് സ്വാഗതം പറഞ്ഞു. കൺവൻഷനുശേഷം, ഡിഎഫ്ഒ ഓഫീസിനു മുമ്പിലെ വനിതകളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രകടനം നടത്തി.
വയനാട് ജില്ലാ കർഷക കൺവൻഷൻ
