വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ മതേതര-ജനാധിപത്യ സാംസ്‌കാരിക സംഗമം

സുല്‍ത്താന്‍ ബത്തേരി

വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും മതാന്ധതയ്ക്കുമെതിരെ ജനകീയ പ്രതിരോധ സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതേതര-ജനാധിപത്യ-സാംസ്‌കാരിക സംഗമം നടന്നു. സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടന്ന സാസ്‌കാരിക കൂട്ടായ്മയ്ക്ക് ജനകീയ പ്രതിരോധ സമിതി ജില്ല പ്രസിഡണ്ട് അഡ്വ. കെ.അബ്ദുറഹ്മാന്‍ അദ്ധക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരനും മാധ്യമ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഒ.കെ.ജോണി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അനേകം സാംസ്‌കാരികവ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായ കൂട്ടായ്മ, എതിരഭിപ്രായത്തിന്റെ പേരില്‍ ഭരണകൂട ഒത്താശയോടെ നടമാടുന്ന ക്രൂരമായ വ്യക്തിവധങ്ങളിലും കിരാതമായ വിദ്വേഷചേഷ്ടകളിലും ശക്തമായ പ്രതിഷേധമുയര്‍ത്തി. മാനവികതാമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ മതേതര-ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ചു നിന്ന് പ്രതിരോധിക്കേണ്ടുന്ന അതിക്രമിച്ച കാലമാണിതെന്ന് പ്രഭാഷകരെല്ലാം ഊന്നിപ്പറഞ്ഞു.

മനുഷ്യത്വത്തെയും സ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുന്ന കിരാതനടപടികളാണ് ഇന്നു മതത്തിന്റെ പേരില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഒ.കെ.ജോണി ചൂണ്ടിക്കാട്ടി. അക്രമാസക്തരൂപം പൂണ്ട മതാന്ധതയെയും അന്ധവിശ്വാസങ്ങളേയും ഭരണകൂടം തന്നെ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇതു ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ സമുന്നത വ്യക്തിത്വങ്ങളെവരെ ക്രൂരമായി വധിക്കുന്ന സ്ഥിതിയിലേക്ക് മതാന്ധതയും അസഹിഷ്ണുതയും മാറിയിരിക്കുന്നു. ഇതിലൂടെ ഇന്ത്യ ലോകത്തിനുമുമ്പില്‍ പരിഹാസ്യമായിരിക്കുകയാണ്. മതത്തോടുള്ള ഉന്മാദതുല്യമായ അഭിനിവേശം നാം ഇതുവരെ നേടിയെടുത്ത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, മാനുഷിക, ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുകയാണ്. ഇതിനെതിരെ കരുതലോടെയുള്ള ഏതു ചെറിയ കൂട്ടായ്മകളും മുന്നേറ്റങ്ങളും സമൂഹത്തിന്റെ സ്വാഭാവികകെട്ടുറപ്പിന് ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മതവിശ്വാസികള്‍ തങ്ങളുടേതായ ഭക്ഷണരീതിയും ജീവിതചര്യകളും പരസ്പര ബഹുമാനത്തോടെ അനുഷ്ടിച്ചുപോന്ന നമ്മുടെ രാജ്യത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഞെട്ടലുണ്ടാക്കുന്ന കാര്യങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിനും നിരക്കുന്നതല്ലെന്ന് അഡ്വ. കെ.അബ്ദുറഹ്മാന്‍ അദ്ധ്യക്ഷ്യപ്രസംഗത്തില്‍ പറഞ്ഞു.

ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രാണവായുവാണ് വിയോജിപ്പ് പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്രമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബാനര്‍ സാംസ്‌കാരിക സമിതി സംസ്ഥാന കണ്‍വീനര്‍ ജി.എസ്.പത്മകുമാര്‍ ചൂണ്ടിക്കാട്ടി. ചിന്താസ്വാതന്ത്രത്തിനുനേരെ മുന്‍കാലങ്ങളിലും വെല്ലുവിളി ഉണ്ടായിട്ടുണ്ടെങ്കിലും, മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഭരണകൂടം നേരിട്ട് ഈ ദിശയില്‍ ചിട്ടയോടെ നടത്തുന്ന കാര്യങ്ങള്‍ ചരിത്രത്തിലെ ഫാസിസ്റ്റു നടപടികളെ ഓര്‍മ്മിപ്പിക്കുന്നതാണ്. മാനവികതാ മൂല്യങ്ങളും യുക്തിചിന്തയും പ്രചരിപ്പിച്ചുവെന്ന കാരണത്താല്‍ മൂന്ന് വയോധികരായ സമുന്നത വ്യക്തിത്വങ്ങളെ ക്രൂരമായി വധിച്ചതും, ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് മറ്റൊരു വൃദ്ധനെ ആക്രമിച്ചു കൊന്നതും, അസഹിഷ്ണുതകൊണ്ട് ഉറഞ്ഞുതുള്ളി നടത്തിയ മറ്റനേകം സമാനസംഭവങ്ങളും ഒരു ജനാധിപത്യസമൂഹത്തിന് നിരക്കുന്നതല്ല. മോദിസര്‍ക്കാര്‍ മഹാമൗനം കൊണ്ട് ഈ നീചപ്രവര്‍ത്തികളെ പ്രോല്‍സാഹിപ്പിക്കുന്നു എന്നതാണ് കൊടിയ അപകടമെന്നും അദ്ദേഹം വിശദീകരിച്ചു.

ഡോ. വി.സത്യാനന്ദന്‍ നായര്‍, പി.കെ.സത്താര്‍, സി.കസ്തൂരിഭായി, ടി.വി.വിനീഷ്, ഹാരിസ് നെന്മേനി, വി.ജെ.ഷാജി, പി.കെ.മുഹമ്മദ്, എം.വിജയലക്ഷ്മി, ടോമി വടക്കുംചേരി, ബിനി തോമസ്, മുജീബ്‌റഹ്മാന്‍, പി.കെ.ഭഗത്, സി.എന്‍.മുകുന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.കെ.സദാനന്ദന്‍ സ്വാഗതവും ദേവസ്യ പുറ്റനാല്‍ നന്ദിയും പറഞ്ഞു.

Share this