സോവിയറ്റ് യൂണിയന്റെ ചരിത്രം സ്ത്രീകൾക്ക് ആത്മവിശ്വാസവും ആവേശവും പകരും: സഖാവ് കേയ ഡേ.

2017 ഡിസംബർ 23ന് ചങ്ങനാശ്ശേരി മുനിസിപ്പൽ മിനി ആഡിറ്റോറിയത്തിൽ നടന്ന അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടനയുെട സംസ്ഥാന പ്രവർത്തകയോഗം അഖിലേന്ത്യ ജനറൽ സെക്രട്ടറി സഖാവ് കേയ ഡേ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ അവകാശങ്ങളും സാമൂഹ്യ സുരക്ഷിതത്വവും നേടിയെടുക്കാൻ സ്ത്രീകൾ ഒന്നടങ്കം മുന്നോട്ടുവരികയും ശക്തമായ പ്രക്ഷോഭം കെട്ടിപ്പടുക്കുകയും ചെയ്യേണ്ട അടിയന്തര സാഹചര്യമാണിന്നുള്ളത് എന്ന് സഖാവ് കേയ ഡേ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലിരുന്നുകൊണ്ട് ബിജെപിസ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളാണ് സ്വീകരിച്ചുപോരുന്നത്. ഹിറ്റ്‌ലറുടെ കാലത്തെ അനുസ്മരിപ്പിക്കുംവിധം സ്ത്രീകളോട് അടുക്കളയിലേയ്ക്ക് തിരികെപോകാൻ അവർ ആഹ്വാനം ചെയ്യുന്നു. സ്ത്രീകൾ പുറത്തിറങ്ങുന്നതും വിദ്യാഭ്യാസം ചെയ്യുന്നതും ജോലിചെയ്യുന്നതുംവരെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് ഇവർക്കുള്ളത്.
പത്മാവതി സിനിമയുടെ പേരിൽ കലാപം സൃഷ്ടിക്കുകയും പത്മാവതിക്ക് അമ്പലം പണിയുകയും ചെയ്യുന്നവർ മദ്ധ്യപ്രദേശിലടക്കം ഇന്ത്യയെമ്പാടും സ്ത്രീകളുടെ യഥാർത്ഥ ജീവിതാവസ്ഥ പരിഗണനാ വിഷയമാക്കുന്നില്ല.

സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുക മാത്രമല്ല, സ്ത്രീകളുടെ യഥാർത്ഥ കഴിവും ശേഷിയും ക്രിയാത്മകമായും ഫലപ്രദമായും സാമൂഹ്യപുരോഗതിക്ക് പ്രയോജനപ്പെടുത്തുകയും ചെയ്ത സോവിയറ്റ് യൂണിയന്റെ ചരിത്രത്തിൽനിന്നും നാം പാഠങ്ങൾ ഉൾക്കൊള്ളണം. സോവിയറ്റ് യൂണിയന്റെ ചരിത്രം സ്ത്രീകൾക്ക് ആവേശവും ആത്മവിശ്വാസവും പകരുമെന്നും സഖാവ് കേയാ ഡേ അഭിപ്രായപ്പെട്ടു. സങ്കുചിത ജാതി, മത, വിഭാഗീയ ചിന്താഗതികളെയും കക്ഷി രാഷ്ട്രീയ നിലപാടുകളെയും മറികടന്ന് സ്ത്രീകളുടെ കൂട്ടായ്മ വളർത്തിയെടുക്കണമെന്നും സഖാവ് കേയാ ഡേ ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മിനി കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈല കെ.ജോൺ, വൈസ് പ്രസിഡന്റ് സൗഭാഗ്യലക്ഷ്മി, എസ്. രാധാമണി, കെ.ജെ. ഷീല, അഡ്വ.എം.എ.ബിന്ദു, കെ.കെ.ശോഭ തുടങ്ങിയവർ പ്രസംഗിച്ചു.

Share this