സർവകലാശാലകളെ കമ്പോളത്തിനടിയറവെക്കുന്നതിനെ ചെറുക്കണം- ഡോ.രാജൻ ഗുരുക്കൾ

തൃശ്ശൂർ, മാർച്ച് 7

മാർക്കറ്റ് ചെയ്യുവാനുള്ള അറിവ് ഉത്പാദന കേന്ദ്രങ്ങളായി നമ്മുടെ സർവകലാശാലകൾ അധഃപതിക്കുന്നുവെന്ന് ഡോ.രാജൻ ഗുരുക്കൾ അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ സേവ് എജ്യൂക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ സാഹിത്യ അക്കാദമി – ചങ്ങമ്പുഴ ഹാളിൽ ചേർന്ന വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വിദ്യാഭ്യാസത്തിന്റെ വിമോചന സാധ്യതകളെ അവഗണിച്ചുകൊണ്ട് വിമർശാവബോധമില്ലാത്ത അനുസരണാശീലമുള്ള റോബോട്ടുകളെയാണ് സർവകലാശാലകൾ സൃഷ്ടിക്കുന്നത്. ആഴത്തിലുള്ള അറിവ് എവിടെയൊക്കെ പ്രസാദനം ചെയ്യുന്നുവോ അവിടെയൊക്കെ അതിനെ നിർവീര്യമാക്കുന്ന മേഖലയായും യൂണിവേഴ്‌സിറ്റികൾ മാറുന്നു. യഥാർത്ഥത്തിൽ ആഴത്തിലുള്ള അറിവ് തിരിച്ചറിവായി മാറുന്നതിന്റെ പ്രായോഗിക രൂപമാണ് രാഷ്ട്രീയമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. കോർപ്പറേറ്റുകളുടെ ചട്ടുകങ്ങളായി നമ്മുടെ ഭരണാധികാരികൾ മാറിക്കഴിഞ്ഞു. കോർപ്പറേറ്റുകളുടെ രാജ്യസ്‌നേഹം മാത്രമെ ഇന്നത്തെ ഭരണാധികാരികൾക്ക് പ്രദർശിപ്പിക്കുവാൻ കഴിയുകയുള്ളൂവെന്നും ഡോ.രാജൻ ഗുരുക്കൾ തുടർന്നു പറഞ്ഞു.

DSC_2775

ലോക ബാങ്ക് അജണ്ടയായ ഡി.പി.ഇ.പി പരിഷ്‌കാരം വരുന്ന കാലം മുതൽ സജീവമായി പ്രവർത്തിച്ചുവരുന്ന പ്രസ്ഥാനമാണ് സേവ് എജ്യൂക്കേഷൻ കമ്മിറ്റി. ഡി.പി.ഇ.പി, എസ്എസ്എ, ആർഎംഎസ്എ, ആർയുഎസ്എ പദ്ധതികളിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് ഈ പരിഷ്‌കാരങ്ങൾ എത്തുമ്പോൾ നിരക്ഷരരായ ഒരു തലമുറയെയാണ് സൃഷ്ടിച്ചിരിക്കുന്നത്. +2 വരെയുള്ള വിദ്യാർത്ഥികളെ അക്ഷരം പഠിപ്പിക്കുവാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതിലൂടെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ അപകടം പ്രത്യക്ഷ്യത്തിൽ ബോധ്യപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസത്തെയും മാനവികതയെയും രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സേവ് എജ്യൂക്കേഷൻ കമ്മിറ്റി സജീവമായി രംഗത്തുവന്നിരിക്കുന്നത്.

റിട്ട. ട്രയിനിംഗ് കോളേജ് പ്രിൻസിപ്പലും സേവ് എജ്യൂക്കേഷൻ കമ്മിറ്റി ജില്ലാ പ്രസിഡന്റുമായ പ്രൊഫ.കെ.ബി ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ വിഷയാവതരണം നടത്തിക്കൊണ്ട് സംസാരിച്ചു. ഡോ. വി.വേണുഗോപാൽ, അഡ്വ.ബി.കെ.രാജഗോപാൽ, ജി.നാരായണൻ, ഡോ.പി.എസ് ബാബു, അഡ്വ. ഇ.എൻ ശാന്തിരാജ് ആർട്ടിസ്റ്റ് ഗിരീശൻ എന്നിവർ പ്രസംഗിച്ചു. എം. പ്രദീപൻ സ്വാഗതവും, ആർ.സുനന്ദ കൃതജ്ഞയും രേഖപ്പെടുത്തി.

പ്രൊഫ. കെ.ബി ഉണ്ണിത്താൻ പ്രസിഡന്റും എം. പ്രദീപൻ സെക്രട്ടറിയുമായുള്ള നാൽപത്തിമൂന്നംഗ ജില്ലാ സേവ് എജ്യൂക്കേഷൻ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Share this