ഹനാന്‍:  സര്‍ക്കാരിന്റെ ജനദ്രോഹനയത്തിന്റെ ഇര

Spread our news by sharing in social media
മദ്യവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കുന്ന ജനദ്രോഹനയത്തിന്റെ ഇരയാണ് ഹനാനെ പോലുള്ള കുട്ടികള്‍ എന്ന് ആള്‍ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷ(എഐഡിവൈഒ)നും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും (എഐഎംഎസ്എസ്) സംയുക്തപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മദ്യദുരന്തത്തില്‍പെട്ട തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ കുട്ടി നടത്തുന്ന കഠിനതരമായ ജീവിതസമരത്തെ ആദരവോടെ കാണുന്നു. പഠിക്കാനും ജീവിതപടവുകള്‍ താണ്ടിമുന്നേറാനും എല്ലാവിധ പിന്തുണയും ഹനാന് ഉറപ്പു നല്‍കാന്‍ പൊതുസമൂഹം ബാധ്യസ്ഥമാണെന്നും അനാവശ്യവിവാദങ്ങളുയര്‍ത്തി യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സങ്കുചിതശ്രമങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയാനും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.
മദ്യം സര്‍ക്കാരിന്റെ സാമ്പത്തിക നിലനില്‍പ്പിന് അത്യാവശ്യഘടകമാണെന്ന വാദമുയര്‍ത്തി മുട്ടിനുമുട്ടിന് സംസ്ഥാനമെമ്പാടും തുറന്നുവച്ചിരിക്കുന്ന മദ്യശാലകള്‍ ഹനാനെപ്പോലുള്ള അനേകായിരങ്ങളുടെ ജീവിതത്തെയാണ് ഇന്ന് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മദ്യപാനം മൂലം  മനുഷ്യത്വവും യുക്തിചിന്തയും നഷ്ടപ്പെടുത്തുന്നവര്‍ തന്റെ കുടുംബത്തിന്റെ അതിജീവിക്കാനുള്ള പരിമിതമായ അവസരങ്ങള്‍പോലും തട്ടികളയുകയാണ് ചെയ്യുക. ഇതിന്റെ ഫലമായി വൈകാരികമായും മാനസികവുമായി അകല്‍ച്ചയിലാകുന്ന രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ വളര്‍ച്ചയ്ക്കുള്ള സാഹചര്യങ്ങള്‍ കെടുത്തികളയുന്നു. എന്നിട്ടും ഹനാനെപ്പോലുള്ള അതിജീവനത്തിനായുള്ള പോരാട്ടത്തിലേര്‍പ്പെടുന്ന ചുരുക്കം കുഞ്ഞുങ്ങളൊഴികെ ബഹുഭൂരിപക്ഷവും വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴില്‍-ജീവിതസാഹചര്യങ്ങളും നേടിയെടുക്കാനാവാതെ സമൂഹ്യവിരുദ്ധചുറ്റുപാടുകളിലേയ്ക്ക് തള്ളിവിടപ്പെടുകയും ചെയ്യുന്നു. സാമൂഹ്യ നിര്‍മ്മിതിയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കേണ്ട ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങളെ ക്രിമിനലുകളാക്കിമാറ്റുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം നിരോധിക്കേണ്ട സര്‍ക്കാരുകള്‍ എന്നിട്ടും മദ്യ-മയക്കുമരുന്നു മാഫിയകളുടെ ഏജന്റുമാരായി നിലയുറപ്പിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വസ്തുത ജനങ്ങള്‍ തിരിച്ചറിയണം. മദ്യ നികുതിവരുമാനം വര്‍ദ്ധിപ്പിക്കാന്‍ മുറവിളികൂട്ടുകയാണ് സര്‍ക്കാര്‍. അതിന്റെ എത്രയോ വലിയ തുകയാണ് ലഹരിക്കടിമയായവര്‍ ചെയ്തുകൂട്ടുതന്ന അക്രമങ്ങളും അപകടങ്ങളും കൈകാര്യം ചെയ്യാന്‍ ഖജനാവില്‍ നിന്ന് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന വസ്തുത മറച്ചുവയ്ക്കുകയാണവര്‍.
ഇത്തരം ദാരുണമായ സാമൂഹിക സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയത്ത് മുസ്ലിം സ്ത്രീകളുടെ വേഷവിധാനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളിലേയ്ക്ക് ചര്‍ച്ചയെ വഴിതിരിച്ചുവിടാനുള്ള ചില സങ്കുചിതകേന്ദ്രങ്ങളുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്നും പ്രസ്താവനയില്‍ തുടര്‍ന്ന് ചൂണ്ടിക്കാട്ടി.

Share this