എഐഡിഎസ്ഒ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച്

dso-sec-bb.jpg
Share

സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ നേരിടുന്ന മനുഷ്യാവകാശപ്രശ്‌നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊ ണ്ട് എഐഡിഎസ്ഒ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.

മാർച്ച് എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് സഖാവ് ബിനുബേബി ഉദ്ഘാടനം ചെയ്തു. ഇനിയും ജിഷ്ണുമാർ ആവർത്തിക്കുവാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നുള്ളതാണ് സ്വാശ്രയസ്ഥാപനങ്ങളിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് സർക്കാരുകൾ നടപ്പിലാക്കിയ സ്വാശ്രയവിദ്യാഭ്യാസ നയങ്ങളാണ്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈടാക്കിക്കൊണ്ടിരിക്കുന്ന ഫീസ്ഘടന, ഫൈൻ, അച്ചടക്ക നടപടികൾ, ഹോസ്റ്റൽ നടപടിക്രമങ്ങൾ, അധ്യാപക നിയമനം, പരീക്ഷാ നടത്തിപ്പ്, ഇന്റേണൽ അസസ്‌മെന്റ്, എക്‌സാം അരിയർ-ഡീബാർ റിക്കോർഡ്‌സ് , വിദ്യാർത്ഥികളുടെ ജനാധിപത്യാവകാശങ്ങളുടെയും സംഘടനാസ്വാതന്ത്ര്യത്തിന്റെയും സാഹചര്യം , ഗ്രീവൻസ് സെൽ-വിമൻസ് സെൽ തുടങ്ങിയവയുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. സ്വാശ്രയ കോളെജുകളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ അന്വേഷണം നടത്തി അടിയന്തരമായി നടപടിയെടുക്കുകയും അനാരോഗ്യകരമായ പ്രവണതകൾ ആവർത്തിക്കാതിരിക്കുവാനുള്ള സ്ഥിരം സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണം. ഈ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ എത്രയും വേഗം വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തുകൊണ്ട് ഫലപ്രദമായ നടപടികൾ ആരായുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണം -ബിനുബേബി ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ്മാരായ എ.ഷൈജു, എസ്.അലീന, സെക്രട്ടേറിയറ്റംഗം എം.കെ.ഷഹസാദ് എന്നിവർ പ്രസംഗിച്ചു. പാളയത്ത് നിന്നുമാരംഭിച്ച മാർച്ചിന് ജെ.മാനവ്, ജി.എസ്.ശാലിനി, ആർ.രാഹുൽ, ആർ.ജതിൻ, ഗോവിന്ദ് ശശി എന്നിവർ നേതൃത്വം നൽകി. സെക്രട്ടേറിയേറ്റിന് മുൻപിൽ സ്വാശ്രയവിദ്യാഭ്യാസ ഭീകരതയുടെ പ്രതീകമായി കഴുകന്റെ കോലം കത്തിച്ചു.

 

Share this post

scroll to top