എഞ്ചിനിയറിംഗ് വിദ്യാർത്ഥികളുടെ കാലിക്കട്ട് സർവകലാശാലാ മാർച്ച്

KTU-CLT.jpg
Share

ഫലപ്രഖ്യാപനത്തിലെയും മൂല്യനിർണ്ണയത്തിലെയും അനാസ്ഥകൾക്കെതിരെ കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലുള്ള എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ നവംബർ 27ന് സർവകലാശാലയിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. കാലിക്കട്ട് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള എഞ്ചിനിയറിംഗ് കോളെജുകളിൽ 2009 സ്‌കീമിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഏഴാം സെമസ്റ്റർ ഫലപ്രഖ്യാപനമാണ് ഒരു വർഷത്തിലേറെയായി വൈകുന്നത്. ഇതുമൂലം പതിനായിരത്തോളം വിദ്യാർത്ഥികളുടെ തുടർപഠനവും തൊഴിലും പ്രതിസന്ധിയിലാണ്. ഫലപ്രഖ്യാപനം വൈകുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് നവംബർ 7ന് വിദ്യാർത്ഥികൾ വിദ്യാഭ്യാസമന്ത്രി, വൈസ്-ചാൻസലർ, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് എന്നിവർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് നവംബർ 20നകം ഫലപ്രഖ്യാപനമുണ്ടാകുമെന്നറിയിച്ചു. അപ്രകാരം മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ ഫലം പ്രഖ്യാപിച്ചെങ്കിലും പരീക്ഷയെഴുതിയ പലരും ആബ്‌സെന്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, വളരെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നവർ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. മൂല്യനിർണ്ണയം നടന്നിട്ടുണ്ടോയെന്ന്‌പോലും സംശയിക്കത്തക്ക വിധത്തിലാണ് ഫലപ്രഖ്യാപനമുണ്ടായിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവി പന്താടുന്ന വിധത്തിലുള്ള സർവകലാശാലയുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെയുള്ള സമരപരിപാടികളുടെ ഭാഗമായിരുന്നു മാർച്ച്.
എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി സഖാവ് പി.കെ.പ്രഭാഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. എഞ്ചിനിയറിംഗ് വിദ്യാഭ്യാസരംഗമാകമാനം കച്ചവടമായി മാറിയതിന്റെ പ്രതിഫലനമാണ് ഇന്ന് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ. കേരള സാങ്കേതിക സർവകലാശാലയും സമാനമായ വിധത്തിൽ കുത്തഴിഞ്ഞാണ് പോകുന്നത്. കെടിയു വിദ്യാർത്ഥികളും സമാനമായ ഡിമാന്റുകൾ ഉന്നയിച്ച് സമരരംഗത്താണ്. മെറിറ്റിന്റെ അടിസ്ഥാനത്തിൽ എഞ്ചിനിയറിംഗ് വിദ്യാഭ്യാസം പുനസംഘടിപ്പിക്കണം, സർവകലാശാലകൾ വിദ്യാഭ്യാസപ്രക്രിയയോട് ഉത്തരവാദിത്വം പുലർത്തുകയും വേണം- മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

എഐഡിഎസ്ഒ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.റഹീം, സേവ് എജ്യുക്കേഷൻ കമ്മിറ്റി നേതാവ് പി.എം.ശ്രീകുമാർ, വിദ്യാർത്ഥി പ്രതിനിധികളായ അഭിജിത്ത്, മാണി തുടങ്ങിയവർ പ്രസംഗിച്ചു. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ രക്ഷിതാക്കളെയും അധ്യാപകരെയും അണിനിരത്തി, അനിശ്ചിതകാലസമരമുൾപ്പടെയുള്ള ഭാവിപരിപാടികളിലേക്ക് നീങ്ങുമെന്ന് വിദ്യാർത്ഥിസമരസമിതി അറിയിച്ചു.

Share this post

scroll to top