കരാർ ലംഘനത്തിനെതിരെ ചെമ്മീൻ പീലിംഗ് തൊഴിലാളികളുടെ സംയുക്തസമര പ്രഖ്യാപന കൺവൻഷൻ

Alappuzha-Chemmeen-1.jpg
Share

അമ്പലപ്പുഴ,ഒക്‌ടോബർ29- അംഗീകരിച്ച കരാർ വ്യവസ്ഥ അട്ടിമറിക്കുന്നതിനെതിരെ ചെമ്മീൻ പീലിംഗ്‌ത്തൊഴിലാളികൾ സമരരംഗത്ത്. 600 കൗണ്ടിൽതാഴെ ഒരു കിലോചെമ്മീൻ പൊളിക്കുന്നതിന് 15രൂപ 50പൈസ, ചെമ്മീൻ പൊളിച്ച് ഡീവെയ്ൻ ചെയ്യുന്നതിന് 17രൂപ, 600കൗണ്ടിനു മുകളിലുള്ള ചെറിയ ചെമ്മീൻ 750ഗ്രാം പൊളിക്കുന്നതിന് 15രൂപ 50പൈസ കൂലി എന്നിങ്ങനെ തൂക്കം അടിസ്ഥാനത്തിൽ കൂലി നിശ്ചയിച്ച് ട്രേഡ് യൂണിയൻ പ്രതിനിധികളും ചെമ്മീൻ പീലിംഗ് ഷെഡ് ഉടമകളുടെ സംഘടനാ നേതാക്കളും തമ്മിലുണ്ടാക്കിയ കരാർ ഉടമകൾ ലംഘിക്കുന്നതിനെതിരെ ചെമ്മീൻ പീലിംഗ് തൊഴിലാളികളികളുടെ സംയുക്ത സമരപ്രഖ്യാപന കൺവൻഷൻ ഒക്‌ടോബർ 29ന് അമ്പലപ്പുഴ ടൗൺഹാളിൽ നടന്നു.

ആലപ്പുഴ ജില്ലാ മത്സ്യ സംസ്‌കരണ-വിപണന തൊഴിലാളി യൂണിയൻ-സിഐടിയു, കേരളാ മത്സ്യ സംസ്‌കരണ തൊഴിലാളി യൂണിയൻ- കെഎംഎസ്ടിയു-എഐയുടിയുസി, എന്നീ ട്രേഡ് യൂണിയൻ പ്രതിനിധികളും ആലപ്പുഴ ജില്ലാ പ്രോൺസ് പീലിംഗ് ഫെഡറേഷൻ ഉടമകളും തമ്മിൽ ആലപ്പുഴ ജില്ലാ ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ 2017 സെപ്റ്റംബർ 18ന് ഒപ്പുവെച്ച കരാർ ഉടമകൾ അട്ടിമറിച്ചു. രണ്ട്കിലോയിലധികം ചെമ്മീൻ അളന്നു നൽകി 22 രൂപ കൂലി നൽകി തൊഴിലാളികളെ കബളിപ്പിക്കുന്നു.ഒൻപത് രൂപയിലധികം കൂലിയാണ് ഈ അളവിലൂടെ തൊഴിലാളിക്ക് നഷ്ടമാകുന്നത്.സർക്കാർ മിനിമം കൂലി നിശ്ചയിച്ചിരിക്കുന്നത് കിലോ അടിസ്ഥാനത്തിലാണ്.

2015ൽ ആലപ്പുഴ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലും കിലോ അടിസ്ഥാനത്തിലാണ് കൂലി നിശ്ചയിച്ചിരുന്നത്. കരാർ പ്രകാരം ചെമ്മീൻ തൂക്കി നൽകണമെന്ന് ആവശ്യപ്പെടുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും 2015 മുതൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഷെഡുകൾ പൂട്ടിയിട്ട് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കരാർ ലംഘനത്തിനെതിരെ തൊഴിലാളികൾ സംഘടിക്കുകയും സംയുക്ത സമരസമിതി രൂപീകരിക്കുകയും ചെയ്തു. സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരപ്രഖ്യാപന കൺവൻഷൻ നടന്നത്. സംയുക്ത സമരസമിതി ചെയർ പേഴ്‌സണും കെഎംഎസ്ടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സഖാവ് കെ.പി.സുബൈദയുടെ അധ്യക്ഷതയിൽ നടന്ന സമര പ്രഖ്യാപന കൺവൻഷൻ സിപിഐ(എം) ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റംഗം സഖാവ് എച്ച്.സലാം ഉദ്ഘാടനം ചെയ്തു. എഐയുടിയുസി സംസ്ഥാന സെക്രട്ടേറിയേറ്റംഗവും കെഎംഎസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സഖാവ് എസ്.സീതിലാൽ മുഖ്യപ്രഭാഷണം നടത്തി. സമരസമിതി കൺവീനറും മത്സ്യ സംസ്‌കരണ-വിപണന തൊഴിലാളി യൂണിയൻ സിഐടിയു അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുമായ സഖാവ് കെ.കെ ഗോപി സമരപ്രഖ്യാപനം നടത്തി. നവംബർ 15ന് സൂചനാ പണിമുടക്കും തുടർന്ന് ആവശ്യമെങ്കിൽ അനിശ്ചിതകാല പണിമുടക്കും നടത്താൻ കൺവൻഷൻ ഏകകണ്ഠമായി തീരുമാനിച്ചു.

എഐയുടിയുസി ജില്ലാ സെക്രട്ടറി സ.പി.ആർ.സതീശൻ, എ.ഐ.എം.എസ്.എസ് ജില്ലാ സെക്രട്ടറി സ.കെ.ജെ.ഷീല, സിഐടിയു ജില്ലാ നേതാക്കളായ സഖാക്കൾ യു.രാജുമോൻ,സി.രത്‌നകുമാർ, കെഎംഎസ്ടിയു ജില്ലാ പ്രസിഡന്റ് രേവമ്മചന്ദ്രൻ, ജില്ലാ സെക്രട്ടറി ആർ.അർജ്ജുനൻ, തോട്ടപ്പള്ളി യൂണിറ്റ് സെക്രട്ടറി സുമ എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top