കലാലയ രാഷ്ട്രീയത്തിനെതിരായ കോടതിവിധി ജനാധിപത്യവിരുദ്ധം

AIDSO.jpg
Share

വിദ്യാർത്ഥിരാഷ്ട്രീയത്തിനെതിരായ കോടതി വിധി പരമ്പരകളിൽ ഏറ്റവും പുതിയ 2017 ഒക്‌ടോബർ 13, 16 തീയതികളിലെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റ വിധി, ജനാധിപത്യത്തെക്കുറിച്ചും വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ചും പ്രാഥമിക ധാരണയെങ്കിലുമുള്ള ഏതൊരാളെയും അമ്പരപ്പിക്കുന്നതായിരുന്നു. കലാലയങ്ങളിൽ രാഷ്ട്രീയവും പഠനവും ഒന്നിച്ചുവേണ്ടെന്നും വിദ്യാർത്ഥി സംഘടനകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്യുന്നത് അനുവദിക്കാനാവില്ല എന്നുമായിരുന്നു പരാമർശം. സമരം ചെയ്യുന്നവരെ പുറത്താക്കാൻ ഏതുനടപടിയും മാനേജുമെന്റിന് സ്വീകരിക്കാമെന്നും കോളേജുകളല്ല, മറൈൻ ഡ്രൈവ് പോലെയുള്ള സ്ഥലങ്ങളാണ് സമരവേദികളാകേണ്ടതെന്നും കോടതി പറഞ്ഞു. കാമ്പസ് രാഷ്ട്രീയത്തിനെതിരെ പൊന്നാനി എം.ഇ.എസ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഈ വിധി ഉണ്ടായിരിക്കുന്നത്. എം.ഇ.എസ് മാനേജ്‌മെന്റ് പിന്നീട് ഹർജി പിൻവലിച്ചതോടെ ഹൈക്കോടതി ഉത്തരവ് അസാധുവായെങ്കിലും ഭരണകൂടത്തിന്റെ ഇക്കാലത്തെ ഒരു പ്രധാന നയമാണ് വിദ്യാർത്ഥി രാഷ്ട്രീയ നിരോധനം എന്നതുകൊണ്ട് ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്.

കലാലയ രാഷ്ട്രീയം സംബന്ധിച്ച ഈ വിധിയെ തുടർന്ന് സമൂഹത്തിന്റെ€നാനാമേഖലയിൽ നിന്നും നിരവധി പേർ കാമ്പസ് രാഷ്ട്രീയ നിരോധനം ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടുമായി രംഗത്തുവരികയുണ്ടായി. ‘ക്യാമ്പസിൽ പുകവലി നിരോധിക്കുന്നത് മനസ്സിലാകും, മദ്യപാനം നിരോധിക്കുന്നതും മനസ്സിലാകും. പക്ഷേ മദ്യപാനവും പുകവലിയും പോലെ ഒന്നായാണോ കോടതി രാഷ്ട്രീയ പ്രവർത്തനത്തെ കാണുന്നത്’? എന്നാണ് അധ്യാപകനും എഴുത്തുകാരനും വന്ദ്യവയോധികനുമായ പ്രൊഫ. എം.കെ.സാനു ഈ വിധിയോട് പ്രതികരിച്ചത്. സമരം ചെയ്ത വിദ്യാർത്ഥികളെ വീട്ടിൽ പോയി അറസ്റ്റ് ചെയ്തുകൂടെ എന്ന ചോദ്യം അടിയന്തിരാവസ്ഥയെയാണ് ഓർമ്മിപ്പിക്കുന്നത് എന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥിരാഷ്ട്രീയത്തെ പടിയടച്ച് പുറത്താക്കിയ ക്യാമ്പസുകളിലും അരാഷ്ട്രീയ ക്യാമ്പസുകളിലും എന്താണ് നടക്കുന്നതെന്ന് ജിഷ്ണുപ്രണോയ് എന്ന വിദ്യാർത്ഥിയുടെ മരണത്തോടെ കേരളം മനസ്സിലാക്കിയതാണ്. സമൂഹം നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളിൽ ന്യായമായ മുദ്രാവാക്യങ്ങളുയർത്തി സങ്കുചിത താൽപ്പര്യങ്ങൾക്ക് അതീതമായി സമരങ്ങൾ ഉയർന്നുവരണമെന്ന് സമൂഹം അഭിലഷിക്കുന്ന സാഹചര്യത്തിൽ ഈ വിധി അധികപ്പറ്റാണ് എന്ന് കരുതുന്നവരാണ് ഏറെയും.

ജോലിനേടി ശമ്പളം വാങ്ങി മാന്യമായി ജീവിക്കാനാണ് വിദ്യാർത്ഥികൾ പഠിക്കേണ്ടത് എന്ന് കോടതി ഉപദേശിക്കുന്നു. ഇത്തരത്തിൽ മാന്യമായി ജീവിക്കാനും ഉപജീവനത്തിനായി ജോലി നേടാനും അതിന് ആവശ്യമുള്ള വിദ്യാഭ്യാസം നേടാനുമുള്ള അവകാശം എല്ലാവർക്കുമുണ്ടോ. ഇല്ലെങ്കിൽ എന്തുകൊണ്ട് അതുണ്ടാകുന്നില്ല എന്ന അന്വേഷണമാണ് വിദ്യാർത്ഥികളെ തെരുവിലിറക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ അർഹമായതു നേടാൻ ഭരണഘടനാപരമായ മാർഗ്ഗങ്ങളുണ്ടെന്ന അംബേദ്കറുടെ വാചകവും വിധിക്കിടയിൽ കോടതി ഉദ്ധരിക്കുകയുണ്ടായി. ഭരണസ്ഥാപനങ്ങൾ ജനങ്ങൾക്ക് ജീവനോപാധികളും നീതിയും ഉറപ്പാക്കിയിരുന്നെങ്കിൽ ദലിതർ മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും ഭൂമിക്കുവേണ്ടിയും സമരം ചെയ്യുമായിരുന്നില്ല എന്ന് നാം വിസ്മരിക്കരുത്. ദലിത് ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി പത്ത് വർഷത്തേക്ക് ഭരണഘടനാപരമായി വിഭാവനം ചെയ്തിരുന്ന സംവരണം, ഏഴുപതിറ്റാണ്ട് നൽകിയിട്ടും ബഹുഭൂരിപക്ഷവും പാർശ്വവൽക്കരിക്കപ്പെട്ട നിലയിലാണ്. ഭരണസ്ഥാപനങ്ങൾ നീതി നടപ്പാക്കിയിരുന്നെങ്കിൽ നമ്മുടെ രാജ്യത്തെ നാലുലക്ഷത്തോളം കർഷകർ ആത്മഹത്യ ചെയ്യുമായിരുന്നില്ല. ഏതാനും വർഷം മുമ്പ് സ്ത്രീപീഡനങ്ങൾക്കെതിരെ വിദ്യാർത്ഥികളും യുവാക്കളും ജലപീരങ്കികളെ നേരിട്ടുകൊണ്ട് അതീവസുരക്ഷാ മേഖലയായ രാഷട്രപതിഭവന് മുന്നിൽ വരെ സമരം ചെയ്യുമായിരുന്നില്ല. സുപ്രീം കോടതി അംഗീകരിച്ച മിനിമം കൂലിയെങ്കിലും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാർ സമരം ചെയ്യേണ്ടിവരുമായിരുന്നില്ല. വിദ്യാർത്ഥികളുടെ പ്രതിഷേധമില്ലായിരുന്നെങ്കിൽ ജിഷ്ണുപ്രണോയിയുടെ കൊലപാതകം പുറത്തറിയുമായിരുന്നില്ലെന്ന് ഏവർക്കുമറിയാം. ലോ അക്കാദമി, പാമ്പാടി നെഹ്രു കോളേജ്, മറ്റക്കര ടോംസ് കോളേജ്, മാള മെറ്റ്‌സ് കോളജ് തുടങ്ങി കേരളത്തിലെ നിരവധി സ്വാശ്രയ സ്ഥാപനങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തുകൊണ്ടുവന്നത് വിദ്യാർത്ഥി സമരങ്ങളാണ്. വിദ്യാഭ്യാസത്തിന്റ വർഗ്ഗീയവൽക്കരണത്തിനെതിരായും ഫണ്ടുകൾ വെട്ടിക്കുറച്ച് ഗവേഷണരംഗത്തെ താറുമാറാക്കുന്നതിനെതിരെയും രാജ്യത്തെ വിദ്യാർത്ഥികൾ യോജിച്ച പ്രക്ഷോഭണത്തിൽ അണിനിരക്കുന്ന സമയമാണിത്. വിദ്യാർത്ഥിദ്രോഹ നടപടിയിലൂടെയും വിദ്യാഭ്യാസ വിരുദ്ധനയങ്ങളിലൂടെയും കുപ്രസിദ്ധി ആർജ്ജിച്ച കെടിയു(കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി)വിനെതിരെ കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ സമരരംഗത്താണ്. സമൂഹം നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളിൽ ന്യായമായ മുദ്രാവാക്യങ്ങളുയർത്തി സങ്കുചിത താൽപ്പര്യങ്ങൾക്ക് അതീതമായി സമരങ്ങൾ ഉയർന്നുവരണം.
ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് കോളനി ഭരണകൂടമാണ് വിദ്യാർത്ഥികൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന വാദം ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിലെ മഹാന്മാരായ നേതാക്കൾ – സി ആർ ദാസ്, ലാലാ ലജ്പത്‌റായ്, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങിയവരെല്ലാം യുക്തിഹീനമായ ഈ വാദത്തിന് ചുട്ടമറുപടി നൽകിയിട്ടുണ്ട്. രാഷ്ട്രത്തെ സംബന്ധിക്കുന്നതാണ് രാഷ്ട്രീയമെന്നും രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാൻ ആർക്കും – അധ്യാപകനായാലും വിദ്യാർത്ഥിയായാലും – കഴിയില്ലെന്നും നേതാജി നിരീക്ഷിച്ചു. വിദ്യാർത്ഥികൾ പ്രത്യേകിച്ചും സർവ്വകലാശാലാ വിദ്യാർത്ഥികൾ രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിൽക്കണമെന്ന് വാദിക്കുന്നത് അസംബന്ധമാണെന്നായിരുന്നു വിദ്യാഭ്യാസ വിചക്ഷണൻ കൂടി ആയിരുന്ന ലാലാ ലജ്പത്‌റായ് അഭിപ്രായപ്പെട്ടത്. ആശയകുഴപ്പത്തിൽ നിന്നല്ല, സത്യസന്ധതയില്ലായ്മയിൽനിന്നാണ് ഈ സിദ്ധാന്തം രൂപപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

ജന്മിത്തത്തിന്റെയും രാജാധിപത്യത്തിന്റെയും കാലത്ത് പ്രജകൾക്ക് ഭരണവ്യവഹാരങ്ങളിൽ യാതൊരു പങ്കുമില്ലായിരുന്നു. പാരമ്പര്യവും മാമൂലുകളുമാണ് അക്കാലത്തെ സമൂഹത്തെ നിർണ്ണയിച്ചത്. നവോത്ഥാനവും ബൂർഷ്വാ ജനാധിപത്യ വിപ്ലവങ്ങളുമാണ് സമത്വം എന്ന ആദർശത്തെ മുൻനിർത്തി, രാജ്യത്തെ പ്രായപൂർത്തിയായ ഏതൊരാളും രാഷ്ട്ര വ്യവഹാരങ്ങളിൽ ഇടപെടുന്ന പൗരൻ എന്ന സങ്കൽപം അവതരിപ്പിച്ചത്. പൗരബോധത്തിന്റെ അവിഭാജ്യഘടകമാണ് രാഷ്ട്രീയ അവബോധമെന്നത്. അതിനാൽ ജനാധിപത്യരാഷ്ട്രത്തിന്റെ നിലനിൽപ്പ് തന്നെ അതിലെ ജനങ്ങളുടെ രാഷ്ട്രീയ അവബോധത്തെ ആധാരമാക്കിയാണ്. ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാർ രാഷ്ട്രീയ അവബോധമാർജ്ജിക്കുന്നത് ജനാധിപത്യ വിദ്യാഭ്യാസത്തിലൂടെയാണ്. അതുകൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനവും വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പും മറ്റും ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായത്. കേവലം പുസ്തകങ്ങളിൽനിന്നും ഇന്റർനെറ്റിൽ നിന്നും മാത്രമല്ല വിദ്യാർത്ഥികൾ വിജ്ഞാനമാർജ്ജിക്കുന്നത്. മനുഷ്യന് സാമൂഹികമായ നിലനിൽപ്പാണുള്ളതെന്ന തിരിച്ചറിവ് പകരുന്ന പ്രായോഗിക പാഠശാല കാമ്പസുകളിലെ രാഷ്ട്രീയ പ്രക്രിയയാണ്. മാത്രമല്ല ക്യാമ്പസിൽ എത്തുന്ന വിദ്യാർത്ഥി വോട്ടവകാശമുള്ള പൗരനാണ്. കോളനിവാഴ്ചക്കെതിരെ വിദ്യാർത്ഥികളുൾപ്പെടെ നടത്തിയ പോരാട്ടങ്ങളിലൂടെ സ്ഥാപിക്കപ്പെട്ട ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ പൗരന് നൽകുന്ന അവകാശമാണ് സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം.
വിദ്യാഭ്യാസം ഒരു സാമൂഹിക പ്രക്രിയയാണ് എന്ന ജനാധിപത്യ വിദ്യാഭ്യാസത്തിന്റ€ധരണയല്ല, മറിച്ച് അതൊരു ബിസിനസ്സാണ് എന്ന ആഗോളീകരണത്തിന്റെ കാഴ്ചപ്പാടാണ് ഈ വിധിയുടെ അടിസ്ഥാനമെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ നമുക്ക് കാണാം. അതിനാൽ ഈ വിധി ഏറെ സന്തോഷിപ്പിച്ചത് വിദ്യാഭ്യാസകച്ചവടം നടത്തുന്ന മാനേജുമെന്റുകളെയാണെന്ന് പറയേണ്ടതില്ല. 1990 കളോടെ ഇന്ത്യയിൽ നടപ്പിലാക്കിയ ആഗോളീകരണനയങ്ങൾ ഭരണഘടന ഉറപ്പുനൽകിയ ജനാധിപത്യ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുത്തുകൊണ്ട് മറ്റുമേഖലകളെന്നപോലെ വിദ്യാഭ്യാസ രംഗത്തെയും വാണിജ്യവൽക്കരിച്ചു. വിജ്ഞാനം കമ്പോളചരക്കും വിദ്യാർത്ഥി ഉപഭോക്താവുമായി. 1997ൽ ഹരിപാൽ സിംഗ് കേസിലാണ് സുപ്രീം കോടതി കലാലയ രാഷ്ട്രീയത്തിനെതിരെ രംഗത്തുവരുന്നത്. രണ്ടായിരാമാണ്ടിൽ വാജ്‌പേയി സർക്കാർ നിയോഗിച്ച ബിർല അംബാനി വിദ്യാഭ്യാസ കമ്മിറ്റി, വിദ്യാഭ്യാസ രംഗം വാണിജ്യവൽക്കരിക്കുന്നതോടൊപ്പം വിദ്യാർത്ഥി രാഷ്ട്രീയമവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളുമായി സമവായത്തിലെത്തണമെന്ന് നിർദ്ദേശിച്ചു. 2002 ലെ സോജൻ ഫ്രാൻസിസ് കേസാണ് കലാലയയൂണിയൻ തെരഞ്ഞെടുപ്പുകളെ അരാഷ്ട്രീയമാക്കുന്ന ലിംഗ്‌ദോ കമ്മീഷന്റെ നിയോഗത്തിന് കാരണമായത്. വിദ്യാർത്ഥി രാഷ്ട്രീയമെന്നാൽ അക്രമമാണെന്നും അക്രമം ഇല്ലാതാക്കാൻ കലാലയരാഷ്ട്രീയം ഇല്ലാതാക്കണമെന്നുമുള്ള വിദ്യാഭ്യാസ കച്ചവടക്കാരുടെ വിചിത്രമായ വാദഗതികൾ ക്രമേണ സമൂഹത്തിൽ സ്ഥാപിച്ചെടുക്കപ്പെട്ടു. സങ്കുചിത താൽപ്പര്യങ്ങളോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി വിദ്യാർത്ഥി സംഘടനകൾ മാറിയതാണ് അതിന് കാരണമായത്. നിരവധി കേസുകളിലൂടെ കേരളത്തിലെ കലാലയങ്ങളിൽ ഒന്നൊന്നായി രാഷ്ട്രീയ നിരോധനമേർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാൻ വെമ്പൽ കൊള്ളുന്നത് മുതലാളിമാരാണ്. അവരുടെ താൽപ്പര്യങ്ങളാണ് ഭരണത്തിലെത്തുന്ന രാഷ്ട്രീയ പാർട്ടികളുടെയും ഭരണകൂടങ്ങളുടെയും നയങ്ങളിലൂടെ നടപ്പിലാകുന്നത്.

വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കാൻ ഒരു ന്യായമാണ് അക്രമ രാഷ്ട്രീയം. എസ്.എഫ്.ഐ മുതൽ എബിവിപി വരെയുള്ള വിദ്യാർത്ഥി സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന കായികാക്രമണ ശൈലി പൂർണ്ണമായും ഉപേക്ഷിച്ചേ മതിയാകൂ. ആശയസംവാദങ്ങൾ നടക്കട്ടെ. രാഷ്ട്രീയ വാഗ്വാദങ്ങൾ കാമ്പസുകളിൽ വേണം. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളെ കാമ്പസുകളിൽ നിന്നും പുറത്താക്കാൻ സർവ്വകലാശാലക്കും പോലീസിനും കഴിയും. അതിനെയാരും എതിർക്കുന്നില്ല. എന്നാൽ തലവേദനയ്ക്ക് മരുന്ന് തലവെട്ടലല്ല എന്ന് ഓർമ്മിപ്പിക്കേണ്ടതുണ്ട്. ജനാധിപത്യപരമായ പ്രശ്‌ന പരിഹാരത്തിന്റെ സംസ്‌കാരം തന്നെയാണ് എപ്പോഴും അഭികാമ്യം. ജനാധിപത്യ അന്തരീക്ഷം പുനഃസ്ഥാപിച്ചുകൊണ്ടുമാത്രമേ അത് സാദ്ധ്യമാകൂ. വ്യക്തിത്വവും ആത്മാഭിമാന ബോധവുമുള്ള വിദ്യാർത്ഥികളുടെ ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വേണം സർഗ്ഗാത്മക സംഘടനാ പ്രവർത്തനങ്ങൾ നടത്തേണ്ടത്. വിദ്യാർത്ഥികളുടെ ജനാധപത്യ അവകാശങ്ങൾക്കെതിരെയുള്ള ഒരു നടപടിയെയും സമൂഹം അംഗീകരിക്കില്ല. അങ്ങനെ സംഭവിച്ചാൽ നമ്മുടെ ജനാധിപത്യ വ്യവസ്ഥ തന്നെ തകരാറിലാകും. തുടർന്ന് ഫാസിസ്റ്റ് ശക്തികൾ രാജ്യത്തെ തങ്ങളുടെ കാൽകീഴിലാക്കുന്നത് കാണേണ്ടിവരും. പഠനവും തൊഴിലും ഒത്തുപോകില്ലെന്ന വാദഗതി തൊഴിലും സമരവും ഒത്തുപോകില്ലെന്ന് വാദിക്കാനുള്ള മുന്നൊരുക്കമാണെന്നും തിരിച്ചറിയുന്നുണ്ട്. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒരോന്നായി പിഴുതെറിയുന്നതിന്റെ ഭാഗമാണ് ഇത്തരം വിധികളെന്ന് തിരിച്ചറിഞ്ഞ് ഇവയെ പ്രതിരോധിക്കാൻ ജനാധിപത്യവിശ്വാസികൾ മുന്നിട്ടിറങ്ങണം.

Share this post

scroll to top