കർഷക പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ മിനിസിവിൽസ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി

wynd-civil-station-march.jpg
Share

വനാതിർത്തിയിൽ റെയിൽപ്പാളവേലികളും കൽമതിലുകളും നിർമ്മിച്ച് വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുക, വിളനാശത്തിന് വിപണിവിലക്ക് തുല്യമായ നഷ്ടപരിഹാരം നൽകുക, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസിയുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകുക, എല്ലാ ആദിവാസി കോളനികളും വൈദ്യുതീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വയനാട് ജില്ല കർഷക പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ കർഷകരും ആദിവാസികളും 2017 ജനുവരി 20 ന് സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനുമുന്നിൽ മാർച്ചും ധർണ്ണയും നടത്തി.

ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.അബ്ദുൾറഹ്മാൻ ഉദ്ഘാടനം ചെയ്തു. വന്യമൃഗ സങ്കേതങ്ങൾക്കകത്ത് വന്യമൃഗങ്ങൾക്ക് സൈ്വര്യജീവിതം അസാധ്യമാക്കുന്ന നടപടികളാണ് ടൂറിസത്തിന്റെയും മറ്റും പേരിൽ സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വന്യമൃഗശല്യം പരിഹരിക്കുന്ന കാര്യത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്നുള്ള കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കണമെന്നും വിളനാശത്തിനും ജീവാപായത്തിനും മതിയായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷക പ്രതിരോധ സമിതി വൈസ് പ്രസിഡണ്ട് ഡോ. വി.സത്യാനന്ദൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടോമി വടക്കുംചേരി, സെക്രട്ടറി വി.കെ.സദാനന്ദൻ, ദേവസ്യ പുറ്റനാൽ, പി.കെ.ഭഗത്, സി.എൻ.മുകുന്ദൻ എന്നിവർ പ്രസംഗിച്ചു. സ്വതന്ത്ര മൈതാനിയിൽ നിന്നാരംഭിച്ച മാർച്ചിന് പി.എം.പത്മനാഭൻ, കെ.ജയപ്രകാശ്, ഗോപാലകൃഷ്ണൻ, രമേശ് പള്ളിവയൽ, വി.ബാലൻ, പി.സി.ഷിൻസ്, ബാബു ചെറുമൂല തുടങ്ങിയവർ നേതൃത്വം നൽകി.

 

Share this post

scroll to top