ജനകോടികൾക്ക് നവംബർ വിപ്ലവ സന്ദേശം പകർന്ന് ശതാബ്ദി ആചരണത്തിന് സമാപനം.

Kolkatha-5.jpg

നവംബർ വിപ്ലവ ശതാബ്ദി ആചരണത്തിന് സമാപനം കുറിച്ചുകൊണ്ട് നവംബർ 17ന് കൽക്കത്തയിൽ സംഘടിപ്പിച്ച റാലിയിൽ കനത്ത മഴയെ അവഗണിച്ച് തടിച്ചുകൂടിയ ജനാവലിയെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് അഭിസംബോധന ചെയ്യുന്നു

Share

നിരവധി ഐതിഹാസിക സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കൽക്കത്ത നഗരം 2017 നവംബർ 17ന് നിലകൊണ്ടത് ആദരപൂർവ്വം ചരിത്രത്തെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു. നവംബർ സോഷ്യലിസ്റ്റ് വിപ്ലവം അന്തിമ വിജയം നേടിയ ആ മഹത്തായ ദിനത്തെ വരവേൽക്കാൻ നഗരമാകെ കൊടിതോരണങ്ങളാൽ ചുവപ്പണിഞ്ഞുനിന്നു. മാർക്‌സ്-ഏംഗൽസ്-ലെനിൻ-സ്റ്റാലിൻ-മാവോ എന്നീ കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ അർഹനായ പിന്തുടർച്ചക്കാരനും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും ഈ യുഗത്തിലെ സമുന്നത മാർക്‌സിസ്റ്റ് ചിന്തകരിലൊരാളുമായ സഖാവ് ശിബ്ദാസ് ഘോഷിന്റെ ചിന്തകളാൽ സായുധമായ എസ്‌യുസിഐ(സി) നവംബർ വിപ്ലവ ശതാബ്ദി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആചരിക്കാനാണ് തീരുമാനിച്ചത്.

മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ ഈ രാജ്യത്തെ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനവിഭാഗങ്ങളെ ചൂഷണത്തിൽനിന്ന് മോചിപ്പിക്കാനും തൊഴിലാളിവർഗ്ഗ സാർവ്വദേശീയത ഉയർത്തിപ്പിടിക്കാനുമുള്ള പ്രതിജ്ഞാബദ്ധതയിൽ നിന്നാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പാർട്ടിയുടെ മുൻകയ്യോടെ രൂപീകരിക്കപ്പെട്ട ശതാബ്ദി ആചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഒരുവർഷം നീണ്ടുനിന്ന പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് കൽക്കത്തയിൽ സമാപനറാലി സംഘടിപ്പിക്കപ്പെട്ടത്.
ഏതാനും ദിവസങ്ങളായി കൽക്കത്ത നഗരത്തിൽ തുടർച്ചയായി പെയ്തുകൊണ്ടിരുന്ന മഴയ്ക്ക് റാലിയുടെ പ്രൗഢിക്ക് ഒട്ടും മങ്ങലേൽപ്പിക്കാനായില്ല. രാജ്യത്തിന്റെ നാനാകോണുകളിൽനിന്ന് പാർട്ടി പ്രവർത്തകരും അനുഭാവികളും കൽക്കത്തയിലെ സമ്മേളന വേദിയിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. ട്രെയിനുകൾ പലതും റദ്ദുചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ ഏതാനും ആയിരങ്ങൾ കൂടി എത്തിച്ചേരുമായിരുന്നു എന്നുമാത്രം. വിവിധ ഭാഷകളിലുള്ള മുദ്രാവാക്യം വിളികളാൽ നഗരം മുഖരിതമായി. എല്ലാ വീഥികളുടെയും ഓരങ്ങളിൽ പ്രകടനത്തിന് അഭിവാദ്യം അർപ്പിക്കാനെന്നോണം നഗരവാസികൾ സാഭിമാനം നിലകൊണ്ടു. എല്ലാ പ്രതിബന്ധങ്ങളെയും നിസ്സാരമാക്കാൻ പോന്നതായിരുന്നു സഖാക്കളുടെ നിശ്ചയദാർഢ്യവും ലക്ഷ്യബോധവും.

റാലിയിൽ പങ്കടുത്ത വിദ്യാർത്ഥികളും യുവാക്കളും വിപ്ലവത്തിന്റെ സ്മരണ പുതുക്കുക മാത്രമായിരുന്നില്ല. ജനകോടികളുടെ മോചനത്തിനായുള്ള പോരാട്ടത്തിൽ സ്വയം സമർപ്പിക്കുക എന്ന, ചരിത്രം ഭരമേല്പിച്ച കർത്തവ്യം ഏറ്റെടുത്തവരായിരുന്നു അവർ. മാർക്‌സിസത്തെ മലിനമാക്കാനും മാർക്‌സിസ്റ്റ് ആചാര്യന്മാരെ അപകീർത്തിപ്പെടുത്താനുമുള്ള ഹീനനീക്കങ്ങളെ നിരന്തരം ചെറുത്തുകൊണ്ട് ശരിയായ ലൈനിൽ, ഉയർന്ന തൊഴിലാളിവർഗ്ഗ സംസ്‌ക്കാരത്തിന്റെ അടിത്തറയിൽ വർഗ്ഗ-ബഹുജന സമരങ്ങൾ വളർത്തിയെടുക്കുന്നവരായിരുന്നു അവർ. നവംബർ വിപ്ലവത്തിന്റെ അന്തഃസത്ത സ്വാംശീകരിച്ച്, ആചാര്യന്മാരുടെ പാഠങ്ങൾ ഉൾക്കൊണ്ട് കർത്തവ്യനിർവ്വഹണത്തിന് സജ്ജരാകുക എന്ന സഖാവ് ഘോഷിന്റെ ഉൽബോധനം അവർ ശിരസാവഹിച്ചു. മുതലാളിത്ത വ്യവസ്ഥയുടെ സംരക്ഷകർക്ക് വിപ്ലവാഗ്നിയെ തല്ലിക്കെടുത്താനാവില്ല എന്ന് വിളിച്ചോതുന്നതായിരുന്നു അവരുടെ ചുവടുവയ്പുകൾ.
ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള ഒരുലക്ഷത്തിലേറെ വരുന്ന ആളുകളാണ് കൽക്കത്തയിലെ ഈ മഹാസമ്മേളനത്തിൽ ഒത്തുകൂടിയത്. സമ്മേളനം പകർന്നു നൽകിയ മായാത്ത ഓർമ്മകളുമായി, ഉയർന്ന വൈകാരികതയോടെ അവർ നാടിന്റെ നാനാഭാഗങ്ങളിലേയ്ക്ക് തിരിച്ചുപോയി; ചൂഷണത്തിനും അടിച്ചമർത്തലിനും ഇരയാകുന്ന, ഒരു മാറ്റത്തിനായി ദാഹിക്കുന്ന ജനകോടികളെ വിപ്ലവത്തിന്റെ ബദൽ മാർഗത്തിലൂടെ ആനയിച്ച് കരുത്തുറ്റൊരു രാഷ്ട്രീയ ശക്തിയാക്കി മാറ്റുക എന്ന ദൗത്യവുമായി.
അനേകം വൈതരണികളെ നേരിട്ട, സുദീർഘമായ പോരാട്ടമാണ് മഹാനായ ലെനിന്റെ നേതൃത്വത്തിൽ റഷ്യൻ തൊഴിലാളിവർഗം നടത്തിയത്. ശതാബ്ദി ആചരണം വിപുലമായ തയ്യാറെടുപ്പുകളോടെയായിരുന്നു. ഐതിഹാസികമായ ആ വിപ്ലവത്തിന്റെ ചരിത്രം ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിനുമുമ്പാകെ അനാവരണം ചെയ്തുകൊണ്ട് മുതലാളിത്ത-സാമ്രാജ്യത്വ ശക്തികളെയും കപട കമ്മ്യൂണിസ്റ്റുകളെയും പരാജയപ്പെടുത്തി, ഇന്ത്യൻ ജനതയുടെ വിമോചനം സാദ്ധ്യമാക്കുന്നതിൽ ആ വിപ്ലവം നൽകുന്ന പാഠങ്ങൾ ഹൃദിസ്ഥമാക്കിയെടുക്കുന്നതായിരുന്നു ഒരു വർഷം നീണ്ടുനിന്ന ആചരണ പരിപാടികൾ. വിപ്ലവ മുന്നേറ്റത്തെ തടയാൻ ഒരു ശക്തിക്കുമാവില്ല എന്ന ബോദ്ധ്യം അത് അരക്കിട്ടുറപ്പിച്ചു.

2016 നവംബറിൽ ആചരണ പരിപാടികൾക്ക് തുടക്കം കുറിച്ചതോടെ രാജ്യമെമ്പാടുമുള്ള പാർട്ടി യൂണിറ്റുകൾ ആവേശകരമായ പ്രവർത്തനം കെട്ടഴിച്ചുവിട്ടു. പാർട്ടിയുടെ മുൻകയ്യിൽ നിരവധി സ്ഥലങ്ങളിൽ ആചരണ കമ്മിറ്റികൾ നിലവിൽ വന്നു. ഈ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനേകം സെമിനാറുകളും ചർച്ചകളും പൊതുയോഗങ്ങളും പ്രകടനങ്ങളും എക്‌സിബിഷനുകളും സാസ്‌കാരിക പരിപാടികളും സിനിമാപ്രദർശനങ്ങളുമൊക്കെ സംഘടിപ്പിക്കപ്പെട്ടു. പ്രചണ്ഡമായ ഈ പ്രചാരണ പ്രവർത്തനങ്ങൾ റഷ്യൻ വിപ്ലവത്തിന്റെ ചരിത്രം ജീവചൈതന്യത്തോടെ അവതരിപ്പിക്കുക മാത്രമല്ല, മഹത്തായ ആ വിപ്ലവത്തിന്റെ പാഠങ്ങളും അതിന്റെ നേതാക്കളെയും ജനമനസ്സുകളിൽ സ്ഥാപിച്ചെടുക്കുകകൂടി ചെയ്തു. ജീവിതത്തിന്റെ നാനാതുറകളിൽ സോവിയറ്റ് യൂണിയൻ കൈവരിച്ച ഔന്നത്യം സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അനിവാര്യതയിലേയ്ക്ക് ജനമനസ്സുകളെ ആകർഷിച്ചു. നമ്മുടെ രാജ്യത്ത് ജനങ്ങളനുഭവിക്കുന്ന കെടുതികൾക്കുള്ള പരിഹാരം ഇതേ മാർഗ്ഗത്തിൽത്തന്നെയാണെന്ന തിരിച്ചറിവ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ ആഹ്വാനം ചെവിക്കൊണ്ട് വിപ്ലവപാതയിലണയാൻ അവരെ പ്രേരിപ്പിക്കുകയാണ്.

നഗര കേന്ദ്രമായ എസ്പ്ലനേഡിലായിരുന്നു സമ്മേളനവേദി. പതിറ്റാണ്ടുകളായി ഈ വിപ്ലവ പ്രസ്ഥാനത്തെ അടുത്തറിയുന്ന കൽക്കത്ത നിവാസികൾ രാവിലെ മുതൽതന്നെ സമ്മേളനവേദിയിലേയ്ക്ക് എത്തിക്കൊണ്ടിരുന്നു. 11 മണിയായതോടെ അവിടം ജനസാഗരമായിത്തീർന്നു. റഷ്യൻ വിപ്ലവത്തിന്റെ ശില്പിയും ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിച്ച അതികായനായ മാർക്‌സിസ്റ്റ് ആചാര്യനുമായ മഹാനായ ലെനിന്റെയും, സോഷ്യലിസത്തിന് ഉറച്ച അടിത്തറ പ്രദാനം ചെയ്തുകൊണ്ട് സോവിയറ്റ് യൂണിയനെ ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ ലോകത്തെ രണ്ടാമത്തെ വൻശക്തിയാക്കിത്തീർത്ത ലെനിന്റെ അർഹനായ ശിഷ്യൻ മഹാനായ സ്റ്റാലിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്തതായിരുന്നു പ്രൗഢഗംഭീരമായ സമ്മേളന വേദി. ചുവന്ന കൊടിതോരണങ്ങൾകൊണ്ട് അലംകൃതമായ വേദിയിൽ അരിവാൾ ചുറ്റിക നക്ഷത്രവും ആലേഖനം ചെയ്യപ്പെട്ടിരുന്നു.

എക്‌സിബിഷൻ ഉദ്ഘാടനം

മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം സഖാവ് രഞ്ജിത് ധർ 12 മണിക്ക് ഉദ്ധരണി പ്രദർശനം ഉദ്ഘാടനം ചെയ്തതോടെ സമാപന പരിപാടികൾക്ക് തുടക്കമായി. തൊഴിലാളിവർഗ്ഗ ആചാര്യന്മാരുടെ ഉദ്ധരണികളും റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ട ഫോട്ടോകളും ഉൾപ്പെടുന്നതായിരുന്നു പ്രദർശനം. റഷ്യൻ വിപ്ലവത്തിന്റെ ചരിത്രത്തെക്കുറിച്ച് ഒരേകദേശ ധാരണ കിട്ടാനും ആ വിപ്ലവത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അവസരം നൽകുന്നതാണ് എക്‌സിബിഷൻ എന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചുകൊണ്ട് സഖാവ് രഞ്ജിത് ധർ പറഞ്ഞു. പാർട്ടിയും മുന്നണി സംഘടനകളും പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വില്പനയ്ക്കായി ഒരു ബുക്സ്റ്റാളും ക്രമീകരിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകൾ ജീവിതത്തിൽ അനുവർത്തിക്കേണ്ട തീക്ഷ്ണമായ പ്രത്യയശാസ്ത്ര സമരത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് പ്രദാനം ചെയ്യുന്നതായിരുന്നു പുസ്തകങ്ങൾ.

പതാകയുയർത്തൽ

ഒരു മണിക്ക് പോളിറ്റ് ബ്യൂറോ മെമ്പർ സഖാവ് അസിത് ഭട്ടാചാര്യ പതാകയുയർത്തി. അതിനുശേഷം വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി സെക്രട്ടറിമാരും നേതാക്കളും ലെനിന്റെയും സ്റ്റാലിന്റെയും ചിത്രങ്ങൾക്കുമുന്നിൽ പൂക്കളർപ്പിച്ചു. സഖാക്കൾ കെ.ശ്രീധർ(ആന്ധ്ര-തെലങ്കാന), ചന്ദ്രലേഖ ദാസ്(ആസ്സാം), ബിജൻ മണ്ഡൽ(ആൻഡമാൻ നിക്കോബാർ), അരുൺ സിംഗ്(ബിഹാർ), ബിശ്വജിത്ത് ഹാരോദ്(ഛത്തീസ്ഗഢ്), പ്രാൺ ശർമ്മ(ഡൽഹി), ദ്വാരികനാഥ് റാത്ത്(ഗുജറാത്ത്), കേന്ദ്രകമ്മിറ്റിയംഗം സത്യവാൻ(ഹരിയാന), റബിൻ സമാജ്പതി(ജാർഖണ്ഡ്), കേന്ദ്ര കമ്മിറ്റിയംഗം കെ.രാധാകൃഷ്ണ(കർണ്ണാടക), വി.വേണുഗോപാൽ(കേരളം), പ്രതാപ് സാമൽ(മധ്യപ്രദേശ്), അനിൽ ത്യാഗി(ശതാബ്ദി ആചരണ കമ്മിറ്റി, മഹാരാഷ്ട്ര), ദുർജതി ദാസ്(ഒറീസ്സ), അമീന്ദർപാൽ സിംഗ്(പഞ്ചാബ്), രാംഭക്ത ശർമ്മ(ശതാബ്ദി ആചരണ കമ്മിറ്റി, സിക്കിം), എ.രംഗസ്വാമി(തമിഴ്‌നാട്), അരുൺകുമാർ ഭൗമിക്(ത്രിപുര), പുഷ്‌പേന്ദ്ര വിശ്വകർമ്മ(യുപി), മുകേഷ് സെംവാൾ(ഉത്തരാഖണ്ഡ്), രാം ദയാൽ ചൗധരി(രാജസ്ഥാൻ), സൗമൻ ബസു(പശ്ചിമബംഗാൾ) എന്നിവരാണ് പൂക്കൾ അർപ്പിച്ചത്.

പൊതുസമ്മേളനം

തൊഴിലാളിവർഗ്ഗത്തിന്റെ മഹാനായ നേതാവും ഗുരുവും മാർഗദർശിയുമായ ലെനിനെക്കുറിച്ചുള്ള ഗാനം ആലപിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. കേന്ദ്ര കമ്മിറ്റിയംഗം സഖാവ് ശങ്കർ സാഹ പൊളിറ്റ് ബ്യൂറോ മെമ്പർ സഖാവ് മണിക് മുഖർജിയെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ക്ഷണിച്ചു. തുടർന്ന് കേന്ദ്രകമ്മിറ്റി അംഗങ്ങളായ സഖാക്കൾ ദേബപ്രസാദ് സർക്കാർ, ശങ്കർ സാഹ, ഗോപാൽ കുണ്ടു, ഛായാ മുഖർജി, എന്നിവർ പൂക്കളർപ്പിച്ചു. തുടർന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സഖാക്കൾ രഞ്ജിത് ധർ, അസിത് ഭട്ടാചാര്യ, ബംഗ്ലാദേശിലെ ബസാദ്(മാർക്‌സിസ്റ്റ്) പാർട്ടി ജനറൽ സെക്രട്ടറി സഖാവ് മൊബിനുൾ ഹൈദർ ചൗധരി, ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ്, അദ്ധ്യക്ഷൻ സഖാവ് മണിക് മുഖർജി എന്നിവരും ലെനിന്റെയും സ്റ്റാലിന്റെയും ചിത്രങ്ങൾക്കുമുമ്പിൽ പൂക്കളർപ്പിച്ചു. തുടർന്ന് യുവ പാർട്ടി വിഭാഗമായ കോംസമോൾ ബ്രിഗേഡ് ഗാർഡ് ഓഫ് ഓണർ നൽകി.
പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി സഖാവ് സൗമൻ ബസുവിന്റെ ആമുഖ പ്രസംഗത്തിനുശേഷം സഖാവ് കെ.രാധാകൃഷ്ണ പ്രസംഗിച്ചു. മാർക്‌സിന്റെ ആശയങ്ങൾ ശരിയാണെന്ന് സോഷ്യലിസം സ്ഥാപിച്ചുകൊണ്ട് തെളിയിച്ചതാണ് നവംബർ വിപ്ലവത്തിന്റെ ചരിത്രപ്രാധാന്യമെന്ന് അദ്ദേഹം പറഞ്ഞു. നിരക്ഷരരായ കർഷകരും തൊഴിലാളികളും സംഘടിച്ചുകൊണ്ടാണ് റഷ്യയിൽ ചൂഷണ മുക്തമായ സമൂഹം കെട്ടിപ്പടുത്തത്. 70 വർഷക്കാലം നിലനിന്ന സോവിയറ്റ് സോഷ്യലിസം അതിന് തെളിവാണ്. പിൽക്കാലത്ത് മാർക്‌സിസം-ലെനിനിസത്തിൽനിന്ന് വ്യതിചലിച്ചപ്പോൾ ആഭ്യന്തരവും ബാഹ്യവുമായ കാരണങ്ങളാൽ ആ വ്യവസ്ഥ തകർക്കപ്പെട്ടു എന്നത് ഒരു ദുഃഖസത്യമാണ്. എന്നാൽ ഇത് ചരിത്രത്തിന്റെ അവസാനമല്ല. വീണ്ടും സോഷ്യലിസവും അതിലൂടെ കമ്മ്യൂണിസവും സ്ഥാപിക്കപ്പെടുകതന്നെ ചെയ്യും. മാർക്‌സിസം-ലെനിനിസത്തിന്റെ ഏറ്റവും വികസിതവും സമ്പുഷ്ടവുമായ ധാരണയായ ശിബ്ദാസ്‌ഘോഷ് ചിന്തകളാൽ സായുധരായി നമ്മൾ ഇന്ത്യൻ വിപ്ലവം യാഥാർത്ഥ്യമാക്കും. ലോകവിപ്ലവം സാക്ഷാത്കരിക്കാൻ മഹത്തായ നവംബർ വിപ്ലവം എക്കാലത്തും തൊഴിലാളിവർഗ്ഗത്തിന് പ്രചോദനമാകുമെന്നും സഖാവ് രാധാകൃഷ്ണ പറഞ്ഞു.
തുടർന്ന് സംസാരിച്ചത് കേന്ദ്രകമ്മിറ്റിയംഗം സഖാവ് സത്യവാൻ ആണ്. മഹാനായ ലെനിൻ മാർക്‌സിസത്തിന്റെ അന്തസ്സത്ത സ്വാംശീകരിച്ചുകൊണ്ട് ബോൾഷെവിക് പാർട്ടിക്ക് രൂപം കൊടുക്കുകയും സോഷ്യലിസ്റ്റ് വിപ്ലവത്തെ വിജയത്തിലേയ്ക്ക് നയിക്കുകയും ചെയ്തു. ലെനിനുശേഷം മഹാനായ സ്റ്റാലിൻ സോവിയറ്റ് യൂണിയനെ വമ്പിച്ച പുരോഗതിയിലേക്ക് നയിക്കുകയും നാഗരികതയെ പുതിയൊരു തലത്തിലേയ്ക്ക് ഉയർത്തുകയും ചെയ്തു. വർഗ്ഗചൂഷണമാണ് എല്ലാ തിന്മയുടെയും അടിസ്ഥാന കാരണമെന്നും വർഗ്ഗാധിപത്യം അവസാനിപ്പിക്കുന്നതിലൂടെ എല്ലാവിധ ചൂഷണത്തിനും അടിച്ചമർത്തലിനും അറുതിവരുത്താൻ കഴിയുമെന്നും മഹാനായ മാർക്‌സ് സമർത്ഥിച്ചു. റഷ്യൻ വിപ്ലവം ഇത് യാഥാർത്ഥ്യമാക്കി. റഷ്യയ്ക്ക് സാധിക്കുമെങ്കിൽ എന്തുകൊണ്ട് ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന് വിപ്ലവം വിജയിപ്പിച്ചുകൂടാ? സഖാവ് ശിബ്ദാസ്‌ഘോഷ് നമുക്ക് ശരിയായ വിപ്ലവ ലൈനും പാർട്ടിയും പ്രദാനം ചെയ്തിട്ടുണ്ട്. ആ പാഠങ്ങളുടെ അടിസ്ഥാനത്തിൽ വിപ്ലവപ്രക്രിയയിൽ മുഴുകാനും വിപ്ലവം യാഥാർത്ഥ്യമാക്കാനും നമ്മൾ പ്രതിജ്ഞയെടുക്കണമെന്നും സഖാവ് സത്യവാൻ ഓർമ്മിപ്പിച്ചു.

നവംബർ വിപ്ലവം ഇന്ത്യയിലെ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനവിഭാഗങ്ങളെയാകെ ആവേശം കൊള്ളിക്കുന്നതായി സഖാവ് മണിക് മുഖർജി അദ്ധ്യക്ഷപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. അതിന്റെ പാഠങ്ങൾ മനസ്സിലാക്കുകയും പ്രാവർത്തികമാക്കുകയും വേണം. നമ്മുടെ കർത്തവ്യങ്ങളെക്കുറിച്ച് സഖാവ് ജനറൽ സെക്രട്ടറി വിശദമായി പ്രതിപാദിക്കുമെന്നും അദ്ദേഹത്തിന്റെ ആഹ്വാനം ഹൃദയംഗമമായി ഉൾക്കൊള്ളണമെന്നും സഖാവ് മണിക് മുഖർജി ആഹ്വാനം ചെയ്തു.

തുടർന്ന് സഖാവ് മൊബിനുൾ ഹൈദർ ഹ്രസ്വമെങ്കിലും ചിന്തോദ്ദീപകമായ ഒരു പ്രസംഗം നടത്തി. മഹത്തായൊരു പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് നമ്മൾ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് സഖാവ് ഹൈദർ പ്രസംഗം ആരംഭിച്ചത്. പാർട്ടി ഒന്നാകെ നടത്തിയ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ് ഗംഭീരമായ ഈ സമ്മേളനം. മറ്റുപാർട്ടികൾ സ്ഥാനമാനങ്ങൾക്കും പാർലമെന്ററി നേട്ടങ്ങൾക്കുംവേണ്ടി പരക്കംപായുമ്പോൾ നമ്മൾ ചൂഷിത ജനതയുടെ പോരാട്ടങ്ങൾ വളർത്തിയെടുക്കാനുള്ള യത്‌നത്തിലാണ്. പാർട്ടിയുടെ ഇന്നത്തെ വളർച്ച അഭിമാനകരമാണ്. സോവിയറ്റ് യൂണിയൻ നിലവിൽ വന്നപ്പോൾ ലോകത്തിന് അത് വലിയ പ്രതീക്ഷ നൽകി. രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയൻ നേടിയ വിജയം കമ്മ്യൂണിസത്തിന്റെ യശസ്സ് ഉന്നതങ്ങളിലേയ്ക്ക് ഉയർത്തി. സോഷ്യലിസ്റ്റ് ചേരി നിലവിൽ വന്നതോടെ സാമ്രാജ്യത്വ ശക്തികൾക്കുമേൽ സമാധാനം അടിച്ചേൽപ്പിക്കാൻ കഴിഞ്ഞു. മഹാനായ സ്റ്റാലിന്റെ മരണശേഷം തിരുത്തൽവാദികൾ ഈ നേട്ടങ്ങളെയെല്ലാം തകിടം മറിച്ചു.
തിരുത്തൽ വാദത്തെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയത് സഖാവ് ശിബ്ദാസ്‌ഘോഷാണ്. അന്തർദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ബാധിച്ചിരിക്കുന്ന യാന്ത്രിക ചിന്താപ്രക്രിയയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. സഖാവ് മാവോ സെതുങ്ങിനൊപ്പം ഭാവിവിപൽസാദ്ധ്യതയിലേയ്ക്കും സഖാവ് ഘോഷ് വിരൽചൂണ്ടി. വ്യക്തിവാദത്തിന്റെ വളർച്ചയെക്കുറിച്ചും അതിനെ നേരിടാനുള്ള തീക്ഷ്ണമായ പ്രത്യയശാസ്ത്ര സമരത്തെക്കുറിച്ചും സഖാവ് ഘോഷ് പുതിയ അവബോധം നൽകി. ലെനിനിസ്റ്റ് മാതൃക പിന്തുടർന്ന് ഇന്ത്യൻ മണ്ണിൽ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി അദ്ദേഹം കെട്ടിപ്പടുത്തു.
സഖാവ് ഘോഷിന്റെ ചിന്തകളെ ആസ്പദമാക്കി ബംഗ്ലാദേശിലും ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. സാർവ്വദേശീയതയുടെ തത്വങ്ങളുടെ അടിസ്ഥാനത്തിൽ എസ്‌യുസി ഐ(സി)യെ, നേതൃത്വം വഹിക്കുന്ന പാർട്ടിയായാണ് ബംഗ്ലാദേശിലെ ബസാദ്(മാർക്‌സിസ്റ്റ്) കാണുന്നതെന്നും ഇരുപാർട്ടികൾക്കുമിടയിലുള്ള സാഹോദര്യം നാൾക്കുനാൾ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ദീർഘമായ ഒരു പ്രസംഗം നടത്തി. അതിന്റെ സംക്ഷിപ്ത രൂപം ചുവടെ കൊടുക്കുന്നു. ശതാബ്ദി ആചരണം വെറുമൊരു ചടങ്ങല്ല എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് സഖാവ് പ്രൊവാഷ് ഘോഷ് പ്രസംഗം ആരംഭിച്ചത്. ഇത് ഒരു വൈകാരിക അനുഭവമാണ്. അതോടൊപ്പം സുപ്രധാനവുമാണ്. നവംബർ വിപ്ലവത്തിന്റെ പാഠങ്ങൾ ജനഹൃദയങ്ങളിൽനിന്ന് തുടച്ചുനീക്കാനാണ് കച്ചവട മാദ്ധ്യമങ്ങളെല്ലാം ശ്രമിക്കുന്നത്. മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന ചൂഷണത്തിന് അത് അറുതിവരുത്തി. യുഗങ്ങളായി മനുഷ്യരാശി ആഗ്രഹിക്കുന്ന വിമോചനം സാദ്ധ്യമാക്കിയത് മാർക്‌സിസത്തിന്റെ സർഗ്ഗാത്മകമായ പ്രയോഗത്തിലൂടെ മഹാനായ ലെനിനും പിന്നീട്, മഹാനായ സ്റ്റാലിനുമാണ്.
അന്ന് ലോകത്തെ പ്രമുഖരെല്ലാം റഷ്യൻ വിപ്ലവത്തെ പ്രകീർത്തിച്ചു. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും യാഥാർത്ഥ്യമാക്കിയത് നവംബർ വിപ്ലവമാണ്. സ്റ്റാലിൻ കുറച്ചുകാലംകൂടി ജീവിച്ചിരുന്നെങ്കിൽ, തിരുത്തൽവാദികൾക്ക് പിടിമുറുക്കാൻ അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ ലോകചരിത്രം മറ്റൊന്നാകുമായിരുന്നു. ഇന്ന് സമ്പന്നരും അദ്ധ്വാനിച്ച് ജീവിക്കുന്നവരും തമ്മിലുള്ള അകലം നാൾക്കുനാൾ വർദ്ധിക്കുകയാണ്. സമ്പത്തുമുഴുവൻ ഒരുപിടി ആളുകളുടെ കയ്യിൽ കുന്നുകൂടുകയാണ്. ജനാധിപത്യം ഇന്നൊരു കബളിപ്പിക്കൽ മാത്രമാണ്. തെരഞ്ഞെടുപ്പുകൾ വെറും പാഴ്‌വേലയും.

ജനങ്ങളുടെ ഐക്യം തകർക്കാനും പ്രതിഷേധം അമർച്ച ചെയ്യാനും, വർഗ്ഗീയതയും പ്രാദേശികവാദവും വിഭാഗീയതയും ജാതീയതയുമൊക്കെ ഊട്ടിവളർത്തുകയാണ് മുതലാളി വർഗ്ഗം. എന്നാൽ സോവിയറ്റ് സോഷ്യലിസം ജനങ്ങൾക്ക് അവകാശങ്ങളും സ്വാതന്ത്ര്യവും ജീവിതാഭിവൃദ്ധിയും പൂർണ്ണാർത്ഥത്തിൽ ഉറപ്പാക്കി. സാമ്പത്തികവും സാമൂഹികവുമായ പ്രതിഫലമാണ് അവിടെ ജനങ്ങൾക്ക് ലഭിച്ചത്. മാർക്‌സിസം-ലെനിനിസം അപ്രായോഗികമോ വെറും വ്യാമോഹമോ അല്ല. അത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും സത്യാന്വേഷണത്തിന് മാർഗ്ഗദർശനം നൽകുന്ന ശാസ്ത്രവുമാണ്. മാർക്‌സിസം-ലെനിനിസത്തിന്റെ സർഗ്ഗാത്മക പ്രയോഗമാണ് സോവിയറ്റ് സോഷ്യലിസത്തിൽ കണ്ടത്.
സാമ്രാജ്യത്വ പിന്തുണയോടെ തിരുത്തൽവാദികൾ നടത്തിയ ഗൂഢാലോചനയുടെ ഫലമായി 70 വർഷങ്ങൾക്കുശേഷം സോഷ്യലിസം അട്ടിമറിക്കപ്പെട്ടു എന്നത് നേരാണ്. ഇത് താത്കാലികമായ തിരിച്ചടി മാത്രമാണ്. ജയപരാജയങ്ങളിലൂടെ നൂറ്റാണ്ടുകൾ താണ്ടിയാണ് അടിമത്തവും ജന്മിത്തവും മുതലാളിത്തവുമൊക്കെ സ്ഥാപിതമായത്. അതുമായി തട്ടിച്ചുനോക്കുമ്പോൾ 70 വർഷം ചെറിയൊരു കാലയളവ് മാത്രമാണ്. സോഷ്യലിസം ലക്ഷ്യംവെച്ചത് മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന ചൂഷണത്തിന് അന്ത്യംകുറിക്കാനാണ്. മുതലാളിത്ത-സാമ്രാജ്യത്വ വാഴ്ചയ്ക്ക് അന്ത്യം കുറിക്കുകയെന്നതാണ് നമ്മുടെ കർത്തവ്യം. ജനകീയ സമരക്കമ്മിറ്റികളും വർഗ്ഗ-ബഹുജന മുന്നേറ്റങ്ങളും വികസിപ്പിച്ചെടുത്തുകൊണ്ട് ജനങ്ങളിൽ വിപ്ലവ പ്രബുദ്ധത വളർത്തിയെടുത്തുകൊണ്ടുവേണം മുതലാളിത്ത ചൂഷണവാഴ്ചയ്ക്ക് അറുതിവരുത്താൻ. ഇതാണ് നമ്മുടെ കടമ. എല്ലാ പ്രയാണങ്ങളും നവംബർ വിപ്ലവത്തെ ലക്ഷ്യംവെച്ചുള്ളതാകട്ടെ. നവംബർ വിപ്ലവത്തിന്റെ സന്ദേശമുൾക്കൊണ്ട് നമുക്ക് ഒന്നിച്ചുമുന്നേറാം.

Share this post

scroll to top