ജിഷ്‌ണു സംഭവം: സര്‍ക്കാര്‍ നിലപാടില്‍ വ്യാപക പ്രതിഷേധം, സിപിഐ(എം) ഇടതുപക്ഷ രാഷ്‌ട്രീയത്തിലേയ്‌ക്ക്‌ മടങ്ങിവരണം.

Share

ജിഷ്‌ണുവിന്റെ കൊലയാളികളെ അറസ്റ്റുചെയ്യുന്നതില്‍ അലംഭാവം കാണിച്ചും പ്രതികള്‍ക്ക്‌ രക്ഷപെടാന്‍ പഴുതൊരുക്കിയും നീതിയാവശ്യപ്പെട്ട അമ്മയെ മര്‍ദ്ദിച്ചും നിരപരാധികളെ ജയിലിലടച്ചും കേരളാപോലീസ്‌ പൊറുക്കാനാകാത്ത അപരാധമാണ്‌ ചെയ്‌തത്‌. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഈ ഹീനമായ നടപടികളെ ന്യായീകരിച്ചപ്പോള്‍ ബുദ്ധിജീവികളും മാധ്യമങ്ങളും പൊതുസമൂഹം ഒന്നാകെയും ഈ അതിക്രമത്തിനെതിരെ ശക്തമായി പ്രതികരിച്ചു. ആ പ്രതികരണങ്ങളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ താഴെക്കൊടുക്കുന്നു.

നമ്മുടെയൊക്കെ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും മുന്‍പന്തിയില്‍ നിന്നും പ്രവര്‍ത്തിച്ച നാലു പേരാണ്‌, എന്റെ വിദ്യാര്‍ത്ഥി കൂടിയായ ഷാജര്‍ഖാനും ഞാന്‍ അനുജത്തിയെ പോലെ കൊണ്ട്‌ നടക്കുന്ന സഖാവ്‌ മിനിയും ശ്രീകുമാറും എന്നോടൊപ്പം രാഷ്‌ട്രീയ രംഗത്ത്‌ നില്‍ക്കുകയും പിന്നീട്‌ അക്കാദമികരംഗത്തേക്ക്‌ മാറുകയും മറ്റുമേഖലകളിലേക്ക്‌ പോകുകയും പൊതുപ്രവര്‍ത്തനത്തിന്റെയും സാമൂഹ്യവിമര്‍ശനത്തിന്റെയും വഴികളിലെത്തുകയും ചെയ്‌ത കെ.എം.ഷാജഹാനും. ഞങ്ങളെയൊക്കെ വളര്‍ത്തിവിട്ട സമൂഹം ഞങ്ങളെ പഠിപ്പിച്ചത്‌ നൊന്തുകരയുന്ന ഒരു കുടുംബത്തെ കണ്ടില്ലായെന്ന്‌ നടിച്ച്‌ നടന്നുപോകാനല്ല. ഞങ്ങളെ ഞങ്ങളുടെ രാഷ്‌ട്രീയബോധം പഠിപ്പിച്ചത്‌ നൊന്തുകരയുന്ന കുടുംബമാണെങ്കിലും വ്യക്തിയാണെങ്കിലും വേദനിക്കുന്ന ഏത്‌ മനുഷ്യന്റെയും കൈചേര്‍ത്ത്‌ പിടിക്കാനും അവരോടൊപ്പം നില്‍ക്കാനും അവരെ സമരമുഖത്തേക്ക്‌ കൊണ്ടുവരാനുമാണ്‌. ജിഷ്‌ണു പ്രണോയിയുടെ അമ്മ മഹിജയും അച്ഛന്‍ അശോകനും അമ്മാവന്‍ ശ്രീജിത്തും അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ തിരുവനന്തപുരത്തേക്ക്‌ വരണമന്ന്‌ ആഗ്രഹിച്ചപ്പോള്‍ ഷാജര്‍ഖാനെയും മിനിയെയും സഹായത്തിന്‌ വിളിച്ചുവെന്ന്‌ പറയുന്നത്‌ തന്നെ കേരളത്തില്‍ വിശ്വാസമര്‍പ്പിക്കാവുന്നത്‌ ആരിലാണെന്ന്‌ തെളിയുകയാണ്‌.
തിരുവനന്തപുരത്തേക്ക്‌ വരുവാനാഗ്രഹിച്ചുകൊണ്ട്‌ ജിഷ്‌ണു പ്രണോയിയുടെ മാതാപിതാക്കളിവിടെ വന്നപ്പോള്‍ അവര്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ചെയ്‌തുകൊടുത്തു, അവരോടൊപ്പം നിന്നു, അവര്‍ക്ക്‌ പിന്തുണ നല്‍കി, അവര്‍ക്ക്‌ ധൈര്യം കൊടുത്തു, അവരുടെ പിന്നില്‍ കേരളീയ സമൂഹം ഉണ്ടെന്ന്‌ പറഞ്ഞു, അങ്ങനെ പറഞ്ഞത്‌ ഗൂഢാലോചനയാണെങ്കില്‍ ആ ഗൂഢാലോചനയില്‍ ഞാനും പങ്കാളിയാണ്‌. അങ്ങനെയൊരു ഗൂഢാലോചനയുടെ കഥയാണ്‌ മെനെഞ്ഞെടുക്കുന്നതെങ്കില്‍, ഞാന്‍ ചോദിക്കട്ടെ, ആര്‍.സുഗതനെ പോലെ, പി.കൃഷ്‌ണപിള്ളയെ പോലെ, പണ്ട്‌ കാലത്തെ എല്ലാ കമ്മ്യൂണിസ്റ്റു വിപ്ലവനേതാക്കളെയുംപോലെ അവരെല്ലാം ഗൂഢാലോചനക്കാരല്ലായിരുന്നോ. അവരെല്ലാം സമരം നയിച്ചില്ലേ. അവരെല്ലാം പോലീസ്‌ സ്റ്റേഷന്‌ മുമ്പില്‍ പോയില്ലേ.
നമ്മളോരോരുത്തരും ഗൂഢാലോചകരായി മാറുന്ന കാലമെന്ന്‌ പറഞ്ഞാല്‍, ആ കാലം അപകടകരമായ കാലമാണെന്ന്‌ ഞാന്‍ പറഞ്ഞത്‌ അതുകൊണ്ടാണ്‌. അങ്ങനെയൊരു അപകടകരമായ കാലമുണ്ടെങ്കില്‍, ആ കാലത്തിന്റെ നടുവിലൂടെ സഞ്ചരിക്കുന്ന ഷാജര്‍ഖാന്റെയും മിനിയുടെയും ശ്രീകുമാറിന്റെയും ഷാജഹാന്റെയും പേരില്‍ അഭിമാനിക്കുന്ന ഒരാളാണ്‌ ഞാന്‍.അത്തരം കൂടുതല്‍ ഗൂഢാലോചകര്‍ ആവശ്യമായ സ്ഥലമാണ്‌ കേരളം.

രണ്ടുകൂട്ടരും(ഭരണ-പ്രതിപക്ഷങ്ങള്‍) ഒരേ കച്ചവടത്തിന്റെ അപ്പുറവുമിപ്പുറവുമായി, ഒരേ മേശയുടെ അപ്പുറവുമിപ്പുറവുമായി മാറുന്ന ഒരു കാലം. അവിടെ വ്യത്യസ്‌തതയുള്ള ആളുകളില്ലെന്നല്ല.വ്യത്യസ്‌തത പ്രകടിപ്പിക്കുന്ന, സംസാരിക്കുന്ന പാര്‍ട്ടികളില്ലെന്നല്ല. പക്ഷേ, പൊതുവില്‍ നമ്മെ ആകെ വിഷമിപ്പിക്കുന്ന തരത്തിലുള്ള ഒരു ഒത്തുതീര്‍പ്പിന്റെ അന്തരീക്ഷം കേരളത്തിലുരുത്തിരിഞ്ഞ്‌ വരുമ്പോള്‍ ഇതിന്റെ പുറത്ത്‌ നിന്നുകൊണ്ട്‌ കേരളത്തിന്റെ പൊതുസമൂഹത്തിന്റെയും ചിന്തിക്കുന്ന രാഷ്‌ട്രീയ സമൂഹത്തിന്റെയും ശബ്‌ദവും നാവുമായി മാറുന്ന വ്യക്തികളെയാണ്‌ ഇന്ന്‌ ഗൂഢാലോചകരായി തുറുങ്കിലടച്ചിരിക്കുന്നത്‌. അവര്‍ക്ക്‌ വേണ്ടി കേരളത്തില്‍ ചെറിയ ശബ്‌ദങ്ങള്‍ ഉയര്‍ന്നാല്‍ പോരാ.


ഭരണപക്ഷം
വിമര്‍ശിക്കുന്നവരെ
ജയിലിലടയ്‌ക്കുന്നു
-ആനന്ദ്‌
മനോരമ, ഏപ്രില്‍ 12, 2017

 

ഭരണപക്ഷം അവരെ വിമര്‍ശിക്കുന്നവരെ മാത്രമല്ല, വഴിയേ പോകുന്ന ഇഷ്ടമില്ലാത്ത മുഖമുള്ളവരെയും നേരിടുവാനുള്ള അവസരമാക്കിയിരിക്കുന്നു ജിഷ്‌ണു സംഭവം.
ഇതെല്ലാം നടക്കുന്നത്‌ ഭയാനകമായ ഒരു ചുഴലിക്കാറ്റ്‌ രാജ്യത്തെങ്ങും പരന്നുകൊണ്ടിരിക്കുന്ന സമയത്താണ്‌ എന്ന്‌ ഓര്‍ക്കുക. വിശ്വാസത്തിന്റെ പേരിലും വിശ്വാസമില്ലാത്തതിന്റെ പേരിലും പ്രേമിക്കുന്നതിന്റെ പേരിലും തമ്മില്‍ സംസാരിക്കുന്നതിന്റെ പേരിലും വിലക്കപ്പെട്ട ഭക്ഷണം കഴിച്ചതിന്റെ പേരിലും വസ്‌ത്രം ധരിച്ചതിന്റെ പേരിലും ആളുകളെ ചുഴന്നു പിടിക്കുന്ന ഒരു ചുഴലിക്കാറ്റ്‌. അതിന്റെ അനുകരണങ്ങള്‍ കക്ഷിഭേദമന്യേ ഓരോ സംസ്ഥാനത്തിലും പ്രകടമാകുന്നതു കൂടുതല്‍ ഭീതിദമാകുന്നു.
ഏറ്റവും പരിതാപകരം പൗരന്മാര്‍ക്ക്‌ ആശ്രയിക്കാനുള്ള ന്യായാലയങ്ങളുടെമേലും ഈ ചുഴലി പതിക്കുന്നതായി അനുഭവപ്പെടുന്നു എന്നതാണ്‌.


അനുഭാവപ്രകടനം
പൗരസ്വാതന്ത്ര്യം
-ബിആര്‍പി ഭാസ്‌കര്‍
മനോരമ ഏപ്രില്‍ 11, 2017

സി.കെ.ജാനുവും കെ.കെ.രമയും തോമസ്‌ ഐസക്കും ഓരോരോ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ സമരം നടത്തിയപ്പോള്‍ ഈ ലേഖകന്‍ അവര്‍ ക്ഷണിക്കാതെ അവിടെ പോയി അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്‌.
ജിഷ്‌ണുവിന്റെ കുടുംബത്തിന്റെ തികച്ചും ന്യായയുക്തമായ ആവശ്യങ്ങള്‍ വൈകിയാണെങ്കിലും അംഗീകരിക്കുകവഴി സര്‍ക്കാര്‍ ഒരു തെറ്റു തിരുത്തല്‍ നടത്തിയിരിക്കുന്നു.
നിര്‍ഭാഗ്യമെന്നു പറയട്ടെ, അതിനിടയില്‍ ഒരു പക്ഷേ ആ കുടുംബത്തോട്‌ കാട്ടിയതിനേക്കാള്‍ ഗുരുതരമായ(നീചമായ എന്ന വാക്ക്‌ ബോധപൂര്‍വ്വം ഒഴിവാക്കുന്നു) ഒരു തെറ്റ്‌ ചെയ്‌തിരിക്കുന്നു. ആ തെറ്റ്‌ പൊതുപ്രവര്‍ത്തകനായ കെ.എം.ഷാജഹാന്‍, എം.ഷാജര്‍ഖാന്‍, അദ്ദേഹത്തിന്റെ ഭാര്യ മിനി എന്നിവരുടെ അറസ്റ്റും അവരുടെമേല്‍ ചുമത്തപ്പെട്ടിട്ടുള്ള പ്രത്യക്ഷത്തില്‍ തന്നെ വ്യാജമെന്നു കാണാവുന്ന ക്രിമിനല്‍ കേസുമാണ്‌.

സംഭവം നടന്ന ദിവസം തന്നെ മുഖ്യമന്ത്രി തോക്കു സ്വാമിയുടെ സാന്നിദ്ധ്യത്തിലേയ്‌ക്ക്‌ പ്രത്യേകം ശ്രദ്ധ ക്ഷണിച്ചതും ഹിമവല്‍ ഭദ്രാനന്ദയെ പോലീസ്‌ വിളിച്ചുവരുത്തുകയായിരുന്നെന്ന വെളിപ്പെടുത്തലും കൂട്ടി വായിക്കുമ്പോള്‍ ആ സംഘര്‍ഷാവസ്ഥ ഒരു ഗൂഢാലോചനയുടെ ഫലമായിരുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ജിഷ്‌ണു കുടുംബത്തിന്റെ സമരത്തിന്‌ പിന്തുണ നല്‍കാന്‍ ചെന്നവരായിരുന്നില്ല അവരുടെ സമരം പരാജയപ്പെടുത്താന്‍ ആഗ്രഹിച്ച ഏതോ ഔദ്യാഗിക കേന്ദ്രമായിരുന്നു എന്ന്‌ കരുതേണ്ടിവരും.
എന്താവാം ആ കുത്സിത ശ്രമത്തിനു പിന്നില്‍. ഷാജഹാനും കൂട്ടര്‍ക്കുമെതിരായ നടപടികള്‍ നിയമപാലനത്തിന്റെ ഭാഗമല്ല. അതിന്റെ പിന്നില്‍ ജനകീയ സമരങ്ങള്‍ക്കു പിന്തുണ നല്‍കുന്നവരെ പീഡിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ നിരുത്സാഹപ്പെടുത്തുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ്‌ ഉള്ളത്‌.


ഷാജഹാന്റെയും
ഷാജര്‍ഖാന്റെയും
അറസ്റ്റ്‌ ഞെട്ടിച്ചു.
-സക്കറിയ
മാതൃഭൂമി ഏപ്രില്‍ 8, 2017

ന്യായമായ പരാതിയുമായി എത്തിയ സ്‌ത്രീയെ സഹായിച്ചതിന്‌ പൊതുപ്രവര്‍ത്തകരായ കെ.എം.ഷാജഹാനെയും ഷാജര്‍ഖാനെയും ജയിലിലടച്ചെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന്‌ സാഹിത്യകാരന്‍ സക്കറിയ. പൗരന്മാരോട്‌ ഭരണകൂടവും പോലീസും കാണിക്കേണ്ട സാമാന്യ മര്യാദയുടെ അതിര്‍ത്തി ലംഘിക്കപ്പെട്ടു. പരാതി പറയാനെത്തിയ സ്‌ത്രീയെ സഹായിച്ചതിന്‌ ഗൂഢാലോചനയ്‌ക്കും സംഘം ചേരലിനും പോലീസിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുന്നതിനുമുള്ള വകുപ്പുകളിട്ട്‌ കേസെടുക്കുന്നത്‌ ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.


മഹിജയുടെ ചിത്രം സാധാരണക്കാരന്റെ ചങ്ക്‌ തകര്‍ക്കും
-എന്‍.എസ്‌.മാധവന്‍
ഏപ്രില്‍ 5 ന്‌ ട്വിറ്ററില്‍ കുറിച്ചത്‌.

ഇത്‌ നജീബിന്റെ അമ്മയല്ല, നടന്നത്‌ രാധികാവെമുലയെ ചുവന്ന മാലയിട്ട്‌ ആദരിച്ച കേരളത്തില്‍. സാധാരണക്കാരുടെ `ഒറ്റ ചങ്ക്‌’ തകര്‍ക്കുന്ന ചിത്രം.
ആറുപേരില്‍ കൂടുതല്‍ ആളുകളെ കാണുമ്പോള്‍ സഭാകമ്പവും പേടിയും തോന്നുന്ന ഡിജിപിക്ക്‌ അവധി കൊടുത്ത്‌ കൗണ്‍സലിംഗിന്‌ വിധേയമാക്കുക.

സമരങ്ങളില്ലാതെ
ജനാധിപത്യമില്ല
– അഡ്വ. കാളീശ്വരം രാജ്‌
മാതൃഭൂമി ഏപ്രില്‍ 8, 2017

പ്രത്യയശാസ്‌ത്രപരമായ നീതിബോധം ഒരു മരണത്തിന്റെ മൂര്‍ത്തപശ്ചാത്തലത്തില്‍ മറ്റാരെക്കാളും മുമ്പേ ഉയര്‍ത്തിപ്പിടിക്കേണ്ടത്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും സമരങ്ങളും സത്യാഗ്രഹങ്ങളുമില്ലെങ്കില്‍ ജനാധിപത്യമില്ല. സമാധാനപരമായി സംഘംചേരാനുള്ള അവകാശം ഭരണഘടനാദത്തമാണ്‌. ഇന്ത്യന്‍ ഭരണഘടനയുടെ 19(1)(ബി) സമാധാനപരമായി സംഘം ചേരാനുള്ള മൗലിക അവകാശത്തെക്കുറിച്ചുള്ളതാണ്‌. സംഭാഷണ സ്വാതന്ത്ര്യവും അഭിപ്രായപ്രകടനസ്വാതന്ത്ര്യവും 19(1)(എ) അനുഛേദത്തിന്റെ പരിധിയില്‍വരുന്നു. ഒന്നോര്‍ത്താല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായാലും സമീപകാലത്ത്‌ കേന്ദ്രസര്‍ക്കാര്‍ കാണിച്ച അമിതാധികാര പ്രവണതകള്‍ക്കെതിരെയായാലും ഒരു രാഷ്ട്രം പ്രതീക്ഷയറ്റുപോകാതെ നിലകൊണ്ടത്‌ സാധാരണ മനുഷ്യരുടെ സംഘരൂപങ്ങളിലായിരുന്നു.
എന്നാല്‍ കേരളംപോലെ സാക്ഷരതയിലും രാഷ്ട്രീയ ബോധത്തിലും മുന്നിട്ടുനില്‍ക്കുന്ന ഒരു സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തികച്ചും ജാധിപത്യവിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമാണ്‌. ജിഷ്‌ണുവിന്റെ മാതാവ്‌ കുറേക്കൂടി മെച്ചപ്പെട്ടതും സംസ്‌കാര സമ്പന്നവുമായ പരിഗണന അര്‍ഹിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയും നേതാവുമായ മുഖ്യമന്ത്രി സംഭവത്തിനുശേഷം നടത്തിയ പ്രതികരണങ്ങള്‍ പലതും നിര്‍ഭാഗ്യകരമായിപ്പോയി.

കേള്‍ക്കേണ്ടവര്‍ കേള്‍ക്കാനായി യോജിച്ച സ്ഥലം സമരത്തിനായി തെരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന്‌ അനിതാ താക്കൂറിന്റെ കേസില്‍ (റിട്ട്‌ പെറ്റീഷന്‍ 118/2007) സുപ്രീംകോടതി പറയുകയുണ്ടായി. ഭരണഘടനയുടെ 19-ാം അനുഛേദത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിധിയാണിത്‌. ഈ അനുഛേദവും വിധിയും സംസ്ഥാനത്തെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ ഓഫീസിനും ബാധകമാണ്‌. ഇത്തരം ഓഫീസുകള്‍ക്കുമുന്നില്‍ സമാധാനപരമായ സമരംപോലും പാടില്ലെന്നു പറയാന്‍ ഒരു ജനാധിപത്യ സര്‍ക്കാരിന്‌ അവകാശമില്ല.
ഇന്ത്യയിലെ ലക്ഷക്കണക്കിന്‌ ജാധിപത്യ വിശ്വാസികള്‍ ഈ രാജ്യത്ത്‌ ജീവിക്കുന്നതും സമരം ചെയ്യുന്നതും ഈ ഭരണഘടനാ തത്ത്വത്തിന്‍മേലുള്ള വിശ്വാസത്തിന്റെ പേരിലാണ്‌. അതിനാലാണ്‌ സമാധാപരമായി രാംലീല മൈതാനത്ത്‌ 2011ല്‍ നടത്തിയ പ്രക്ഷോഭത്തിന്റെ നേര്‍ക്കുണ്ടായ പോലീസ്‌ അതിക്രമത്തിന്റെ പേരില്‍ സുപ്രീംകോടതി നേരിട്ട്‌ കേസെടുത്തത്‌(നമ്പര്‍ 122/2011). പ്രക്ഷോഭകാരികളെ പുറത്താക്കാനുള്ള തീരുമാനവും ആ തീരുമാനം നടപ്പാക്കിയ രീതിയും ഒരുപോലെ നിയമവിരുദ്ധമാണെന്ന്‌ സുപ്രീംകോടതി പറഞ്ഞു. തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട്‌ പ്രക്ഷോഭകാരികള്‍ക്കുനേരെ ഇക്കഴിഞ്ഞ ജനുവരിയില്‍ പോലീസ്‌ അതിക്രമമുണ്ടായപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതും ഈ ഭരണഘടനാ സങ്കല്‍പ്പത്തിന്റെ പേരില്‍ത്തന്നെ.

ഒരു ആള്‍ക്കൂട്ടം സമാധാന ധ്വസംനം നടത്തുമ്പോള്‍ മാത്രമാണ്‌ പോലീസിന്‌ ബലംപ്രയോഗിക്കാനുള്ള അധികാരമുണ്ടാകുന്നത്‌. അതിനുതന്നെ നിയതമായ നടപടിക്രമങ്ങളുണ്ട്‌. കരംസിങ്ങിന്റെ കേസില്‍ (1979 ക്രിമിനല്‍ ലോ ജേണല്‍ 1211) പഞ്ചാബ്‌ ഹരിയാണ ഹൈക്കോടതി ഇക്കാര്യം വിശദീകരിച്ചത്‌ പിന്നീട്‌ സുപ്രീംകോടതി അംഗീകരിച്ചതാണ്‌. ന്യായീകരണമില്ലാത്ത പോലീസ്‌ അതിക്രമങ്ങളുടെ പേരില്‍ ഭരണകൂടം നഷ്ടപരിഹാരം നല്‍കണമെന്ന്‌ സുപ്രീംകോടതി വിധിച്ച ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്‌. സഹേലിയുടെ കേസ്‌(1990), സുപ്രീംകോര്‍ട്ട്‌ കേസസ്‌422, ജോഗീന്ദര്‍ കൗറിന്റെ കേസ്‌(1968) എന്നിവ ഉദാഹരണം.
ജിഷ്‌ണുവിന്റെ അമ്മ മഹിജയോടൊപ്പം സാധാരണ മലയാളിയുടെ വേദനിക്കുന്ന മനസ്സുണ്ട്‌. ഈ പശ്ചാത്തലത്തിലാണ്‌ പ്രതിഷേധവും പ്രക്ഷോഭവും നടന്നത്‌. അതിനാല്‍ത്തന്നെ സമരംചെയ്യാനുള്ള അവകാശം കുടുംബാംഗങ്ങള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്താവുന്നതല്ല. രാഷ്ട്രീയ പാര്‍ട്ടികളും മറ്റ്‌ ബഹുജനപ്രസ്ഥാനങ്ങളും സമരം ഏറ്റെടുക്കുകയോ സമരത്തിന്‌ പിന്തുണ നല്‍കുകയോ ചെയ്യുന്നതില്‍ അസ്വാഭാവികമായി യാതൊന്നുമില്ല. അത്തരം സമരങ്ങളെ ജനാധിപത്യപരമായ മര്യാദയോടെ കാണുകയായിരുന്നു സര്‍ക്കാരും പോലീസും ചെയ്യേണ്ടിയിരുന്നത്‌. അക്രമത്തിലൂടെ അപകടമുണ്ടാകുമെന്ന കേവലമായ ഭീതിപോലും പോരാ, ഗൗരവപ്പെട്ട അപകടങ്ങള്‍ സംഭവിക്കുമെന്നും അതുടനെ സംഭവിക്കുമെന്നും ഉറപ്പുണ്ടെങ്കില്‍ മാത്രമേ സംഘടനാ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്താന്‍ പാടുള്ളുവെന്ന വിറ്റ്‌നിയും കാലിഫോര്‍ണിയയും തമ്മിലുള്ള കേസിലെ വിധി (274, യു.എസ്‌. 357, 375(1927) ഏതുകാലത്തേയ്‌ക്കുമുള്ള ഒരു ജനാധിപത്യ പാഠം കൂടിയാണ്‌.

1966 ലെ ശൈത്യകാലത്ത്‌ കോര്‍ണര്‍ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിലെ ഹരൂപ്‌ എ. ഫ്രീമാന്‍ എന്ന നിയമാധ്യാപകന്‍ നിയമലംഘന പ്രസ്ഥാനങ്ങള്‍പോലും നിയമപരമാണ്‌ എന്നു വാദിക്കുകയുണ്ടായി. അതിനദ്ദേഹം ആധാരമാക്കിയതാകട്ടെ ഗാന്ധിജിയുടെ പ്രക്ഷോഭങ്ങളെയായിരുന്നു. ഏതായാലും സമാധാനപരമായ സമരങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത്‌ ജയിലിലടയ്‌ക്കുന്നത്‌ ഇടതുപക്ഷ സര്‍ക്കാരിനെന്നല്ല ഏതൊരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ഭൂഷണമല്ല.

സര്‍ക്കാര്‍ തലത്തിലുള്ള
ഗൂഢാലോചന
-ജോസഫ്‌ സി.മാത്യു
മാതൃഭൂമി ഏപ്രില്‍ 8, 2017

പൊതുപ്രവര്‍ത്തകരെ അറസ്റ്റുചെയ്യാനായി സര്‍ക്കാര്‍ തലത്തിലാണ ്‌ഗൂഢാലോചന നടന്നതെന്ന്‌ വി.എസ്‌.അച്ചുതാനന്ദന്റെ മുന്‍ ഐടി ഉപദേഷ്ടാവ്‌ ജോസഫ്‌ സി.മാത്യു. ഒരു കുട്ടി മരിച്ചതിന്‌ വീട്ടുകാര്‍ക്കല്ലാതെ അയല്‍ക്കാര്‍ക്ക്‌ പരാതി പറയാന്‍ പാടില്ലെന്ന നിലപാട്‌ ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന്‌ ഉണ്ടാകുന്നത്‌ അരാഷ്ട്രീയമാണ്‌. മഹിജയോട്‌ കാണിച്ച അതിക്രമത്തെ ന്യായീകരിക്കാന്‍ മറ്റുള്ളവരുടെ തലയില്‍ എല്ലാം കെട്ടിവയ്‌ക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണിത്‌. ആരെങ്കിലും മരിക്കുമ്പോള്‍ സിപിഐ(എം) ഹര്‍ത്താല്‍ നടത്തുന്നത്‌ ബന്ധുത്വമുള്ളതുകൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു.


ശക്തമായ ജനാധിപത്യ
മുന്നേറ്റം അനിവാര്യം
-എന്‍.വേണു
ആര്‍.എം.പി.ഐ
സംസ്ഥാന സെക്രട്ടറി
ഏപ്രില്‍ 10ന്‌ സെക്രട്ടേറിയറ്റിനു
മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്‌.

കൊടും കുറ്റവാളികള്‍ തടവില്‍ നിന്നിറങ്ങി യത്ഥേഷ്ടം വിഹരിക്കുകയും സമരനേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലിടുകയും ചെയ്യുന്ന അവസ്ഥയാണ്‌ പിണറായി ഭരണത്തില്‍ ഉള്ളത്‌. അതിശക്തമായ ജനാധിപത്യ സംരക്ഷണ പ്രസ്ഥാനം വളര്‍ത്തിയെടുക്കുക എന്നതാണ്‌ ഇന്നത്തെ അടിയന്തിര കടമ.


തെറ്റുതിരുത്തി
ഇടതുപക്ഷ
രാഷ്‌ട്രീയത്തിലേക്ക്‌
സി.പി.ഐ(എം)
മടങ്ങിവരണം
– സി.കെ.ലൂക്കോസ്‌
സംസ്ഥാന സെക്രട്ടറി,
എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌)

ജിഷ്‌ണു സമരത്തിന്റെ യഥാര്‍ത്ഥത്തിലുള്ള ബാക്കിപത്രം എന്താണ്‌? ജിഷ്‌ണുവിന്റെ അമ്മയുടെ കണ്ണീര്‍ തോരുന്നില്ല എന്ന്‌ മാത്രമല്ല അതിനെ അധികരിപ്പിക്കുകയും 7 ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തക്കവിധം ശാരീരികക്ഷതം പോലും ഏല്‍പ്പിക്കപ്പെടുകയും ആണ്‌ ഉണ്ടായത്‌. ജിഷ്‌ണുമാര്‍ ഇനിയും സൃഷ്‌ടിക്കപ്പെടത്തക്കവിധം സ്വാശ്രയ മാഫിയകള്‍ സംസ്ഥാനത്തൊട്ടാകെ വിഹരിക്കും; ഹതഭാഗ്യരായ മാതാപിതാക്കള്‍ നടുറോഡില്‍ വലിച്ചിഴയ്‌ക്കപ്പെടും; ഇടതുപക്ഷ മേനി നടിക്കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ നേരിട്ട്‌ കണ്ട്‌ അനുഭവിച്ചറിഞ്ഞ കാര്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും; യഥാര്‍ത്ഥ ഇടതുപക്ഷ രാഷ്‌ട്രീയം മുറുകെ പിടിക്കുന്നവരെ കള്ളക്കേസ്സില്‍ കുടുക്കി തുറുങ്കിലടയ്‌ക്കും.

എന്നാല്‍, എടുത്തുപറയത്തക്ക മറ്റൊന്ന്‌ കൂടിയുണ്ട്‌. പ്രബുദ്ധ കേരളം സി.പി.ഐ(എം) ന്റെ രാഷ്‌ട്രീയത്തെ തുറന്നുകാണാന്‍ ഇടയായിരിക്കുന്നു. വക്രബുദ്ധികള്‍ അല്ലാത്ത അവരുടെ സഹയാത്രികരും അനുഭാവികളും ആയിരിക്കുന്ന ഒരു വിഭാഗം പോലും ആ തിരിച്ചറിവിലേയ്‌ക്ക്‌ എത്തിച്ചേര്‍ന്നിരിക്കുന്നു. സി.പി.ഐ(എം) ഇതില്‍ നിന്നെല്ലാം മതിയായ പാഠങ്ങള്‍ പഠിച്ച്‌ തെറ്റുകള്‍ തിരുത്തി യഥാ ര്‍ത്ഥ ഇടതുപക്ഷ രാഷ്‌ട്രീയ നിലപാടിലേയ്‌ക്ക്‌ വരണമെന്ന അഭ്യര്‍ ത്ഥനയേ ഞങ്ങള്‍ക്കുള്ളു.

പൊതുപ്രവര്‍ത്തകരുടെ അറസ്റ്റ്‌
ജനാധിപത്യവിരുദ്ധം

മാതൃഭൂമി മുഖപ്രസംഗം
ഏപ്രില്‍ 10, 2017

പ്രതിഷേധ സമരങ്ങളോടും എതിര്‍സ്വരമുയര്‍ത്തുന്ന പൊതുപ്രവര്‍ത്തകരോടുമുള്ള അസഹിഷ്‌ണുത ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക്‌ ചേര്‍ന്നതല്ല. സമരം ചെയ്യാനും സമാധാപരമായി സംഘംചേരാനും അഭിപ്രായപ്രകടനം നടത്താനും പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ ഇടപെടാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യ സമ്പ്രദായം വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. സര്‍ക്കാരും പോലീസും ആ സാമാന്യരീതി മറന്നു പെരുമാറുന്നതുകൊണ്ടാണ്‌ ഇങ്ങനെ ഓര്‍മ്മിപ്പിക്കേണ്ടിവരുന്നത്‌.
കേരളത്തിലെ ആദ്യമന്ത്രി സഭ, ഇ.എം.എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടായ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരത്തിലേറിയതിന്റെ അറുപതാം വാര്‍ഷികദിനമായ ഏപ്രില്‍ അഞ്ചിന്‌ തിരുവനന്തപുരത്തെ പോലീസ്‌ ആസ്ഥാനത്തിനുമുന്നില്‍നടന്ന പ്രതിഷേധസമരത്തെ പോലീസ്‌ നേരിട്ട രീതി നീതിയെയും മനുഷ്യാവകാശങ്ങളെയും കാറ്റില്‍ പറത്തിയുള്ളതായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ പാമ്പാടിയിലുള്ള സ്വാശ്രയസ്ഥാപനമായ നെഹ്‌റു എന്‍ജിനീയറിങ്‌ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്‌ണു പ്രണോയിയുടെ ദുരൂഹമരണത്തിന്‌ ഉത്തരവാദികളായവരെ അറസ്‌റ്റു ചെയ്യണം എന്നാവശ്യപ്പെട്ട്‌ അമ്മയും അച്ഛനും ഉള്‍പ്പെടെ ഒരു സംഘംപേര്‍ ഡിജിപിയെ കാണാനെത്തിയപ്പോഴാണ്‌ പോലീസിന്റെ വഴിപിഴച്ച നടപടികള്‍ ഉണ്ടായത്‌. ജിഷ്‌ണുവിന്റെ അച്ഛനമ്മമാരും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരെ പ്രതിഷേധ സമരത്തിന്റെ പേരില്‍ പോലീസ്‌ പിടികൂടി. ബന്ധുക്കളെ വിട്ടയച്ച പോലീസ്‌ അവര്‍ക്കു പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന നാലു പൊതുപ്രവര്‍ത്തകരെ ജയിലിലടയ്‌ക്കുകയാണ്‌ ചെയ്‌തത്‌.

മുന്‍മുഖ്യമന്ത്രി വി.എസ്‌.അച്ചുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന പൊതുപ്രവര്‍ത്തകന്‍ കെ.എം.ഷാജഹാന്‍, എസ്‌.യു.സി.ഐ പ്രവര്‍ത്തകനായ ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍ എന്നിവരാണ്‌ സമരത്തിന്റെ പേരില്‍ ജാമ്യം നിഷേധിക്കപ്പെട്ട ്‌ജയിലില്‍ കഴിയുന്നത്‌ സന്യാസിയെന്ന്‌ അവകാശപ്പെടുന്ന ഒരു കുപ്രസിദ്ധനെക്കൂടി അവര്‍ക്കൊപ്പം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. സമരവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന്‌ അയാളോ മരിച്ച ജിഷ്‌ണുവിന്റെ ബന്ധുക്കളോ അവകാശപ്പെടുന്നില്ലെങ്കിലും പൊതുപ്രവര്‍ത്തകരെ തടവറയിലടയ്‌ക്കാനുള്ള മറയായി പോലീസ്‌ അതിനെ മാറ്റിയിരിക്കുകയാണ്‌.
സമരവുമായി ബന്ധമില്ലാത്ത ഒരാളെ ആ സ്ഥലത്തുണ്ടായിരുന്നതിന്റെ പേരില്‍ പിടികൂടുകയും അയാളുടെ സാന്നിദ്ധ്യംകൊണ്ടുമാത്രം ഒരു ഗൂഢാലോചന സങ്കല്‍പ്പിച്ച്‌ പൊതുപ്രവര്‍ത്തകരെ ജയിലിലടയ്‌ക്കുകയും ചെയ്‌തത്‌ ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശലംഘനവുമായ പ്രവൃത്തിയാണെന്ന്‌ പറയാതെ വയ്യ. ജിഷ്‌ണുവിന്റെ അമ്മ മഹിജയോടും മറ്റു ബനധുക്കളോടുമുള്ള പോലീസിന്റെ പെരുമാറ്റത്തെ ഭരണകക്ഷിയായ സിപിഎമ്മിന്റെ പോളിറ്റ്‌ ബ്യൂറോ അംഗം എംഎ ബേബിയും ഭരണപരിഷ്‌ക്കാര കമ്മീഷനംഗം വിഎസ്‌ അച്ചുതാനന്ദനും വിമര്‍ശിച്ചുണ്ടെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്‌. സര്‍ക്കാരിന്റെ നയംതന്നെയാണ്‌ പോലീസ്‌ പിന്തുടര്‍ന്നതെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭിപ്രയാപ്പെട്ടതാണ്‌ ഇതിന്റെ മറുവശം.

സ്വതന്ത്രമായി ചിന്തിക്കുകയും പൗരാവകാശവും സമരാവകാശവും പരമപ്രഥാനമാണെന്ന്‌ കരുതുകയും ചെയ്യുന്ന ജനങ്ങളെ നിരാശപ്പെടുത്തുന്ന നിലപാടാണിത്‌. ഒരു വ്യക്തിയോ സമൂഹമോ നേരിടുന്ന അനീതിയും വേദനയും അവകാശലംഘനവും പൊതുപ്രശ്‌നമാണ്‌. അതില്‍ ഇടപെടാനും നീതിക്കുവേണ്ടി സംസാരിക്കാനും സമരം ചെയ്യാനും ആര്‍ക്കും അവകാശമുണ്ട്‌. അത്തരം ഇടപെടലുകളുടെ ചരിത്രമാണ്‌ നമ്മുടെ രാഷ്ട്രീയത്തിന്റെയും പൊതുമണ്ഡലത്തിന്റെയും ചരിത്രം. അതില്‍ മുഖ്യപങ്കുവഹിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ്‌ ഇടതുപക്ഷം അങ്ങനെ ഇടപെടുന്നവരെ സാങ്കല്‍പ്പികമായൊരു ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ പേരില്‍ അന്യായമായി തടവിലാക്കുന്നത്‌ ഗുരതരമായ ചില പ്രതിസന്ധികളും വെല്ലുവിളികളും സമൂഹത്തില്‍ സൃഷ്ടിക്കുന്നുണ്ട്‌. സ്വതന്ത്രാഭിപ്രായം പറയുന്നവരെയും എതിര്‍ക്കുന്നവരെയും ഏതിനിമഷം വേണമെങ്കിലും പോലീസിന്‌ ക്രിമിനല്‍പ്പുള്ളികളാക്കാമെന്ന്‌ വരുന്നത്‌ അത്യന്തം ആപത്‌കരമാണ്‌. ഡിജിപി ഓഫീസിനുമുന്നിലെ സമരവും പൊതുപ്രവര്‍ത്തകരുടെ അന്യായത്തടങ്കലും നമ്മുടെ പൊതുജീവിതത്തില്‍ ഒരു വിപത്‌ സന്ദേശമാണ്‌ കൊണ്ടുവരുന്നത്‌.

ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരും ഒട്ടേറെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ തങ്ങളുടെ നൈതികനിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളവരുമായ പൊതു പ്രവര്‍ത്തകരെ ബലിയാടാക്കിയിരിക്കുന്നത്‌ ജിഷ്‌ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും കൈകാര്യം ചെയ്‌തതില്‍ പോലീസിന്‌ പറ്റിയ വീഴ്‌ച മറച്ചുവയ്‌ക്കാനാണ്‌ എന്ന്‌ വ്യക്തം. പോലീസ്‌ ആസ്ഥാനത്തെ സംഭവങ്ങള്‍ക്കുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പോലീസ്‌ വാദം സാമാന്യജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. അത്തരമൊരു ഗൂഢാലോചന ഏതുസമരത്തിലും പ്രതിഷേധത്തിലും ആരോപിച്ച്‌ ജനാധിപത്യ അവകാശമായ, സമരം ചെയ്യുന്ന, ഏവരെയും തടവിലാക്കാന്‍ പോലീസിനാകുമെന്നും അതിന്‌ സര്‍ക്കാരിന്റെ പിന്തുണ കൂടിയുണ്ടെങ്കില്‍ തങ്ങളുടെ ജീവിതം നരകമാകുമെന്നുമാണ്‌ ജനങ്ങള്‍ മനസ്സിലാക്കുന്നത്‌. സമരം ചെയ്‌ത ബന്ധുക്കളെ വിട്ടയച്ചു. കൂടെ വന്നവരെയാണ്‌ അന്യായമായി സംഘം ചേര്‍ന്നതിനും പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും അറസ്റ്റ്‌ ചെയ്‌തത്‌ എന്ന വാദം ഒരു തമാശ മാത്രമാണ്‌. ബന്ധുക്കള്‍ക്കുമാത്രമേ സമരങ്ങളില്‍ പങ്കെടുക്കാവൂ എന്ന നിയമം വരുന്ന കാലത്തുമാത്രമേ ജനങ്ങളത്‌ ഗൗരവത്തിലെടുക്കൂ. ഈ അസഹിഷ്‌ണുതയും ഗൂഢാലോചന സിദ്ധാന്തവും മനുഷ്യാവകാശ ലംഘനവും ഇടതുപക്ഷ നൈതികബോധം പുലര്‍ത്തുമെന്ന്‌ അവകാശപ്പെടുന്ന ഒരു സര്‍ക്കാരിന്‌ ചേര്‍ന്നതല്ല.

 

Share this post

scroll to top