ഡൽഹിയിലെ പ്രമാണിമാർക്കും ബുദ്ധിജീവികൾക്കുംവേണ്ടിയുള്ള ആർഎസ്എസ് മേധാവിയുടെ പ്രസംഗം കൗശലപൂർണ്ണമായ അഭ്യാസം

bhagwat-7.jpg

New Delhi: RSS chief Mohan Bhagwat speaks at the event titled "Future of Bharat: An RSS perspective" in New Delhi, Monday, Sept. 17, 2018. (PTI Photo) (PTI9_17_2018_000239B)

Share

2018 സെപ്തംബർ 17 മുതൽ 19 വരെ, രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി ഡോ.മോഹൻ ഭഗവത്, ഡൽഹിയിലെ സ്വാധീനശക്തിയുള്ളവരും ലബ്ധപ്രതിഷ്ഠരുമായ ഏതാണ്ട് ആയിരത്തോളം പേരടങ്ങുന്ന ഒരു സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി. ആർഎസ്എസ്-ബിജെപി സംഘത്തെ സംബന്ധിച്ചിടത്തോളം ഒരപൂർവ്വ പ്രതിഭാസമായ ഈ പ്രഭാഷണ പരമ്പരയുടെ ലക്ഷ്യം, ഡോ.മോഹൻ ഭഗവത് അവകാശപ്പെടുന്നതുപോലെ ‘ഈ രാജ്യത്തെ ഒരു ശക്തിയായി മാറിയിട്ടുള്ള ആർഎസ്എസിനെ മൂർത്തമായ അറിവിന്റെ അടിസ്ഥാനത്തിൽ’ ഈ സദസ്സിലും അതുവഴി രാജ്യത്തും പ്രതിഷ്ഠിക്കുക എന്നതായിരുന്നു.

എന്നാലൊരു സൂക്ഷ്മ പരിശോധന കാണിക്കുന്നത് ഈ യോഗവും അതിലെ പ്രഭാഷണ പരമ്പരയുമെല്ലാം സത്യത്തെ മറയ്ക്കുക മാത്രമല്ല അസത്യങ്ങളും അർദ്ധസത്യങ്ങളും ബോധപൂർവ്വമായ വളച്ചൊടിക്കലുമെല്ലാം സത്യമായി വേഷംകെട്ടി അവതരിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. ഈ പുകപടലത്തിനുപിന്നിൽ, തങ്ങളുടെ സ്ഥാപനകാലം തൊട്ടുള്ള ഞെട്ടിപ്പിക്കുന്ന ഭീകരമുഖം മറച്ചുവയ്ക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്.

പശ്ചാത്തലം

കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, ഗോഹത്യ, ഗോമാംസ ഭോജനം എന്നിവയെല്ലാം ആരോപിച്ച് ദളിത് ജനവിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയുംമേലുള്ള ആൾക്കൂട്ടാക്രമണങ്ങൾ, ലവ് ജിഹാദ്, ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണോത്സുകത എന്നിവയെല്ലാമായി ഇന്ന് കേന്ദ്രാധികാരത്തിലിരിക്കുന്ന ആർഎസ്എസ്-ബിജെപി സംഘത്തിനെ നിസ്സംശയം ചേർത്തുവയ്ക്കാവുന്നതാണ്. ഈ പട്ടിക നീണ്ടുപോകുന്നു: ആസാമിലെ പൗരത്വ രജിസ്റ്റർ, ഭീകരവാദികളെ അമർച്ച ചെയ്യാനെന്ന പേരിൽ കാശ്മീരിൽ സൈന്യം സാധാരണക്കാർക്കുനേരെ ബുള്ളറ്റുകളും പെല്ലറ്റുകളും വർഷിക്കുന്നത്, രാമക്ഷേത്ര വിഷയം ഇടയ്ക്കിടെ പൊടിതട്ടിയെടുത്ത് വർഗ്ഗീയതയുടെ വിഷം തുപ്പുന്നത്, വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണവും സ്വയം ഭരണാവകാശത്തിന് തടയിടലും, ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും വളച്ചൊടിക്കൽ, ശാസ്ത്രീയ ചിന്തയുടെ നശീകരണം, രാജ്യത്തെ മുൻനിര സ്ഥാപനങ്ങളെ തകർക്കുകയോ അവയുടെ തലപ്പത്ത് ആർഎസ്എസ്-ബിജെപി പ്രാമാണിമാരെ അവരോധിക്കുകയോ ചെയ്യുന്നത്, പുരോഗമന ചിന്തകരെ കൊലചെയ്യുന്നതും ‘നഗരനക്‌സലൈറ്റ്’ എന്ന് വിളിക്കപ്പെടുന്നവരെ അമർച്ച ചെയ്യുന്നതും, ഇന്ന് ലോകത്തെ ഏറ്റവും കൂടിയ അളവിലുള്ള വ്യാജവാർത്തകളുടെ നിർമ്മാണവും പ്രചരണവും – ഇങ്ങനെ നീണ്ടുപോകുന്നു കാര്യങ്ങൾ. രാജ്യത്തെ ജനങ്ങളെ ഇത് ഭീതിയിലാഴ്ത്തിയിരിക്കുന്നു എങ്കിലും ഇവയുടെ പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരാകുന്നുവെന്നതും ചിലപ്പോൾ തുറന്നെതിർക്കാൻ തുനിയുന്നു എന്നതും വാസ്തവമാണ്.

ഡോ.ഭഗവതിന്റെ  ആശയങ്ങൾ ചുരുക്കത്തിൽ

ഈ പശ്ചാത്തലത്തിലാണ് ഡോ.ഭഗവത് ആർഎസ്എസ് സ്ഥാപകനായ ഡോ.കെ.ബി.ഹെഡ്‌ഗേവാറിനെ അവതരിപ്പിച്ചുകൊണ്ട് സദസ്സിന്റെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നത്. അദ്ദേഹത്തെയും ആർഎസ്എസിനെയും തീവ്രരാജ്യസ്‌നേഹികളായി ചിത്രീകരിക്കുകയും രാജ്യത്തിന്റെ ഉന്നമനത്തിനായി അവരാവിഷ്‌കരിക്കുന്ന വ്യക്തിനിർമ്മാണത്തെക്കുറിച്ച് പറയുകയും ചെയ്യുന്നു ഡോ.ഭഗവത്. ഡോ.ഹെഡ്‌ഗേവാർ അവതരിപ്പിച്ചതിൻപ്രകാരം വ്യക്തികളുടെ ക്ഷേമത്തെ സമൂഹത്തിന്റെ ക്ഷേമമായി കണക്കാക്കുന്നതിൽ വിശ്വസിക്കുന്ന, ‘സകലതിനെയും ഉൾക്കൊള്ളുന്ന’ ഒന്നായി ഹിന്ദുത്വത്തെ ഡോ.ഭഗവത് പിന്നീട് നിർവചിക്കുന്നു. എന്നാലിത് യാഥാർത്ഥ്യത്തെ മറച്ചുവയ്ക്കാനും ജനങ്ങളെ വിഡ്ഢികളാക്കാനുമുള്ള ആർഎസ്എസിന്റെ പുതിയ വാചാടോപമാണ്. തന്റെ പ്രമേയത്തെ വിശദീകരിക്കാനായി ഡോ.ഭഗവത്, വൈജാത്യങ്ങളെ ‘അംഗീകരിക്കുക’യും ‘ആദരിക്കുക’യും ചെയ്യുന്നതാണ് നമ്മുടെ ‘പാരമ്പര്യം’ എന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു. നാനാത്വത്തിലെ ഏകത്വം, ഐക്യം, ത്യാഗം, ആത്മനിയന്ത്രണം, വിധേയത്വം എന്നിവയ്ക്കായുള്ള മൂല്യാധിഷ്ഠിത ഉദ്‌ബോധനങ്ങളാണത്രെ ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വവും ഹുന്ദുരാഷ്ട്രവാദവും. ഋഷിതുല്യനായി അദ്ദേഹം പറയുന്നു: ”സംതൃപ്തി, ആത്മജ്ഞാനം, ഈശ്വരൻ ഇവ നിങ്ങൾക്കെവിടെയും കാണാം. തലമുറകളിലൂടെ നമ്മുടെ കുടുംബങ്ങളിൽ പഠിപ്പിക്കുന്ന ശീലങ്ങളും നമ്മെ ഒന്നിപ്പിക്കുന്ന വീക്ഷണവുമാണിത്… പരിഷ്‌കരണത്തിലൂടെയും പ്രയോഗത്തിലൂടെയും നമ്മുടെ സംസ്‌കാരത്തെ സൃഷ്ടിച്ചിരിക്കുന്നത് ഇതിൽനിന്നാണ്.” പിന്നീടദ്ദേഹം പ്രഖ്യാപിക്കുന്നു: ”ഇന്ത്യയ്ക്കുപുറത്തുനിന്ന് ഇങ്ങോട്ടുവന്ന, പിന്നീട് ഇന്ത്യക്കാരായി മാറിയ മുസ്ലീമോ ക്രിസ്ത്യനോ മറ്റ് സമുദായങ്ങളിൽപ്പെട്ടവരോ ആയ ജനവിഭാഗങ്ങൾക്ക് യഥാർത്ഥ ഇന്ത്യക്കാരായി മാറണമെങ്കിൽ ഈ രീതികളും സ്വഭാവ സവിശേഷതകളും അവരവരുടെ കുടുംബങ്ങളിൽ അനുവർത്തിക്കേണ്ടിയിരുന്നു. നമ്മെ ഒന്നിപ്പിക്കുന്ന മൂല്യാധിഷ്ഠിത സംസ്‌കാരമാണിത്.” ഭഗവത് പറയുന്നു: ”നമ്മുടെ രാജ്യത്ത് തങ്ങൾ ഹിന്ദുക്കളല്ലെന്ന് സ്വയം പറയുന്ന ആളുകളുണ്ട്. പക്ഷേ ഐക്യം സ്ഥാപിക്കണമെങ്കിൽ… ഹിന്ദുത്വമോ ഹൈന്ദവതയോ സ്വീകരിക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗ്ഗമൊന്നുമില്ല എന്നത് യുക്തിസഹമാണെന്ന് ഡോ ഹെഡ്‌ഗേവാർ അഭിപ്രയപ്പെട്ടിട്ടുണ്ട്. അദ്ദേഹം വ്യക്തമായി പറയുന്നു: ”ഈ ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണ്. നമ്മൾ ആ ഹിന്ദുരാഷ്ട്രം സംഘടിപ്പിക്കും.”

നാട്യങ്ങളും വളച്ചൊടിക്കലുകളും 
അർദ്ധസത്യങ്ങളും വ്യാജനിർമ്മിതികളും എണ്ണമറ്റത്

ചുരുങ്ങിയ വാക്കുകളിൽ സംഗ്രഹിച്ച ഈ ആശയങ്ങൾ പൊള്ളയായ വാക്കുകളെന്നതിനേക്കാൾ നാട്യങ്ങളും വളച്ചൊടിക്കലുകളും അർദ്ധസത്യങ്ങളും വ്യാജനിർമ്മിതികളും നിറഞ്ഞവയാണ്.
ഒന്ന്: 1925ൽ ഡോ.ഹെഡ്‌ഗേവാറാണ് ആർഎസ്എസ് സ്ഥാപിച്ചതെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഹിന്ദുമഹാസഭയുടെ പിൽക്കാല നേതാവായ വിനായക് ദാമോദർ സവർക്കർ തന്റെ ഒരു പുസ്തകത്തിലൂടെ 1923-ൽത്തന്നെ ഹിന്ദുത്വത്തെക്കുറിച്ചും ഹിന്ദുമേൽക്കോയ്മയെക്കുറിച്ചുമുള്ള ആശയങ്ങൾ അവതരിപ്പിച്ചിരുന്നു. പിന്നീട് ആർഎസ്എസ് മേധാവിയായ എം.എസ്.ഗോൾവാൾക്കറാണ് സംഘടനയെ രാജ്യത്ത് വിപുലമായി പ്രചരിപ്പിക്കുന്നതിനായി അസഹിഷ്ണുതയും അക്രമണോത്സുകതയും അതിൽ അധികമായി കൂട്ടിച്ചേർത്തത്. ഏതുതരം വിഷമാണദ്ദേഹം വമിപ്പിക്കുന്നതെന്നുനോക്കൂ! ഈ നാട്ടിൽ വസിക്കുന്ന ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കുറിച്ച് അദ്ദേഹം ധിക്കാരത്തോടെ വിധിക്കുന്നു:”അവരുടെ വിശ്വാസത്തിൽവന്ന മാറ്റത്തോടൊപ്പംതന്നെ അവരുടെ രാജ്യസ്‌നേഹത്തിന്റെയും സമർപ്പണത്തിന്റെയും പ്രാണനും നഷ്ടപ്പെട്ടിരിക്കുന്നു.” (ഗോൾവാൾക്കറുടെ ‘വിചാരധാര’യിൽനിന്ന്) അവരെ വ്യക്തമായും ഇന്ത്യക്കാരല്ലാതാക്കി വേർതിരിച്ചിരിക്കുന്നു. ഇതിലെന്തെങ്കിലും അവ്യക്തതയുണ്ടോ? ‘നാം അഥവാ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു’ എന്ന അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥത്തിലൂടെ ഏതൊരു സംശയവും ദുരീകരിക്കപ്പെടുന്നു. അതിലദ്ദേഹം എഴുതിയിരിക്കുന്നു:”ഹിന്ദുസ്ഥാനിലുള്ള മറ്റുവിദേശവംശങ്ങൾ ചെയ്യേണ്ടത് ഹിന്ദുസംസ്‌കാരവും ഭാഷയും സ്വായത്തമാക്കുക, ഹിന്ദുമതത്തെ ആദരപൂർവ്വം വീക്ഷിക്കാനും ബഹുമാനിക്കാനും പഠിക്കുക, ഹിന്ദുവംശത്തെയും അതിന്റെ സംസ്‌കാരത്തെയും അഥവാ ഹിന്ദുരാഷ്ട്രത്തെ മഹത്വവൽക്കരിക്കാത്ത ഒരു ആശയത്തെയും പിന്തുണയ്ക്കാതിരിക്കുക, ഹിന്ദുവംശത്തിൽ ലയിക്കുന്നതിനായി തങ്ങളുടെ വ്യതിരിക്തമായ വ്യക്തിത്വം ഉപേക്ഷിക്കുക എന്നിവയാണ്. അതല്ലെങ്കിൽ അവർക്ക്, ഒന്നും ആവശ്യപ്പെടാതെ, വിശേഷാവകാശങ്ങളോ മുൻഗണനയോ ഇല്ലാതെ -പൗരാവകാശങ്ങൾ പോലുമില്ലാതെ- ഹിന്ദുരാഷ്ട്രത്തിന് സമ്പൂർണ്ണമായും കീഴ്‌പ്പെട്ട് ജീവിക്കേണ്ടിവരും.” ഇങ്ങനെയായിരുന്നു ഉന്മത്തമായ ഹിന്ദുവർഗ്ഗീയ സിദ്ധാന്തങ്ങളെന്ന നിലയിൽ ഹിന്ദുത്വത്തെ അവതരിപ്പിച്ചതും നിലയുറപ്പിക്കാൻ അവസരംമൊരുക്കിയതും. ഗോൾവാൾക്കറുടെ പുസ്തകത്തിൽ നാസി ജർമ്മനിയെക്കുറിച്ച് നടത്തുന്ന പുകഴ്ത്തലുകളിൽനിന്ന് അതിന് ഫാസിസ്റ്റ് ചിന്തകളോടുള്ള അടുപ്പം വ്യക്തമാണ്. ”ജർമ്മനിയുടെ വംശാഭിമാനം ഇന്നൊരു ചർച്ചാവിഷയമായി മാറിയിരിക്കുന്നു. തങ്ങളുടെ വംശത്തിന്റെ ശുദ്ധിയും സംസ്‌കാരവും കാത്തുപുലർത്തുന്നതിന്, സെമറ്റിക് വംശങ്ങളെ -ജൂതരെ- രാജ്യത്തുനിന്ന് ഓടിച്ചുകൊണ്ട് ജർമ്മനി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വംശാഭിമാനം അതിന്റെ ഏറ്റവുമുയർന്ന തലത്തിൽ അവിടെ പ്രകടിതമാകുന്നു. ഉൾക്കാമ്പിൽനിന്നേ വ്യത്യസ്തങ്ങളായ വംശങ്ങളെയും സംസ്‌കാരങ്ങളെയും ഒരു ഏകാത്മകമായ സമ്പൂർണ്ണതയിലേക്ക് ഉൾച്ചേർത്ത് എടുക്കുക എന്നത് എത്രത്തോളം അസംഭാവ്യമാണെന്നും ജർമ്മനി കാണിച്ചുതരുന്നു; ഹിന്ദുസ്ഥാനെ സംബന്ധിച്ചിടത്തോളം പഠിക്കുവാനും പ്രയോജനപ്പെടുത്തുവാനുമുള്ള നല്ലൊരു പാഠവുമാണിത്.”(നാമും നമ്മുടെ ദേശീയതയും നിർവ്വചിക്കപ്പെടുന്നു) യുവാക്കൾക്ക് സൈനിക പരിശീലനം നൽകുന്നതിനും അവരെ പട്ടാളച്ചിട്ടയിൽ വാർത്തെടുക്കുന്നതിനുമുള്ള ഫാസിസ്റ്റ് രീതികൾ പഠിച്ച്, അത് ഇവിടെ വ്യക്തിനിർമ്മാണത്തിന് ഉപയോഗിക്കാനായി എ.ബി.എസ്.മുൻജേ എന്ന അവരുടെ നേതാവ് മുസ്സോളിനിയുടെ ഇറ്റലി സന്ദർശിച്ചിട്ടുണ്ട്. രണ്ട് രാജ്യങ്ങൾ ചേർത്തുവച്ചതുപോലെ നിലകൊള്ളുന്ന ഇന്ത്യയെക്കുറിച്ചും അതുവഴി വംശശുദ്ധീകരണത്തെക്കുറിച്ചും മറ്റ് വംശങ്ങൾ ഹിന്ദുവംശത്തിന് കീഴ്‌പ്പെടേണ്ടതിനെക്കുറിച്ചുമുള്ള സവർക്കർ-ഗോൾവാൾക്കർ ആശയങ്ങളുടെയും തിട്ടൂരങ്ങളുടെയും അടിസ്ഥാനത്തിലാണ് ആർഎസ്എസ് ശാഖകൾ രൂപീകരിച്ചത്.
മുൻജേദൗത്യം രൂപീകരിച്ച ധാരണകളുടെ അടിത്തറയിലാണ് സംഘടനാപരമായി ആർഎസ്എസ് ശാഖകൾ രൂപംകൊണ്ടത്. പക്ഷേ മൂന്നാം ദിവസത്തെ ചോദ്യോത്തര വേളയിൽവന്ന ഗോൾവാൾക്കറെ കുറിച്ചുള്ള ഒരു പരാമർശമൊഴികെ, സവർക്കർ, ഗോൾവാൾക്കർ, മുൻജേ എന്നിവരെക്കുറിച്ച്, തന്റെ മൂന്ന് ദിവസത്തെ പ്രഭാഷണങ്ങളിലൊന്നും മോഹൻ ഭഗവത് സൂചിപ്പിച്ചതേയില്ല. ഗോൾവാൾക്കറുടെ ആശയങ്ങളുടെ എഡിറ്റ് ചെയ്യപ്പെട്ട ഒരു പുതിയ പതിപ്പ് ആർഎസ്എസ് ഇറക്കിയിരിക്കുന്നുവെന്നത് ഇവിടെ പ്രസ്താവ്യമാണ്. കാലിക പ്രാധാന്യം മാത്രമുള്ള അഭിപ്രായങ്ങളെ ഒഴിവാക്കി ഗോൾവാൾക്കറുടെ ശാശ്വതങ്ങളായ ചിന്തകളെ അവതരിപ്പിക്കുന്നു എന്ന് ബോധ്യപ്പെടുത്താൻ ഇതവതരിപ്പിച്ചപ്പോൾ മോഹൻ ഭഗവതിന് ഏറെ ബുദ്ദിമുട്ടേണ്ടിവന്നു.

എന്തായാലും, സവർക്കറുടെ ഹിന്ദുത്വവും അതിനെ വിശദീകരിച്ചുകൊണ്ടുള്ള ഗോൾവാൾക്കറുടെ ക്രുദ്ധമായ ഫാസിസ്റ്റ് സിദ്ധാന്തങ്ങളും അടിസ്ഥാനമാക്കിയാണ് ആർഎസ്എസ് ആദ്യാവസാനം സ്വാതന്ത്ര്യ സമരത്തെ എതിർത്തതും ജനങ്ങൾ വ്യാപകമായി അവരെ തിരസ്‌കരിക്കുന്ന സ്ഥിതി വന്നതും. ഇപ്പോൾ എത്ര കഠിനമായി ശ്രമിച്ചാലും ആർഎസ്എസ് നേതാക്കൾക്ക് ഈ വസ്തുതകളെ അവഗണിക്കാനോ മായ്ച്ചുകളയാനോ കഴിയില്ല. മുഖ്യാംശത്തിൽ സവർക്കറെയോ ഗോൾവാൾക്കറെയോ ഒഴിവാക്കുന്ന തന്ത്രമാണ്, ഈ യാഥാർത്ഥ്യങ്ങൾക്കുനേരെ അവരിപ്പോൾ സ്വീകരിക്കുന്നത്. കൂടാതെ, ആർഎസ്എസിന്റെ എല്ലാ പ്രവൃത്തികളും പ്രതിഫലിപ്പിക്കുന്നത്, ഈ ഹിന്ദുത്വവാദി നേതാക്കൾ ഉദ്‌ബോധിപ്പിച്ച കാര്യങ്ങൾ തന്നെയാണെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുമുണ്ട്. അപ്പോഴൊരു ചോദ്യമുയരുന്നു. ആർഎസ്എസിന്റെ ലൈൻ മാറിയതുകൊണ്ടാണോ ഗോൾവാൾക്കറെ ഒഴിവാക്കുന്നതും അതല്ലെങ്കിൽ അല്പപരാമർശത്തിൽ ഒതുക്കുന്നതും? അതോ അസുഖകരമായ യാഥാർത്ഥ്യങ്ങളും വസ്തുതകളും പേരുകളും വളച്ചൊടിക്കാനും മറച്ചുവയ്ക്കാനുമുള്ള ലജ്ജാശൂന്യമായ ശ്രമമോ?
രണ്ട്: ഡോ.ഹെഡ്‌ഗേവാറിന്റെ രാജ്യസ്‌നേഹത്തിന് ഡോ.ഭഗവത് സാക്ഷ്യം പറയുന്നുണ്ട്. എന്നാൽ ഉയർന്നുവരുന്ന ദേശീയ സ്വതന്ത്ര്യസമരത്തിന്റെ ഭാഗമായി 1930ൽ ഗാന്ധിജി ആവിഷ്‌കരിച്ചതും ഇന്ത്യയിലാദ്യമായി ജനങ്ങൾ വ്യാപകമായി പങ്കെടുത്തതുമായ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുക്കരുതെന്ന്, ആർഎസ്എസ് മേധാവിയെന്ന നിലയിൽ, സംഘാംഗങ്ങളോട് നിർദ്ദേശിച്ചതും ഇതേ ഹെഡ്‌ഗേവാർ തന്നെയായിരുന്നു.(ആർഎസ്എസ് പുറത്തിറക്കിയ ഡോ.ഹെഡ്‌ഗേവാറിന്റെ ജീവചരിത്രത്തിൽനിന്ന്)
1942ൽ ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെ നടന്ന ക്വിറ്റ് ഇന്ത്യ സമരത്തിന്റെ കാലത്ത്, സർക്കാർ ജോലിയിലുള്ളവരും വിവിധ ജനപ്രതിനിധി സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുമായ ഹിന്ദുമഹാസംഭ അംഗങ്ങളോട് സവർക്കർ നിർദ്ദേശിച്ചത് ഓഫീസിൽ പോകാനും ബ്രിട്ടീഷ് സർക്കാരുമായി പൂർണ്ണമായും സഹകരിക്കാനുമാണ്. ആർഎസ്എസ് നേതാക്കൾ ആഭ്യന്തരവകുപ്പ് സെക്രട്ടറിയെക്കണ്ട്, ആഭ്യന്തര സുരക്ഷിതത്വത്തിനായുള്ള പ്രത്യേക സേനാവിഭാഗമായ പൗരസൈന്യത്തിൽ(രശ്ശര ഴൗമൃറ)െ കൂടുതലായി ചേരാൻ സംഘത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കാമെന്ന് ഉറപ്പുകൊടുത്തതായും ബ്രിട്ടീഷ് സർക്കാരിന്റെ ഒരു കുറിപ്പ് സ്ഥിരീകരിക്കുന്നുണ്ട്.
ബ്രിട്ടീഷ് സർക്കാർതന്നെ സൃഷ്ടിച്ച 1942-43ലെ മനുഷ്യനിർമ്മിതമായ കൊടുംവറുതിയെ പരാമർശിച്ചുകൊണ്ട് ഗോൾവാൾക്കർ അഭിപ്രായപ്പെടുന്നു: ”ഇന്നത്തെ രാഷ്ട്രീയ അതിവൈകാരികതയുടെ ആപത്തെന്തെന്നാൽ, അതിന്റെയടിസ്ഥാനം പിന്തിരിപ്പൻ മനോഭാവം, ദുഃഖം, ക്രോധം, സൗഹൃദത്തെ മറന്നുകൊണ്ട് വിജയികളോടുള്ള എതിർപ്പ് എന്നിവയൊക്കെയാണ് എന്നതാണ്.” ആർഎസ്എസിന്റെ അഥവാ ഹിന്ദുത്വവാദികളുടെ ‘ദേശീയത’യുടെയും ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തോടുള്ള ‘എതിർപ്പി’ന്റെയും തിളങ്ങുന്ന ഉദാഹരണമാണിത്! യഥാർത്ഥത്തിൽ ഗോൾവാൾക്കറുടെ വ്യക്തമായ അഭിപ്രായമിതാണ്: ”ദേശസ്‌നേഹവും ദേശീയതയും ബ്രിട്ടീഷ് വിരുദ്ധതയ്ക്ക് തുല്യമായി ഗണിക്കപ്പെട്ടിരിക്കുന്നു. ഈ പിന്തിരിപ്പൻ വീക്ഷണം സ്വാതന്ത്ര്യസമരത്തിന്റെ സമഗ്ര വികാസഗതിക്കും അതിന്റെ നേതാക്കൾക്കും സാധാരണ ജനങ്ങൾക്കും വിനാശകരമായ ഫലമാണുളവാക്കുക”. ആർഎസ്എസ് ദേശീയ സ്വാതന്ത്ര്യ സമരത്തിനെതിരായിരുന്നുവെന്ന് സംശയരഹിതമായി സ്ഥാപിക്കാൻ ഇത് മതിയാകില്ലേ? ബ്രിട്ടീഷ് വിരുദ്ധ ദേശീയ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ് എന്നെങ്കിലും പങ്കെടുത്തിട്ടുണ്ടോ? ഈ ഉദ്ധരണികളെന്താണ് കാണിക്കുന്നത്? ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവാക്കളും തോക്കിൻമുനകളും വെടിയുണ്ടകളും കഴുമരങ്ങളും സധൈര്യം നേരിടുമ്പോൾ, ഇവർ സ്വതന്ത്ര്യസമരത്തെ പിന്തിരിപ്പനെന്നും ദേശസ്‌നേഹരഹിതമെന്നും മുദ്രകുത്തി നിന്ദിക്കുകയായിരുന്നില്ലേ? ആർഎസ്എസിന്റെ ഈ നിലപാടാണ്, അതിനോടുള്ള വിയോജിപ്പ് എന്ന നിലയിൽ, മുസ്ലീംലീഗിന് ഉയർന്നുവരുവാനുള്ള കളമൊരുക്കിയതെന്ന് വിലയിരുത്തിയാൽ തെറ്റുപറയാനാകുമോ? ഇന്ത്യൻ ജനതയെ വിഭജിക്കുവാൻ സഹായിക്കും എന്നതിനാൽ ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണാധികാരികൾ ആർഎസ്എസിനെയും മുസ്ലീം ലീഗിനെയും പ്രീണിപ്പിക്കുകയും പ്രകീർത്തിക്കുകയും പിരികേറ്റുകയും ചെയ്തതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മതം പോലൊരു വിഷയത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെട്ടു എന്നതായിരുന്നു ഇതിന്റെ ദുരന്തഫലം. ആർഎസ്എസിന്റെ രൗദ്രവും വെറുപ്പുനിറഞ്ഞതുമായ വർഗ്ഗീയ പ്രവർത്തനങ്ങൾ അതുകൊണ്ടൊന്നും അവസാനിച്ചില്ല.
മൂന്ന്: ഉൾക്കൊള്ളൽ എന്നതുകൊണ്ട് ആർഎസ്എസ് ഉദ്ദേശിക്കുന്നത് എന്താണ്? ഹൈന്ദവേതര സമുദായങ്ങൾക്ക് അവർ നിർദ്ദേശിച്ച ക്ഷേമനടപടികൾ മുമ്പുദ്ധരിച്ച ഗോൾവാൾക്കറുടെ വാക്യങ്ങളിൽനിന്നുതന്നെ വ്യക്തമാണ്: ”ഹിന്ദുക്കളല്ലാത്തവർ ഹിന്ദുവംശത്തിൽ ലയിക്കുന്നതിനായി അവരവരുടെ വ്യതിരിക്തമായ വ്യക്തിത്വം ഉപേക്ഷിച്ചുകൊണ്ട്… പൗരാവകാശങ്ങൾ ഉൾപ്പെടെ ഒന്നും ആവശ്യപ്പെടാതെ ഹിന്ദു രാഷ്ട്രത്തിന് സമ്പൂർണ്ണമായി കീഴ്‌പ്പെട്ട് ജീവിക്കുക”. നമ്മെ ഒന്നിപ്പിക്കാനുള്ള ഹിന്ദുത്വവാദികളുടെ ‘മൂല്യാധിഷ്ഠിത സംസ്‌കാര’മാണിത്, ‘ഐക്യം സ്ഥാപിക്കുവാൻ മറ്റ് മാർഗ്ഗമൊന്നുമില്ല’. ആദരവിനെയും ഐക്യത്തെയും കുറിച്ചുള്ള ഡോ.ഭഗവതിന്റെ വാക്കുകൾ ആജ്ഞകൾക്കുമേലുള്ള മൂടുപടമാണ്. വാക്കുകളിൽ പൊതിഞ്ഞ മാധുര്യമാകട്ടെ സാഹചര്യങ്ങളുടെ ആവശ്യാർത്ഥവും. ഇന്ത്യക്കാരനാകാൻ ഹിന്ദുവാകണം എന്നതാണ് ആർഎസ്എസിന്റെ ന്യായവാദം! ഭൂരിപക്ഷമായ ഹിന്ദുക്കൾക്ക് അഭിമാനിക്കാനുള്ള വൈവിധ്യവും ഒത്തൊരുമയും സൃഷ്ടിക്കുന്നതിനായി അഹിന്ദുക്കളും ന്യൂനപക്ഷങ്ങളും അനുഷ്ഠിക്കേണ്ട ‘ത്യാഗത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും സമർപ്പണത്തിന്റെയും’ സാരാംശമിതാണ്. ഹിന്ദു വർഗ്ഗീയതയുടെയും ന്യൂനപക്ഷങ്ങൾക്കുമേലുള്ള അതിന്റെ അടിച്ചേൽപ്പിക്കലിന്റെയും ഏറ്റവും നികൃഷ്ടമായ രൂപമല്ലാതെ മറ്റെന്താണിത്?

നേരത്തെ ചുരുക്കത്തിൽ സൂചിപ്പിച്ച പശ്ചാത്തലത്തിലാണ് ഡൽഹി സമ്മേളനം നടന്നത്. ഇന്ന് ഹിന്ദുത്വവാദ ആക്രമണോത്സുകതയും അതിന്റെ ഭ്രാന്തമായ മുസ്ലീംവിരുദ്ധ വർഗ്ഗീയതയും ബുദ്ധിജീവികളുൾപ്പെടെയുള്ള ജനങ്ങൾക്കുമുമ്പിൽ ഏറെക്കുറെ തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. അതിനാൽ ആർഎസ്എസിന് അതിന്റെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതിന് പുതിയ വഴികളും രീതികളും കണ്ടെത്തേണ്ടതായുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിന്റെ ആവശ്യകത ഇതാണ്. ആ ഉദ്ദേശം സാധിക്കുന്നതിന് കുറേക്കൂടി അനുനയിപ്പിക്കുന്ന മൃദുവായ സ്വരത്തിലുള്ള ആലാപനം ആവശ്യമാണ്. ഉദ്ദേശത്തിന്റെയോ വഴികളുടെയോ യാതൊരു മാറ്റവുമല്ല ഇത്.

ഹിന്ദുത്വവാദികളുടെ അതിക്രമങ്ങളെ, ഹിന്ദു സമുദായത്തിൽത്തന്നെയുള്ള നേരായി ചിന്തിക്കുന്ന വലിയൊരു വിഭാഗത്തിനും സ്വീകരിക്കാൻ കഴിയുന്നില്ല എന്നതുകൊണ്ടുള്ള ഒരു കരണംമറിച്ചിലാണിത്. എന്നാൽ, മനോഹരമായ പ്രയോഗശൈലിക്ക് പിന്നിലും ആർഎസ്എസ് രൗദ്രതയുടെ പ്രവാഹമുണ്ട്. അവരുടെ നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്, ഇപ്പോഴും പ്രഖ്യപിക്കുന്നു:”ഞങ്ങളൊരു ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കും”. അതിന്റെ രൂപമെങ്ങനെയെന്നത്, ബീഫ് ഭക്ഷിച്ചു എന്നാരോപിച്ച് അഖ്‌ലാഖിനെ കൊലചെയ്തതുപോലുള്ള ഈയടുത്ത കാലത്തെ സംഭവങ്ങളിൽനിന്നോ താഴെപറയുന്ന ഉദാഹരണങ്ങളിൽനിന്നോ ഊഹിക്കാവുന്നതാണ്. രാജ്യതലസ്ഥാനത്തിന് തൊട്ടടുത്തുള്ള തിതാലി എന്ന ഗ്രാമത്തിലെ ഗ്രാമപഞ്ചായത്ത്, മുസ്ലീങ്ങളുടെ പൊതുസ്ഥലത്തുള്ള നമാസ് നിരോധിക്കുകയും ഏതാണ്ട് എണ്ണൂറോളം വരുന്ന മുസ്ലീംങ്ങൾ താടിവെക്കുന്നത് നിരോധിക്കുകയും അവരുടെ കുട്ടികൾക്ക് ഹിന്ദു പേരുകളിടണമെന്ന് ആജ്ഞാപിക്കുകയും ചെയ്തിരുന്നു. വഖഫ് സ്വത്തായ മുസ്ലീങ്ങളുടെ ഒരു ശ്മശാനഭൂമി പിടിച്ചെടുക്കുകയും പകരം ഗ്രാമത്തിന് വെളിയിൽ വളരെ ദൂരെ ഒരു തുണ്ടുഭൂമി നൽകുകയും ചെയ്തിരിക്കുന്നു. ഇതിനെക്കുറിച്ച് ആലോചിച്ചുനോക്കൂ! ഹിന്ദുരാഷ്ട്രം ഇപ്പോഴും ചിന്തകളിൽ മാത്രമാണുള്ളത്! അത് യാഥാർത്ഥ്യമായാൽ എന്തൊക്കെയാകും സംഭവിക്കുക? ഡോ.ഭഗവത് പറയുന്നു:”സംഘമേധാവിത്വം ഞങ്ങൾക്ക് ആവശ്യമില്ല” പക്ഷെ യാഥാർത്ഥ്യം വെളിവാക്കുന്നത് അദ്ദേഹം കള്ളം പറയുന്നു എന്നല്ലേ? (www. newsclick.in/ many-silencesmo-hanbhagwat: 28 September 2018)
ഹിന്ദുയിസത്തിന്റെയും മനു സംഹിതയുടെയും അനുചരർ ആരുംതന്നെ, അവരുടെ ആചാര്യൻ ഗോൾവാൾക്കറുൾപ്പെടെ, ജാതി സമ്പ്രദായം സാമൂഹിക ഐക്യത്തിന് ഭംഗം വരുത്തുന്നുവെന്നതിന് തെളിവുകളൊന്നും കാണുന്നില്ല. പക്ഷെ, വാസ്തവത്തിൽ ഡൽഹി സർവ്വകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് കോഴ്‌സിൽനിന്ന് കാഞ്ച ഐലയ്യയുടെ പുസ്തകങ്ങൾ പിൻവലിക്കാൻവരെ അവർ ശ്രമിക്കുന്നു. കാരണം, അദ്ദേഹം ദളിത് പഠനങ്ങളുടെ മുൻനിര പ്രതിനിധികളിലൊരാളാണ്. ഹിന്ദുയിസത്തിന്റെ ചരിത്രമെന്നത്, ദളിതരുടെയും പിന്നോക്കമെന്ന് വിളിക്കപ്പെടുന്ന മറ്റുവിഭാഗങ്ങളുടെയും ചരിത്രത്തെ ഉൾക്കൊള്ളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകപോലും ചെയ്യാതെ മനുസംഹിത(ജാതി ചിന്തകളുടെ ഒരു സംഗ്രഹം)യിലെ ആജ്ഞകൾക്കനുസരിച്ച് നയിക്കപ്പെടുന്ന ബ്രാഹ്മണ വിഭാഗത്തിന്റെ ചരിത്രമാണ് എന്ന് സംശയരഹിതമായി ഊന്നിപ്പറയുന്ന ആളാണ്. ഇതും ഇതുപോലുള്ള മറ്റ് അനേകം സംഭവങ്ങളും കാണിക്കുന്നത് സാർവ്വലൗകിക സാഹോദര്യത്തെക്കുറിച്ചൊക്കെയുള്ള പഞ്ചാരവാക്കുകൾ ഉരുവിട്ടുകൊണ്ട് ‘വസുധൈവ കുടുംബക’ത്തിന്റെ പതാകവാഹകർ സ്വന്തം നാട്ടിലെ സാഹോദര്യത്തെ എവ്വിധം ചവിട്ടിത്താഴ്ത്തുന്നു എന്നാണ്. ഡൽഹി യോഗത്തിൽ ഒരു മുഖംരക്ഷിക്കൽ നടപടിയെന്ന നിലയിൽ ഡോ.ഭഗവത് ”ജാതി പീഡനം നമ്മുടെ സമൂഹത്തിൽ നിലനില്ക്കുന്നുണ്ട്” എന്ന് സമ്മതിക്കുകയും ദുരുപയോഗം ചെയ്യാൻ പറ്റാത്തവിധത്തിലുള്ള നിയമങ്ങൾ നിർമ്മിക്കണമെന്നും നടപ്പിലാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. നോക്കൂ, അദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിയുന്നില്ല. ഹിന്ദുത്വമെന്നത് എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതല്ലെന്നും അത് ജാതിവിഭജനം സൃഷ്ടിക്കുന്നതാണെന്നും താഴ്ന്നതെന്ന് വിളിക്കപ്പെടുന്ന ജാതികളുടെമേൽ ജാതിമർദ്ദനം നടത്തുന്നതാണെന്നും അദ്ദേഹത്തിന് അംഗീകരിക്കേണ്ടിവരുന്നു. ദുരുപയോഗം ചെയ്യപ്പെടുന്ന നിയമങ്ങൾക്ക് കുറവൊന്നുമില്ലെന്നും അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

ക്രൂരതയുടെയും വിദ്വേഷത്തിന്റെയും 
അടിസ്ഥാനത്തിൽ അച്ചടക്കം സ്ഥാപിച്ചെടുത്ത ചരിത്രമാണ് ആർഎസ്എസിന്റേത്

ചുറ്റുപാടും ഇന്ന് നടക്കുന്നത് ഭയജനകമാണ്. ചില ദളിത് യുവാക്കൾ പശുക്കളുടെ മൃതദേഹം കൊണ്ടുപോകാറുണ്ട്. ഗ്രാമം വൃത്തിയാക്കുന്ന തോട്ടിപ്പണിയാണവരുടെ ജീവനോപാധി. ആർഎസ്എസുകാർ ഇളക്കിവിട്ട, ഭ്രാന്തുപിടിച്ച ഒരു ജനക്കൂട്ടം ഗോഹത്യ ആരോപിച്ച് അവരെ കൊലചെയ്യുന്നു. ഒരു ഹിന്ദു പെൺകുട്ടിയെ പ്രേമിച്ചു എന്ന കുറ്റംചാർത്തി ബംഗാളിൽനിന്നുവന്ന ഒരു മുസ്ലീം കുടിയേറ്റത്തൊഴിലാളിയെ രാജസ്ഥാനിൽ പൊതുജനമധ്യത്തിൽവെച്ച് അടിച്ച് കൊല്ലുന്നു. മുഴുവൻ സംഭവവും വീഡിയോയിൽ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങൾവഴി പ്രചരിപ്പിക്കുന്നു. കൊലയാളിയാകട്ടെ, ഒരു ന്യൂനപക്ഷ സമുദായാംഗത്തെ കൊലചെയ്തത് മഹത്തരമായ കർത്തവ്യമായി അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്നു.
പക്ഷെ പിന്നീട് വെളിവായത് കണ്ണിൽച്ചോരയില്ലാത്ത ഈ കൊലപാതകം അയാൾ മുൻകൂട്ടി തയ്യാറാക്കിയതാണെന്നും ഹിന്ദുപെൺകുട്ടിയുമായുള്ള പ്രേമം എന്നത് വെറും കെട്ടുകഥയായിരുന്നുവെന്നുമാണ്. ഉത്തർ പ്രദേശിലെ ദാദ്രി ഗ്രാമത്തിലെ അഖ്‌ലാഖിനെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചല്ലോ; ഭ്രാന്തുപിടിച്ച ആൾക്കൂട്ടം, മാട്ടിറച്ചി വീട്ടിൽ സൂക്ഷിച്ചിരിക്കുന്നുവെന്നും ഭക്ഷിച്ചുവെന്നും ആരോപിച്ച് വീട്ടിനുള്ളിൽവച്ച് അദ്ദേഹത്തെ കൊല്ലുകയായിരുന്നു. അന്വേഷണത്തിൽ അത് മാട്ടിറച്ചിയല്ല ആട്ടിറച്ചിയായിരുന്നു എന്നാണ് വെളിവായത്. അന്വേഷണഫലങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി. ചത്ത പശുക്കളെ നീക്കുന്നവരെ ആക്രമിക്കുന്നതിൽനിന്ന് ഒരു ആൾക്കൂട്ടത്തെ തടയാൻ ശ്രമിച്ച ഒരു പോലീസ് ഓഫീസറെയും മറ്റൊരു യുവാവിനെയും ഒരു പ്രാദേശിക ബിജെപി നേതാവിന്റെ നേതൃത്വത്തിൽ ഭ്രാന്തിളകിയ ഒരു ജനക്കൂട്ടം ഈയിടെ കൊല്ലപ്പെടുത്തിയതും ഇതേ യുപിയിലാണ്. രണ്ടാളുകൾ മരിച്ചതാണ് അനേകം പശുക്കൾ ചത്തതിനേക്കാൾ ആളുകളെ അലട്ടുന്നതെന്നാണ് ധിക്കാരപൂർവ്വം ഒരു ബിജെപി മന്ത്രി അഭിപ്രായപ്പെട്ടത്. പശുക്കൾ ചത്തത് സ്വാഭാവികമായോ അല്ലാതെയോ എന്നുള്ളതൊന്നും അദ്ദേഹത്തെ ബാധിക്കുന്ന പ്രശ്‌നമേയല്ല. പ്രധാനമന്ത്രിയുൾപ്പടെയുള്ള ഭരണസംവിധാനം അർത്ഥഗർഭമായ മൗനം പാലിക്കുകയോ കൊലയാളികളുടെ പക്ഷം ചേർന്ന് സംസാരിക്കുകയോ ചെയ്യുമ്പോൾ ഇത്തരം മൃഗീയവും ദാരുണവുമായ സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. പ്രകോപനം സൃഷ്ടിക്കുന്നവരോ കൊലയാളികളോ ഒക്കെ സജീവ ആർഎസ്എസ്-ബിജെപി പ്രവർത്തകരോ ബജ്‌റംഗ് ദൾ പോലുള്ള അവരുടെ ഓരംപറ്റിനിൽക്കുന്ന സംഘങ്ങളിലെ അംഗങ്ങളോ ആണ്. ഇത്തരം പ്രവൃത്തികളുടെ ധാർമ്മിക ഉത്തരവാദിത്വം ഈ ഭരണസംഘങ്ങൾ ഏറ്റെടുക്കുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നതേയില്ല!

ഇന്നത്തെ ഭരണക്രമത്തിൽ ബിജെപി-ആർഎസ്എസ് സംഘം അവരുടെ മനസ്സിലുള്ള ശത്രുക്കൾക്കെതിരെ ശിക്ഷാഭയമേതുമില്ലാതെ കുറ്റാരോപണം നടത്തുകയും ആക്രമിക്കുകയും കൊല്ലുകപോലും ചെയ്തിട്ട്, അക്രമികളെ നിരപരാധികളെന്നു വരുത്തിത്തീർക്കാൻ ഏതറ്റംവരെയും പോകുമെന്നതും ഒരു സ്വാഭാവികരീതിയായി മാറിയിരിക്കുന്നു. സൊറാബുദ്ദീൻവധംപോലെ കുപ്രസിദ്ധമായ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെയും ന്യൂനപക്ഷങ്ങളെ കശാപ്പുചെയ്ത ഗുജറാത്ത് വംശഹത്യപോലുള്ള സംഭവങ്ങളിലെയും സ്ഥിതിയും ഇതുതന്നെയാണ്. സൊറാബുദ്ദീൻ കേസിലെ കുറ്റാരോപിതർ സിബിഐയുടെ തെറ്റായ റിപ്പോർട്ടിന്റെ സഹായത്താൽ എളുപ്പത്തിൽ രക്ഷപ്പെടുകയും ഈ കേസ് കൈകാര്യം ചെയ്ത ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്തിരിക്കുന്നു.
ദീർഘകാലം തങ്ങളുടെ ഭരണം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞ ഗുജറാത്തിൽ ചെയ്തതുപോലെ, നൂറുകൂട്ടം പ്രശ്‌നങ്ങളിൽപ്പെട്ടുഴലുന്ന ജനസാമാന്യത്തിനിടയിൽ കാലുറപ്പിക്കുന്നതിനായി, ബിജെപി-ആർഎസ്എസ് സംഘം ഇടയ്ക്കിടെ വർഗ്ഗീയ പ്രശ്‌നങ്ങൾ ആളിക്കത്തിക്കുന്നു. സ്ഥാപനകാലം മുതൽ ഇവർ ഇതര മതസ്ഥരായ ആളുകൾക്കെതിരെ അങ്ങേയറ്റത്തെ മതദ്വേഷം പ്രകടിപ്പിച്ചുകൊണ്ട് അവരുടെ രക്തത്തിനായി മുറവിളികൂട്ടുകയായിരുന്നു. പ്രായഭേദമെന്യേ അവർക്കുമേൽ കവർച്ചയും കൊള്ളയും മാനഭംഗപ്പെടുത്തലുകളും കണ്ണിൽച്ചോരയില്ലാത്ത കൊലപാതകങ്ങളും ഉൾപ്പെടെ എണ്ണമറ്റ ഭീകരമായ വർഗ്ഗീയാക്രമണങ്ങളാണവർ നടത്തിയിട്ടുള്ളത്. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് കണ്ടതുപോലെ, ക്രൂരമായി സ്ത്രീകളെ മാനഭംഗപ്പെടുത്താനും ഗർഭിണികളുടെ വയർ പിളർന്ന് ഗർഭസ്ഥശിശുവിനെ ശൂലത്തിൽകുത്തി കരാളനൃത്തം ചവിട്ടാനും മടിയില്ലാത്തവിധം ഹൃദയശൂന്യരും ദയാശൂന്യരുമാണ് ഈ സംഘം. കുട്ടികളെ രണ്ടായിപിളർന്നെറിയാനും മടികാണിച്ചില്ല ഇവർ. ചരിത്രമന്ദിരമായ ബാബറി മസ്ജിദ് വെട്ടുകിളികളെപ്പോലെ ആക്രമിച്ചു തവിടു പൊടിയാക്കി. അവരുടെ ഹിന്ദുത്വത്തിന്റെ പ്രകടനങ്ങളായിരുന്നു ഇവയൊക്കെ! മാരകമായി സായുധരായവരും രക്തദാഹികളും ചിട്ടപ്പെടുത്തപ്പെട്ട സേന എന്ന നിലയിൽ പരിശീലനം നേടിയവരും എന്ന നിലയിൽത്തന്നെയാണ് ആർഎസ്എസ്-ബിജെപി സംഘവും ഹിന്ദുത്വവാദി ദളത്തിനുള്ളിലെ അവരുടെ അടുത്ത കൂട്ടാളികളും നാളിതുവരെ പ്രവർത്തിച്ചുകൊണ്ടിരുന്നത് എന്നതാണ് സാരാംശം. ശത്രുക്കൾക്കെതിരെ, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കെതിരെ, ഭ്രാന്തമായ വിദ്വേഷവും അങ്ങേയറ്റം അധഃപതിച്ചതും വർഗ്ഗീയ പ്രേരിതവുമായ കൊലപാതകവാസനയും കൂടിക്കലർന്ന മനോഭാവത്തോടെയാണ് അവർ പ്രവർത്തിക്കുന്നത്. നേതാക്കളോടുള്ള അന്ധമായ വിധേയത്വത്തിന്റെയും ചോദ്യം ചെയ്യാത്ത വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ഈ നേതാക്കളുടെ വെറിപൂണ്ട ആഹ്വാനങ്ങൾക്കനുസരിച്ച് അവർ ഹാലിളകിയിറങ്ങുന്നു. ഇത്തരം സംഭവങ്ങൾക്ക് എല്ലായ്‌പ്പോഴും കാരണമാകുന്നത്, കാപട്യത്തിന്റെയും വഞ്ചനയുടേയും പശ്ചാത്തപരഹിതമായ വൈരത്തിന്റെയുമടിസ്ഥാനത്തിലുള്ള കടുത്ത വിദ്വേഷപ്രചരണമാണ്. പതിവുപോലെ ആർഎസ്എസ് നേതാക്കൾ എല്ലാറ്റിന്റെയും ഉത്തരവാദിത്വം മുസ്ലീങ്ങളുടെമേൽ ചാർത്തിക്കൊടുക്കുകയും ചെയ്യുന്നു. ഇന്നാട്ടിലെ ജനങ്ങളെയും വിഭവങ്ങളെയും ചൂഷണം ചെയ്യാനായി ശക്തമായ ഒരു കൊളോണിയൽ ഭരണസംവിധാനം സ്ഥാപിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നാടെമ്പാടും ഒരു പ്രക്ഷോഭണത്തിനായി ഉണരുന്ന വേളയിലാണ് ആർഎസ്എസ് സ്ഥാപിതമായതെന്നകാര്യം വിസ്മരിക്കരുത്. താനൊരു നിരീശ്വരവാദിയാണെന്ന് ശഹീദ് ഭഗത്‌സിംഗ് സധൈര്യം പ്രഖ്യാപിച്ചതും മതം മനുഷ്യന്റെ വ്യക്തിപരമായ കാര്യമാണെന്നും എതിർക്കപ്പെടേണ്ട ശത്രുവാണ് വർഗ്ഗീയതയെന്നും രാഷ്ട്രീയമെന്നത് സാമ്പത്തിക, രാഷ്ട്രീയ, ശാസ്ത്രീയ സിദ്ധാന്തങ്ങളാൽ നയിക്കപ്പെടേണ്ടതാണെന്നും നേതാജി സുഭാഷ് ചന്ദ്രബോസ് ഉദ്‌ഘോഷിച്ചതുമായ കാലമാണത്. മാർക്‌സിസം-ലെനിനിസമെന്ന അജയ്യമായ പ്രത്യയശാസ്ത്രത്തിന്റെ ബലത്തിൽ ആദ്യ സോഷ്യലിസ്റ്റ് രാഷ്ട്രം ഉദിച്ചുയരുന്നതും അതിന്റെ പ്രഭാവത്തിൽ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ്-ഇടതുപ്രക്ഷോഭണങ്ങൾ വളർന്നുവരുന്നതും ഇക്കാലത്തുതന്നെയാണ് ലോകം കണ്ടത്. സാമ്രാജ്യത്വ ഭരണാധികാരികൾ മാത്രമല്ല അവരിൽ നിന്നധികാരം നേടി സ്വന്തമായ ചൂഷണ ഭരണം സ്ഥാപിക്കാൻ വെമ്പിനിന്ന ദേശീയ ബൂർഷ്വാസിയും തൊഴിലാളിവർഗ്ഗ വിപ്ലവത്തെ ഭയന്നുതുടങ്ങിയിരുന്നു.
ഈ ദേശീയ ബൂർഷ്വാസി ശാസ്ത്രീയ ചിന്തയേക്കാൾ മതചിന്തയോട് ചായ്‌വുകാണിക്കുകയും സ്വാതന്ത്ര്യസമരത്തിലെ വിപ്ലവ ധാരയെ ശക്തമായെതിർക്കുകയും ചെയ്തു. അവർ ഉയർത്തിപ്പിടിച്ചത് സർവ്വ ധർമ്മ സമന്വയത്തിന്റെ ദേശീയതയായിരുന്നു. അതാകട്ടെ ഹിന്ദുമതാധിഷ്ഠിത ദേശീയതയും. ഹിന്ദുമതത്തിലെ ഉയർന്നതെന്നു കരുതപ്പെട്ട ജാതികളുടെ മേധാവിത്വത്തിലായതിനാൽ അത് മുസ്ലീങ്ങളെ മാത്രമല്ല പിന്നാക്കമെന്നു വിളിക്കപ്പെടുന്ന ജാതിവിഭാഗങ്ങളെയും അന്യവൽക്കരിച്ചു. ഈ പരിമിതികൾക്കിടയിലും, ഊക്കോടെ ഉയരുന്ന വിപ്ലവധാരയ്‌ക്കൊപ്പം, ശക്തമായ സ്വാതന്ത്ര്യസമര പ്രക്ഷോഭണങ്ങൾ വികസിച്ചുവന്നു. ഇത് ബ്രിട്ടീഷ് ഭരണാധികാരികളെ പരിഭ്രാന്തരാക്കുകയും അവർ വിഭജിച്ചുഭരിക്കുക എന്ന തന്ത്രം പ്രയോഗിക്കുകയും ചെയ്തു. അങ്ങനെ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സേവിക്കാനുള്ള ഉപാധി എന്ന നിലയിൽ ആർഎസ്എസും ഹിന്ദുമഹാസഭയും മുസ്ലീംലീഗും പ്രവർത്തിക്കാൻ തുടങ്ങി. ഈ ദൗർബല്യങ്ങളൊക്കെയുണ്ടായിരുന്നെങ്കിലും സ്വാതന്ത്ര്യസമരത്തിന്റെ ശക്തമായ സ്വാധീനം നിമിത്തം ആർഎസ്എസിനും ഹിന്ദുത്വവാദികൾക്കും അവരാഗ്രഹിച്ചമുന്നേറ്റം നേടാനായില്ല എന്നതും വാസ്തവമാണ്. എന്നിരുന്നാലും അവർ ശത്രുവായി കരുതുന്നവർക്കെതിരെയുള്ള കഠിനവിദ്വേഷം പുലർത്തിക്കൊണ്ട് അവർ നിലനിന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ, ക്രൂരതയുടെയും സെമറ്റിക് മതങ്ങളോടുള്ള വൈരത്തിന്റെയും പ്രതീകമായ ജർമ്മൻ നാസികളെ പ്രകീർത്തിക്കാനും മുസ്സോളിനിയുടെ ഫാസിസ്റ്റ് സേനയെ അനുവർത്തിക്കാനും അവർ തയ്യാറായി. പുതിയ അംഗങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ ചേർക്കുന്നതിനായി അവർ പൊതുപ്രവർത്തകരായി വേഷംകെട്ടി. ഡോ.ഭഗവത് സൂചിപ്പിച്ചതുപോലെ, അവർ അവരുടെ നേതാക്കളെ, സാമൂഹികനന്മയും വ്യക്തിനിർമ്മാണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന, സർവ്വശക്തരും പ്രവാചകത്വമുള്ളവരുമായി ചിത്രീകരിച്ചു. നിരുപദ്രവകരമായ സാമൂഹികപ്രവർത്തനങ്ങളുടെയും മതനാട്യങ്ങളുടെയും പുകമറയ്ക്കുപിന്നിൽ നിന്നുകൊണ്ട് അവർ, ന്യൂനപക്ഷങ്ങൾക്കുനേരെ കടന്നാക്രമണം നടത്താനുള്ള, അന്ധമായ അംഗബലം കൈമുതലാക്കിയ ഫാസിസ്റ്റ് സേനയെ വാർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. വിഭജിച്ചുഭരിക്കുക എന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെ ഹീനതന്ത്രത്തിനായി ഉപയോഗിക്കപ്പെട്ടതിനാൽ ഇവരുടെ വർഗ്ഗീയാക്രമണങ്ങളുടെ കാട്ടാളത്തം സാമാന്യജനങ്ങൾ വേണ്ടത്ര മനസ്സിലാക്കിയില്ല എന്നുമാത്രമല്ല മുഖ്യധാര രാഷ്ട്രീയത്തിലും ആർഎസ്എസിന് അനുഭാവികളെ സംഘടിപ്പിക്കാൻ കഴിയുകയും ചെയ്തു. തലമുറകൾക്കുശേഷവും മാഞ്ഞുപോകാത്ത ദുരനുഭവങ്ങളാണ് ആർഎസ്എസിന്റെ ഇരകളായവർക്ക് ഇതുവഴിയുണ്ടായത്.

ആർഎസ്എസും  രാഷ്ട്രീയവും

ഈ പശ്ചാത്തലത്തിൽ, ഡൽഹി യോഗത്തിൽ സംസാരിച്ച ഡോ.ഭഗവത് ഉൾപ്പടെ ആർഎസ്എസിന്റെ ഇപ്പോഴത്തെയും പഴയകാലത്തെയും നേതാക്കൾ അവകാശപ്പെട്ടുവരുന്നത്, സ്ഥാപനകാലംതൊട്ടുതന്നെ ആർഎസ്എസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് ബോധപൂർവ്വം വിട്ടുനിൽക്കുകയായിരുന്നു എന്നാണ്. സംഘത്തിന്റെ ഭാരവാഹികൾ രാഷ്ട്രീയപാർട്ടികളുടെ അംഗങ്ങളാകുന്നത് അനുവദിക്കാതിരിക്കുകയും അവർ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുന്നുവെന്ന് കരുതപ്പെടുകയും ചെയ്യുന്നു. ഇതാകട്ടെ, കുത്സിതലക്ഷ്യത്തോടെ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഗീബൽസിയൻ തന്ത്രം തന്നെയാണ്. സ്വാതന്ത്ര്യ സമരകാലത്തുതന്നെ, 1941ൽ ഇന്നാട്ടിലെ ജനങ്ങളോട് സുഭാഷ് ചന്ദ്രബോസ് മുന്നറിയിപ്പ് നൽകി: ”കൈയിൽ ത്രിശൂലമേന്തിയ സന്യാസികളെയും സന്യാസിനിമാരെയും വോട്ടഭ്യർത്ഥിക്കുന്നതിനായി ഹിന്ദുമഹാസഭ അയച്ചിട്ടുണ്ട്. ത്രിശൂലവും കാവിവസ്ത്രവും കാണുമ്പോൾ എല്ലാ ഹിന്ദുക്കളും ശിരസ്സുനമിക്കും. ഈ സാഹചര്യത്തെ മുതലെടുത്തുകൊണ്ടും മതത്തെ മലിനപ്പെടുത്തിക്കൊണ്ടും ഹിന്ദുമഹാസഭ ഈ രംഗത്ത് പ്രത്യക്ഷപ്പെടുന്നു… ദേശീയ ജീവിതത്തിൽനിന്ന് ഈ വഞ്ചകരെ ഒറ്റപ്പെടുത്തൂ… അവരെ കേൾക്കാനേ പോകരുത്.”(ജാഗ്രാവിലെ പ്രസംഗത്തിൽനിന്ന്)
ഇന്ന്, പ്രയോഗത്തിലിരിക്കുന്നതും വ്യവസ്ഥാപിതവുമായ മാനദണ്ഡങ്ങൾക്ക് തരിമ്പും വില കല്പിക്കാതെ, ഉയർന്ന രാഷ്ട്രീയനേതാക്കളെ മാത്രമല്ല സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക രംഗങ്ങളിലെ വിവിധ സംഘടനകളുടെ തലപ്പത്തുള്ള വ്യക്തികളെവരെ ആർഎസ്എസ് പ്രവർത്തകരിൽനിന്നാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തെരഞ്ഞെടുക്കുന്നത്. ഞങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള നിശ്ചിതമായ പ്രവർത്തനങ്ങളൊന്നും ഞങ്ങൾ നടത്താറില്ല, അതങ്ങനെ സംഭവിക്കുന്നതാണ് എന്ന ഡോ.ഭഗവതിന്റെ അവകാശവാദം പൊളിയാണെന്ന് ഇത് കൃത്യമായും കാണിച്ചുതരുന്നു. ഈ രാജ്യത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കാനും പിന്നീട്, ഇക്കാലമത്രയും നടത്തിയ അനിയന്ത്രിതമായ നശീകരണത്തിനുശേഷവും നിലനിൽക്കുന്ന തുച്ഛമായ ജനാധിപത്യ രീതികളെ ചവിട്ടിയരയ്ക്കാനും ജനാധിപത്യത്തിന്റെ ഇരിപ്പിടങ്ങളായി ഇന്നും നിലകൊള്ളുന്ന സ്ഥാപനങ്ങളെ തകർക്കാനുംവേണ്ടി ബിജെപി-ആർഎസ്എസ് സംഘത്തിന് നരേന്ദ്രമോദിയെയും അമിത് ഷായെയും പോലുള്ള ആർഎസ്എസ് പ്രവർത്തകരെ ആവശ്യമാണ്. അപ്പോൾ ബിജെപിക്ക് രാഷ്ട്രീയാധികാരത്തിലെത്താനുള്ള ചവിട്ടുപടിയായിരുന്നു ആർഎസ്എസ്. നേരായതോ അല്ലാത്തതോ ആയ ഏതുമാർഗ്ഗത്തിലൂടെയും അധികാരം നിലനിർത്താനാണ് ബിജെപി-ആർഎസ്എസ് സംഘം പ്രവർത്തിക്കുന്നത്. ആർഎസ്എസിന്റെ അരാഷ്ട്രീയ സ്വഭാവത്തെയും ബിജെപിയിൽ ആർഎസ്എസ് പ്രവർത്തകരുടെ ആധിക്യത്തെയും ന്യായീകരിക്കാൻ ഡോ.ഭഗവത് പറയുന്നത് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾ സ്വയം സേവകരോട് ആവശ്യപ്പെടാറില്ല എന്നാണ്. ആർഎസ്എസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന യാഥാർത്ഥ്യം മറച്ചുവക്കാനുള്ള വഞ്ചനാപരമായ ഒരു പ്രസ്താവന മാത്രമാണിത്. ഒരു വശത്ത്, സാമൂഹിക പ്രവർത്തനങ്ങളുടേതെന്ന് വിളിക്കാവുന്ന ഒരു മുഖം നിലനിർത്തുകയും അതിന്റെ മറവിൽ അവരുടെ ശാഖകളിൽ ആയുധവും സൈനികസമാനമായ അച്ചടക്കവും പരിശീലിപ്പിക്കുന്നു. മറുഭാഗത്ത് ബിജെപിയെ തങ്ങളുടെ രാഷ്ട്രീയ ഉപകരണമായി നിലനിർത്തുകയും ചെയ്യുന്നു. കഴിഞ്ഞകാലങ്ങളിൽ അവർ അനുവർത്തിച്ചിരുന്നതും ഇപ്പോഴും വർദ്ധിത വീര്യത്തോടെ തുടരുന്നതുമായ കൗശലമാണിത്.
ഡോ.ഭഗവത് കൂട്ടിച്ചേർക്കുന്നു:”രാഷ്ട്രീയത്തിൽനിന്ന് ഞങ്ങളകന്നു നിൽക്കുന്നെങ്കിലും ദേശീയ നയങ്ങളെക്കുറിച്ച് ഞങ്ങൾക്ക് അഭിപ്രായങ്ങളുണ്ട്; ഞങ്ങൾക്ക് ശക്തിയുണ്ടെങ്കിൽ അതുപയോഗിച്ച് അവ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യും. പക്ഷെ ഞങ്ങളത് രഹസ്യമായല്ല മറിച്ച് പൂർണ്ണമായ പൊതുജാഗ്രതയ്ക്കു മുമ്പിലാണ് ചെയ്യുന്നത്.” തന്റെ ഉദാഹരണങ്ങളിലെ വൈരുദ്ധ്യങ്ങളും വഞ്ചനയും മനസ്സിലാക്കാൻ കഴിവില്ലാത്ത മണ്ടൻമാരായാണോ ഡൽഹിയിലെ പ്രമാണിമാരെയും അല്ലെങ്കിൽ രാജ്യത്തെ ജനങ്ങളെയും ഡോ.ഭഗവത് പരിഗണിക്കുന്നത്? ആർഎസ്എസ് നേതാക്കൾ രാഷ്ട്രീയ നേതാക്കളെ സന്ദർശിക്കുന്നത് വെറും ഉപചാരത്തിന്റെ പുറത്തുമാത്രമാണോ? ഈ രാഷ്ട്രീയനേതാക്കളാകട്ടെ ആർഎസ്എസുകാർ അല്ലാതെ മറ്റാരുമല്ലതാനും. തരംകിട്ടുമ്പോൾ എടുത്തുപയോഗിക്കാൻ പാകത്തിന് രാഷ്ട്രീയ നയങ്ങൾ തന്നെയായ തങ്ങളുടെ ദേശീയ നയങ്ങൾ, അവർ ഒളിപ്പിച്ചുവക്കുന്നതെന്തിന്?

ഭരണകുത്തകകളുടെ  പ്രിയ സേവകരായി 
ആർഎസ്എസ്-ബിജെപി സംഘം ഉയർന്നുവന്നിരിക്കുന്നു

തങ്ങളുടെ യഥാർത്ഥ പദ്ധതി മറച്ചുവച്ചുകൊണ്ട് ജനങ്ങളെ വഴിതെറ്റിക്കാനും അബദ്ധത്തിൽ ചാടിക്കാനുമുള്ള കൗശലവിദ്യകളല്ലാതെ മറ്റൊന്നുമല്ല ഡൽഹി സമ്മേളനത്തിലുണ്ടായിരുന്നത്; ഇതാകട്ടെ പുതിയതൊന്നുമല്ല മറിച്ച് സ്ഥാപനകാലം മുതൽ രാഷ്ട്രത്തെ വഞ്ചിച്ച, കള്ളവും കാപട്യവും വിദ്വേഷവും മതപരിഗണനയിൽ ശത്രുക്കളാണെന്നുകരുതുന്നവരോടുള്ള ഒടുങ്ങാത്ത പകയുംകൊണ്ട് തിടംവച്ച, ഒരു സംഘടനയുടെ ചരിത്രത്തിന്റെ തുടർച്ച തന്നെയുമാണ്. ഇതൊന്നും മതത്തോടുള്ള മമത കൊണ്ടല്ല മറിച്ച് അധികാരത്തിന് വേണ്ടിയാണ്. ഈ മുതലാളിത്ത ഭരണകൂടത്തിൽ പാർലമെന്ററി ജനാധിപത്യമെന്നത്, തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ വിശ്വസ്തരായ രാഷ്ട്രീയ കാര്യകർത്താക്കളാക്കിമാറ്റിക്കൊണ്ട്, ഭരണ കുത്തകകൾക്ക് പിന്നിൽനിന്നുകൊണ്ട് അവരുടെ വാഴ്ച ഉറപ്പിച്ചെടുക്കാനും ശക്തിപ്പെടുത്താനും തുടർന്നുകൊണ്ട് പോകാനുമുള്ള, മുഖാവരണം മാത്രമാണ്. ജീവിതം ദുസ്സഹമാക്കിയ ജനവിരുദ്ധവും കുത്തകാനുകൂലവുമായ നയങ്ങൾമൂലം കോൺഗ്രസ്സ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ ജനസ്വാധീനം ദ്രുതഗതിയിൽ ഇടിഞ്ഞപ്പോഴാണ് ചെല്ലും ചെലവും നൽകി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ക്കുപിന്നിൽ ഇന്ത്യയിലെ ഭരണവർഗ്ഗം അണിനിരന്നത്.
മുതലാളിത്ത ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്നതിനെ തടയുംവിധത്തിൽ, ആർഎസ്എസിനെ കൂടെനിർത്തി ഗുജറാത്തിലെ മോദി സർക്കാർ, ഭരണസംവിധാനത്തിന്റെ മുഴുവൻ പിന്തുണയോടെയും മുസ്ലീങ്ങൾക്കെതിരെ കിരാതമായ വംശഹത്യ നടത്തി ജനങ്ങളെ നെടുകെ പിളർത്തുന്നതിൽ തങ്ങളുടെ പ്രാവീണ്യം തെളിയിച്ചിരുന്നു. ഡൽഹിയിൽ മോദി ഉള്ളപ്പോൾ, ഡോ. ഭഗവത് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചതുപോലെ, പരിഗണിക്കപ്പെടേണ്ട ഒരു ശക്തിയെന്നനിലയിൽ ഉയരുന്നതിലേക്കുള്ള സുഗമമായ പാത ആർഎസ്എസും ബിജെപിയും കണ്ടെത്തി.
പ്രതിസന്ധിഗ്രസ്തമായ ലോകമുതലാളിത്തത്തിന്റെ അവിഭാജ്യ ഭാഗമെന്ന നിലയിൽ ഇന്ത്യൻ മുതലാളിത്തവും കടുത്ത, ആകമാനപ്രതിസന്ധിയെ നേരിടുകയാണ്. ഇതിനിടയിൽ മോദി സർക്കാരിന്റെ കുത്തകാനുകൂലനയങ്ങൾ, പരമാവധി ലാഭം നേടിക്കൊണ്ട് അങ്ങേയറ്റം നേട്ടം കൊയ്‌തെടുക്കാൻ കുത്തകകളെ സഹായിക്കുകവഴി സാധാരണക്കാരെ എല്ലും തോലും മാത്രമാക്കി മാറ്റിയിരിക്കുന്നു. ഇതവരിൽ വർദ്ധിതമായ അമർഷവും രോഷവും സൃഷ്ടിക്കുന്നുണ്ട്. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവെട്ടത്തെത്തി നിൽക്കുമ്പോൾ ബിജെപി-ആർഎസ്എസ് സഖ്യംഅനിശ്ചിതമായ ഒരു ഭാവിയെ നേരിടുന്നതിന് ഇത് കാരണമായിരിക്കുന്നു. ഭരണവർഗ്ഗത്തെ സേവിക്കുന്നതിനായി സ്വന്തം പ്രതിച്ഛായ മിനുക്കിയെടുക്കുകയും അധികാരം നിലനിർത്തുകയും ചെയ്യേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. അതിനുള്ള ഒരു മാർഗ്ഗമെന്ന നിലയിലാണ് അവർ ഈ യോഗം സംഘടിപ്പിച്ചത്.

മോഹൻ ഭഗവതിന്റെ പ്രഭാഷണവും ഫാസിസവും

നേരത്തേ സൂചിപ്പിച്ചതുപോലെ മിതത്വത്തിന്റെയും അനുനയലക്ഷ്യത്തോടെയുള്ള പക്വതയുടെയും സ്വരത്തിലാണ് ഈ സമ്മേളനം മുഴുവൻ സംഘടിപ്പിക്കപ്പെട്ടത്. അങ്ങനെ, ഒളിഞ്ഞും തെളിഞ്ഞുമുള്ള മാർഗ്ഗങ്ങൾ, വളച്ചൊടിക്കപ്പെട്ട സത്യങ്ങൾ, അർദ്ധസത്യങ്ങൾ, പൊയ്മുഖങ്ങൾ, വഞ്ചന, എന്നിവയിലൂടെയൊക്കെയാണ് ആർഎസ്എസ് മേധാവി തങ്ങളുടെ വാദമുഖങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്നത്. അവരുടെ ലക്ഷ്യങ്ങൾക്ക് ഹാനികരമായ അഹിതവിഷയങ്ങളെ ഒഴിവാക്കി. അതുകൊണ്ട് സവർക്കർ, ഗോൾവാൾക്കർ, മുൻജേമാർ പ്രകടമായും വകഞ്ഞുമാറ്റപ്പെട്ടു. പകരം, തികഞ്ഞ കൗശലത്തോടെ, സ്വാതന്ത്ര്യസമരത്തിലെ പങ്കിന് കോൺഗ്രസിനെ പ്രകീർത്തിച്ചു, രവീന്ദ്രനാഥ ടാഗോറിനെയും ഡോ. അബ്ദുൾ കലാമിനെവരെയും അനുസ്മരിച്ചു, എം.എൻ.റോയിയെക്കുറിച്ചും വിദർഭയിലെ സിപിഐ നേതാവിനെക്കുച്ചും പറഞ്ഞുകൊണ്ട് ഉപസംഹരിച്ചു. ഉദ്ദേശം വളരെ വ്യക്തമായിരുന്നു; ആർഎസ്എസ് എത്ര ജനാധിപത്യപരമായിരുന്നെന്നും, ആണെന്നും ഉള്ള തോന്നൽ കഴിയുന്നിടത്തോളം ജനങ്ങളിൽ എത്തിക്കുക.

ഇവിടെയാണ് കൊടിയ അപകടം പതിയിരിക്കുന്നത്. ശരിയായ പശ്ചാത്തലത്തിലുള്ള ഇതിന്റെ സാംഗത്യം മനസ്സിലാക്കണമെങ്കിൽ, എസ്‌യുസിഐ(സി) സ്ഥാപക ജനറൽ സെക്രട്ടറിയും സമുന്നത മാർക്‌സിസ്റ്റ് ദാർശനികരിലൊരാളുമായ സഖാവ് ശിബ്ദാസ്‌ഘോഷ് ഫാസിസത്തെക്കുറിച്ച് നൽകിയ അമൂല്യപാഠങ്ങളിലേയ്ക്ക് നാം ശ്രദ്ധ തിരിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ വിശകലനത്തിൽ ഫാസിസമെന്നത് പ്രിതിവിപ്ലവത്തിന്റെ ചരിത്രപരമായി പരുവപ്പെടുത്തപ്പെട്ട ഒരു രൂപമാണ്. നിലനിൽക്കുന്ന വ്യവസ്ഥയോടുള്ള ജനങ്ങളുടെ വർദ്ധിതമായ അസംതൃപ്തിയാൽ പ്രതിസന്ധിഗ്രസ്തമായ ഈ മുതലാളിത്തക്രമം തകർന്നടിഞ്ഞുപോകുന്നതിൽനിന്ന് രക്ഷപ്പെടുത്താനുള്ള പദ്ധതിയാണിത്. അനുകമ്പയില്ലാത്ത അടിച്ചമർത്തലിന്റെയും അനുനയത്തിന്റെയും അഥവാ വഞ്ചനയുടെയും ഇരട്ട മുഖമാണതിന്റെ സവിശേഷത. ഇന്ന് ഇന്ത്യയിൽ നിർണ്ണായക സന്ദർഭങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുമ്പോൾ മറുവശത്ത് ആർഎസ്എസ്-ബിജെപി സഖ്യം ന്യൂനപക്ഷങ്ങൾക്കും മറ്റ് പ്രാന്തവത്കൃത ജനവിഭാഗങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങളും വർഗ്ഗീയസംഘർഷങ്ങളുമൊക്കെ ഉൾക്കൊള്ളുന്ന ഹിന്ദുത്വവാദ അജണ്ട നടപ്പാക്കുകയാണ്. അതിനുകഴിയാത്തയിടങ്ങളിൽ ഇവർ നീചമായ വിദ്വേഷപ്രചരണം ആഴിച്ചുവിടുന്നു. ഭരണകുത്തകകൾക്കെതിരെ ഒരു യോജിപ്പിന്റെ മുഖം കാണിക്കാൻ കഴിയാത്തവിധം, പണിയെടുക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ വിഭജനവും തമ്മിൽതമ്മിലുള്ള കലഹവും സൃഷ്ടിക്കാൻ ഉദ്ദേശിക്കപ്പെട്ടതാണീ നടപടികൾ. മറ്റൊരുവശത്ത്, കടിഞ്ഞാണില്ലാത്ത കാവിവൽക്കരണംവഴി ശാസ്ത്രീയ-മതേതര മനോഘടനയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ, സാധാരണ ജനങ്ങളെ അപമാനവീകരിക്കുന്നതിലേക്കുനയിക്കുകയും അവരെ അന്ധതയുടെയും അന്ധവിശ്വാസത്തിന്റെയും കീഴടങ്ങലിന്റേതുമായ ഇരുട്ടറകളിലേയ്ക്ക് തള്ളിവിടുകയും ചെയ്യുന്നു. ഫാസിസത്തിന് വളർന്നുവരാനുള്ള ശരിയായ കളമൊരുക്കലാണിതിലൂടെ നടക്കുന്നത്. ഇവ്വിധം അപമാനവീകരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള അനുനയത്തിന്റെയും വഞ്ചനയുടെയും വഴിയിലൂടെയാണ്, അന്ധമായ വിശ്വാസത്തിന്റെയും, അശാസ്ത്രീയവും യുക്തിഹീനവുമായ ആശയങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന, നിഷ്‌കളങ്കരും രാഷ്ട്രീയബോധം കുറഞ്ഞവരും ചിന്താകുഴപ്പത്തിലുള്ളവരുമായ ജനവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ചെടുക്കാൻ ആർഎസ്എസ്-ബിജെപി സഖ്യം ശ്രമിക്കുന്നത്. ഇതിന്റെയടിസ്ഥാനത്തിലാണ് വികസനത്തിന്റെയും ഉൾക്കൊള്ളലിന്റെയുമൊക്കെ മുദ്രാവാക്യങ്ങളുയർത്തി ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് ഭരണവർഗ്ഗത്തിനും കുത്തകകൾക്കും തങ്ങളുടെ ഫാസിസ്റ്റ് നയങ്ങൾ നടപ്പാക്കാൻ കഴിയുന്നത്. ഡോ.മോഹൻ ഭഗവതിന്റെ ഡൽഹി പ്രസംഗം ഈ സവിശേഷതകളെല്ലാം പുലർത്തുന്നുണ്ട്. മധുരം പുരട്ടിയ വാക്കുകൾ പറഞ്ഞും അഹിതകരമായ കാര്യങ്ങൾ പറയാതെയും അത് ആർഎസ്എസ്, ഹിന്ദുത്വവാദി പ്രഭൃതികളുടെ ഭ്രാന്തമായ വർഗ്ഗീയ പ്രത്യശാസ്ത്രത്തെത്തന്നെയാണ് ദൃഢീകരിക്കുന്നത്.

ഇടതുജനാധിപത്യ പ്രക്ഷോഭണങ്ങളുടെ 
അഭാവമാണ് ഭയാനകമായ രീതിയിലേക്ക് വളരാൻ ആർഎസ്എസിനെ സഹായിച്ചത്

ഈ രാജ്യത്തുള്ളവരെല്ലാം ഹിന്ദുക്കളാണെന്നും അല്ലാത്തവരെ ഞങ്ങൾ നിർബന്ധപൂർവ്വം മാറ്റിയെടുക്കുമെന്നും വഴങ്ങുന്നില്ലെങ്കിൽ ഉന്മൂലനാശം വരുത്തുമെന്നുമൊക്കെ അഹങ്കാരപൂർവ്വം പ്രഖ്യാപിക്കുന്ന ശക്തികളാണ് ഈ നാട്ടിൽ അധികാരം കൈയാളുകയും രാജ്യം ഭരിക്കുകയും ചെയ്യുന്നത്. ഈ ധാർഷ്ട്യം ഫലത്തിൽ എതിർക്കപ്പെടാതെ പോകുകയാണ്; എന്തുകൊണ്ട്? ഇതാണ് ഉത്തരം കണ്ടെത്തേണ്ട ചോദ്യം.
എന്തൊക്കെ പോരായ്മകളുണ്ടായിരുന്നാലും സാമ്രാജ്യത്വത്തിനെതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ കാലത്ത് ഈ ശക്തികൾക്ക് ഇവ്വിധം തലയുയർത്തി വിഷം ചീറ്റുവാൻ കഴിയുമായിരുന്നില്ല. ഇന്ന് രാജ്യത്ത് അത്തരമൊരന്തരീക്ഷം ഉണ്ടായിരുന്നുവെങ്കിൽ പോരാടുന്ന ജനങ്ങൾ ഈ ശക്തികളെ ഒറ്റപ്പെടുത്തുകയും തുടച്ചുനീക്കുകയും ചെയ്യുമായിരുന്നു. പകരം, ഈ ശക്തികൾ ജനാധിപത്യത്തെക്കുറിച്ച് അട്ടഹസിക്കുകയും പാർലമെന്റിന്റെ പടിവാതിലിൽ നാടകീയമായി സാഷ്ടാംഗം പ്രണമിക്കുകയും അതിനുള്ളിൽ കടന്നശേഷം തങ്ങൾ ശത്രുവായിക്കരുതുന്ന മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനത്തിന്റെയും വിഭജനത്തിന്റെയും ഉന്മൂലനത്തിന്റെയും വാളോങ്ങുകയും ചെയ്യുന്നു. അവർക്കിതെങ്ങനെ കഴിയുന്നു? സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യൻ കുത്തകകളുടെ ഭരണം സ്ഥാപിതമാകുകയും അത് ഇത്രയും കാലംകൊണ്ട് ആഴത്തിൽ വേരോടുകയും ചെയ്തിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെയും മഹത്തായ സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സ്വാധീനത്താൽ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളിന്മേലുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സ്വാതന്ത്ര്യത്തിന്റെ ഒരു പതിറ്റാണ്ടിനുശേഷവും ഇവിടെ വളർന്നുവന്നിരുന്നു. കമ്മ്യൂണിസത്തിന്റെ കൊടിയടയാളം പേറുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചൂടേറ്റുനിൽക്കുകയും ചെയ്ത അവിഭജിത സിപിഐ വലിയ ഇടതുപക്ഷ പാർട്ടി എന്ന നിലയിൽ മുന്നോട്ടുവന്ന് ജനസമരങ്ങളെ നയിച്ചിരുന്നു. ജനപിന്തുണയോടെ ഭീമാകാരം പൂണ്ടെങ്കിലും പിന്നീട് അവർ പാർലമെന്ററി രാഷ്ട്രീയത്തിന്റെ വിശ്രാന്തിയിലേക്കമരുകയായിരുന്നു. കമ്മ്യൂണിസ്റ്റെന്നറിയപ്പെട്ട സിപിഐ(എം) പോലുള്ള അതിന്റെ പിൽക്കാല വിഭാഗങ്ങളും വിശ്വസ്തരായ മറ്റുകക്ഷികളുമായിച്ചേർന്ന്, പാർലമെന്ററി അധികാരത്തിലെത്തുന്നതും അതിന്റെ അനുബന്ധ നേട്ടങ്ങൾ കരസ്ഥമാക്കുന്നതും സ്വപ്‌നം കാണാൻ തുടങ്ങി. അതിനുശേഷം അവരുടെ രാഷ്ട്രീയം, ജനങ്ങളെ വോട്ടുബാങ്കായി കണക്കാക്കുന്നതും അവരെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഊർജ്ജസ്വലരാക്കുന്നതും അധികാരത്തിലെത്തിയാൽ പോരാട്ടങ്ങളെ മറന്ന് കുത്തകകളെ സേവിച്ചുകൊണ്ട് അധികാരത്തിന്റെ ഇടനാഴിയിൽത്തന്നെ നിലകൊള്ളുന്നുവെന്ന് ഉറപ്പിക്കുന്നതുമായ ചളിക്കുണ്ടിലേക്ക് ആഴ്ന്നുപോയി. ആരുമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനും നിരവധി വർഗ്ഗീയ കലാപങ്ങളുടെ സ്രഷ്ടാക്കളായ കോൺഗ്രസ്സിനെ മതേതര ശക്തിയെന്ന് വിളിക്കാനും ആവശ്യമെങ്കിൽ ബിജെപിയുമായിപ്പോലും സഖ്യമുണ്ടാക്കാനും അവർക്കതുവഴികഴിഞ്ഞു. ഉയർന്നുവരുന്ന ഹിന്ദുത്വവാദ ഭീഷണികൾക്കെതിരെ ഉൾപ്പടെ, ജനങ്ങളുടെ താത്പര്യങ്ങളും മുദ്രാവാക്യവുമുയർത്തിപ്പിടിച്ചുകൊണ്ട് വളർന്നുവരേണ്ട ഒരു ഇടതു ജനാധിപത്യ പ്രക്ഷോഭസഖ്യത്തിന്റെ സാധ്യതയ്ക്കുമുന്നിലെ തടസ്സമായി മാറാനും ഈ പാർലമെന്ററി രാഷ്ട്രീയം വഴിവച്ചു. കടുത്ത വർഗ്ഗീയവാദികളും കമ്മ്യൂണിസ്റ്റ് വിരുദ്ധരുമായ ശക്തികൾ, ഇടത്-ജനാധിപത്യ ശക്തികളുടെ ഈ ദൗർബ്ബല്യം പൂർണ്ണമായും മുതലെടുത്തു. രാജ്യമെമ്പാടുമുള്ള ജനങ്ങളിലേയ്ക്ക് പതുക്കെ അവർ അവരുടെ നീരാളിക്കൈകൾ പടർത്തി. ഗാന്ധിവധത്തിന്റെ പേരിൽ ഒരിക്കൽ കോൺഗ്രസ്സ് ആർഎസ്എസിനെ നിരോധിച്ചതാണ്.

എന്നാൽ കുറഞ്ഞകാലത്തിനുള്ളിൽത്തന്നെ അത് പിൻവലിക്കുകയും ചെയ്തു. കോൺഗ്രസ്സ് ആർഎസ്എസിനെ പ്രീണിപ്പിക്കാൻപോലും ശ്രമിക്കുകയും ഭൂരിപക്ഷവോട്ട് സമാഹരിക്കാൻ വിശ്വഹിന്ദുപരിഷത്തിനെ ഉപയോഗിക്കുകയും ചെയ്തു; രാമക്ഷേത്ര വിവാദത്തിന് വിത്തുവിതച്ചുകൊണ്ട് ബാബറി മസ്ജിദിന്റെ പൂട്ടുതുറന്നുകൊടുക്കുകയും ചെയ്തു. ഇതെല്ലാം ആർഎസ്എസ്-ബിജെപിക്ക് സ്വാധീനം ഉറപ്പിക്കുവാൻ അവസരം നൽകി.

ജനങ്ങളുടെ കർത്തവ്യം

കൊലപാതകവെറിപിടിച്ചുനടക്കുന്ന, പലവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന, ഈ മാരകസംഘത്തെ ശിക്ഷാഭയമേതുമില്ലാതെ മുന്നോട്ടുപോകുന്നതിന് അനുവദിക്കാൻ നേരായി ചിന്തിക്കുന്ന ആർക്കുമാകില്ല. ഉചിതവും യുക്തിക്ക് നിരക്കുന്നതും ഉദ്ദേശപൂർണ്ണവുമായ ഏത് മാർഗ്ഗം അവലംബിച്ചും അതിനെ തടഞ്ഞേ മതിയാകൂ. ജനമനസ്സുകളിൽ ഇന്ന് ആർഎസ്എസ്-ബിജെപി സഖ്യം അവശേഷിപ്പിച്ചിട്ടുള്ള സ്വാധീനം തുടച്ചുകളയുന്നതിന് ചെറുതോ വലുതോ ആയ തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾക്ക് കഴിയില്ല എന്നതും മറന്നുകൂടാ.
ഒരുഭാഗത്ത് യോജിക്കാൻ കഴിയുന്ന ശക്തികളെയെല്ലാം ചേർത്തുകൊണ്ടുള്ള ശക്തമായ ഫാസിസ്റ്റ-വിരുദ്ധ പ്രക്ഷോഭണങ്ങൾ വളർത്തിയെടുക്കണം. മറുഭാഗത്ത് ഇന്നത്തെ ജീർണ്ണവും പിന്തിരിപ്പനുമായ മുതലാളിത്തത്തിന്റെ കാലഘട്ടത്തിൽ സഖാവ് ശിബ്ദാസ്‌ഘോഷ് വികസിപ്പിച്ച മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിലുള്ള തൊഴിലാളിവർഗ്ഗ സമരങ്ങളും ജനാധിപത്യ സമരങ്ങളും വികസിപ്പിച്ചെടുക്കണം. ഇതാണ് ഒരേയൊരു പരിഹാരം. മർദ്ദിതരും ചൂഷിതരുമായ ജനങ്ങൾക്ക്, വളർന്നുവരുന്ന ഫാസിസ്റ്റ് ഭീഷണിയെ കാര്യക്ഷമമായും സുനിശ്ചിതമായും പരാജയപ്പെടുത്താനും അന്തിമമായി ഈ ചൂഷക മുതലാളിത്ത ഭരണസംവിധാനത്തെ തൂത്തെറിയാനും ഈ പ്രത്യയശാസ്ത്രവും സംസ്‌കാരവും മാത്രമാണ് സംരക്ഷണം നൽകുക.

 

Share this post

scroll to top