പെട്രോളിയം വില വർദ്ധന ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം.

Share

ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 80 രൂപ കടന്നിരിക്കുന്നു. ഡീസൽ വിലയും പെട്രോൾ വിലയ്ക്ക് ഒപ്പത്തിനൊപ്പം എത്തിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് വില 77 രൂപ പിന്നിട്ടു. 2017 ഡിസംബർ 1 ന് 67 രൂപയായിരുന്നതാണ് ജനുവരി അവസാനിക്കുമ്പോൾ 10 രൂപയോളം വർദ്ധിച്ച് 77ൽ എത്തിയിരിക്കുന്നത്. ദിനം പ്രതി അഞ്ചും പത്തും പൈസയുടെ നേരിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതുകൊണ്ട് വിലവർദ്ധനവ് ജനങ്ങളുടെ ശ്രദ്ധയിൽ പെടാതെയും പോകുന്നു.

അന്തർദ്ദേശീയ മാർക്കറ്റിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് നടപ്പുവില 70 ഡോളറാണ്. ക്രൂഡ് ഓയിലിന് 147 ഡോളർവരെ വില ഉയർന്ന 2008ൽപ്പോലും ഇന്ത്യയിൽ പെട്രോളിന് 52 രൂപയേ ഉണ്ടായിരുന്നുളളൂ. ഇന്ന് അതിന്റെ പകുതിവിലയേ ക്രൂഡ് ഓയിലിന് അന്തർദ്ദേശീയ മാർക്കറ്റിൽഉള്ളൂ. എന്നാൽ പെട്രോളിനും ഡീസലിനും മാത്രമല്ല പാചകവാതകമടക്കം പെട്രോളിയം ഉൽപ്പന്നങ്ങൾക്കെല്ലാം വില വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യ ആഗോളവൽക്കരണനയങ്ങളിലേയ്ക്ക് കടക്കുന്നതിന് മുൻപ് 1990ൽ പെട്രോൾ ലിറ്റർ ഒന്നിന് 10 രൂപയും ഡീസൽ ലിറ്റർ ഒന്നിന് 4 രൂപയും പാചകവാതക സിലിണ്ടറിന് 57 രൂപയും മണ്ണെണ്ണയ്ക്ക് ലിറ്റർ ഒന്നിന് 2.50 രൂപയുമായിരുന്നു. മണ്ണെണ്ണയെക്കുറിച്ച് നാം ഇപ്പോൾ കേൾക്കാറേയില്ല. നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിൽനിന്ന് മണ്ണെണ്ണ ക്രമേണ ഒഴിവാക്കപ്പെട്ടു.

പെട്രോളിന് ലിറ്ററിന് 80 രൂപയും പിന്നിട്ട സമയത്താണ് കേന്ദ്രബജറ്റ് വന്നിരിക്കുന്നത്. ബജറ്റിലും പക്ഷേ ആശ്വാസത്തിന് വക യാതൊന്നുമില്ല. വിലയേക്കാളേറെ പെട്രോളിനും ഡീസലിനും നികുതി കൊടുക്കുന്ന സാഹചര്യത്തിലും ലിറ്ററിന് 8 രൂപ റോഡ് സെസ് ഏർപ്പെടുത്തിക്കൊണ്ട് വിലവർദ്ധനവിന് കളമൊരുക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. പെട്രോളിനും ഡീസലിനും രണ്ടുരൂപ എക്‌സൈസ് നികുതിയും ആറുരൂപയുടെ അധിക നികുതിയും ഒഴിവാക്കി പ്രഖ്യാപനമുണ്ടെങ്കിലും റോഡ് സെസ് 8 രൂപയാക്കിയതോടെ ഫലത്തിൽ വില കുറയുന്നില്ല.
പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 2017 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നുമാസക്കാലയളവിൽ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങി സംസ്‌കരിച്ച ്കൂടിയ വിലയ്ക്ക് വിൽക്കാൻ കഴിഞ്ഞതാണ് നേട്ടത്തിന് കാരണം എന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ തന്നെ സമ്മതിച്ചിരിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്ഥിതി ഇതാണെങ്കിൽ ബാക്കി എണ്ണകമ്പനികൾ കൊയ്യുന്ന ലാഭം എത്ര വലുതായിരിക്കും.
റിലയൻസ് പെട്രോളിയം ലിമിറ്റഡ്, എസ്സാർ, ടാറ്റാ പെട്രോളിയം ലിമിറ്റഡ്, അദാനി വെൽസ്പൺ എക്‌സ്പ്ലോേറഷൻ ലിമിറ്റഡ് തുടങ്ങി മുൻനിരസ്വകാര്യ പെട്രോളിയം വിതരണ കമ്പനികൾ അവരുടെ അറ്റാദായം ദിനം പ്രതി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റിലയൻസ് പെട്രോളിയം ലിമിറ്റഡ് 2016 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസക്കാലയളവിൽ അറ്റാദായത്തിൽ 39 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. അന്തർദ്ദേശീയ വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിടിവ് ആണ് കാരണം. (ദി ഹിന്ദു, 2016 സെപ്റ്റംബർ 23) 2016ൽ ക്രൂഡ് ഓയിലിന് വിലയിടഞ്ഞ് 30 ഡോളർ വരെ എത്തിയിരുന്നു.

നയങ്ങൾ കുത്തകകളുടെ
താൽപ്പര്യംമാത്രം
മുൻനിർത്തിയുള്ളത്

ഇന്ത്യയിലെ ശതകോടീശ്വരന്മാർ അതിരറ്റ ആഹ്ലാദത്തിലാണ്. അവർക്കുവേണ്ടി മാത്രം ഭരിക്കുന്ന സർക്കാരുകൾ ജനങ്ങളെ നാനാപ്രകാരത്തിൽ പിഴിഞ്ഞൂറ്റി തങ്ങളുടെ സമ്പത്ത് വർദ്ധിപ്പിച്ചുകൊടുക്കുന്നു എന്നതാണ് ആഹ്ലാദത്തിന് കാരണം. ഇത് ശരിവയ്ക്കുന്ന രണ്ട് പ്രധാന സർവ്വേ റിപ്പോർട്ടുകൾ ഏതാനും നാളുകൾക്കുള്ളിൽ പുറത്തുവന്നു.
ഒന്ന് ലോകസാമ്പത്തിക ഫോറം സർവ്വേയാണ്. ചൈനയ്ക്കും പാകിസ്ഥാനും പിന്നിലായി 62-ാം സ്ഥാനത്താണ് വളർച്ചാ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എന്ന് സർവ്വേ ചൂണ്ടിക്കാണിക്കുന്നു. 103 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ചൈന 23-ാം സ്ഥാനത്തും പാകിസ്ഥാൻ 47 -ാം സ്ഥാനത്തുമാണ്. ജീവിത നിലവാരം, ഭക്ഷ്യ സുരക്ഷ, ഭാവിയിൽ കടം വർദ്ധിക്കാനുള്ള സാദ്ധ്യത എന്നിവയെ ആധാരമാക്കിയാണ് രാജ്യങ്ങൾക്ക് റാങ്ക് നിശ്ചയിക്കുന്നത്. സാമ്പത്തികമായി വികസിച്ചുകൊണ്ടിരിക്കുന്ന 70 രാജ്യങ്ങളിൽ കഴിഞ്ഞ വർഷം 60-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പാകിസ്ഥാൻ 52-ാംസ്ഥാനത്തും. ലോകത്ത് ദിനംപ്രതി രണ്ട് ശതകോടീശ്വരൻമാർ സൃഷ്ടിക്കപ്പെടുന്നു എന്നും ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ 102 -ാം സ്ഥാനത്താണ് എന്നും സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക മേഖലയുടെ വളർച്ചയെ അടിസ്ഥാനപ്പെടുത്തി ലോകസാമ്പത്തിക ഫോറം തയ്യാറാക്കുന്ന സാമ്പത്തിക റിപ്പോർട്ടാണ് ഈ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.
ഓക്‌സ്ഫാം പുറത്തിറക്കിയ വാർഷിക സർവ്വേ റിപ്പോർട്ടാണ് മറ്റൊന്ന്. ഇതിൻപ്രകാരം ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെട്ട സമ്പത്തിൽ 73 ശതമാനവും കൈയടക്കിയത് 1 ശതമാനം വരുന്ന അതിസമ്പന്നരാണ്. രാജ്യത്തെ 77 ശതമാനം വരുന്ന ദരിദ്രരുടെ സമ്പത്തിൽ കഴിഞ്ഞ വർഷമുണ്ടായ വർദ്ധന വെറും 1 ശതമാനം മാത്രവും. കഴിഞ്ഞ വർഷം 53 ശതമാനമായിരുന്നു ഒരു ശതമാനംവരുന്ന സമ്പന്നർ കൈയടക്കിയിരുന്നത് എങ്കിൽ ഈ വർഷം 73 ശതമാനമായി ഉയർന്നിരിക്കുന്നു. സാമ്പത്തിക അസമത്വത്തിന്റെ തീവ്രതയാണ് ഈ റിപ്പോർട്ടിലൂടെ വെളിവാക്കപ്പെടുന്നത്. 2017 ൽ ഇന്ത്യയിലെ 1 ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 20.9ലക്ഷം കോടിയിലേറെ വർദ്ധിച്ചു. കേന്ദ്രസർക്കാരിന്റെ ആകെ ബജറ്റിലെ തുകയ്ക്ക് തുല്യമാണിത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മോദിസർക്കാർ കൈക്കൊണ്ട സാമ്പത്തിക നയങ്ങൾ ഈ സ്ഥിതിയിലേയ്ക്കു നയിക്കുന്നതായിരുന്നു. നോട്ടു നിരോധനം, ജിഎസ്ടി, ചില്ലറ വ്യാപാര രംഗത്ത് നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തയ്യാറെടുപ്പ് ഇവയൊന്നും സാധാരണക്കാരനെ വിദൂരമായെങ്കിലും പരിഗണിച്ചുള്ള നയങ്ങളല്ല. എല്ലാം വമ്പൻ കുത്തകകളുടെ താൽപര്യം മാത്രം പരിഗണിച്ചുള്ള നയങ്ങളായിരുന്നു എന്നത് അനന്തരഫലങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 17 പേർ കൂടി ഇടംപിടിച്ചു.

ഈ ഗണത്തിൽപ്പെടുന്നതുതന്നെയാണ് പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും ദിനേനയുള്ള വിലക്കയറ്റം. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാചകവാതക സബ്‌സിഡിയാകട്ടെ സമ്പൂർണ്ണമായും നിർത്തലാക്കാനുള്ള നീക്കം ദ്രുതഗതിയിലാണ്. വിലവർദ്ധനവിന് യാതൊരു ന്യായീകരണവുമില്ല.

എന്തുകൊണ്ട് വിലവർദ്ധനവ്

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴുമ്പോഴും ഇവിടെ പെട്രോളിന് വില വർദ്ധിക്കുന്നത് എന്തുമായമാണ്. ദിനംപ്രതിയുള്ള വിലവർദ്ധനവിന്റെ ഒരു പ്രധാന കാരണം വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്കാണ് എന്നുള്ളതാണ്. വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികളെ ഏൽപ്പിച്ചതിന്റെ ക്രഡിറ്റ് യുപിഎ സർക്കാരിനും തുടർന്ന് ബിജെപി സർക്കാരിനും ഒരുപോലെ അവകാശപ്പെട്ടതാണ്. 2012ൽ മൻമോഹൻ സിങ്ങ് നയിച്ച യുപിഎ സർക്കാരിന്റെ കാലത്താണ് പെട്രോളിന്റെ വിലനിയന്ത്രണാധികാരം എണ്ണകമ്പനികൾക്ക് നൽകപ്പെട്ടത്. തുടർന്നുവന്ന ബിജെപി ഗവൺമെന്റ് ഡീസലിന്റെ വിലനിയന്ത്രണവും കുത്തകകളെ ഏൽപ്പിച്ചു. അന്തർദ്ദേശീയ മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വിലകുറയുന്നതിന് ആനുപാതികമായി ഇന്ത്യയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയും എന്നൊരു വാദഗതിയാണ് അന്നുയർത്തപ്പെട്ടത് എങ്കിലും വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് ഇതുവരെയും ലഭ്യമായിട്ടില്ല എന്നുമാത്രമല്ല, അന്തർദ്ദേശീയ മാർക്കറ്റിലെ വിലയിടിവിന്റെ നേട്ടം കൊയ്യുന്നത് മുഴുവൻ എണ്ണകമ്പനികളാണ് എന്നതാണ് യാഥാർത്ഥ്യം.
നരേന്ദ്രമോദി അധികാരമേൽക്കുമ്പോൾ 2014 ജൂണിൽ ഒരു ലിറ്റർ പെട്രോളിന്റെമേലുണ്ടായിരുന്ന സെൻട്രൽ എക്‌സൈസ് നികുതി 9 രൂപ 45 പൈസ ആയിരുന്നത് ഇപ്പോൾ 127 ശതമാനം വർദ്ധിച്ച് 21 രൂപയ്ക്കും മുകളിൽ ആയിരിക്കുന്നു. സംസ്ഥാന സർക്കാരും നികുതി ഇനത്തിൽ ഒരു ലിറ്ററിൽ പിടുങ്ങുന്നത് 17 രൂപയ്ക്ക് മുകളിൽ ആണ്. ഡീസലിന് ഈ കാലയളവിൽ 300 ശതമാനത്തിലേറെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ലിറ്ററിൽ 3 രൂപ 60 പൈസ ആയിരുന്നു സെൻട്രൽ എക്‌സൈസ് നികുതി എങ്കിൽ ഇപ്പോൾ അത് വർദ്ധിച്ച് 17 രൂപയും കടന്നിരിക്കുന്നു.
അന്തർദ്ദേശീയ നിലപാടുകൾക്കനുസരിച്ചാണ് ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലനിശ്ചയിക്കുന്നത് എന്ന് നമ്മുടെ ഭരണാധികാരികൾ പറയുമ്പോഴും നമ്മുടെ അയൽരാജ്യങ്ങളിലെ നടപ്പുവിലയും പരിശോധിക്കുന്നത് നന്നായിരിക്കും. പാകിസ്ഥാനിൽ പെട്രോൾ ഒരു ലിറ്ററിന് ഇപ്പോഴും 41 രൂപയാണ്. ഭൂട്ടാനിൽ 56ഉം, നേപ്പാളിൽ 46 ഉം ശ്രീലങ്കയിൽ 54ഉം ബംഗ്ലാദേശിൽ 52 ഉം രൂപയാണ് പെട്രോൾ ലിറ്റർ ഒന്നിന് ഇപ്പോഴും ഈടാക്കിക്കൊണ്ടിരിക്കുന്നത്.

അന്തർദ്ദേശീയ മാർക്കറ്റിൽ വിലയുടെ ഏറ്റക്കുറച്ചിൽ ഒരു ന്യായീകരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടാറുണ്ടെങ്കിലും അതൊരു ന്യായമേയല്ല. ലോക്കൽ മാർക്കറ്റിൽപോയി സാധാരണക്കാരൻ പലചരക്കുവാങ്ങുംപോലെയല്ല എണ്ണക്കമ്പനികൾ ക്രൂഡ് ഓയിൽ വാങ്ങുന്നത്. പലരാജ്യങ്ങളുമായും കരാറുണ്ടാക്കുന്നതും ഉണ്ടാക്കിയിരിക്കുന്നതും 15 മുതൽ 25 വർഷത്തേയ്ക്കാണ്. നിത്യേനയുണ്ടാകുന്ന വിലയുടെ ഏറ്റക്കുറച്ചിൽ കരാറിനെ ബാധിക്കേണ്ട കാര്യമില്ല. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 40 ശതമാനത്തോളവും വിലയിൽ ഏറ്റക്കുറച്ചിൽ ബാധിക്കാത്ത എണ്ണയാണ്. അതിന് ഈടാക്കുന്നതും അന്താരാഷ്ട്രവിപണിയിലെ ഏറ്റവും പുതിയ വിലയാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്നതിന്റെ 40 ശതമാനവും ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നതാണ് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. അതിന് ഈടാക്കുന്നതും അന്താരാഷ്ട്ര വിപണിയിലെ വിലതന്നെ.
ലോകത്തിലെ തന്നെ ഏറ്റവും ചെലവുകുറഞ്ഞ ശുദ്ധീകരണ സംവിധാനമാണേ്രത ഇന്ത്യയിൽ ഉള്ളത്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുമ്പോൾ ലഭ്യമാകുന്ന പെട്രോളിന്റെ 40 ശതമാനവും കയറ്റുമതി ചെയ്യുകയുമാണ്. അങ്ങനെയും കുത്തകകൾ കൊയ്‌തെടുക്കുന്നത് കോടികളാണ്.

ചരക്കും സേവനങ്ങളുമടക്കം നികുതിയുടെ പരിധിയിൽ കൊണ്ടുവന്നുകൊണ്ട് ജിഎസ്ടി നടപ്പിലാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിന് താൽപര്യം കാണിക്കുന്നില്ല. നികുതി ഗണ്യമായി കുറയ്‌ക്കേണ്ടി വരും എന്നതാണ് കാരണം. പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിക്കുന്നത് അവശ്യനിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരാൻ കാരണമാകും.
പാചകവാതക വിലവർദ്ധനവ്
പ്രതിമാസമാണ് പാചകവാതകത്തിനും വിലവർദ്ധിപ്പിക്കുന്നത്. 2017 മാർച്ചിൽ ഒറ്റയടിക്ക് സിലിണ്ടർ ഒന്നിന് 86 രൂപയുടെ വർദ്ധനവാണ് അടിച്ചേൽപ്പിച്ചത്. ആഗസ്റ്റിൽ വീണ്ടും വർദ്ധനവുണ്ടായി. കേരളത്തിൽ സിലിണ്ടറൊന്നിന് 800 രൂപ വരെ എത്തിയിരിക്കുന്നു. പാചകവാതകത്തിന് 2018 മാർച്ചോടുകൂടി സബ്‌സിഡി സമ്പൂർണ്ണമായും നിർത്തൽ ചെയ്യും എന്ന് ഇതിനകം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. പാചകവാതക സബ്‌സിഡി മൂലം സർക്കാർ വലിയ കടക്കെണിയിലാണെന്നും സാധ്യമാകുന്നവരെല്ലാം സബ്‌സിഡി ഉപേക്ഷിക്കണം എന്നും ഇന്ത്യയിലെ ദരിദ്രരായ ഗ്രാമീണ സ്ത്രീകളെ വിറകടുപ്പിൽനിന്നും പുകയിൽനിന്നും രക്ഷിക്കണമെങ്കിൽ അവർക്ക് പാചകവാതകം എത്തിക്കണമെന്നും അതിനാണ് കാശുള്ളവർ സബ്‌സിഡി ഉപേക്ഷിക്കണം എന്നു പറയുന്നതെന്നുമുള്ള പ്രചാരണത്തിന് മുൻകൈ എടുക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. എന്നാൽ വില കുത്തനെ ഉയർത്തി സിലിണ്ടർ സാധാരണക്കാരന് അപ്രാപ്ര്യമായ ഒരു ആഡംബര വസ്തുവായി മാറ്റിത്തീർത്തിരിക്കുന്നു. പുതിയ ബജറ്റിൽ 8 കോടി സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനങ്ങളൊക്കെ തികഞ്ഞ വഞ്ചനയും തട്ടിപ്പുമാണ് എന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

പാചകവാതകത്തിന് സബ്‌സിഡി ബാങ്കുവഴി എന്നു പറഞ്ഞാണ് ക്രമേണ വിലവർദ്ധിപ്പിച്ചുകൊണ്ടിരുന്നത്. എല്ലാത്തരം സബ്‌സിഡികളും ബാങ്കുവഴിയാക്കി. എല്ലാവരെക്കൊണ്ടും അക്കൗണ്ടും എടുപ്പിച്ചു. വിദ്യാർത്ഥികൾക്കുൾപ്പെടെ സീറോ ബാലൻസ്. അതായിരുന്നു ക്യാമ്പയിൻ. എന്നാൽ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് തുകകളും പാചകവാതക സബ്‌സിഡിയും വിധവാ പെൻഷനും കർഷകതൊഴിലാളി പെൻഷനും വാർദ്ധക്യപെൻഷനുമടക്കം മിനിമം ബാലൻസില്ലാത്തതിന്റെ പേരിൽ പിടിക്കപ്പെടുന്നു എന്നതിനും നമ്മൾ ഇന്ന് സാക്ഷിയാകുകയാണ്. എസ്ബിഐ മാത്രം കഴിഞ്ഞ ആറുമാസത്തിനിടയിൽ 366 കോടിരൂപ മിനിമം ബാലൻസില്ലാത്തതിന്റെ പേരിൽ തിരിച്ചുപിടിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജനങ്ങളിൽനിന്നും ഈടാക്കുന്നതിന്റെ അതീവനിസ്സാരമായ ഒരു പങ്കുമാത്രമാണ് പാചകവാതക സബ്‌സിഡിയായി തിരികെ നൽകുന്നത് എന്നിരിക്കെ വൻതോതിൽ സബ്‌സിഡി നൽകുന്നത് കനത്ത നഷ്ടമാണെന്നുള്ള വ്യാജപ്രചാരണമാണ് കേന്ദ്രസർക്കാർ നടത്തുന്നത്.
ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് മോദി സർക്കാർ. കുത്തകകൾക്കുവേണ്ടി ജനങ്ങളെ നിഷ്ഠുരം കുത്തിക്കവരുന്നു. ഏതാനുംപിടിവരുന്ന കുത്തകകൾക്കുവേണ്ടി രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ കൊള്ളയടിക്കുന്നു. സമ്പന്നരുടെ സമ്പത്തിൽ പ്രതിവർഷം 13 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ ഒരു വർഷം സമ്പാദിക്കുന്ന പണം ഗ്രാമീണ ഇന്ത്യയിലെ ഏറ്റവും താഴ്ന്ന ശമ്പളക്കാരന് ലഭിക്കണമെങ്കിൽ അയാൾ 941 വർഷം പണിയെടുക്കേണ്ടിവരുമെന്നും ഓക്‌സ്ഫാമിന്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിക്കുന്നത് ഒരു സമ്പദ്ഘടനയുടെ വളർച്ചയുടെ സൂചനയല്ല. ഈ പകൽക്കൊള്ളയ്‌ക്കെതിരെ സുസംഘടിതമായ ജനകീയ പ്രക്ഷോഭണം അല്ലാതെ മറ്റ് മാർഗമില്ല.

Share this post

scroll to top