ഫിഡൽ കാസ്‌ട്രോ ആർദ്ര ഹൃദയനായ ധീരനായ കമ്മ്യൂണിസ്റ്റ് നേതാവ്

fidel-castro-metg-kolkotta.jpg
Share

സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലെ ധീരനായ കമ്മ്യൂണിസ്റ്റ് നേതാവും ക്യൂബൻ വിപ്ലവത്തിന്റെ ശില്പിയുമായ സഖാവ് ഫിഡൽ കാസ്‌ട്രോയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ഡിസംബർ 4ന് കൽക്കത്തയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ചെയ്ത പ്രസംഗത്തിന്റെ മലയാള പരിഭാഷ

ആഗോള സാമ്രാജ്യത്വത്തിനെതിരെ അക്ഷീണവും സന്ധിരഹിതവും ധീരവുമായ പോരാട്ടം നടത്തിയ മഹാനായ വിപ്ലവകാരിയും ക്യൂബൻ വിപ്ലവത്തിന്റെ കാവൽ ഭടനുമായ സഖാവ് ഫിഡൽ കാസ്‌ട്രോയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനുവേണ്ടിയാണ് നമ്മൾ ഇന്നിവിടെ സമ്മേളിച്ചിരിക്കുന്നത്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും ലോക സോഷ്യലിസ്റ്റ് വ്യവസ്ഥ തകരുകയും ചെയ്തിട്ടും മാർക്‌സിസം-ലെനിനിസത്തിൽ അടിയുറച്ച് വിശ്വസിക്കുകയും സോഷ്യലിസത്തോട് അചഞ്ചലമായ കൂറുപുലർത്തുകയും ചെയ്തുകൊണ്ട് ജീവിതാന്ത്യംവരെ അദ്ദേഹം പോരാട്ടം തുടർന്നു. നമ്മെ വിട്ടുപിരിയുന്ന ഒരു നേതാവിനെ, ഒരു മഹാനെ, ഒരു പ്രമുഖ വ്യക്തിത്വത്തെ, ഒരു സഖാവിനെ, അനുസ്മരിക്കുന്നതിന് ഒറ്റ ഉദ്ദേശമേയുള്ളൂ. അവരുടെ ജീവിതസമരങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യുക എന്നതാണത്. അല്ലെങ്കിൽ അനുസ്മരണങ്ങൾ അർത്ഥശൂന്യമായ ചടങ്ങുകളായിത്തീരും.
സഖാവ് ഫിഡൽ കാസ്‌ട്രോയുടെ ജീവിതത്തിലെ ഇതിഹാസമാനമാർന്ന സമരങ്ങളെക്കുറിച്ച് നിങ്ങളിൽ പലരും കേട്ടിരിക്കും. ഉജ്ജ്വലമായ ആ ഏടുകളിൽ ചിലത് നമ്മൾ കൈക്കൊണ്ട അനുശോചന പ്രമേയത്തിലും ഇടം പിടിച്ചിട്ടുണ്ട്. അതൊന്നും ഞാൻ ആവർത്തിക്കുന്നില്ല. എന്റെ പ്രസംഗത്തിന്റെ ഒരു ആമുഖമെന്നോണം, ഇന്ന് ഏറെ വിസ്മരിക്കപ്പെട്ടിരിക്കുന്ന ചരിത്രത്തിന്റെ ചില ഏടുകൾ ഓർത്തെടുക്കാൻ മാത്രമേ ഞാൻ ശ്രമിക്കുന്നുള്ളൂ.
രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്‌ലർ നേതൃത്വം നൽകിയ, ജർമ്മനിയും ഇറ്റലിയും ജപ്പാനുമുൾപ്പെട്ട ഫാസിസ്റ്റ് അച്ചുതണ്ട് ശക്തികൾക്കെതിരായ പോരാട്ടത്തിൽ മുന്നിൽ നിന്നത് മഹാനായ സ്റ്റാലിനും സോവിയറ്റ് സോഷ്യലിസവും ചെമ്പടയുമായിരുന്നു. സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയനും സ്റ്റാലിന്റെ നേതൃത്വവുമില്ലായിരുന്നെങ്കിൽ യുദ്ധത്തിൽ ഹിറ്റ്‌ലറെ പരാജയപ്പെടുത്തുക അസാദ്ധ്യമായിരുന്നു. കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധരായ പ്രമുഖർ പോലും ഈ വസ്തുത അംഗീകരിച്ചിട്ടുണ്ട്. ലോകത്ത് അഭൂതപൂർവ്വമായ ഒരു സാഹചര്യം ഉടലെടുത്ത സന്ദർഭമായിരുന്നു അത്. ചെമ്പട വിമോചിപ്പിച്ച പൂർവ്വ യൂറോപ്യൻ രാജ്യങ്ങളിലെല്ലാം സോഷ്യലിസത്തിന്റെ കൊടിക്കൂറ പാറുന്നകാലം. മഹാനായ മാവോസെതുങ്ങിന്റെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം വിജയത്തോടടുക്കുകയായിരുന്നു. സഖാവ് ഹോചിമിന്റെ നേതൃത്വത്തിൽ വിയറ്റ്‌നാമിലെ വിമോചനപ്പോരാട്ടം ഉച്ചസ്ഥായിയിലെത്തിയിരുന്നു. സാമ്രാജ്യത്വ ശക്തികളുടെ നഗ്നമായ കൊള്ളക്കിരയായിക്കൊണ്ടിരുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും കോളനികളിലും അർദ്ധകോളനികളിലും സോവിയറ്റ് സോഷ്യലിസത്തിന്റെ സഹായത്താൽ സ്വാതന്ത്ര്യ സമരങ്ങൾ അലയടിച്ചുയരാൻ തുടങ്ങിയിരുന്നു. ചിലയിടങ്ങളിൽ കമ്മ്യൂണിസ്റ്റുകളുടെ നേതൃത്വത്തിലും മറ്റിടങ്ങളിൽ ദേശീയ ബൂർഷ്വാസിയുടെ നേതൃത്വത്തിലുമായിരുന്നു ഈ പോരാട്ടങ്ങൾ നടന്നിരുന്നത്. രണ്ടാംലോക യുദ്ധത്തിന് അവസാനമായപ്പോഴത്തെ ലോകസാഹചര്യം ഇതായിരുന്നു. സോഷ്യലിസം വലിയ മുന്നേറ്റങ്ങൾ കൈവരിക്കുകയും ദേശീയ സ്വാതന്ത്ര്യസമരങ്ങൾ ശക്തിപ്പെടുകയും ചെയ്തതോടെ ലോക സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ അവരുടെ അന്ത്യദിനങ്ങൾ എണ്ണി ഭയചകിതരായി കഴിയുകയായിരുന്നു. ഇതായിരുന്നു അന്നത്തെ ലോക സാഹചര്യം.

മനുഷ്യൻ ചരിത്രത്തിന്റെ സൃഷ്ടിയാണെന്ന്, മാർക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്ത പഠിക്കുന്ന നമുക്കറിയാം. എന്നാൽ ചിലർ ചരിത്രം രചിക്കുന്നു. സാമൂഹ്യ വികാസ നിയമങ്ങൾക്കനുസൃതമായിത്തന്നെയാണ് അവർ ചരിത്രത്തിന്റെ ഗതി തിരിച്ചുവിടുന്നത്. ഒരു പ്രത്യേക കാലത്ത്, പ്രത്യേക സാമൂഹ്യ വ്യവസ്ഥയിൽ, മാറ്റത്തിനായുള്ള സാമൂഹ്യ ത്വരയുടെയും സാമൂഹ്യാവശ്യകതയുടെയും ഫലമായി ജനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് മാർഗ്ഗദർശനം നൽകാൻ കഴിവുള്ള ഒരു ചിന്തകൻ, ഒരു നേതാവ് ഉയർന്നുവരുന്നു. മതമുന്നേറ്റങ്ങളിൽ ഇത് സംഭവിച്ചിട്ടുണ്ട്. പിന്നീട്, ജന്മിത്തത്തിനെതിരായ ബൂർഷ്വാ ജനാധിപത്യ വിപ്ലവഘട്ടത്തിലും അത്തരം നേതാക്കൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, എല്ലാവരുടെയും ചിന്തയുടെ ഔന്നത്യവും ബോധനിലവാരവുമൊക്കെ ഒരുപോലെയായിരുന്നില്ലെന്ന് മാത്രം. ഓരോന്നിനും അതിന്റേതായ സവിശേഷതകളുണ്ടായിരുന്നു. അതുപോലെ, മാർക്‌സിസത്താൽ നയിക്കപ്പെടുന്ന മുതലാളിത്തവിരുദ്ധ തൊഴിലാളിവർഗ്ഗ വിപ്ലവ ഘട്ടത്തിലും, എല്ലാ മാർക്‌സിസ്റ്റ് ചിന്തകരുടെയും പോരാളികളുടെയും ചിന്തയുടെ ഔന്നത്യവും ബോധനിലവാരവുമൊക്കെ ഒരുപോലെയല്ല. വീക്ഷണത്തിലും സമീപനത്തിലുമൊക്കെ അടിസ്ഥാനപരമായ യോജിപ്പും ഏകതാനതയുമൊക്കെ നിലനിൽക്കുമ്പോഴും ഓരോരുത്തർക്കും അവരുടേതായ സവിശേഷതകളുമുണ്ടായിരിക്കും.
മറ്റൊരു കാര്യംകൂടി ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ കാലഘട്ടത്തിൽ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് യുക്തിപരമായ പരിസമാപ്തിയുണ്ടാകണമെങ്കിൽ സന്ധിയില്ലാതെ പൊരുതുന്ന വിപ്ലവപ്പോരാളികൾ കമ്മ്യൂണിസത്തെ പുൽകുകയോ അതിന്റെ ഉറച്ച അനുഭാവികളായിരിക്കുകയോ വേണമെന്ന് സഖാവ് ശിബ്ദാസ് ഘോഷ് പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയം എന്റെ ഭാഷയിൽ പറഞ്ഞുവെന്നേയുള്ളൂ. നമ്മുടെ രാജ്യത്ത് നേതാജി സുഭാഷ്ചന്ദ്രബോസ് ഉറച്ച കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. സോവിയറ്റ് യൂണിയനോടും മഹാനായ സ്റ്റാലിനോടും അദ്ദേഹത്തിന് ആഴമാർന്ന ആദരവുണ്ടായിരുന്നു. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിയാർജ്ജിക്കണമെന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. ഇന്ത്യയുടെ ലക്ഷ്യം കമ്മ്യൂണിസമാണെന്ന് അന്നത്തെ ഒരു വിപ്ലവകാരിയായിരുന്ന ബാരിൻ ഘോഷിന് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഭഗത് സിംഗാകട്ടെ സ്വയം മാർക്‌സിസ്റ്റാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരകാലത്ത് ഏതാണ്ടെല്ലാ നേതാക്കന്മാർക്കും സോവിയറ്റ് യൂണിയനോട് വലിയ ആദരവുണ്ടായിരുന്നു. രവീന്ദ്രനാഥ ടാഗോർ, ശരത്ചന്ദ്ര ചാറ്റർജി, പ്രേംചന്ദ്, നസ്രുൾ, സുബ്രഹ്മണ്യ ഭാരതി തുടങ്ങിയവരൊക്കെ ഇതിൽപ്പെടും. ചൈനയിലെ സൺയാത്‌സെന്നും ഇന്തോനേഷ്യയിലെ സുകാർണോയും ഇതേ വീക്ഷണമുള്ളവരായിരുന്നു. മറ്റു രാജ്യങ്ങളിലെ സാമ്രാജ്യത്വവിരുദ്ധ പോരാളികൾക്കും ഇതേ അഭിപ്രായമാണുണ്ടായിരുന്നത്.
1945ൽ യുദ്ധം അവസാനിച്ചതോടെ ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ ഒരു വേലിയേറ്റമുണ്ടായി. ഞങ്ങളുടെ ചെറുപ്പകാലത്ത് ഞങ്ങൾ അത് കണ്ടതാണ്. ഫിഡൽ കാസ്‌ട്രോയുടെ ഉദയവും 1959ൽ ക്യൂബൻ വിപ്ലവത്തിന്റെ വിജയകരമായ പരിസമാപ്തിയുമുണ്ടായത് പക്ഷേ, ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിൻവാങ്ങാൻ തുടങ്ങുന്ന സമയത്താണ്. സഖാവ് സ്റ്റാലിനും അതിനുശേഷം സഖാവ് മാവോ സെതുങ്ങും ജീവിച്ചിരുന്ന കാലത്തോളം, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആധികാരിക നേതൃത്വവും വഴികാട്ടികളുമെന്ന നിലയിൽ, ലോകത്തെ തൊഴിലാളിവർഗ്ഗ വിപ്ലവമുന്നേറ്റങ്ങൾക്കും കോളനികളിലെ ദേശീയ വിമോചന സമരങ്ങൾക്കും ശരിയായ ദിശ കാണിച്ചുകൊടുത്തിരുന്നു. അവരുടെ ഉറച്ച ശിഷ്യനും പിൻഗാമിയുമായിരുന്നു സഖാവ് ശിബ്ദാസ് ഘോഷ്. 1956ൽ ക്രൂഷ്‌ചേവ് സോവിയറ്റ് യൂണിയനിൽ അധികാരം പിടിച്ചെടുക്കുകയും തിരുത്തൽവാദത്തിന്റെ വാതിൽ തുറന്നിടുകയും ചെയ്തതോടെ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഒരു പ്രതിസന്ധി ഉടലെടുത്തു. ഗുരുതരമായ ഭവിഷ്യത്തുകളെക്കുറിച്ച് അന്നുതന്നെ സഖാവ് ശിബ്ദാസ് ഘോഷ് മുന്നറിയിപ്പുനൽകിയിരുന്നു. 1956-ൽ നടന്ന സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം കോൺഗ്രസ്സിന്റെ രേഖകൾ വിശകലനം ചെയ്തതിലൂടെ ക്രൂഷ്‌ചേവിന്റെ നിഗമനങ്ങൾ തിരുത്തൽവാദത്തിന്റെ പ്രളയത്തിന് വാതിൽ തുറന്നുകൊടുക്കുമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്ത ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ് അദ്ദേഹമായിരുന്നുവെന്നാണ് ഇതുവരെയുള്ള ഞങ്ങളുടെ മനസ്സിലാക്കൽ. ലെനിനിസത്തിന്റെ ആധികാരിക വ്യാഖ്യാതാവ് സ്റ്റാലിനായതുകൊണ്ടുതന്നെ സ്റ്റാലിനെ ആക്രമിക്കുന്നത് ലെനിനെ ആക്രമിക്കുന്നതിന് സമമാണെന്നും അദ്ദേഹം പറഞ്ഞു. ലെനിനിസത്തെ ആക്രമിക്കുന്നതാകട്ടെ മാർക്‌സിസത്തെ ആക്രമിക്കുന്നതിന് തുല്യവും. ഇപ്രകാരം തിരുത്തൽവാദത്തിലേയ്ക്കും പ്രതിവിപ്ലവത്തിലേയ്ക്കുമുള്ള പാത മലർക്കെ തുറക്കപ്പെട്ടു. ഒരു മാർക്‌സിസ്റ്റ് ചിന്തകനെന്ന നിലയിൽ 1956-ൽത്തന്നെ സഖാവ് ശിബ്ദാസ് ഘോഷ് ഈ ചരിത്രപ്രധാനമായ വിശകലനം അവതരിപ്പിച്ചു.

മാർക്‌സിസം ഒരു വരട്ടുവാദമല്ലെന്നും സൃഷ്ടിപരമായ ഒരു ശാസ്ത്രമാണെന്നുമുള്ള കാര്യം ഇവിടെ എടുത്തുപറയേണ്ടതുണ്ട്. ലെനിൻ മാർക്‌സിന്റെയും ഏംഗൽസിന്റെയും പാഠങ്ങൾ വെറുതെ ഉരുവിട്ട് പഠിക്കുകയല്ല, അതിന്റെ സാരാംശം സ്വാംശീകരിക്കുകയാണ് ചെയ്തത്. ലെനിൻതന്നെ പറയുന്നു: ”മാർക്‌സിസ്റ്റ് ദർശനം പരിപൂർണ്ണവും അലംഘനീയവുമായ ഒന്നാണ് എന്നല്ല നമ്മൾ കണക്കാക്കുന്നത്, നേരെമറിച്ച്, ആ ശാസ്ത്രത്തിന്റെ തറക്കല്ലിടൽ മാത്രമേ നടന്നിട്ടുള്ളൂ എന്ന ബോദ്ധ്യം നമുക്കുണ്ട്. ജീവിതത്തിന്റെ കുതിപ്പിനൊപ്പം നിലകൊള്ളണമെങ്കിൽ സോഷ്യലിസ്റ്റുകൾക്ക് നാനാദിശകളിലേയ്ക്ക് അതിനെ വികസിപ്പിക്കേണ്ടിവരും. റഷ്യൻ സോഷ്യലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം മാർക്‌സിസ്റ്റ് സിദ്ധാന്തത്തിന്റെ സ്വതന്ത്രമായ ഒരു വിപുലീകരണം അനിവാര്യമാണെന്നുതന്നെയാണ് അഭിപ്രായം. കാരണം, ഈ ദർശനം പൊതുവായ മാർഗ്ഗനിർദ്ദേശതത്വങ്ങൾ മാത്രമാണ് പ്രദാനം ചെയ്യുന്നത്. ആ തത്വങ്ങൾ ഇംഗ്ലണ്ടിൽ പ്രയോഗത്തിൽ വരുത്തുന്നത് ഫ്രാൻസിൽനിന്ന് വ്യത്യസ്തമായും ഫ്രാൻസിൽ ജർമ്മനിയിൽനിന്ന് വ്യത്യസ്തമായും ജർമ്മനിയിൽ റഷ്യയിൽനിന്ന് വ്യത്യസ്തമായും ആയിരിക്കും.”മാർക്‌സിനും ഏംഗൽസിനും ശേഷമുള്ള കാലയളവിൽ ലെനിൻ മാർക്‌സിസത്തെ വികസിപ്പിക്കുകയും നമ്മൾ അതിനെ ലെനിനിസം എന്ന് വിളിക്കുകയും ചെയ്യുന്നു. ലെനിനിസം, സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെയും കാലഘട്ടത്തിലെ മാർക്‌സിസമാണെന്ന് നിർവ്വചിച്ചത് സ്റ്റാലിനാണ്. പിന്നീട്, മാർക്‌സിസം-ലെനിനിസത്തിന്റെ വിജ്ഞാന ശേഖരത്തിലേയ്ക്ക് സ്റ്റാലിൻ സംഭാവനകൾ നൽകി. തുടർന്ന് മാർക്‌സ്-ഏംഗൽസ്-ലെനിൻ-സ്റ്റാലിൻ എന്നിവരുടെ ശിഷ്യനായി മാവോ സെതുങ്ങ് ഉയർന്നുവന്നു. അദ്ദേഹം മാർക്‌സിസം-ലെനിനിസത്തെ ചൈനീസ് മണ്ണിൽ മൂർത്തവൽക്കരിക്കുകയും ആ പ്രക്രിയയിലൂടെ മാർക്‌സിസം-ലെനിനിസത്തെ കൂടുതൽ വികസിപ്പിക്കുകയും നമ്മൾ അതിനെ മാവോചിന്ത എന്ന് വിളിക്കുകയും ചെയ്യുന്നു. ഇവരുടെയെല്ലാം ശിഷ്യനായ സഖാവ് ശിബ്ദാസ് ഘോഷ് ഇന്ത്യൻ മണ്ണിൽ മാർക്‌സിസം-ലെനിനിസത്തെ മൂർത്തവൽക്കരിച്ചുകൊണ്ട്, തത്വചിന്ത, പ്രത്യയശാസ്ത്രം, രാഷ്ട്രീയം, സദാചാരം, നൈതികത, സംസ്‌കാരം എന്നിങ്ങനെ നാനാ രംഗങ്ങളിൽ അതിനെ വിപുലീകരിക്കുകയും വികസിപ്പിക്കുകയും സമ്പുഷ്ടമാക്കുകയും ചെയ്തു. സാർവ്വദേശീയ തലത്തിലെ മാറിവരുന്ന സാഹചര്യങ്ങൾക്കും ആധുനിക ശാസ്ത്രത്തിന്റെ വികാസത്തിനും പുതുതായി പ്രത്യക്ഷപ്പെടുന്ന പ്രശ്‌നങ്ങൾക്കും പ്രതിഭാസങ്ങൾക്കുമൊക്കെ നിരക്കുംപടിയാണ് അദ്ദേഹം ഈ കൃത്യം നിർവ്വഹിച്ചത്. അതിലൂടെ സർഗ്ഗധനനായ ഒരു പ്രതിഭാശാലിയുടെ മുദ്രയാണ് അദ്ദേഹം പതിപ്പിച്ചത്. നമ്മൾ അതിനെയാണ് ശിബ്ദാസ് ഘോഷ് ചിന്ത എന്നുവിളിക്കുന്നത്.

ക്രൂഷ്‌ചേവ് നേതൃത്വത്തിന്റെ തിരുത്തൽവാദ ലൈൻ

ക്രൂഷ്‌ചേവ് സ്റ്റാലിനെ ആക്രമിക്കാൻ തുടങ്ങിയതോടെ, സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് ആ അവസരം ഉപയോഗപ്പെടുത്തി. മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവ ഭീതിയിൽ കഴിയുകയായിരുന്നു അതുവരെ അവർ. ലോകമെമ്പാടും സ്റ്റാലിനെതിരായ അപവാദ പ്രചാരണങ്ങൾ കൊടുമ്പിരികൊണ്ടു. ഇന്നും അത് തുടരുന്നു. സഖാവ് ശിബ്ദാസ് ഘോഷ് ഇത് കൃത്യമായി മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടാണ്, സ്റ്റാലിന്റെ ആധികാരികതയെ ആക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് ലെനിനെ സ്ഥാനഭ്രഷ്ടനാക്കാനും ലെനിനിസത്തെ ആക്രമിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. അതിനർത്ഥം മാർക്‌സിസത്തെത്തന്നെ കടന്നാക്രമിക്കുക എന്നതായിരിക്കും. അതുതന്നെയാണ് പിന്നീട് സംഭവിച്ചത്. അതേത്തുടർന്ന് ക്രൂഷ്‌ചേവ് പല മാർക്‌സിസ്റ്റ് വിരുദ്ധ ആശയങ്ങളും പ്രചരിപ്പിക്കാൻ തുടങ്ങി. സാമ്രാജ്യത്വം യുദ്ധമുണ്ടാക്കുന്നു എന്നതായിരുന്നു ലെനിന്റെ കണ്ടെത്തൽ. അതായത്, സാമ്രാജ്യത്വം നിലനിൽക്കുവോളം യുദ്ധമുണ്ടാക്കിക്കൊണ്ടിരിക്കും എന്നർത്ഥം. 1950 കളിൽ സോഷ്യലിസ്റ്റ് ചേരി വളരെയേറെ കരുത്താർജിക്കുകയും ലോകമെമ്പാടും ശക്തമായ സമാധാന പ്രസ്ഥാനങ്ങൾ വികസിച്ചുവരികയും ചെയ്തിരുന്നു. ഇതെല്ലാം കണ്ട് മതിമറന്ന ക്രൂഷ്‌ചേവ് ഇനി സാമ്രാജ്യത്വ യുദ്ധ ഭീഷണി ഉണ്ടാകില്ല എന്ന് പ്രഖ്യാപിച്ചു. ഈ തെറ്റായ കാഴ്ചപ്പാടിനെ വിമർശിച്ചുകൊണ്ട് സഖാവ് ശിബ്ദാസ് ഘോഷ് ചൂണ്ടിക്കാണിച്ചത് സാമ്രാജ്യത്വമുള്ള കാലത്തോളം യുദ്ധ ഭീഷണിയുമുണ്ടാകും എന്നാണ്. എന്നാൽ, സോഷ്യലിസ്റ്റ് ചേരിയും ലോകത്തെ സാമ്രാജ്യത്വവിരുദ്ധ സമാധാന പ്രസ്ഥാനവും ശരിയായ പാതയിൽ മുന്നേറുകയാണെങ്കിൽ അതിന് യുദ്ധം ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അതായത്, മാറിയ ലോകസാഹചര്യത്തിൽ, ശാക്തിക സന്തുലനത്തിന്റെ കാലയളവിൽ, യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യതയും സമാധാനം സംരക്ഷിക്കാനുള്ള സാദ്ധ്യതയും ഒരുപോലെ യാഥാർത്ഥ്യമാണെന്നർത്ഥം. ക്രൂഷ്‌ചേവ് മുന്നോട്ടുവച്ചതായിരുന്നില്ല, ഇതായിരുന്നു അന്നത്തെ ലോകസാഹചര്യത്തെക്കുറിച്ചുള്ള ശരിയായ വ്യാഖ്യാനം. ബൂർഷ്വാ പാർലമെന്റുകളെ ജനേച്ഛയുടെ ഉപകരണമായി പരിവർത്തനപ്പെടുത്താമെന്നും വ്യത്യസ്ത രാജ്യങ്ങളിൽ സമാധാനപരമായ മാർഗ്ഗത്തിലൂടെ വിപ്ലവം സാദ്ധ്യമാക്കാമെന്നും തുടർന്ന് ക്രൂഷ്‌ചേവ് പറഞ്ഞു. ഇത് തികച്ചും വിപ്ലവവിരുദ്ധവും അങ്ങേയറ്റം തിരുത്തൽവാദപരവും പരിഷ്‌കരണവാദപരവുമായ സിദ്ധാന്തമായിരുന്നു. തുടർന്ന്, ലെനിനും സ്റ്റാലിനും ആവിഷ്‌കരിച്ച സമാധാനപരമായ സഹവർത്തിത്വം എന്ന ആശയത്തെ ക്രൂഷ്‌ചേവ്, എവ്വിധവും സമാധാനം നിലനിർത്തുക എന്നതിലേയ്ക്ക് ചുരുക്കി. സാമ്രാജ്യത്വ ശക്തികൾ എവിടെയെങ്കിലും യുദ്ധ ഭീഷണി മുഴക്കിയാൽ അതിനെ ശക്തമായി ചെറുക്കാൻ മുന്നോട്ടുവരേണ്ടതില്ലെന്നും ക്രൂഷ്‌ചേവ് കൂട്ടിച്ചേർത്തു. കാരണം അത് യുദ്ധത്തിന്, ആണവയുദ്ധത്തിനുപോലും വഴിവയ്ക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദഗതി. അതുകൊണ്ടുതന്നെ വിട്ടുവീഴ്ച ചെയ്‌തേ പറ്റൂ. അങ്ങനെ അദ്ദേഹം സമാധാനപരമായ സഹവർത്തിത്വം എന്ന തത്വത്തെ സമാധാനപരമായ കീഴടങ്ങലായി തരംതാഴ്ത്തി. മാർക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽനിന്നുതന്നെ ക്രൂഷ്‌ചേവ് വ്യതിചലിച്ചു. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിന് മാർക്‌സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ സെതുങ്ങ് എന്നീ ആചാര്യന്മാർ വമ്പിച്ച പ്രാധാന്യമാണ് കൽപ്പിച്ചിട്ടുള്ളത്. എന്നാൽ ക്രൂഷ്‌ചേവ് നേതൃത്വം മുന്നോട്ടുവച്ചത് ‘തൊഴിലാളവർഗ്ഗ സർവ്വാധിപത്യ’ത്തിനുപകരം ‘ജനങ്ങളുടെ സർവ്വാധിപത്യം’ എന്ന ആശയമാണ്. ഇങ്ങനെ പല മേഖലകളിലും മാർക്‌സിസ്റ്റിതരവും തിരുത്തൽവാദപരവുമായ ആശയങ്ങളാണ് അവർ മുന്നോട്ടുവച്ചത്. റിവിഷനിസ്റ്റ് ചിന്തയെക്കുറിച്ച് ലെനിൻ പറഞ്ഞത് മാർക്‌സിസത്തിന്റെ കുപ്പായമണിഞ്ഞ മുതലാളിത്ത ചിന്ത എന്നത്രെ. എല്ലാത്തരം വഷളൻ ആശയങ്ങളും അവർ വിളമ്പിക്കൊണ്ടിരുന്നു. ശക്തമായ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇത് ആശയക്കുഴപ്പവും അനൈക്യവും വിതച്ചു. ആഗോളമായി അലയടിച്ചുകൊണ്ടിരുന്ന സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളെയും ഇത് പിന്നോട്ടടിച്ചു. തുടർന്ന് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ക്രമേണ പ്രകടമായി. ചൈനീസ് പാർട്ടി നമ്മുടെ പാർട്ടിയെപ്പോലെ ക്രൂഷ്‌ചേവിന്റെ തിരുത്തൽവാദ ലൈനിനെ എതിർക്കാൻ തുടങ്ങി. തുടക്കത്തിൽ ആശയക്കുഴപ്പംമൂലം അവർ ക്രൂഷ്‌ചേവിനെ പിന്തുണച്ചിരുന്നു. പിന്നീട് അവർ തെറ്റ് സമ്മതിക്കുകയും വിയോജിപ്പ് തുറന്നുപറയുകയും ചെയ്തു. മോസ്‌കോയെയും ബീജിങ്ങിനെയും പിന്തുണയ്ക്കുന്ന രണ്ട് ധാരകളായി കമ്മ്യൂണിസ്റ്റ് ചേരി വിഭജിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ക്യൂബൻ വിപ്ലവവും സഖാവ് ഫിഡൽ കാസ്‌ട്രോയുടെ ഉദയവും സംഭവിക്കുന്നത്. മഹാന്മാരായ സ്റ്റാലിന്റെയും മാവോയുടെയും നേതൃത്വത്തിൽ, ഉന്നതമായ മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്താൽ സായുധമായി, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഊർജ്ജ്വസ്വലമായി മുന്നേറുന്ന സാഹചര്യം, കാസ്‌ട്രോ പോരാട്ടം നയിക്കുന്ന കാലമായപ്പോഴേയ്ക്കും പിൻവാങ്ങിയിരുന്നു. തിരുത്തൽവാദം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുമേൽ പിടി മുറുക്കിക്കഴിഞ്ഞ സമയത്തായിരുന്നു കാസ്‌ട്രോയുടെ ഉദയം.

സഖാവ് ശിബ്ദാസ് ഘോഷ് ശരിയായ വിശകലനം അവതരിപ്പിച്ചു

ഇവിടെ, സഖാവ് ശിബ്ദാസ് ഘോഷിന്റെ നേതൃത്വത്തിൽ നമ്മുടെ പാർട്ടി നൽകിയ ചില സംഭാവനകളെക്കുറിച്ച് പരാമർശിക്കേണ്ടതുണ്ട്. പുതിയ തലമുറയ്ക്ക് ഇതേക്കുറിച്ച് ധാരണയുണ്ടാവില്ല. ഈ വേദിയിലിരിക്കുന്നവർക്കും ഞങ്ങളുടെ പ്രായമുള്ളവർക്കും 1950 കളിലെ സാഹചര്യത്തെക്കുറിച്ച് അറിയാം. ഹിറ്റ്‌ലറുടെ ഫാസിസത്തിനെതിരെ ഫ്രാൻസിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും വലിയ സമരം നടത്തി. അന്ന് ഈ രണ്ട് പാർട്ടികളും വളരെ ശക്തമായിരുന്നു. ഫ്രാൻസിലെ ബൂർഷ്വാ ഭരണാധികാരികൾ ഫാസിസ്റ്റുകളെ എതിർത്തില്ല. അവർ രാജ്യത്തുനിന്ന് പലായനം ചെയ്യുകയാണുണ്ടായത്. കമ്മ്യൂണിസ്റ്റുകളാണ് ചെറുത്തുനിൽപ്പ് നടത്തിയത്. ഇറ്റലിയും ഫ്രാൻസും കൂടാതെ ഗ്രീസ്, ജപ്പാൻ, ഇന്തോനേഷ്യ, മലേഷ്യ, ബർമ്മ(മ്യാൻമർ), ഇറാൻ, ഇറാക്ക്, ഫിലിപ്പൈൻസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായിരുന്നു. തിരുത്തൽവാദം ശക്തിയാർജിച്ചതോടെ ഈ പാർട്ടികളെല്ലാം ക്ഷയിച്ചുപോയി. ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിലനിന്ന ഒരു ദൂഷ്യവശത്തെക്കുറിച്ച് അഥവാ പരിമിതിയെക്കുറിച്ച് ആദ്യമായി ചൂണ്ടക്കാണിച്ചത് 1948ൽ സഖാവ് ശിബ്ദാസ് ഘോഷാണ്. അനുകൂലഘടകങ്ങളൊന്നുമില്ലാതെ, എല്ലാ വൈതരണികളെയും മറികടന്നുകൊണ്ട് നമ്മുടെ പാർട്ടി കെട്ടിപ്പടുക്കാനുള്ള കഠിനമായ പോരാട്ടത്തിന്റെ മദ്ധ്യത്തിലായിരുന്നു അദ്ദേഹമന്ന്. ഒരു നേരത്തെ ഭക്ഷണമോ, പാർപ്പിടം പോലുമോ അന്നുണ്ടായിരുന്നില്ല. അന്നാണ്, ‘കമ്മ്യൂണിസ്റ്റ് ചേരിയുടെ സ്വയം വിമർശനം’ എന്ന ചരിത്രപ്രധാനമായ ലേഖനം അദ്ദേഹമെഴുതുന്നത്. അതിലദ്ദേഹം ചൂണ്ടിക്കാണിച്ചു: ”ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കൈവരിച്ച നിരവധിയായ നേട്ടങ്ങളെയും അനുഷ്ഠിച്ച ഉജ്ജ്വലമായ ത്യാഗങ്ങളെയും അഭിമാനത്തോടെയും ആദരവോടെയും സ്മരിക്കുമ്പോൾത്തന്നെ, അതിന്റെ ഗുരുതരമായ പരിമിതികൾ ചൂണ്ടിക്കാണിക്കുന്നതിനും ഞങ്ങൾ ഒട്ടും അമാന്തിക്കുന്നില്ല… ലോക കമ്മ്യൂണിസ്റ്റ് ചേരിയുടെ ഇന്നത്തെ നേതൃത്വം വലിയൊരു പരിധിവരെ യാന്ത്രിക ചിന്താപ്രക്രിയയാലും… വിമർശന രഹിതമായി, അന്ധമായി അംഗീകരിക്കുന്ന പ്രവണതയാലും സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഈ ഗുരുതരമായ പരിമിതികൾക്ക് കാരണം…”. വൈരുദ്ധ്യാത്മക പ്രക്രിയയ്ക്കുപകരം ഈ യാന്ത്രിക ചിന്താപ്രക്രിയയും നേതൃത്വത്തോടുള്ള അന്ധമായ വിധേയത്വവും ഭാവിയിൽ അപകടമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. കൃത്യമായും അതുതന്നെ സംഭവിക്കുകയും ചെയ്തു. സ്റ്റാലിൻ മരിക്കുന്നതുവരെ അദ്ദേഹം ശരിയായ പാതയിലൂടെ മുന്നോട്ടുപോകുകയും മറ്റുള്ളവർ അദ്ദേഹത്തെ അന്ധമായി പിന്തുടരുകയുമാണുണ്ടായത്. സ്റ്റാലിന്റെ നിര്യാണത്തിനുശേഷം ക്രൂഷ്‌ചേവ് നേതൃത്വം പിടിച്ചെടുക്കുകയും സ്റ്റാലിൻ വിരുദ്ധ പ്രചാരണം ആരംഭിക്കുകയും ചെയ്തതോടെ, പലരിലും ആശയക്കുഴപ്പമുണ്ടാകുകയും പലരും പല സംശയങ്ങളും ഉന്നയിക്കുകയും ചെയ്‌തെങ്കിലും ഒരു വിഭാഗം അന്ധമായി സോവിയറ്റ് പാർട്ടിയെ പിന്തുടരുകയും മറ്റുള്ളവർ ചൈനീസ് പാർട്ടിയെ പിന്തുടരുകയും ചെയ്യുന്ന സ്ഥിതിയായി. നമ്മുടെ പാർട്ടി തുടക്കംമുതൽ തന്നെ അന്ധതയിൽനിന്ന് മുക്തമായിരുന്നു. സ്റ്റാലിനെയും മാവോയെയും സഖാവ് ശിബ്ദാസ് ഘോഷ് അളവറ്റ ആദരവോടെയാണ് കണ്ടത്. അവരുടെ ശിഷ്യൻ എന്നാണ് മരിക്കുന്നതുവരെ അദ്ദേഹം വിശേഷിപ്പിച്ചത്. അതികായരായ ഈ മാർക്‌സിസ്റ്റ് ആചാര്യന്മാരുമായുള്ള ഒരു താരതമ്യവും അദ്ദേഹം അനുവദിച്ചില്ല. എന്നാൽ ഒരിക്കലുമദ്ദേഹം ഇവരെ അന്ധമായി പിന്തുടർന്നുമില്ല. വൈരുദ്ധ്യാത്മക പ്രയോഗപദ്ധതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം എല്ലാം വിശകലന വിധേയമാക്കിയത്. സ്റ്റാലിനോട് ഏറെ ആദരവ് പുലർത്തുമ്പോൾത്തന്നെ ചില കാര്യങ്ങളിൽ അദ്ദേഹത്തെ വിമർശിക്കാനും സഖാവ് ശിബ്ദാസ് ഘോഷ് മുതിർന്നു. മാവോ സെതുങ്ങിന്റെ കാര്യത്തിലും അദ്ദേഹം ചില വിമർശനങ്ങൾ മുന്നോട്ടുവച്ചിരുന്നു. പല രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശിഥിലമായപ്പോഴും നമ്മുടെ പാർട്ടി ഒറ്റക്കെട്ടായി നിലകൊണ്ടത് നിങ്ങൾ കണ്ടതാണ്. ഒറ്റക്കെട്ടായി നിലകൊണ്ടുവെന്ന് മാത്രമല്ല വളരുകയും ചെയ്തു. രാജ്യമെമ്പാടും നമ്മൾ വളർന്നുകൊണ്ടിരിക്കുകയാണ്. തൊഴിലാളികളും കർഷകരും വിദ്യാർത്ഥികളും യുവാക്കളും വനിതകളുമെല്ലാം നമ്മുടെ പാർട്ടിയിൽ ചേർന്നുകൊണ്ടിരിക്കുന്നു. ഈ വളർച്ചയുടെ ഊർജ്ജം ലഭിക്കുന്നതെവിടെനിന്നാണ്? സഖാവ് ശിബ്ദാസ് ഘോഷ് പ്രദാനം ചെയ്ത മാർക്‌സിസം-ലെനിനിസത്തിന്റെ സമ്പുഷ്ടവും വികസിതവുമായ ധാരണയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ പാർട്ടി പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ അകാല നിര്യാണത്തെത്തുടർന്ന് ഉറ്റ സഖാവായ സഖാവ് നിഹാർ മുഖർജി ആ ഉന്നതമായ മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് ധാരണയെ ആധാരമാക്കി നമ്മുടെ പാർട്ടിക്ക് നേതൃത്വം നൽകി. സഖാവ് നിഹാർ മുഖർജിയുടെ വേർപാട്, പാർട്ടിയെ നയിക്കാനുള്ള ചുമതല നമ്മിൽ അർപ്പിതമായിരിക്കുകയാണ്. അതേ പാതയിൽക്കൂടിത്തന്നെ നമ്മൾ മുന്നോട്ടുപോകുന്നു. മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്തയുടെ അടിസ്ഥാനത്തിൽ പൊരുതുവോളം നമ്മുടെ രാജ്യത്തുമാത്രമല്ല സാർവ്വദേശീയമായിത്തന്നെ നമ്മുടെ പാർട്ടിക്ക് സുപ്രധാന പങ്ക് വഹിക്കാൻ കഴിയും. അത് ആവശ്യകതയാണ്, നമ്മൾ അത് നിറവേറ്റുക തന്നെ ചെയ്യും. നമ്മുടെ സഖാക്കളുടെ അറിവിലേയ്ക്കായിട്ടാണ് ഇക്കാര്യങ്ങൾ ഇവിടെ സൂചിപ്പിച്ചത്.

കാസ്‌ട്രോയെ പ്രചോദിപ്പിച്ചത്
ശ്രേഷ്ഠ വികാരങ്ങളാണ്

തിരുത്തൽവാദി ക്രൂഷ്‌ചേവ് നേതൃത്വം സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വേണം സ.ഫിഡൽ കാസ്‌ട്രോയുടെ നന്മ വിലയിരുത്താൻ. നമ്മുടെ ബംഗാളി മുഖപത്രം ഗണദാബിയിൽ മുമ്പ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ രണ്ട് പ്രസംഗങ്ങൾ, അടുത്ത കാലത്തെ അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങൾ, നിരീക്ഷണങ്ങൾ, അദ്ദേഹത്തിന്റെ ജീവിത സമരത്തിലെ ചില സന്ദർഭങ്ങൾ എന്നിവയൊക്കെ പരിശോധിച്ചതിൽനിന്ന് എനിക്ക് വ്യക്തമായത് അദ്ദേഹത്തെ പ്രചോദിപ്പിച്ചത് ഉന്നതവും ശ്രേഷ്ഠവുമായ ഹൃദയവികാരങ്ങളായിരുന്നു എന്നതാണ്. അടിച്ചമർത്തപ്പെടുന്നവരോട് അളവറ്റ ഹൃദയബന്ധമില്ലെങ്കിൽ ഒരാൾക്ക് വിപ്ലവകാരിയാകാനാകില്ലെന്ന് സഖാവ് ശിബ്ദാസ് ഘോഷ് പഠിപ്പിച്ചിട്ടുണ്ട്. ഈ വികാരം ജീവത്തായി നിലനിർത്തിയില്ലെങ്കിൽ വിപ്ലവ ജീവിതവും സജീവമായിരിക്കില്ല. ഒരിക്കൽ പീഡിതരോട് ഉണ്ടായിരുന്ന വൈകാരിക ബന്ധം നിലനിർത്താനായില്ലെങ്കിൽ, അവരുടെ കണ്ണീരിന്റെയും കദനത്തിന്റെയും ചൂട് മനസ്സിൽ സൂക്ഷിക്കാനായില്ലെങ്കിൽ, ആ വൈകാരികജ്ജ്വാലയിൽ സ്വയം സ്ഫുടം ചെയ്‌തെടുക്കാനായില്ലെങ്കിൽ, ഒരാളുടെ വിപ്ലവവീര്യം ക്രമേണ ചോർന്നുപോകും. ചിലരിൽ അത് എന്നെന്നേയ്ക്കുമായി അസ്തമിക്കും. ശ്രേഷ്ഠമായ മാനസിക ഭാവങ്ങളാൽ പ്രചോദിതമായി ആരംഭിക്കുന്ന വിപ്ലവജീവിതം ആ വൈകാരികതയെ, സർവ്വതല സ്പർശിയും അക്ഷീണവുമായ സമരത്തിലൂടെ പോഷിപ്പിച്ച്, ഊട്ടിവളർത്തി, വിശാലമാക്കി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. സഖാവ് ഫിഡലിന്റെ കാര്യത്തിൽ, ശ്രേഷ്ഠമായ ഈ വൈകാരിക ഭാവങ്ങളാണ് അദ്ദേഹത്തിന് ജീവിതാന്ത്യം വരെ അജയ്യമായ ശക്തി പ്രദാനം ചെയ്തത്.

ക്യൂബൻ വിപ്ലവം അങ്ങേയറ്റം  കഠിനമായിരുന്നു

ക്യൂബയിലെ വിപ്ലവം വിജയത്തിലെത്തിക്കാൻ എത്രത്തോളം ബുദ്ധിമുട്ടായിരുന്നു എന്ന് ഇന്ന് ഊഹിക്കാൻ പോലുമാവില്ല. സോവിയറ്റ് വിപ്ലവത്തെ അനുസ്മരിപ്പിക്കുന്നതാണ് അത്. സോവിയറ്റ് വിപ്ലവം പൂർത്തിയായ ഉടൻതന്നെ സാമ്രാജ്യത്വ-മുതലാളിത്ത ശക്തികളിൽനിന്ന് രൂക്ഷമായ ആക്രമണമാണ് നേരിടേണ്ടിവന്നത്. ആദ്യം ലെനിന്റെയും പിന്നീട് സ്റ്റാലിന്റെയും നേതൃത്വത്തിൽ നവജാത സോഷ്യലിസ്റ്റ് രാഷ്ട്രം ആ ആക്രമണങ്ങളെയെല്ലാം തുരത്തി. അതേ സമയംതന്നെ, സോവിയറ്റ് വിപ്ലവം ചൈനീസ് വിപ്ലവത്തിന് പ്രചോദനമാകുകയും അതിന് മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്തു. വിപ്ലവകാരികൾക്ക് സോവിയറ്റ് യൂണിയനിൽനിന്ന് സഹായം ലഭിച്ചു. ചൈന സോവിയറ്റ് യൂണിയനുമായി അതിർത്തി പങ്കിടുന്നുണ്ട്. സഖാവ് മാവോ സെതുങ്ങിന്റെ നേതൃത്വത്തിൽ 20 ലക്ഷം വരുന്ന ചൈനീസ് ചെമ്പട 8500 കി.മീ ദൂരമാണ് താണ്ടിയത്. അമേരിക്കൻ പോർവിമാനങ്ങൾ നിരന്തരം അവർക്കുമേൽ ബോംബ് വർഷിച്ചു. ചിയാങ് കൈഷേക് ഗവണ്മെന്റ് അവർക്കുമേൽ കൊടിയ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഇതോടെ ചെമ്പടയ്ക്ക് സോവിയറ്റ് അതിർത്തിയിൽ അഭയം പ്രാപിക്കേണ്ടിവന്നു. അവിടെ വച്ച് അവർ വീണ്ടും സൈന്യത്തെ പുനഃസ്സംഘടിപ്പിച്ചു. വർദ്ധിത വീര്യത്തോടെ അവർ പ്രത്യാക്രമണത്തിന് തയ്യാറായി. പട്ടിണികൊണ്ടും രോഗങ്ങൾമൂലവും നദികളിലെ ഒഴുക്കിൽപ്പെട്ടുമൊക്കെ ലക്ഷക്കണക്കിന് പേർ അതിനകം മരിച്ചുകഴിഞ്ഞിരുന്നു. 20 ലക്ഷം 20,000 ആയി ചുരുങ്ങി. ആ സന്ദർഭത്തിൽ മാവോ പറഞ്ഞു: ‘ഇനി നമ്മൾ ജയിക്കാൻ പോകുകയാണ്. മുമ്പ് നമുക്ക് 20 ലക്ഷം ഭടന്മാരുണ്ടായിരുന്നു. ഇപ്പോൾ സുപരീക്ഷിതരായ 20,000 സേനാനായകരാണുള്ളത്’. വിപ്ലവ വിജയമാഘോഷിച്ചുകൊണ്ടുള്ള ആദ്യ സമ്മേളനം ബീജിങ്ങിൽ നടന്നു. മാവോ സെതുങ്ങ് പ്രസംഗിക്കാനായി എഴുന്നേറ്റു. എന്നാൽ മൈക്കിനുമുന്നിൽ ആദ്ദേഹത്തിന്റെ തൊണ്ടയിടറി. അദ്ദേഹത്തിന് പ്രസംഗിക്കാൻ കഴിഞ്ഞില്ല. കണ്ണീർ കവിളിലൂടെ ഒഴുകി. വിപ്ലവ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച ലക്ഷക്കണക്കിന് പോരാളികളെ അദ്ദേഹം സ്മരിക്കുകയായിരുന്നു. ഈ വിപ്ലവത്തിൽ അതിർത്തി കടന്നുള്ള സഹായം സോവിയറ്റ് യൂണിയനിൽ നിന്നുണ്ടായി. മഹാനായ നേതാവ് ഹോചിമിന്റെ കീഴിൽ ഐതിഹാസികമായ പോരാട്ടമാണ് വിയറ്റ്‌നാമിലും നടന്നത്. ആദ്യം അവർ ഫ്രഞ്ച് സാമ്രാജ്യത്വ ശക്തിക്കെതിരെ പൊരുതി. രണ്ടാം ലോകയുദ്ധ സമയത്ത് ജാപ്പനീസ് സാമ്രാജ്യത്വ ശക്തിക്കെതിരെയും ഒടുവിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെയും അവർ പടവെട്ടി. മൂന്ന് വമ്പൻ സാമ്രാജ്യത്വ രാജ്യങ്ങൾക്കെതിരെയായിരുന്നു അവരുടെ പോരാട്ടം. സോഷ്യലിസ്റ്റ് ചൈനയുമായി അതിർത്തി പങ്കിട്ട വിയറ്റ്‌നാമിനും സഹായം ലഭിച്ചു. എന്നാൽ ക്യൂബ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രവുമായും അതിർത്തി പങ്കിടുന്നില്ല. അതുകൊണ്ടുതന്നെ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രത്തിൽ നിന്നും ഒരു സഹായവും ലഭിച്ചതുമില്ല. വിദൂരമായ ലാറ്റിനമേരിക്കയിൽ, അടിമുടി സംഹാരാത്മകമായ, സായുധമായ അമേരിക്കൻ സാമ്രാജ്യത്വത്തിൽനിന്ന് വെറും 90 മൈൽ കടൽകൊണ്ട് വേർതിരിക്കപ്പെട്ട ഒരു കൊച്ചുദ്വീപ്. ഇന്ന് ക്യൂബയുടെ ജനസംഖ്യ ഒരു കോടി 10 ലക്ഷമാണ്. വിപ്ലവത്തിന്റെ സമയത്ത് അത് വെറും 60-70 ലക്ഷമേ ഉണ്ടായിരുന്നുള്ളൂ. ഇതുപോലുള്ള ഒരു രാജ്യത്ത് വിപ്ലവം വിജയിപ്പിക്കാൻ, അതും തിരുത്തൽവാദത്തിന്റെ ആക്രമണത്തിൽപ്പെട്ട് സാർവ്വ ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ദുർബലമായിരിക്കുന്ന സമയത്ത്, എത്രത്തോളം ദേശസ്‌നേഹവും അടിച്ചമർത്തപ്പെട്ടവരോടുള്ള അളവറ്റ കൂറും നിശ്ചയദാർഢ്യവും ആവശ്യമാണെന്നോർക്കുക. ഈ പശ്ചാത്തലത്തിൽ വേണം കാസ്‌ട്രോയുടെ വ്യക്തിത്വത്തെ മനസ്സിലാക്കാനെന്ന് ഞാൻ എല്ലാവരെയും ഓർമ്മിപ്പിക്കുകയാണ്. അതോടൊപ്പം ഒരു ആശയക്കുഴപ്പം ദൂരീകരിക്കേണ്ടതായുണ്ട്. വെറും 82 സഖാക്കളുമായാണ് അദ്ദേഹം സമരമാരംഭിക്കുന്നത് എന്നത് ശരിയാണ്. എന്നാൽ അവരെക്കൊണ്ടുമാത്രമാണ് വിപ്ലവം വിജയിപ്പിച്ചത് എന്ന് കരുതരുത്. വിപ്ലവപൂർവ്വ ക്യൂബയിൽ ജനങ്ങളുടെ പ്രക്ഷോഭങ്ങളെയെല്ലാം ബാറ്റിസ്റ്റയുടെ അഴിമതി നിറഞ്ഞ, സ്വേച്ഛാധിപത്യ ഗവണ്മെന്റ് ക്രൂരമായി അടിച്ചമർത്തുകയായിരുന്നു. കാസ്‌ട്രോ സമരമാരംഭിച്ചതോടെ ജനങ്ങൾ വൻതോതിൽ അദ്ദേഹത്തിന്റെ പിന്നിൽ അണിനിരക്കാനും ബാറ്റിസ്റ്റ സർക്കാരിനെതിരെ വമ്പൻ പണിമുടക്കുകളും സമരങ്ങളും സംഘടിപ്പിക്കാനും തുടങ്ങി. സൈന്യത്തിലും നല്ലൊരു പങ്ക് കാസ്‌ട്രോയെ പിന്തുണച്ചു. ആഭ്യന്തര സാഹചര്യം ഇത്രയേറെ അനുകൂലമായിരുന്നില്ലെങ്കിൽ ക്യൂബയിൽ വിപ്ലവം വിജയിക്കുമായിരുന്നില്ല.
1991 ൽ സോവിയറ്റ് യൂണിയൻ തകർക്കപ്പെട്ടതിനുശേഷം, ‘ബേ ഓഫ് പിഗ്‌സിൽ’ നടന്ന പോരാട്ട വിജയത്തിന്റെ വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ, ഭാവിയിൽ പ്രതീക്ഷ അർപ്പിച്ചുകൊണ്ട് കാസ്‌ട്രോ നടത്തിയ പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു: ”പ്രതീക്ഷാനിർഭരമായി ലോകത്തെ ഉറ്റുനോക്കുന്ന, പുരോഗമനാശയങ്ങളുള്ള, സാമൂഹ്യ നീതിയും ദേശാഭിമാനവും സ്വാതന്ത്ര്യവും സ്വപ്നം കാണുന്ന എല്ലാ ജനങ്ങളും, മനോഹരമായ ഒരു ലോകം സൃഷ്ടിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്ന എല്ലാ ജനങ്ങളും, പിന്തിരിപ്പൻ, ഫാസിസ്റ്റ് മുതലാളിത്ത ആശയഗതികളുമായി യാങ്കികൾ ഭരിക്കുന്ന ഒരു ലോകത്ത് കഴിയേണ്ടിവരുന്നതിനെ അങ്ങേയറ്റം വെറുക്കുന്ന എല്ലാ ജനങ്ങളും, ചരിത്രം അല്പമെങ്കിലും അറിയുന്ന, മനുഷ്യ നന്മയ്ക്കുതകുന്ന ശ്രേഷ്ഠമായ ആശയങ്ങളും സങ്കല്പങ്ങളും മൂല്യങ്ങളുമുള്ള, എല്ലാ ജനങ്ങളും പ്രതീക്ഷിക്കുന്നത് ലോകത്ത് ഇനിയും ചെറുത്തുനില്പ് വളർന്നുവരുമെന്നും സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം അതിജീവിക്കുമെന്നുമാണ്”

കമ്മ്യൂണിസത്തോടുള്ള  അചഞ്ചലമായ കൂറ്

അതേ പ്രസംഗത്തിൽത്തന്നെ അദ്ദഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു: ”പട്ടണങ്ങളിലെ ചേരികളിൽ താമസിക്കുന്ന ലക്ഷക്കണക്കിനാളുകൾ, കേറിക്കിടക്കാൻ ഒരു കൂരയില്ലാത്ത ലാറ്റിനമേരിക്കയിലെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ, ഒരു തുള്ളി മരുന്നോ ചികിത്സയോ കിട്ടാത്ത ലക്ഷക്കണക്കിന് രോഗികൾ, സ്‌കൂളുകളും വിദ്യാഭ്യാസവുമൊക്കെ അപ്രാപ്യരായവർ, രക്ഷിക്കാൻ കഴിയുമായിരുന്നിട്ടും അകാലത്തിൽ മരിച്ചുപോയവർ, തങ്ങളുടെ രാജ്യങ്ങളിൽ അടിസ്ഥാന ചികിത്സാ സംവിധാനമെങ്കിലുമുണ്ടായിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്ന, വർഷംതോറും ലാറ്റിനമേരിക്കയിൽ മരിച്ചുവീഴുന്ന രണ്ടുലക്ഷം കുഞ്ഞുങ്ങൾ, നിർദ്ദാക്ഷിണ്യമായ ചൂഷണത്തിനിരയായി ഭിക്ഷാടനത്തിലേയ്ക്കും വേശ്യാവൃത്തിയിലേയ്ക്കും തള്ളിയിടപ്പെടുന്ന സ്ത്രീകൾ, തൊഴിൽരഹിതരായ ജനകോടികൾ, ഭിക്ഷക്കാർ, നിന്ദിതർ – ഇവർക്കൊക്കെ വികസിത മുതലാളിത്ത രാജ്യങ്ങളിൽനിന്ന് എന്തുകിട്ടി? മൂന്നാംലോക രാജ്യങ്ങളിലെ അസഹനീയമായ ഈ ദുരിതങ്ങൾക്ക് ആരാണുത്തരവാദികൾ? വികസിത മുതലാളിത്ത രാജ്യങ്ങളാണ് ഇതിനുത്തരവാദികൾ. അമേരിക്കയാണ് അവരുടെ തലവൻ. മുതലാളിത്ത ലോകം 400 കോടി ജനങ്ങൾക്ക് പട്ടിണിയും ദുരിതങ്ങളും മാത്രമേ നൽകിയിട്ടുള്ളു എന്ന് കുറച്ച് ദിവസങ്ങൾക്കുമുമ്പ് ഞാൻ പറഞ്ഞിരുന്നു. അത്രമാത്രം…. ക്യൂബ ഇന്ന് ഏറ്റവും നീതിയുക്തവും ശ്രേഷ്ഠവും മനുഷ്യത്വപരവുമായ ആശയങ്ങളുടെ സുരക്ഷിത സ്ഥാനമാണ്… ചരിത്രം ഈ സുപ്രധാന ഉത്തരവാദിത്വമാണ് നമ്മെ ഏൽപ്പിച്ചിരിക്കുന്നത്…. നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ തലമുറയോടും വരാനിരിക്കുന്ന തലമുറകളോടും മാത്രമല്ല ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളോടുമുള്ള ഉത്തരവാദിത്വമാണത്. അമേരിക്കൻ സാമ്രാജ്യത്വത്തെ ചെറുത്തേ മതിയാകൂ. നമുക്കത് കഴിയുമെന്ന്, നമ്മളത് ചെയ്യുമെന്ന്, നമ്മൾ വിജയിക്കുമെന്ന് നമുക്ക് തെളിയിക്കേണ്ടതുണ്ട്. ആവശ്യം വന്നാൽ നമ്മളത് തെളിയിക്കും. ആരെങ്കിലുമത് തെളിയിക്കേണ്ടതുണ്ടെങ്കിൽ അത് നമ്മളായിരിക്കും. നമ്മളത് തെളിയിക്കും. ലോകത്തെ നമ്മൾ നിരാശപ്പെടുത്തില്ല; വിപ്ലവത്തിന്റെ കൊടിക്കൂറ പാറിച്ച് വിമോചനത്തിനായി പൊരുതുന്ന വിപ്ലവകാരികളെ നമ്മൾ നിരാശപ്പെടുത്തില്ല; ഒരു നല്ല ലോകം സ്വപ്നംകാണുന്നവരെ നമ്മൾ നിരാശപ്പെടുത്തില്ല…. അവരുടെ ആശയങ്ങളോട് താല്പര്യങ്ങളോട് എന്നും കൂറുപുലർത്തിയിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകൾ, യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ. പാരീസ് കമ്മ്യൂൺ മുതലിങ്ങോട്ട് എത്രയോ മഹത്തായ ഉദാഹരണങ്ങൾ ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാൻ കഴിയും. മാഡ്രിഡും സ്പാനിഷ് റിപ്പബ്ലിക്കും വിദേശസൈന്യത്തിൽനിന്ന് സംരക്ഷിച്ചുനിർത്താൻ അവർ വലിയ പോരാട്ടം നടത്തി; ഹിറ്റ്‌ലറുടെ, മുസ്സോളിനിയുടെ, കോളനികളിലെ സേനകൾക്കൊക്കെ എതിരെ അവർ പൊരുതി; ഹിറ്റ്‌ലറുടെ സൈന്യം സോവിയറ്റ് യൂണിയനിലേയ്ക്ക് അതിക്രമിച്ച് കയറിയതിനുശേഷം നാഗരികതയെ പ്രതിരോധിച്ചത് അവരാണ്. ഈ യുദ്ധത്തിൽ ജീവൻ വെടിഞ്ഞ 2 കോടി ആളുകളെ നമ്മൾ ഒരിക്കലും മറക്കില്ല. മറ്റുള്ളവർ അവരെ മറന്നേക്കാം, പക്ഷേ നമ്മൾ മറക്കില്ല. ആരാണ് ആ യുദ്ധത്തിന്റെ മുൻ നിരയിലുണ്ടായിരുന്നത്? സുശിക്ഷിതരായ ഫാസിസ്റ്റ് സേനയെ നേരിടാൻ, ഏറ്റവും അപകടകരമായ മേഖലകളിൽ നിലയുറപ്പിച്ചത് കമ്മ്യൂണിസ്റ്റുകളാണ്. കമ്മ്യൂണിസ്റ്റുകളുടെ യഥാർത്ഥ സ്വാഭാവമിതാണ്; നിങ്ങൾ ആ വിഭാഗത്തിൽ പെടുന്നവരാണ്.”
സോവിയറ്റ് സോഷ്യലിസത്തിന്റെ തകർച്ചയ്ക്കുശേഷം അദ്ദേഹം നടത്തിയ പ്രസംഗമാണിത്. ഇവ്വിധമൊരുപ്രഖ്യാപനം നടത്തണമെങ്കിൽ മാർക്‌സിസത്തിൽ, കമ്മ്യൂണിസത്തിൽ, സോഷ്യലിസത്തിൽ എത്ര അടിയുറച്ച ബോദ്ധ്യമുണ്ടായിരിക്കണം! ദരിദ്രരും പീഡിതരുമായ ജനങ്ങളോട് അദ്ദേഹത്തിനുണ്ടായിരുന്ന സ്‌നേഹവും അനുകമ്പയുമൊക്കെ ആഴമാർന്നതായിരുന്നു. അവരുടെ കഷ്ടപ്പാടുകളിൽ അദ്ദേഹം അങ്ങേയറ്റം വേദനിച്ചു. ക്യൂബയുടെ സമ്പദ്ഘടന അത്ര ശക്തമൊന്നുമായിരുന്നില്ല. ദീർഘനാളത്തെ സാമ്രാജ്യത്വ ചൂഷണം അതിനെ തകർത്തിരുന്നു. വിപ്ലവത്തിനുശേഷം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആക്രമണങ്ങളെ നേരിടേണ്ടിവന്നതിനാൽ, സാമ്പത്തിക പുനരുദ്ധാരണത്തിനായി ക്യൂബയ്ക്ക് സോവിയറ്റ് യൂണിയന്റെ സഹായം അഭ്യർത്ഥിക്കേണ്ടിവന്നു. കരിമ്പും പുകയിലയും മാത്രമാണ് ക്യൂബയിൽ ഉല്പാദിപ്പിച്ചിരുന്നത്. ഇതുരണ്ടും കയറ്റുമതി ചെയ്താണ് അവർ നിലനിൽക്കുന്നത്. നേരത്തെ അമേരിക്ക ഇതുരണ്ടും ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ, വിപ്ലവത്തിനുശേഷം, ക്യൂബയെ ശ്വാസം മുട്ടിച്ചുകൊല്ലുന്നതിനായി അമേരിക്ക സമ്പൂർണ്ണമായ സാമ്പത്തിക ഉപരോധം ക്യൂബയ്ക്കുമേൽ അടിച്ചേൽപിച്ചു. ക്രൂഷ്‌ചേവായിരുന്നു അന്ന് അധികാരത്തിൽ. സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം പൂർണ്ണമായും തകർക്കപ്പെട്ടിരുന്നില്ല, ജീർണ്ണിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. 1990 ലാണ് അത് പൂർണ്ണമായും തകർക്കപ്പെട്ടത്. ജീർണ്ണത തുടങ്ങുന്നത് 1956 ലാണ്. എന്നാൽ അടിസ്ഥാന പ്രമാണങ്ങളെ അത് കാര്യമായി ബാധിച്ചിരുന്നില്ല. ഉദാഹരണമായി ഒരു സംഭവം പറയാം. 56ലോ 57ലോ എന്ന് കൃത്യമായി ഓർമ്മിക്കാൻ കഴിയുന്നില്ല. ഈജിപ്തിൽ കൂടി ഒഴുകുന്ന സൂയസ് കനാലിന്റെ ഉടമസ്ഥത ഒരു ഇംഗ്ലീഷ്-ഫ്രഞ്ച് കമ്പനിക്കായിരുന്നു. ഈജിപ്ത് ഗവണ്മെന്റ് അത് ദേശസാൽക്കരിച്ചു. ബ്രിട്ടനും ഫ്രാൻസും അമേരിക്കൻ പിന്തുണയോടെ ഈജിപ്തിനെ ആക്രമിച്ചു. ഈജിപ്തിനുമേൽ ബോംബ് വർഷിക്കുകയും കരസേനയെ ഇറക്കുകയും ചെയ്തു. ക്രൂഷ്‌ചേവായിരുന്നു അധികാരത്തിലെങ്കിലും സ്റ്റാലിന്റെ റഷ്യയുടെ പ്രതാപവും പാരമ്പര്യവും നഷ്ടപ്പെട്ടിരുന്നില്ല. 12 മണിക്കൂറിനുള്ളിൽ ആക്രമണം നിർത്തിയില്ലെങ്കിൽ ലണ്ടനും പാരീസിനും മേൽ ബോംബാക്രമണം നടത്തുമെന്ന് സോവിയറ്റ് യൂണിയൻ അന്ത്യശാസനം നൽകി. ബ്രിട്ടനിലെയും ഫ്രാൻസിലെയും ജനങ്ങളോട് സോവിയറ്റ് യൂണിയൻ പറഞ്ഞത് അവരോട് യാതൊരു വിരോധവുമില്ല എന്നാണ്. നിങ്ങളുടെ ഗവണ്മെന്റുകൾ ഈജിപ്തിനുമേൽ ആക്രമണം നടത്തുന്നു. അത് അവസാനിപ്പിക്കുന്നതിനായി നിങ്ങൾ മുന്നോട്ടുവരിക. 12 മണിക്കൂർ അന്ത്യശാസനമാണ് നൽകിയിരുന്നതെങ്കിലും 6 മണിക്കൂറിനുള്ളിൽ ആക്രമണം അവസാനിപ്പിച്ചു. ഭയചകിതരായ ബ്രിട്ടനും ഫ്രാൻസും ഉടൻ പിൻവാങ്ങുകയായിരുന്നു. അന്നും സോവിയറ്റ് യൂണിയന് അത്രത്തോളം ആജ്ഞാശക്തിയുണ്ടായിരുന്നു. സ്റ്റാലിന്റെ പ്രഭാവം പൂർണ്ണമായി തുടച്ചുനീക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ് ഈ സംഭവം പറഞ്ഞത്. സോവിയറ്റ് യൂണിയൻ ക്യൂബയെ സഹായിച്ചിരുന്നു. ക്യൂബയിൽനിന്ന് പഞ്ചസാര ഇറക്കുമതി ചെയ്തുകൊണ്ട് ആ രാജ്യത്തിനാവശ്യമായതെല്ലാം പകരം നൽകി. സൈനിക സഹായവും നൽകിയിരുന്നു. 60-62 കാലത്ത് ക്രൂഷ്‌ചേവ് നേതൃത്വം പക്ഷേ ഗുരുതരമായ ഒരു പിശക് കാണിച്ചു. അവർ ക്യൂബയിൽ റോക്കറ്റ് വിക്ഷേപിണികൾ രഹസ്യമായി സ്ഥാപിച്ചു. ഇക്കാര്യത്തിൽ കാസ്‌ട്രോയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് അത് ചെയ്യണമെന്നായിരുന്നു കാസ്‌ട്രോയുടെ അഭിപ്രായം. എന്നാൽ ക്രൂഷ്‌ചേവ് അതിന് തയ്യാറായില്ല. അമേരിക്ക ഇത് മനസ്സിലാക്കി. ഇത് ന്യൂക്ലിയർ മിസൈൽ ബേസ് ആണെന്നും അമേരിക്കയ്ക്ക് ഭീഷണിയാണെന്നും അവർ നിലപാടെടുത്തു. അവർ സൈനികമായ തടസ്സം സൃഷ്ടിക്കുകയും കരീബിയൻ കടലിൽ ഒറ്റ സോവിയറ്റ് കപ്പൽപോലും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനും പകരം ഭീഷണി മുഴക്കി. എന്നാൽ, ഒടുവിൽ ക്രൂഷ്‌ചേവ് പിൻവാങ്ങുകയും റോക്കറ്റ് വിക്ഷേപിണികൾ എടുത്തുമാറ്റുകയും ചെയ്തു. അന്ന് ഏറെ ഒച്ചപ്പാടിനിടയാക്കിയ ഈ സംഭവം കരീബിയൻ പ്രതിസന്ധി എന്നാണറിയപ്പെടുന്നത്. ക്യൂബയെ ആക്രമിക്കില്ലെന്ന ഉറപ്പ് അമേരിക്കയിൽനിന്ന് ക്രൂഷ്‌ചേവിന് ലഭിച്ചിരുന്നു. എന്നാൽ ഈ ഉറപ്പ് അർത്ഥശൂന്യമാണെന്നായിരുന്നു സഖാവ് ശിബ്ദാസ് ഘോഷിന്റെ അഭിപ്രായം. അമേരിക്ക ഏതായാലും ക്യൂബയെ ആക്രമിക്കാൻ പോകുന്നില്ല. ക്യൂബ ഐക്യരാഷ്ട്ര സഭയിൽ അംഗമായിരുന്നതിനാൽ അതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ലാറ്റിൻ അമേരിക്ക ഒന്നാകെ ക്യൂബയുടെ പക്ഷത്തായിരുന്നു. അമേരിക്കൻ ജനതയാകട്ടെ, അമേരിക്കയുടെ വിയറ്റ്‌നാം ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്ന സമയവുമായിരുന്നു. അതുകൊണ്ടൊക്കെത്തന്നെ ക്യൂബയുടെ മേൽ സൈനികാക്രമണം നടത്തുക അമേരിക്കയ്ക്ക് എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് അമേരിക്കയിൽനിന്ന് കിട്ടിയ ഉറപ്പിന് ഒരു വിലയുമില്ലെന്ന് സഖാവ് ശിബ്ദാസ് ഘോഷ് പറഞ്ഞത്. നേരെമറിച്ച് ക്യൂബൻ ടെറിട്ടറിയായ ഗ്വാണ്ടനാമോയിൽ അമേരിക്കയുടെ സൈനികത്താവളം പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇത് നിർത്തലാക്കാനും ആ സ്ഥലം ക്യൂബയ്ക്ക് നൽകാനും അമേരിക്കയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണ് സോവിയറ്റ് യൂണിയൻ ചെയ്യേണ്ടിയിരുന്നത്. അതൊന്നും ക്രൂഷ്‌ചേവ് ചെയ്തില്ല. ടർക്കിയിൽ ആണവ സംവിധാനമുണ്ടാക്കാനുള്ള അമേരിക്കയുടെ എല്ലാ നടപടികളും അവസാനിപ്പിക്കണമെന്നും നാറ്റോ സഖ്യം പിരിച്ചുവിടണമെന്നും ക്രൂഷ്‌ചേവ് ആവശ്യപ്പെടേണ്ടതായിരുന്നു. ഇക്കാര്യത്തിൽ ചൈനയും ക്രൂഷ്‌ചേവിനെ വിമർശിച്ചിരുന്നു. ഇതെല്ലാം അന്ന് രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. കാസ്‌ട്രോയ്ക്കും ക്രൂഷ്‌ചേവുമായി ഇക്കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു എന്നത് പ്രകടമായിരുന്നു. കാസ്‌ട്രോയുടെ പ്രസംഗങ്ങളിൽനിന്ന് അത് വ്യക്തമാകുന്നുണ്ട്.

മാർക്‌സിസം-ലെനിനിസത്തെ  സമ്പുഷ്ടമാക്കൽ

കാസ്‌ട്രോ മാർക്‌സിസം ലെനിനിസത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നെങ്കിലും, മാർക്‌സ്, ഏംഗൽസ്, ലെനിൻ,സ്റ്റാലിൻ, മാവോ, സഖാവ് ശിബ്ദാസ് ഘോഷ് എന്നിവരെപ്പോലെ ഒരു മാർക്‌സിസ്റ്റ് ദാർശനികന്റെ സ്ഥാനമായിരുന്നില്ല അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു മൂർത്ത സാഹചര്യത്തിൽ മാർക്‌സിസം മൂർത്തരൂപത്തിൽ പ്രയോഗത്തിൽ വരുത്തുന്നവരെല്ലാം തീർച്ചയായും മാർക്‌സിസ്റ്റ് ദർശനത്തെ സമ്പുഷ്ടമാക്കുംവിധം ചില സംഭാവനകൾ നൽകുന്നുണ്ടെന്ന് ഒരു ചർച്ചയിൽ സഖാവ് ഘോഷ് വ്യക്തമാക്കിയിരുന്നു. ”എസ്‌യൂസിഐ(സി) മാത്രമാണ് ഇന്ത്യയിലെ ഒരേയൊരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി” എന്ന കൃതിയിൽ ഇത് കാണാം. വിയറ്റ്‌നാം വിപ്ലവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, വിയറ്റ്‌നാം വിപ്ലവം ഉജ്ജ്വലമായിരുന്നെങ്കിലും ഒരു മാർക്‌സിസ്റ്റ് ചിന്തകന് ജന്മം നൽകാൻ അതിനായില്ല, എന്നത്രെ. പാർട്ടിക്കുള്ളിൽ നടന്ന ഒരു ചർച്ചയിൽ ഒരു ദൗർബല്യം എന്ന നിലയിൽ ഇക്കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

തിരുത്തൽവാദ ഗൂഢാലോചന  പ്രതിവിപ്ലവം സാദ്ധ്യമാക്കിത്തീർത്തു

ക്രൂഷ്‌ചേവിന്റെ സ്വാധീനംമൂലം കാസ്‌ട്രോയ്ക്ക് സ്റ്റാലിനെക്കുറിച്ച് ചില സന്ദേഹങ്ങളുണ്ടായിരുന്നു എന്നത് വേദനാകരം തന്നെയാണ്. സ്റ്റാലിനെ പലപ്പോഴും പ്രകീർത്തിച്ചിട്ടുള്ള കാസ്‌ട്രോ ചില സ്റ്റാലിൻ വിരുദ്ധ പരാമർശങ്ങളും നടത്തിയിട്ടുണ്ട്. മാർക്‌സ്, ഏംഗൽസ്, ലെനിൻ എന്നിവരെയാണ് അദ്ദേഹം ആധികാരികമായ നേതൃത്വമായി അംഗീകരിച്ചത്. മാവോ നേതൃത്വത്തിന്റെ വിപ്ലവകരമായ വൈശിഷ്ട്യം തിരിച്ചറിയാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. മാവോ ശക്തനായ മാർക്‌സിസ്റ്റ് പ്രാമാണികനായിരുന്നു. എന്നാൽ കാസ്‌ട്രോ ഇത് തിരിച്ചറിഞ്ഞില്ല. ലെനിൻ വരെയുള്ളവരുടെ പ്രാമാണികതയേ അദ്ദേഹം അംഗീകരിച്ചുള്ളൂ. ക്യൂബൻ വിപ്ലവത്തിന്റെയും കാസ്‌ട്രോ നേതൃത്വത്തിന്റെയും പരിമിതിയായിരുന്നു ഇത്. ഇത് ഇവിടെ പറയാതെ വയ്യ. അതോടൊപ്പംതന്നെ വേദനാകരമായ ഒരു കാര്യംകൂടി പറയേണ്ടതുണ്ട്. സ്റ്റാലിനെയും മാവോയെയും ഗുരുനാഥന്മാരായി കണ്ടിരുന്നെങ്കിൽ, അവരെ പ്രാമാണിക മാർക്‌സിസ്റ്റ് നേതൃത്വമായി അംഗീകരിച്ചിരുന്നെങ്കിൽ, അദ്ദേഹം പ്രദർശിപ്പിച്ച ഉന്നത നിലവാരം കൂടുതൽ ഔന്നത്യത്തിലെത്തുമായിരുന്നു, കൂടുതൽ തിളക്കമാർന്ന ഒരു സ്ഥാനം ചരിത്രത്തിൽ അദ്ദേഹം കൈവരിക്കുമായിരുന്നു.
എങ്ങനെയാണ് തിരുത്തൽവാദം പ്രത്യക്ഷപ്പെട്ടത്, അതിന്റെ കാരണങ്ങൾ എന്തായിരുന്നു, മുതലാളിവർഗ്ഗം സോഷ്യലിസത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, സമ്പദ്ഘടനയിൽനിന്ന് വലിയൊരു പരിധിവരെ മുതലാളിത്തം നിർമ്മാർജ്ജനം ചെയ്യപ്പെടുകയും രാഷ്ട്രീയ മേഖലയിൽ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം ശക്തിപ്പെടുകയും ചെയ്യുമ്പോൾത്തന്നെ മനസ്സ്, ചിന്ത, ആശയം തുടങ്ങിയ മേഖലകളിൽ എങ്ങനെയാണ് ബൂർഷ്വാ വ്യക്തിവാദം അവശേഷിക്കുന്നത്, ചിന്തയുടെ മേഖലയിൽ നിലനിൽക്കുന്ന സ്വകാര്യ സ്വത്തുടമ മനോഭാവം എങ്ങനെയാണ് അടിത്തറയെ തകർക്കുന്നതിനായി ഉപരിഘടനയിൽനിന്ന് ആക്രമണം നടത്തുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ സഖാവ് ശിബ്ദാസ് ഘോഷിൽനിന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. ഈ വിഷയങ്ങളൊക്കെ പല ചർച്ചകളിലായി സഖാവ് ശിബ്ദാസ് ഘോഷ് വിശദമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികൾ വായിച്ചിട്ടുള്ളവർക്കും പ്രസംഗങ്ങൾ കേട്ടിട്ടുള്ളവർക്കും ഇത് നന്നായറിയാം. തിരുത്തൽവാദം എങ്ങനെയാണ് സോഷ്യലിസത്തെ അപകടപ്പെടുത്തിയതെന്നും എങ്ങനെയാണ് ക്രൂഷ്‌ചേവിൽ ആരംഭിച്ച് ഗോർബച്ചേവിൽ പൂർത്തിയായ മുതലാളിത്ത പ്രതിവിപ്ലവം ആവിഷ്‌കരിക്കപ്പെട്ടതെന്നും, സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ പാർട്ടി വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഇവ്വിധത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ കാസ്‌ട്രോയ്ക്ക് കഴിഞ്ഞിട്ടില്ല.

സോവിയറ്റ് യൂണിയനിൽ ഒരു പ്രതിവിപ്ലവ സാദ്ധ്യത സ്റ്റാലിൻ മുൻകൂട്ടിക്കണ്ടു

സോവിയറ്റ് യൂണിയനിൽ തിരുത്തൽവാദം കരിനിഴൽ വീഴ്ത്തുന്നത് സ്റ്റാലിൻ തന്റെ അവസാനകാലത്ത് തിരിച്ചറിഞ്ഞിരുന്നു എന്നകാര്യം കൂടി ഇവിടെ സൂചിപ്പിക്കുകയാണ്. സോവിയറ്റ് യൂണിയനിൽ മുതലാളിത്തം തിരിച്ചുവരാനുള്ള സാദ്ധ്യതയെക്കുറിച്ച് അദ്ദേഹം സിപിഎസ്‌യുവിന്റെ 19-ാം കോൺഗ്രസ്സ് രേഖയിൽ സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ പാർട്ടി അതൊരു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റൊരു പോരാട്ടത്തിന് അദ്ദേഹം തയ്യാറെടുക്കുകയായിരുന്നു എന്ന് വ്യക്തം. എന്നാൽ 19-ാം കോൺഗ്രസ്സ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹം കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ സോവിയറ്റ് യൂണിയനിൽ സംഭവിച്ച ദുരന്തം ഒരുപക്ഷേ ഒഴിവായിപ്പോയേനെ. ആ സമരം സഖാവ് മാവോ സേതുങ്ങ് ചൈനയിൽ സാംസ്‌കാരിക വിപ്ലവം എന്ന രൂപത്തിൽ നടത്തി. മുതലാളിത്ത പാതക്കാർ ചൈനയിൽ തലപൊക്കിയപ്പോൾ മാവോയുടെ കണ്ണും കാതുമായിരുന്ന പല നേതാക്കളും അധഃപതിച്ചുപോയി. അനാരോഗ്യം അദ്ദേഹത്തെ സജീവ പ്രവർത്തനത്തിൽനിന്ന് പിന്നാക്കം വലിക്കുകയും ചെയ്തു. എന്നിട്ടും ചൈനയിലെ സോഷ്യലിസത്തെ സംരക്ഷിക്കാനായി മാവോ സാംസ്‌കാരിക വിപ്ലവത്തിന്റെ കൊടിക്കൂറ അചഞ്ചലം ഉയർത്തിപ്പിടിച്ചു. എന്നാൽ അത് വിജയകരമായി പൂർത്തിയാക്കാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല. അത് അപൂർണ്ണമായി അവശേഷിച്ചു. കാസ്‌ട്രോ മാവോ ചിന്തയുമായി അടുപ്പം പുലർത്തിയിരുന്നോ എന്നറിയില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൊന്നും ഇത് പരാമർശിച്ച് കണ്ടിട്ടില്ല. എന്നാൽ, വിപ്ലവകരമായ ഉൾക്കാഴ്ചമൂലം ഒരുകാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു എന്ന് വ്യക്തമാണ്. അത് സോഷ്യലിസത്തിൽ ഭൗതിക നേട്ടങ്ങൾ പ്രദാനം ചെയ്യുന്നതു സംബന്ധിച്ചായിരുന്നു.
തിരുത്തൽ വാദത്തിന്റെ പിടിയിലമർന്ന സോവിയറ്റ് പാർട്ടിയെ വിമർശിച്ചുകൊണ്ട് സഖാവ് ശിബ്ദാസ് ഘോഷ് ഇപ്രകാരം നിരീക്ഷിച്ചു: സോഷ്യലിസത്തിൽ തൊഴിലാളികളുടെ സോഷ്യലിസ്റ്റ് ബോധവും നൈതിക-സദാചാര നിലവാരവും നിരന്തരം ഉയർത്തിയെടുക്കുകയാണെങ്കിൽ അത് ഉല്പാദനത്തെ ശക്തിപ്പെടുത്തുകയും സോവിയറ്റ് ജനതയുടെ വർദ്ധിച്ചുവരുന്ന ഭൗതികവും സാംസ്‌കാരികവുമായ ആവശ്യകതകളെ തൃപ്തിപ്പെടുത്താൻ പ്രാപ്തമാക്കുകയും ചെയ്യും. സോഷ്യലിസം അതുവഴി പുരോഗതി പ്രാപിക്കുകയും ചെയ്യും. സോഷ്യലിസ്റ്റ് സമ്പദ്ഘടനയുടെ നിയമങ്ങളെ സംബന്ധിച്ച് സ്റ്റാലിൻ നൽകിയ സൈദ്ധാന്തിക വ്യാഖ്യാനം ഇപ്രകാരമാണ്. എന്നാൽ, ഉല്പാദനത്തിൽ സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളെ എവ്വിധവും മറികടക്കുക എന്ന മുദ്രാവാക്യമാണ് ക്രൂഷ്‌ചേവ് ഉയർത്തിയത്. അതോടൊപ്പം സോവിയറ്റ് ജനതയുടെ ഉപഭോക്തൃ താല്പര്യങ്ങളെ അധികമധികം തൃപ്തിപ്പെടുത്തുംവിധം ഭൗതിക നേട്ടങ്ങൾ പ്രദാനം ചെയ്യുകയുമുണ്ടായി. ഇത് മുതലാളിത്ത രാജ്യങ്ങൾ അവലംബിക്കുന്ന രീതിയാണ്. അതായത്, ഒരാൾ കൂടുതൽ അദ്ധ്വാനിച്ചാൽ അയാൾക്ക് കൂടുതൽ പ്രതിഫലം കിട്ടും. പക്ഷേ, ഉല്പാദനം വർദ്ധിപ്പിക്കാനുള്ള പ്രചോദനം ഉയർന്ന പ്രത്യയശാസ്ത്ര ബോധമോ നൈതിക സദാചാര ധാരണയോ ആയിരിക്കില്ല എന്നർത്ഥം. പണത്തിനുള്ള ആർത്തി കൊണ്ടായിരിക്കും ഒരാൾ കൂടുതൽ പണിയെടുക്കുക. നമ്മുടെ രാജ്യത്ത് തൊഴിലാളികൾ ഓവർടൈം പണിയെടുക്കുന്നതുപോലെ. ഭൗതികനേട്ടങ്ങൾ നൽകുന്ന ഈ സോവിയറ്റ് നയത്തെ സഖാവ് ശിബ്ദാസ് ഘോഷ് നിശിതമായി വിമർശിച്ചു. സോഷ്യലിസത്തിൽ മുതലാളിത്ത നിയമങ്ങളാണ് നടപ്പിലാക്കുന്നതെന്ന് സോവിയറ്റ് നേതൃത്വത്തിന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് സോഷ്യലിസത്തെ അപകടപ്പെടുത്തും. മറ്റുപല വീക്ഷണകോണിൽനിന്നും അദ്ദേഹം ഈ വിഷയം വിശകലനം ചെയ്തു. സഖാവ് ഘോഷിന്റെ ആഴ്ന്നിറങ്ങുന്ന ഈ വിശകലനം പരിശോധിക്കാൻ സഖാവ് കാസ്‌ട്രോയ്ക്ക് അവസരമുണ്ടായിക്കാണില്ല. എന്നാൽ ക്യൂബൻ വിപ്ലവത്തിന്റെ 30-ാം വാർഷികം ആചരിക്കുന്ന വേളയിൽ 1989 ജനുവരി 8ന് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ”ബഹുമതികൾ നൽകുന്ന രീതി നമ്മുടെ വിപ്ലവചരിത്രത്തിന്റെ അഭേദ്യഭാഗമാണ്. എന്നാൽ ഭൗതികനേട്ടത്തെക്കാൾ പ്രധാനപ്പെട്ട ഘടകങ്ങളാണ് അതിലുള്ളത് എന്നകാര്യം ഞാൻ മുമ്പും സൂചിപ്പിച്ചിട്ടുണ്ട്, ഇപ്പോഴും പറയുന്നു, ഇനിയും പറയാൻ മടിക്കുകയുമില്ല. മുതലാളിത്ത ലോകമാകെ ഭൗതികനേട്ടങ്ങൾക്ക് ചുറ്റുമാണ് കറങ്ങുന്നത്. ധാർമ്മിക വശങ്ങൾക്കൊന്നും അവർ യാതൊരു പരിഗണനയും നൽകുന്നില്ല. എന്നാൽ ഭൗതിക നേട്ടങ്ങൾക്ക് ഊന്നൽ നൽകുന്ന മുതലാളിത്ത രീതി സോഷ്യലിസ്റ്റ് നിർമ്മാണ പ്രക്രിയയിൽ അവലംബിക്കാനേ പാടില്ല. ഭൗതിക നേട്ടങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലാത്തതും സാഹസികമായി പ്രവർത്തിക്കേണ്ടതുമായ എത്രയോ മേഖലകളാണ് സോഷ്യലിസ്റ്റ് നിർമ്മാണത്തിൽ നമുക്ക് എടുത്ത് കാണിക്കാനുള്ളത്. അവിടെയെല്ലാം നൈതികതയ്ക്കാണ് പരമപ്രാധാന്യം നൽകുന്നത്… ഭൗതിക നേട്ടങ്ങളല്ല അടിസ്ഥാന ഘടകം, അതിനെയല്ല വച്ചുവാഴിക്കേണ്ടത് എന്നുതന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അങ്ങനെ കരുതിയാൽ അത് വിപരീത ഫലമുളവാക്കുകതന്നെ ചെയ്യും.”സഖാവ് കാസ്‌ട്രോയുടെ കുറിക്കുകൊള്ളുന്ന ഈ വിശകലനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കാരണം, ഭൗതിക നേട്ടങ്ങൾ പ്രദാനം ചെയ്യുന്ന മുതലാളിത്തരീതി പിന്തുടർന്നുകൊണ്ട് സോഷ്യലിസ്റ്റ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന്, മാർക്‌സിസ്റ്റ് തത്വചിന്ത ആഴത്തിൽ പരിശോധിക്കാതെ, മാവോചിന്തയും ശിബ്ദാസ് ഘോഷിന്റെ പാഠങ്ങളും ഹൃദിസ്ഥമാക്കാതെതന്നെ, സഹജമായ വിപ്ലവ ഉൾക്കാഴ്ച കൊണ്ടുമാത്രം അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇത് സോഷ്യലിസത്തെ മുന്നോട്ടുകൊണ്ടുപോകില്ലെന്നു മാത്രമല്ല അതിനെ അപായപ്പെടുത്തുമെന്നും അദ്ദേഹം മുൻകൂട്ടിക്കണ്ടു. ഇത് അങ്ങേയറ്റം ആശ്ചര്യകരവും പ്രശംസനീയവും തന്നെ. അതുകൊണ്ടാണ് ഈ ഭാഗം ഞാൻ നിങ്ങളെ വായിച്ചുകേൾപ്പിച്ചത്.

സോവിയറ്റ് തിരുത്തൽവാദ ലൈനിനെ കാസ്‌ട്രോ വിമർശിച്ചിരുന്നു

1968 ൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിൽനിന്ന് ഒരു ഭാഗം ഞാൻ വായിച്ചുകേൾപ്പിക്കാം. ഇതിൽ പരോക്ഷമായി അദ്ദേഹം ക്രൂഷ്‌ചേവിനെ വിമർശിക്കുന്നുണ്ട്. ചെക്കോസ്ലോവാക്യയിൽ പ്രതിവിപ്ലവം നടക്കുകയും സോവിയറ്റ് യൂണിയനും മറ്റ് വാഴ്‌സാ സഖ്യരാഷ്ട്രങ്ങളും അങ്ങോട്ട് സൈന്യത്തെ അയയ്ക്കുകയും ചെയ്ത സന്ദർഭമായിരുന്നു അത്. സോവിയറ്റ് യൂണിയൻ ചെക്കോസ്ലോവാക്യ പിടിച്ചടക്കാൻ ശ്രമിക്കുകയാണെന്ന് സാമ്രാജ്യത്വ രാജ്യങ്ങൾ ആരോപിക്കുകയും ചെയ്തു. അന്ന് ഈ വിഷയം വലിയ വാദപ്രതിവാദങ്ങൾക്കിടയാക്കിയിരുന്നു. കാസ്‌ട്രോ സോവിയറ്റ് യൂണിയന്റെ നടപടിയെ പിന്തുണച്ചിരുന്നു. നമ്മുടെ പാർട്ടിയുടെ നിലപാടും അതുതന്നെയായിരുന്നു. സോവിയറ്റ് യൂണിയന്റെ തിരുത്തൽവാദ നിലപാടുകളും സ്റ്റാലിന്റെ ആധികാരികത നിഷേധിക്കുകയും അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്ത നടപടികളുമാണ് ചെക്കോസ്ലോവാക്യയിൽ പ്രതിവിപ്ലവത്തിന് വഴിവച്ചതെന്ന് സഖാവ് ശിബ്ദാസ് ഘോഷ് വിശദീകരിച്ചു. എന്നാൽ ഇത്ര ആഴത്തിൽ ഈ വിഷയത്തെ സഖാവ് കാസ്‌ട്രോ സമീപിച്ചില്ല. വ്യക്തി സ്വാതന്ത്ര്യം സ്ഥാപിക്കാനും എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ബഹുകക്ഷി ജനാധിപത്യം വേണമെന്നും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം അവസാനിപ്പിക്കണമെന്നും മറ്റുമുള്ള മുദ്രാവാക്യങ്ങൾ അവിടെ ഉയർത്തപ്പെട്ടിരുന്നു. ഈ മുദ്രാവാക്യങ്ങൾ ഉയർത്താൻ കാരണമായത് സോവിയറ്റ് തിരുത്തൽവാദം തന്നെയാണെന്ന് സഖാവ് ശിബ്ദാസ് ഘോഷ് ചൂണ്ടിക്കാണിച്ചു. ഈ അതി- ഉദാരവാദത്തെ അപലപിച്ചുകൊണ്ട് കാസ്‌ട്രോ പറഞ്ഞു: ”അവിടെ യഥാർത്ഥത്തിൽ ഭ്രാന്തമായ ഉദാരതാവാദമാണ് ഉയർത്തപ്പെടുന്നത്. പ്രതിപക്ഷ പാർട്ടി വേണമെന്ന ആവശ്യവും അവർ ഉന്നയിക്കുന്നുണ്ട്. ഒരു സോഷ്യലിസ്റ്റ് സമൂഹത്തിൽ വ്യത്യസ്തമായ കർത്തവ്യമാണ് പാർട്ടി നിറവേറ്റേണ്ടതെന്ന് അവർ വാദിക്കുന്നു. മാർഗ്ഗ നിർദ്ദേശം നൽകുകയോ, വിലയിരുത്തൽ നടത്തുകയോ മറ്റോ മാത്രമേ പാർട്ടി ചെയ്യാവൂ, അതായത് ഒരു ആത്മീയ നേതൃത്വമായിരിക്കുക എന്നുംമറ്റുമുള്ള അഭിപ്രായങ്ങളെല്ലാം പ്രത്യക്ഷത്തിൽത്തന്നെ മാർക്‌സിസം-ലെനിനിസത്തിന് എതിരായിട്ടുള്ളതാണ്. ചുരുക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരായുധമാക്കപ്പെടുകയാണിതിലൂടെ. ഒരു സോഷ്യലിസ്റ്റ് ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങളിലാണവർ തിരുത്തൽ ആവശ്യപ്പെടുന്നത്. സോഷ്യലിസത്തിലേയ്ക്കും കമ്മ്യൂണിസത്തിലേയ്ക്കുമുള്ള പരിവർത്തന ഘട്ടത്തെയാണ് സോഷ്യലിസ്റ്റ് ഭരണം പ്രതിനിധാനം ചെയ്യുന്നത്. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. പഴയ ചൂഷക വർഗ്ഗത്തിനെതിരായ വർഗ്ഗ ഭരണമാണത്. ഈ വിപ്ലവ പ്രക്രിയയിൽ രാഷ്ട്രീയാവകാശങ്ങൾ, പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കാനും മറ്റുമുള്ള അവകാശങ്ങൾ പഴയ ചൂഷക വർഗ്ഗത്തിന് നൽകാനാവില്ല. സോഷ്യലിസത്തെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയുള്ള സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന, സോഷ്യലിസത്തിന്റെ അന്തസ്സത്തയെയും ന്യായയുക്തതയെയും ചോദ്യം ചെയ്യുന്നവരാണവർ…. ചെക്കോസ്ലോവാക്യയിലെ ഭരണകൂടം നിലനിൽക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയെത്തന്നെ വൻതോതിൽ മാറ്റിത്തീർക്കുന്ന അപകടകരമായ നീക്കമാണ് നടത്തുന്നതെന്ന കാര്യത്തിൽ എനിക്ക് ഒട്ടും സംശയമില്ല… സാമ്രാജ്യത്വ ശക്തികൾ ചെക്കോസ്ലോവാക്യയിൽ മാത്രമല്ല സോവിയറ്റ് യൂണിയനടക്കം കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാജ്യങ്ങളിലാകമാനം ഇത്തരമൊരു പ്രചാരണമഴിച്ചുവിട്ടിരിക്കുകയാണ്.” ഈ വാക്കുകൾ ശ്രദ്ധിക്കുക. സാമ്രാജ്യത്വ ശക്തികൾ പൂർവ്വ യൂറോപ്പിൽ മാത്രമല്ല സോവിയറ്റ് യൂണിയനിലും ബൂർഷ്വാ ലിബറലിസ്റ്റ് ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന് പറയുന്നതിലൂടെ സോവിയറ്റ് യൂണിയനിലെ തിരുത്തൽവാദ നേതൃത്വത്തെ പരോക്ഷമായി വിമർശിക്കുകയാണ് കാസ്‌ട്രോ ചെയ്യുന്നത്. അദ്ദേഹത്തിന്റെ മനസ്സിൽ തറച്ചകാര്യം അദ്ദേഹം പറഞ്ഞു. എന്നാൽ, ചെക്കോസ്ലോവാക്യയിലേയ്ക്ക് സൈന്യത്തെ അയച്ച നടപടിയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ”നമ്മൾ സമ്മതിച്ചാലും ഇല്ലെങ്കിലും, ഒരു സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ തകർച്ചയിലേയ്ക്കും സാമ്രാജ്യത്വത്തിന്റെ കൈകളിൽ അത് പതിക്കുന്നതിലേയ്ക്കും നയിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യം വികസിച്ചുവരുന്നത് സോഷ്യലിസ്റ്റ് ചേരിയ്ക്ക് അനുവദിക്കാൻ കഴിയുമോ എന്നതാണ് പ്രശ്‌നം. ഞങ്ങളുടെ അഭിപ്രായത്തിൽ അത് അനുവദിക്കാനാവില്ല. ഏതെങ്കിലും വിധത്തിൽ അത് തടയാനുള്ള അവകാശം സോഷ്യലിസ്റ്റ് ചേരിക്കുണ്ട്….. ചെക്കോസ്ലോവാക്യയുടെ പരമാധികാരം ലംഘിക്കപ്പെട്ടിട്ടില്ല എന്നു പറയുന്നത് (സോവിയറ്റ് ഇടപെടൽ) ഉചിതമല്ല. അത് ഒരു കെട്ടുകഥയോ നുണയോ ഒക്കെ ആകാം. ലംഘനം നഗ്നമായിരുന്നു….. നിയമത്തിന്റെ ദൃഷ്ടയിൽ, അത് ന്യായീകരിക്കാനാവില്ല. ഇത് വ്യക്തമാണ്. എന്നാൽ, നിയമത്തിന്റെ കാഴ്ചപ്പാടിലൂടെയല്ല, രാഷ്ട്രീയ കാഴ്ചപ്പാടിലൂടെയാണ് ചെക്കോസ്ലോവാക്യക്കുമേലുള്ള നടപടി വിശദീകരിക്കാൻ കഴിയുക എന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. ” അതായത്, ഒരു ബൂർഷ്വാ നീതിന്യായ കാഴ്ചപ്പാടിൽനിന്നുകൊണ്ടല്ല, സോഷ്യലിസ്റ്റ് രാഷ്ട്രീയ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ മാത്രമേ അത്തരമൊരു സൈനിക നടപടിയെ പിന്തുണയ്ക്കാൻ കഴിയൂ എന്നാണദ്ദേഹം അർത്ഥമാക്കിയത്.
കാസ്‌ട്രോ തുടർന്നു പറയുന്നു: ”കമ്മ്യൂണിസത്തിന് സാർവ്വദേശീയതയെന്ന ആദർശത്തെ ഒരു നിമിഷത്തേയ്ക്ക് പോലും കൈവെടിയാനാവില്ല. ഏതെങ്കിലും ഒരു രാജ്യത്ത് കമ്മ്യൂണിസത്തിനായി പൊരുതുന്നവരെ സംബന്ധിച്ചിടത്തോളം അവർക്ക് ബാക്കിലോകത്തെ മറക്കാനാവില്ല…. എന്നാൽ ഈ ആദർശം നമുക്ക് എത്രത്തോളം മുറുകെപ്പിടിക്കാനായിട്ടുണ്ട്. സാർവ്വദേശീയ വികാരവും ജാഗ്രതയും ആഗോളപ്രശ്‌നങ്ങളിലുള്ള ശുഷ്‌കാന്തിയും യൂറോപ്പിലെ ചില സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ അപ്രത്യക്ഷമായെന്നോ നേരിയ അളവിൽ മാത്രമേ നിലനിൽക്കുന്നുള്ളുവെന്നോ പറയേണ്ടിവരും”. യൂറോപ്പിലെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിൽ സാർവ്വദേശീയതയോടുള്ള അഭിനിവേശം വാർന്നുപോകുന്നു എന്നാണ് ഇവിടെ അദ്ദേഹം തുറന്നുപറഞ്ഞത്. ഇതും തിരുത്തൽവാദ സോവിയറ്റ് നേതൃത്വത്തോടുള്ള പരോക്ഷ വിമർശനമായിരുന്നു.

അടിയുറച്ച സാർവ്വദേശീയ വാദി

തിരുത്തൽവാദി ക്രൂഷ്‌ചേവ് ‘സമാധാന’ത്തിനുവേണ്ടി നടത്തിയ പ്രചാരണത്തെക്കുറിച്ച് കാസ്‌ട്രോ ഇങ്ങനെ പറഞ്ഞു: ”സമാധാനത്തിനുവേണ്ടിയുള്ള പ്രചാരണം നടക്കുന്നുണ്ട്. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലാവട്ടെ ഇത് നിരന്തരവും വ്യാപകവുമാണ്. നമുക്ക് നമ്മോടുതന്നെ ചോദിക്കാം; ഈ പ്രചാരണങ്ങളുടെയെല്ലാം പിന്നിലുള്ള ഉദ്ദേശമെന്താണ്? ഞങ്ങൾ യുദ്ധത്തിനുവേണ്ടി വാദിക്കുന്നുവെന്നാണോ ഇതിനർത്ഥം? ഞങ്ങൾ സമാധാനത്തിന്റെ ശത്രുക്കളാണെന്നാണോ ഇതിനർത്ഥം? ഞങ്ങൾ യുദ്ധത്തിനുവേണ്ടിയല്ല, ആഗോള ദുരന്തങ്ങൾക്കുവേണ്ടിയല്ല നിലകൊള്ളുന്നത്……സാമ്രാജ്യത്വത്തിന്റെ നിലനിൽപും അതിന്റെ ആക്രമണ സ്വഭാവവും ലോകത്തിന് എത്രത്തോളം ഭീഷണിയാണെന്നത് അനിഷേധ്യമായ വസ്തുതയാണ്…..യുദ്ധത്തിനുവേണ്ടി ദാഹിക്കുന്നത് സാമ്രാജ്യത്വ ശക്തികളാണ്…. ലോകത്തിന്റെ നല്ലൊരുഭാഗം സാമ്രാജ്യത്വ ശക്തികളുടെ നിയന്ത്രണത്തിലാണെന്നതും ജനങ്ങൾ സാമ്രാജ്യത്വനുകത്തിൽനിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നു എന്നതും അനിഷേധ്യമാണ്…..ഈ ഭീഷണികളൊക്കെ യാഥാർത്ഥ്യമാണ്- നമ്മുടെ വീട്ടിനുള്ളിൽത്തന്നെ ഇത് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും സമാധാനത്തിനുവേണ്ടി ദാഹിക്കുകയും ചെയ്യുന്നതിലൂടെ ഈ ഭീഷണി തുടച്ചുനീക്കാനാവില്ല….. അത് പോരാട്ടവീര്യത്തെ തളർത്തുകയേയുള്ളൂ, സാഹസികതയും ത്യാഗമനോഭാവവും കെടുത്തുകയേയുള്ളൂ. പ്രത്യാഘാതങ്ങൾ നേരിടാനുള്ള സന്നദ്ധത ഇല്ലാതാക്കുകയേയുള്ളൂ.” ഇതിലൂടെ സോവിയറ്റ് തിരുത്തൽവാദ നേതൃത്വത്തിന്റെ ‘ശാന്തിവാദ’ത്തെ കാസ്‌ട്രോ പരോക്ഷമായി വിമർശിക്കുകയായിരുന്നു.

സോവിയറ്റ് തിരുത്തൽവാദത്തോടുള്ള കാസ്‌ട്രോയുടെ വിമർശനം

സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ പരസ്പരം സഹായിക്കുന്നതിനെ സംബന്ധിച്ച് കാസ്‌ട്രോ പറഞ്ഞത്, സാങ്കേതിക സഹായത്തിന് പകരം സോവിയറ്റ് യൂണിയൻ ക്യൂബയിൽ നിന്ന് പണം വാങ്ങിയിരുന്നു എന്നാണ്. ഇങ്ങനെ പണം വാങ്ങിയതിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, ഇപ്രകാരം സഹായിക്കേണ്ടത് ഒരു സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ സാർവ്വദേശീയ കർത്തവ്യത്തിന്റെ ഭാഗമാണ് എന്നത്രെ. മറ്റൊരു വിമർശനംകൂടി അദ്ദേഹം ഉന്നയിച്ചു. ചെക്കോസ്ലോവാക്യയിൽ നടന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സോവിയറ്റ് യൂണിയനോ മറ്റേതെങ്കിലും രാജ്യമോ അമേരിക്കയുടെ നേരേ വിരൽ ചൂണ്ടുകയുണ്ടായില്ല. അത് ചെയ്യണമായിരുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ‘പ്രവദ’യിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ബൂർഷ്വാ ലിബറലിസത്തെ സംബന്ധിച്ച് നൽകിയ വിശദീകരണം തീരെ അപര്യാപ്തമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചെക്കോസ്ലോവാക്യയിലെ സംഭവവികാസത്തെ സംബന്ധിച്ച് അദ്ദേഹം തുടർന്ന് പറയുന്നു: ” ……യുഗോസ്ലാവിയയിലെ കമ്മ്യൂണിസ്റ്റുകളെന്നറിയപ്പെട്ടവരാണ് അവിടെ നടപ്പിലാക്കിയ എല്ലാ ബൂർഷ്വാ ലിബറൽ നയങ്ങളുടെയും ഉത്തരവാദികൾ. അവരാണ് അതിനെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. അവരെല്ലാം കൈയ്യടിച്ച് പാസ്സാക്കി….. യുഗോസ്ലാവ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ വീക്ഷണവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണത്. ഈ വീക്ഷണവും പ്രസ്താവനകളുമൊക്കെ കമ്മ്യൂണിസത്തിൽ നിന്ന് പാടെ വ്യതിചലിച്ചവയാണ്. സാമ്പത്തിക സമീപനങ്ങളുടെ കാര്യവും അങ്ങനെതന്നെ. ഇതെല്ലാം മാർക്‌സിസത്തിനെതിരായിട്ടുള്ളതാണ്. എന്തായാലും, യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ, വാഴ്‌സാ സഖ്യരാഷ്ട്രങ്ങളടക്കം, ഇപ്പോൾ ,യുഗോസ്ലാവ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ പങ്ക് വിസ്മരിക്കാൻ തുടങ്ങിയിരിക്കുന്നു. യുഗോസ്‌ളാവിയയെ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം എന്ന് വിളിക്കാനും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ സമ്മേളനത്തിലേയ്ക്ക് യുഗോസ്ലാവ് കമ്മ്യൂണിസ്റ്റ് ലീഗിനെ ക്ഷണിക്കാനും തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ നിരന്തരമായ വിയോജിപ്പും എതിർപ്പും ക്ഷണിച്ചുവരുത്തിയ നടപടിയാണിത്……സാമ്രാജ്യത്വ ശക്തികളുടെ ഏജന്റായി നിന്ന് യൂഗോസ്ലാവിയയിൽ എല്ലാം അവതാളത്തിലാക്കാൻ മുഖ്യപങ്ക് വഹിച്ചത് ഈ സംഘടനയാണ്. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇവിടെയും അദ്ദേഹം ക്രൂഷ്‌ചേവ് നേതൃത്വത്തെ വിമർശിക്കുന്നു. എന്തെന്നാൽ ക്രൂഷ്‌ചേവിന്റെ മുൻകയ്യിലാണ് യുഗോസ്‌ളാവിയയെ വീണ്ടും സോഷ്യലിസ്റ്റ് ചേരിയിൽ ഉൾപ്പെടുത്തിയത്
സ്റ്റാലിന്റെ നേതൃത്വത്തിൽ യുഗോസ്ലാവിയയെ ഒറ്റപ്പെടുത്തുകയും കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിൽനിന്ന് പുറത്താക്കുകയും ചെയ്ത നടപടിയെ കാസ്‌ട്രോ ഇങ്ങനെ നിരീക്ഷിക്കുന്നു: ”കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളരെക്കാലത്തേയ്ക്ക് ആ പാർട്ടിയെ ബഹിഷ്‌കരിച്ചിരുന്നു. അത് തികച്ചും ന്യായവുമായിരുന്നു. ഇന്ന് ആ തീരുമാനത്തെ അപലപിച്ചുകൊണ്ട് ലേഖനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയടക്കം പല പാർട്ടികളും അത് ചെയ്യുന്നുണ്ട്. ” അത്തരം ലേഖനങ്ങളെ പരാമർശിച്ചുകൊണ്ട് സോവിയറ്റ് റിവിഷനിസ്റ്റ് നേതൃത്വത്തെ പേരെടുത്തുപറയാതെ അദ്ദേഹം ഇങ്ങനെ വിമർശിക്കുന്നു:”വാഴ്‌സാ ഉടമ്പടി രാഷ്ട്രങ്ങളിലെ ഗവണ്മെന്റുകളുടെ നിലപാട് വിശദീകരിക്കുന്ന പ്രസ്താവനയുടെ അവസാന ഖണ്ഡിക ഇങ്ങനെ പറയുന്നു: ‘സഹോദര രാഷ്ട്രങ്ങൾ പുറമേനിന്നുള്ള ഏതൊരു ഭീഷണിയും ചങ്കുറപ്പോടെ നേരിടും. സോഷ്യലിസ്റ്റ് സമൂഹത്തിലെ ഒരു കണ്ണിയെയും അടർത്തിയെടുക്കാൻ അത് ആരെയും അനുവദിക്കില്ല’ . ” എന്നിട്ട്, കാസ്‌ട്രോ ഇങ്ങനെ ചോദിക്കുന്നു: ”ഈ’പ്രസ്താവനയിൽ വിയറ്റ്‌നാം ഉൾപ്പെട്ടിട്ടുണ്ടോ? കൊറിയ ഉൾപ്പെട്ടിട്ടുണ്ടോ? ക്യൂബ ഉൾപ്പെട്ടിട്ടുണ്ടോ? സാമ്രാജ്യത്വ ശക്തികളെ വേർപെടുത്തിയെടുക്കാൻ അനുവദിക്കാത്ത സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ കണ്ണികളായി വിയറ്റ്‌നാമിനെയും കൊറിയയെയും ക്യൂബയെയും കാണുന്നുണ്ടോ? സാമ്രാജ്യത്വം വിയറ്റ്‌നാമിനുമേലുള്ള ആക്രമണത്തിന് ആക്കം വർദ്ധിപ്പിക്കുകയും വിയറ്റ്‌നാം ജനത സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്താൽ വാഴ്‌സാ സഖ്യസൈന്യത്തെ അങ്ങോട്ടയയ്ക്കാൻ തയ്യാറാകുമോ? യാങ്കി സാമ്രാജ്യത്വം കൊറിയൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെ ആക്രമിച്ചാൽ വാഴ്‌സാ സഖ്യസേനയെ അങ്ങോട്ടയയ്ക്കുമോ? ഞങ്ങളുടെ രാജ്യത്തെയാണ് ആക്രമിക്കുന്നതെങ്കിൽ ക്യൂബയിലേയ്ക്ക് സൈന്യത്തെ അയയ്ക്കാൻ വാഴ്‌സാ സഖ്യം തയ്യാറാകുമോ? തിരുത്തൽവാദി സോവിയറ്റ് യൂണിയന്റെ സാർവ്വദേശീയതാവിരുദ്ധ നിലപാടിനെ അദ്ദേഹം ഇപ്രകാരമാണ് വിമർശിച്ചത്.

കാസ്‌ട്രോയുടെ ഈ നിരീക്ഷണങ്ങൾ നിങ്ങളുടെ മുൻപാകെ വായിച്ചത് ഒരു കാര്യം സമർത്ഥിക്കാനാണ്. മാതൃരാജ്യത്തിന്റെ വിമോചനത്തിനുവേണ്ടി പൊരുതുന്ന ഒരു സാമ്രാജ്യത്വ വിരുദ്ധ പോരാളിയായിട്ടാണ് കാസ്‌ട്രോ പ്രവർത്തനമാരംഭിക്കുന്നത്. 1959 ൽ സമരമാരംഭിക്കുമ്പോൾ ഒരു കമ്മ്യൂണിസ്റ്റ് എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നില്ല. അദ്ദേഹം മാർക്‌സിസം പഠിച്ചിരുന്നു എന്നത് ശരിതന്നെ. രൂക്ഷമായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലൂടെ സോഷ്യലിസത്തിലേയ്ക്കും മാർക്‌സിസത്തിലേയ്ക്കും ആകൃഷ്ടനായ അദ്ദേഹം പിന്നീട് ഒരു കമ്മ്യൂണിസ്റ്റായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു. ഈ യുഗത്തിൽ സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാട്ടം നടത്തണമെങ്കിൽ ഒരാൾ കമ്മ്യൂണിസ്റ്റോ ഉറച്ച് കമ്മ്യൂണിസ്റ്റനുഭാവിയോ ആയിരിക്കണമെന്ന സഖാവ് ശിബ്ദാസ് ഘോഷിന്റെ പ്രധാനപ്പെട്ട നിരീക്ഷണം ഞാനിതിനകംതന്നെ അവതരിപ്പിച്ചുവല്ലോ? കാസ്‌ട്രോയുടെ ജീവിതം ഇത് ആവർത്തിച്ചുറപ്പിക്കുന്നു.

മാർക്‌സിസം ശരിയായി മനസ്സിലാക്കണമെങ്കിൽ ജീവിതത്തിന്റെ സർവ്വാംശങ്ങളിലും അത് പ്രയോഗിക്കണം

മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രവും വിശകലന പദ്ധതിയും ഗ്രഹിക്കുകയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മൂന്ന് സാർവ്വദേശീയ തത്വങ്ങൾ മനസ്സിലാക്കുകയും ഏതൊരു പ്രതിഭാസത്തിലും ആന്തരികവും ബാഹ്യവുമായ വൈരുദ്ധ്യം പ്രവർത്തിക്കുന്നു എന്നും മുഖ്യ വൈരുദ്ധ്യവും വൈരുദ്ധ്യത്തിന്റെ മുഖ്യമായ വശവും നിലനിൽക്കുന്നു എന്നും മനസ്സിലാക്കുകയും, ദേശീയമോ സാർവ്വദേശീയമോ ആയ ഏതൊരു വിഷയവും സംഭവവും പ്രതിഭാസവും വിലയിരുത്തുമ്പോൾ ഈ തത്വങ്ങളും രീതിശാസ്ത്രവും പ്രയോഗിക്കാനുള്ള പ്രാപ്തി കൈവരിക്കുകയും ചെയ്യുമ്പോഴാണ് മാർക്‌സിസ്റ്റ് വീക്ഷണം ആർജ്ജിച്ചു എന്ന് പറയാൻ കഴിയുക. പുസ്തകങ്ങൾ വായിക്കുന്നതുകൊണ്ടുമാത്രം ഈ വീക്ഷണം ആർജ്ജിക്കാനാവില്ല. മാർക്‌സിസം-ലെനിനിസം ജീവിത തത്വചിന്തയായി സ്വീകരിക്കുകയും ജീവിതത്തിൽ എല്ലാ മേഖലകളിലും പ്രയോഗിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഇത് സാദ്ധ്യമാകൂ. കുടുംബജീവിതം, സ്വത്ത്, സ്‌നേഹം, രതി തുടങ്ങിയവയോടുള്ള സമീപനം, വിവാഹജീവിതം, കുട്ടികൾ എന്നിവയെ സംബന്ധിച്ച മനോഭാവം, വ്യക്തിഗത ആവശ്യങ്ങൾ, സ്ഥാനമാനങ്ങൾ, വിമർശനം സ്വയം വിമർശനം എന്നിവയോടുള്ള സമീപനം തുടങ്ങിയ മേഖലകളിലൊക്കെ ഈ തത്വചിന്ത പ്രയോഗത്തിൽ വരുത്തേണ്ടതുണ്ട്. മാർക്‌സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ സെതുങ്ങ് എന്നിവരുടെ പാഠങ്ങളുടെ തുടർച്ചയെന്നോണം സഖാവ് ശിബ്ദാസ് ഘോഷ്, ജീവിതത്തിന്റെ സർവ്വാംശങ്ങളിലുമുള്ള മാർക്‌സിസ്റ്റ് തത്വചിന്തയുടെ പ്രയോഗത്തെ സംബന്ധിച്ച സമ്പുഷ്ടവും വികസിതവും സമഗ്രവുമായ ധാരണ, പ്രദാനം ചെയ്തു. മാർക്‌സിസത്തെ ഇവ്വിധത്തിൽ മനസ്സിലാക്കാൻ കാസ്‌ട്രോയ്ക്ക് കഴിഞ്ഞില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ലാറ്റിൻ അമേരിക്കൻ ജനതയ്ക്ക് പിതാവ് നഷ്ടപ്പെട്ട പ്രതീതി

ഈ പരിമിതിയുണ്ടായിരുന്നെങ്കിലും മർദ്ദിത ജനതയോടുള്ള അടങ്ങാത്ത അഭിനിവേശത്തിലധിഷ്ഠിതമായ സാർവ്വ ദേശീയഭാവവും മാർക്‌സിസം-ലെനിനിസത്തിലുള്ള അദ്ദേഹത്തിന്റെ അടിയുറച്ച വിശ്വാസവും കൂറും എടുത്തുപറയേണ്ടതുതന്നെയാണ്. ഏതെങ്കിലും നാട്ടിലെ വിപ്ലവത്തിന് സോവിയറ്റ് യൂണിയൻ സഹായം നൽകിയാൽ അത് യുദ്ധത്തിലേയ്ക്ക് നയിക്കും എന്ന ധാരണയായിരുന്നു അന്ന് ക്രൂഷ്‌ചേവിനും പിന്നീട് ബ്രഷ്‌നേവിനും ഉണ്ടായിരുന്നത്. അത്തരം തിരുത്തൽവാദ ധാരണകളൊന്നും കാസ്‌ട്രോ പരിഗണിച്ചതേയില്ല. ലാറ്റിനമേരിക്കയിലെ ഓരോ രാജ്യത്തെയും വിപ്ലവ പോരാട്ടങ്ങളെ അദ്ദഹം സഹായിച്ചു. ക്യൂബ സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം അവർക്ക് റഷ്യയിൽനിന്ന് ഒരു സഹായവും ലഭിച്ചതുമില്ല. എന്നിട്ടും, അമേരിക്കൻ സൈന്യം ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തെ വിപ്ലവ ഗവണ്മെന്റിനെ അട്ടിമറിക്കാൻ ശ്രമിക്കുകയോ വിപ്ലവകാരികളുടെ മേൽ ആക്രമണമഴിച്ചുവിടുകയോ ചെയ്താൽ, ക്യൂബ വോളന്റിയേഴ്‌സിനെയും സായുധ ഭടന്മാരെപ്പോലും സഹായത്തിനയയ്ക്കുമായിരുന്നു. അങ്ങനെ മുഴുവൻ ലാറ്റിൻ അമേരിക്കയിലെയും ആഫ്രിക്കയിലെയും വിമോചന പോരാട്ടങ്ങളുടെ പ്രതീകമായി മാറി കാസ്‌ട്രോ. ക്യൂബ മാത്രമല്ല, ലാറ്റിൻ അമേരിക്കൻ ജനതയാകെ അദ്ദേഹത്തിന്റെ നിര്യാണത്തോടെ അച്ഛനെ നഷ്ടപ്പെട്ടതുപോലെയായി.
മറുവശത്ത്, മറ്റൊരു അതികായനായി നെൽസൺ മണ്ടേല നിലകൊള്ളുന്നു. ദക്ഷിണാഫ്രിക്കക്കാരനായ മണ്ടേലയെപ്പോലെ ദീർഘനാൾ ജയിലിൽ കിടന്ന മറ്റൊരു നേതാവും ഉണ്ടാകില്ല. 30 വർഷം അദ്ദേഹം അഴിക്കുള്ളിലായിരുന്നു. അടുത്തതായി വരുന്നത് അവിഭക്ത ഇന്ത്യയിലെ അതിർത്തി ഗാന്ധിയാണ്. അടുത്തയാൾ ബ്രിട്ടീഷ് ഇന്ത്യയിലെ അവിഭക്ത ബംഗാളിലെ സ്വാതന്ത്ര്യ പോരാളിയും വിപ്ലവകാരിയുമായിരുന്ന ത്രൈലോക്യ മഹാരാജാണ്. ജയിലിൽനിന്നിറങ്ങിയ മണ്ടേല ആദ്യം പോയത് ദക്ഷിണാഫ്രിക്കയുടെ സുഹൃത്തായ കാസ്‌ട്രോയെ കാണാൻ ക്യൂബയിലേയ്ക്കായിരുന്നു. വർണ്ണ വിവേചന സർക്കാരിനെതിരെ ദക്ഷിണാഫ്രിക്ക നടത്തിയ പോരാട്ടത്തിന് കാസ്‌ട്രോ നൽകിയ സഹായങ്ങൾ അദ്ദേഹം ആദരവോടെ സ്മരിച്ചു. ”നിരവധി വിദേശികൾ ആഫ്രിക്കയിലേയ്ക്ക് വന്നത് അവിടെനിന്ന് പലതും’കൊണ്ടുപോകാനാ’യിരുന്നു. ക്യൂബക്കാർ മാത്രമാണ് എന്തെങ്കിലും’തരാനാ”യി വന്നത്”, എന്നാണ് മണ്ടേല പറഞ്ഞത്. അൾജീരിയ, കോംഗോ, അംഗോള, നമീബിയ, ദക്ഷിണാഫ്രിക്ക തുടങ്ങി ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലെ സകല രാഷ്ട്രങ്ങളും ഇന്ന് കടുത്ത ദുഃഖത്തിലാണ്. അൾജീരിയ 8 ദിവസമാണ് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചത്. അവർ കാസ്‌ട്രോയോട് ഏറെ കടപ്പെട്ടിരിക്കുന്നു. തിരുത്തൽവാദി റഷ്യൻ നേതൃത്വം വലിച്ചെറിഞ്ഞ സാർവ്വദേശീയതയുടെ കൊടിക്കൂറ കാസ്‌ട്രോ ഉയർത്തിപ്പിടിച്ചു. മാരകമായ എബോള രോഗം ബാധിച്ച് 3 ആഫ്രിക്കൻ രാഷ്ട്രങ്ങളിലായി 11,000 പേരാണ് മരിച്ചത്. ഈ രാജ്യങ്ങളിലേയ്ക്ക് കാസ്‌ട്രോ ഡോക്ടർമാരെ അയച്ചു. മർദ്ദിത ജനതയോട് അടങ്ങാത്ത സ്‌നേഹം, സാമ്രാജ്യത്വ-മുതലാളിത്ത ചൂഷണത്തോട് ഒടുങ്ങാത്ത വെറുപ്പ്, മാർക്‌സിസം-ലെനിനിസത്തോടുള്ള നിസ്സീമമായ കൂറ്, സാർവ്വദേശീയതയിലുള്ള അടിയുറച്ച വിശ്വാസം – ഇതെല്ലാം അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളായിരുന്നു.
ഒരിക്കൽ അദ്ദേഹം പറഞ്ഞു: ”കടന്നാക്രമണത്തിനെതിരെ അവസാനത്തെ ആൾവരെ ഞങ്ങൾ ചെറുത്തുനിൽക്കും. ഞങ്ങളുടെ പണിയും വികസന പദ്ധതികളും ഞങ്ങൾ ഒരിക്കലും വേണ്ടെന്നുവയ്ക്കില്ല. ” 2012 ൽ നടത്തിയ ഈ പ്രസംഗത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു: ”സോഷ്യലിസം അല്ലെങ്കിൽ മരണം, പിതൃഭൂമിയുടെ സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം, എന്ന് അങ്ങേയറ്റത്തെ അഭിമാനത്തോടെയും ഉറച്ച ശബ്ദത്തോടെയും ക്യൂബൻ ജനത പ്രഖ്യാപിക്കേണ്ട സമയമാണിത്. ” അദ്ദേഹത്തിന്റെ മനക്കരുത്ത് അത്രത്തോളമായിരുന്നു.
ഇവിടെ കൈക്കൊണ്ട അനുശോചന പ്രമേയത്തിൽ അദ്ദേഹം പറഞ്ഞ വിഖ്യാതമായ വാചകം ”ഞാനൊരു മാർക്‌സിസ്റ്റ്-ലെനിനിസ്റ്റാണ്, എന്റെ അന്ത്യദിനംവരെ ഞാൻ അങ്ങനെതന്നെ ആയിരിക്കും”.- ഉൾപ്പെടുത്തിയിട്ടുള്ള കാര്യം നിങ്ങൾക്കറിയാം. അദ്ദേഹത്തിന്റെ പ്രതിബദ്ധത അത്രത്തോളമായിരുന്നു. സോഷ്യലിസത്തെ സംരക്ഷിക്കാനുള്ള ആഹ്വാനമാണ് അദ്ദേഹം ക്യൂബൻ ജനതയ്ക്ക് നൽകിയത്. ക്യൂബയിലെ, ലാറ്റിൻ അമേരിക്കയിലെ, ആഫ്രിക്കയിലെ, ലോകത്തിന്റെയാകെ ഇതിഹാസ പുരുഷനായിരുന്നു കാസ്‌ട്രോ. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ക്യൂബൻ ജനത സോഷ്യലിസം സ്ഥാപിച്ചെടുത്തത്. ഇന്ന് ലോകത്ത് സോഷ്യലിസം ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. ക്യൂബയ്‌ക്കെതിരായ കടുത്ത ഉപരോധം ഇന്നും തുടരുകയാണ്. അതുകൊണ്ട് അവിടെ റേഷൻ സമ്പ്രദായം ഏർപ്പെടുത്തിയിരിക്കുന്നു
അവിടുത്തെ റേഷന്റെ ഒരു പട്ടിക ഒരു സഖാവ് എനിക്ക് അയച്ചുതന്നു. അത് ശരിയാണോ എന്നെനിക്കറിയില്ല. അതിൽ പറയുന്നത്, ഒരാൾക്ക് മാസംതോറും 10 കിലോ അരി, 6 കിലോ പഞ്ചസാര, 2 കിലോ ശർക്കര, 250 മില്ലി ഭക്ഷ്യ എണ്ണ, 12 മുട്ട, ഒരു പായ്ക്കറ്റ് കാപ്പിപ്പൊടി, 6 കിലോ ഇറച്ചി എന്നിവ ലഭിക്കുമെന്നാണ്. ഇതുകൂടാതെ എന്നും ഒരു പായ്ക്കറ്റ് ബ്രെഡും രണ്ടുമൂന്നു മാസം കൂടുമ്പോൾ ഒരു പായ്ക്കറ്റ് ഉപ്പും ലഭിക്കും. ഗർഭിണികൾക്കും ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ദിവസേന ഒരു കുപ്പി പാൽ ലഭിക്കും. രോഗികൾക്ക് ഡോക്ടർ പറയുന്ന പോഷകാഹാരം ലഭിക്കും. ക്യൂബയിലെ ഓരോ പൗരനും ലഭിക്കുന്ന റേഷനാണിത്. ഇതുകൂടാതെ സാധാരണ കമ്പോളത്തിൽനിന്ന് ഓരോരുത്തരുടെയും ശേഷിക്കനുസരിച്ച് അവശ്യ സാധനങ്ങൾ വാങ്ങാം. ക്യൂബ കടുത്ത പ്രതിസന്ധിയിലാണ്. ഒരിടത്തുനിന്നും ഒരു സഹായവും ലഭിക്കുന്നില്ല. സാമ്പത്തിക ഉപരോധം തുടരുകയാണ്. എന്നിട്ടും എല്ലാവർക്കും വിദ്യാഭ്യാസവും ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും നൽകുന്ന കാര്യത്തിൽ ആ രാജ്യം ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ക്യൂബയിലെ സോഷ്യലിസത്തെ സംരക്ഷിക്കുക എന്ന ആഹ്വാനമാണ് ഫിഡൽ ജനങ്ങൾക്ക് നൽകിയത്. ‘സോഷ്യലിസം അല്ലെങ്കിൽ മരണം’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഒന്നുകിൽ സോഷ്യലിസത്തെ സംരക്ഷിച്ചുനിർത്തുക. അല്ലെങ്കിൽ എല്ലാവരും മരണത്തെ പുൽകുക. അതായത്, സോഷ്യലിസം അപ്രത്യക്ഷമാകുന്നതോടെ മാനവ നാഗരികത അസ്തമിക്കും എന്നർത്ഥം. ഈ അന്തിമാഹ്വാനത്തിന് ക്യൂബൻ ജനത അർഹമായ ആദരവ് നൽകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇത് മാർക്‌സിസം-ലെനിനിസത്തിന്റെ ശരിയായ ഉൾക്കൊള്ളലുമായി ബന്ധപ്പെട്ടിരിക്കുന്നു. അവർ വിജയകരമായി ഇത് നിറവേറ്റും എന്നുതന്നെ നമുക്ക് വിശ്വസിക്കാം. അനന്തമായ ക്ഷമ, ഉറച്ച ബോദ്ധ്യം, കഠിനമായ ജീവിത സമരം എന്നിങ്ങനെ പലതും മഹാനായ ഈ സാമ്രാജ്യത്വ വിരുദ്ധ പോരാളിയുടെ ജീവിതത്തിൽനിന്ന് നമുക്ക് പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ അപാരമായ പോരാട്ടവീര്യം, നിശ്ചയദാർഢ്യം, പ്രതികൂലാവസ്ഥകൾക്കെതിരെയുള്ള കൂസലില്ലാത്ത മല്ലിടൽ, സാമ്രാജ്യത്വത്തിനെതിരെ പൊരുതുന്നവർക്കും മർദ്ദിതർക്കും അദ്ദേഹം നൽകിയ കലവറയില്ലാത്ത പിന്തുണയും സഹായവും, ഏറ്റവും ഒടുവിൽ, സോഷ്യലിസ്റ്റ് വ്യവസ്ഥ ആഗോളമായി തകർക്കപ്പെട്ട്, എങ്ങും പ്രതിസന്ധി നിറഞ്ഞിരിക്കുന്ന ഈ കാലയളവിലും മാർക്‌സിസം-ലെനിനിസത്തിന്റെ കൊടിക്കൂറ അചഞ്ചലം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം തുടങ്ങിയവയൊക്കെ ഉദാത്തമായ മാതൃകകളാണ് സൃഷ്ടിച്ചിരിക്കുന്നത്. നമ്മൾ ഇതിൽനിന്നെല്ലാം പാഠങ്ങൾ ഉൾക്കൊള്ളും. ഈ വാക്കുകളോടെ, അന്തരിച്ച മഹാനായ നേതാവ് സഖാവ് ഫിഡൽ കാസ്‌ട്രോയ്ക്ക് റെഡ് സല്യൂട്ട് നൽകിക്കൊണ്ട് ഞാൻ പ്രസംഗം അവസാനിപ്പിക്കുകയാണ്.

Share this post

scroll to top