മാർക്ക് ദാനവും അവിഹിത ഇടപെടലുകളും കളങ്കിതമാക്കിയ സർവ്വകലാശാലകൾ

Share

കേരളത്തിലെ സർവ്വകലാശാലകളുടെ വിശ്വാസ്യതയ്ക്ക് കളങ്കമേൽപ്പിച്ച സംഭവപരമ്പരകളാണ് പുറത്തുവന്നിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി.ജലീൽ ഇടപെട്ട്, പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഗുരുതരസ്വഭാവത്തിലുള്ളതാണ്.
സർവ്വകലാശാലയുടെ സ്വയംഭരണാവകാശത്തെ മറികടന്നുകൊണ്ട് മന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സ്വകാര്യസ്റ്റാഫും വിവിധ സർവ്വകലാശാലകളുടെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളിൽ ഇടപെടാൻ അനധികൃതമായി അദാലത്തുകൾ സംഘടിപ്പിക്കുകയും അവയിൽ പങ്കെടുക്കുകയും ചെയ്തുവെന്ന വിമർശനമാണ് അഖിലേന്ത്യാ സേവ് എജ്യൂക്കേഷൻ കമ്മിറ്റിയും അക്കാദമിക രംഗത്തെ വിദഗ്ദ്ധരും ഉയർത്തികൊണ്ടുവന്നത്. അവയിൽ പ്രധാനം മാർക്ക് ദാനം തന്നെ.

കേരള സാങ്കേതിക സർവ്വകലാശാലയിലും മഹാത്മാഗാന്ധി സർവ്വകലാശാലയിലുമാണ് മന്ത്രിയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്ത അദാലത്തുകളിൽ മാർക്ക്ദാനത്തിന് തീരുമാനമുണ്ടായത്. മോഡറേഷൻ ഉൾപ്പെടെയുള്ള അക്കാദമിക കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം സർവ്വകലാശാലകളുടെ ആധികാരിക അക്കാദമിക സമിതികൾക്കുമാത്രമാണെന്നിരിക്കെ, മന്ത്രിതല ഇടപെടൽ ഗുരുതരമായ ചട്ടലംഘനമാണ്. എന്നാൽ, മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് അത് ചെയ്തതെന്നും അർഹരെ സഹായിക്കാൻ ഇനിയുമത് ആവർത്തിക്കുമെന്ന് മാത്രമല്ല സർവ്വകലാശാല ഭരണരംഗങ്ങളിൽ ക്രമവിരുദ്ധമായി വീണ്ടും ഇടപെടുമെന്നും മന്ത്രി പറയുമ്പോൾ, സർവ്വകലാശാലകളുടെ സ്വയംഭരണാവകാശത്തെയാണ് അദ്ദേഹം വെല്ലുവിളിക്കുന്നത്.
നടന്നത് മോഡറേഷനല്ല, മാർക്ക്ദാനം തന്നെ എന്ന് മനസ്സിലാക്കാൻ സർവ്വകലാശാല പരീക്ഷാ മാന്വലിൽ പറയുന്ന വ്യവസ്ഥകൾ തന്നെ ധാരാളം. മോഡറേഷൻ നൽകാനുള്ള അധികാരം ബോർഡ് ഓഫ് എക്‌സാമിനേഷന് മാത്രമാണുള്ളത്. ഒരു വിദ്യാർത്ഥിയ്ക്ക് മാത്രമായി മാർക്ക് കൂട്ടി നൽകാൻ മോഡറേഷൻ തത്വങ്ങൾ അനുവദിക്കുന്നില്ല. പരീക്ഷാ ഫലപ്രഖ്യാപനത്തിന് ശേഷം മോഡറേഷൻ തീരുമാനിക്കാനും സർവ്വകലാശാലകളുടെ റെഗുലേഷൻ പ്രകാരം സാധ്യമല്ല. എന്നാൽ, ആ വ്യവസ്ഥകളൊക്കെ കാറ്റിൽപ്പറത്തപ്പെട്ടു. പാസ്‌ബോർഡിനെ മറികടന്ന് സിൻഡിക്കേറ്റാണ് 17.8.2019ൽ എംജി യൂണിവേഴ്‌സിറ്റിയിൽ 5 മാർക്കുവരെ മോഡറേഷൻ കൊടുക്കാൻ തീരുമാനിച്ചത്. അതിന് തൊട്ടുമുമ്പ്, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്ത അദാലത്തിൽ വച്ച് ഒരു മാർക്ക് കൂട്ടികൊടുക്കാനുള്ള തീരുമാനവും കൈകൊണ്ടു. രണ്ടും അനധികൃത-ചട്ടവിരുദ്ധ തീരുമാനങ്ങൾ.
സമാനമായി മറ്റൊരു സംഭവം കേരള യൂണിവേഴ്‌സിറ്റിയിലുണ്ടായി. 31.8.2019ൽ ചേർന്ന കേരള സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് യോഗത്തിന്റെ മിനിട്‌സിൽ പറയുന്നു കേരളയുടെ പരീക്ഷാകലണ്ടറിൽ മാറ്റം വരുത്താൻ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടുവെന്ന്. ഇങ്ങനെ, നിരവധി അശുഭകരമായ ഇടപെടൽ വാർത്തകൾ എല്ലാ സർവ്വകലാശാലകളിൽ നിന്നും പുറത്തുവന്നതോടെയാണ് മന്ത്രിയും സംഘവും നിൽക്കക്കള്ളിയില്ലാതെ മാനുഷികപരിഗണനാവാദം ഉയർത്തി രക്ഷപ്പെടാൻ ശ്രമിച്ചത്. അക്കാദമിക മാനദണ്ഡങ്ങളെയും വ്യവസ്ഥകളെയും മറികടക്കാൻ വേണ്ടി പ്രയോഗിച്ച വിലകുറഞ്ഞ സഹതാപ നമ്പർ എന്നതിനപ്പുറം അതിന് യാതൊരു അടിസ്ഥാനവുമില്ല.
സർവ്വകലാശാലകൾ സ്വതന്ത്ര സ്വയംഭരണ സ്ഥാപനങ്ങളാണ്. അവയുടെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളിൽ ഒരു സാഹചര്യത്തിലും ഇടപെടാൻ മന്ത്രിയ്ക്ക് അവകാശമില്ല. ഭരണപരമായ കാര്യങ്ങൾ തെരഞ്ഞെടുക്കപ്പെടുന്ന അക്കാദമിക സമിതികളാണ് തീരുമാനിക്കേണ്ടത്. അക്കാദമിക കാര്യങ്ങളിൽ അക്കാദമിക് കൗൺസിലാണ് പരമാധികാരസഭ. സിൻഡിക്കേറ്റിന് പോലും അക്കാദമിക് കൗൺസിലിന്റെ അന്തിമ തീരുമാനങ്ങൾ റദ്ദാക്കാൻ അവകാശമില്ല.

എന്നാൽ, സമീപകാലത്ത് മന്ത്രിയും സർക്കാർ ഉന്നതരും എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ സർവ്വകലാശാലകളുടെ ഭരണത്തെ തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കായി ഉപയോഗിക്കാനും നിയന്ത്രിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. സാമ്പത്തിക സഹായം ചെയ്യുന്നതിന്റെ പേരിലാണ് സർക്കാർ ഈ കടന്നുകയറ്റം നടത്തുന്നത്. അതംഗീകരിയ്ക്കാനാവില്ല.
സർവ്വകലാശാലകളുടെ സ്വയംഭരണാവകാശമെന്നാൽ അധികാരത്തിന്റെ എല്ലാ ദൂഷിതവലയങ്ങളിൽ നിന്നുമുള്ള അക്കാദമികവും ഭരണപരവും സാമ്പത്തികവുമായ സ്വാതന്ത്ര്യമെന്നാണർത്ഥം. സർക്കാർ സെക്രട്ടേറിയറ്റിന്റെ ഭാഗമല്ല സർവ്വകലാശാലകൾ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സമിതികളായിരിക്കണം സർവ്വകലാശാലകളുടെ എല്ലാ തലങ്ങളിലും ഭരണം നടത്തേണ്ടത്. അക്കാദമിക താൽപ്പര്യങ്ങളായിരിക്കണം സർവ്വപ്രധാനം. ബ്യൂറോക്രസിയ്‌ക്കോ, കക്ഷിരാഷ്ട്രീയ പ്രതിനിധികൾക്കോ സർവ്വകലാശാല ഭരണ നിർവ്വഹണ രംഗങ്ങളിൽ ഒരു പങ്കുമുണ്ടാകാൻ പാടില്ല. സെനറ്റും സിൻഡിക്കേറ്റും അക്കാദമിക് കൗൺസിലും ബോർഡ് ഓഫ് സ്റ്റഡീസുമാണ് സർവ്വകലാശാലകളുടെ സ്വയംഭരണസമിതികൾ. സെനറ്റാണ് പരമാധികാരസഭ, സിൻഡിക്കേറ്റല്ല എന്ന കാര്യം ഓർമ്മിപ്പിക്കട്ടെ.
സ്വയംഭരണാവകാശത്തെ സംബന്ധിച്ച ഇത്തരം അടിസ്ഥാന സങ്കൽപ്പങ്ങൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്കും ഇതര മന്ത്രിമാർക്കും മാത്രമല്ല, സർവ്വകലാശാലകളുടെ ഉന്നത സ്ഥാനങ്ങളിൽ വിരാജിക്കുന്നവർക്കുകൂടി ഉണ്ടാകേണ്ടതുണ്ട്. സർവ്വകലാശാലതല വിദ്യാഭ്യാസവും സർവ്വകലാശാലകൾ തന്നെയും കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് അക്രമണങ്ങൾക്കു വിധേയമായി അനുദിനം തകർന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് വിശേഷിച്ചും, സ്വയംഭരണാവകാശത്തിന്റെ കാതൽ എന്തെന്ന് തിരിച്ചറിഞ്ഞേ മതിയാകൂ. സമീപകാല വിവാദങ്ങൾ ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാൻ ഇടയാക്കിയിട്ടുണ്ടെങ്കിൽ അത്രയും നല്ലത്.

Share this post

scroll to top