റേഷന്‍ പുനഃസ്ഥാപിക്കുക: വിവേചനമില്ലാതെ എല്ലാവര്‍ക്കും റേഷന്‍ ലഭ്യമാക്കുക

Fwd_-koigihi1_1_12_2470277f.jpg
Share

കേരളത്തിലെ റേഷന്‍ സമ്പ്രദായം വന്‍തകര്‍ച്ചയുടെ വക്കത്തെത്തിയിരിക്കുകയാണ്. റേഷന്‍ കടകളില്‍ അരിയില്ല. ഒരു രൂപയ്ക്ക് ലഭിച്ചുവന്നിരുന്ന അരി അളവുകുറഞ്ഞ് കുറഞ്ഞ് ഇല്ലാതെയായിരിക്കുന്നു. പഞ്ചസാര, മണ്ണെണ്ണ, ഗോതമ്പ് ഇവയുടെയൊക്കെയും സ്ഥിതി ഇതുതന്നെ. റേഷന്‍ കടകള്‍ അടച്ചുപൂട്ടാന്‍ പോകുന്നു. ഫലത്തില്‍ കേരളത്തിലെ രണ്ടുകോടിയോളം ജനങ്ങള്‍ റേഷന്‍ സംവിധാനത്തില്‍നിന്നും പുറത്താക്കപ്പെടുന്നു. ഇതിനകം പൊതുവിപണിയില്‍ അരിയുടെ വില നാല്‍പ്പതുരൂപ കടന്നു. വില കുത്തനെ ഉയരും എന്നതിന്റെ സൂചനകളാണ് പൊതുവിപണി ഇപ്പോള്‍ നല്‍കുന്നത്.

റേഷന്‍ നിഷേധിക്കപ്പെടുന്നു എന്നതിനോടൊപ്പംതന്നെ, മുന്‍ഗണനാലിസ്റ്റില്‍നിന്ന് പുറത്താക്കപ്പെടുന്നതോടെ സകലവിധ ആനുകൂല്യങ്ങള്‍ക്കുമുള്ള അവകാശങ്ങളും സാധാരണക്കാര്‍ക്ക് നഷ്ടമാകും. സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സ, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍, വിദ്യാര്‍ത്ഥികളുടെ പഠനാനുകൂല്യങ്ങള്‍ തുടങ്ങി എല്ലാവിധ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമുള്ള അടിസ്ഥാന മാനദണ്ഡം ബിപിഎല്ലിലോ മുന്‍ഗണനാലിസ്റ്റിലോ ഉള്‍പ്പെട്ടിരിക്കണം എന്നുള്ളതാണ്.

റേഷന്‍ രംഗത്ത് ഇന്ന് കാണുന്ന രൂക്ഷമായ പ്രതിസന്ധി ഭക്ഷ്യ സുരക്ഷ നിയമം കേരളത്തില്‍ നടപ്പാക്കിയതിലെ അപാകതകള്‍ കൊണ്ടാണെന്നും കയറ്റിറക്കു തൊഴിലാളികള്‍ അട്ടിമറിക്കൂലി ആവശ്യപ്പെടുന്നതുകൊണ്ടാണെന്നും ഈ പ്രതിസന്ധികളെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തനതു പരിപാടികളെക്കുറിച്ച് ആലോചിക്കുന്നുവെന്നുമൊക്കെ വാര്‍ത്തകളും ഇതിനെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ ആരോപണ-പ്രത്യാരോപണങ്ങളും സജീവമാണ്. എന്നാല്‍ ഇതൊക്കെ യാഥാര്‍ത്ഥ കാരണം മൂടിവയ്ക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല. റേഷന്‍ രംഗത്തെ പ്രതിസന്ധി കേവലം ഇക്കാരണങ്ങളാല്‍ മാത്രം ഉണ്ടായതോ, മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ പുനഃസ്ഥാപിക്കപ്പെടുന്നതോ അല്ല. പ്രശ്‌നത്തിന്റെ ആഴവും രൂക്ഷതയും അതിനുംമേലെയാണ്.

പ്രതിസന്ധി എന്തുകൊണ്ട്?

അവശ്യനിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം കുത്തനെ കുതിക്കുകയാണ്. നോട്ട് പിന്‍വലിക്കല്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വിലക്കയറ്റം വീണ്ടും രൂക്ഷമാക്കും. കാര്‍ഷിക രംഗത്തിന്റെയും ചെറുകിട വ്യാപാരമേഖലയുടെയും നിര്‍മ്മാണ മേഖലയുടെയും തകര്‍ച്ചയും തത്ഫലമായി വിലക്കയറ്റവും അനിവാര്യഫലമായിരിക്കും എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരുടെയും കര്‍ഷക-കര്‍ഷകത്തൊഴിലാളികളുടെയും ദൈനംദിന ജീവതം നരകതുല്യമാക്കിയിരിക്കുമ്പോഴാണ് റേഷന്‍ രംഗത്തെ പ്രതിസന്ധി ഇടിത്തീയായി ജനങ്ങള്‍ക്കുമേല്‍ വീണിരിക്കുന്നത്.

റേഷന്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് നല്‍കുന്ന സകല ആനുകൂല്യങ്ങളും നിര്‍ത്തല്‍ ചെയ്യാനും ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിന്റെയും വിതരണത്തിന്റെയും ഭാഗത്തുനിന്നുമുള്ള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പിന്മാറ്റം ലക്ഷ്യം വച്ചുകൊണ്ടും കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നടപ്പിലാക്കിവരുന്ന നയങ്ങളാണ് റേഷന്‍ രംഗത്തെ ഇന്നുള്ള പ്രതിസന്ധിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഉപഭോക്താക്കളുടെ എണ്ണം കുറച്ചെടുക്കുക എന്നതായിരുന്നു ഓരോ നടപടിയുടെയും ലക്ഷ്യം. അതിനായി മാനദണ്ഡങ്ങള്‍ നിരന്തരം മാറ്റിക്കൊണ്ടേയിരുന്നു. പരിഷ്‌ക്കാരങ്ങള്‍ ഭക്ഷ്യസുരക്ഷ നിയമം വരെ എത്തിയപ്പോള്‍ റേഷന്‍ കടകള്‍ അടച്ചുപൂട്ടപ്പെടുന്ന അവസ്ഥ വന്നു.

ഭക്ഷ്യസുരക്ഷ നിയമം

1991 ല്‍ നരസിംഹറാവുസര്‍ക്കാരിന്റെ കാലം മുതല്‍ നടപ്പിലാക്കിവന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ തുടര്‍ച്ചയാണ് ഭക്ഷ്യസുരക്ഷ നിയമം. പൊതുവിതരണം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് നരസിംഹറാവുവിന്റെ കാലത്താണ്.
1997 ല്‍ റേഷന്‍ ഉപഭോക്താക്കളെ എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ വിഭജിച്ച് എപിഎല്ലുകാരെ ആനുകൂല്യങ്ങളില്‍നിന്നും പുറത്താക്കിയത് ദേവഗൗഡയുടെ സര്‍ക്കാരാണ്. റേഷന്‍ ലക്ഷ്യാധിഷ്ഠിത പൊതുവിതരണമായി. ഠമൃഴലലേറ ജൗയഹശര ഉശേെൃശയൗശേീി ട്യേെലാ അഥവാ ഠജഉട.
2001-2002 കാലയളവില്‍ അധികാരത്തിലിരുന്ന വാജ്‌പേയ് സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തില്‍നിന്നും ക്രമേണ പിന്മാറി തല്‍സ്ഥാനത്ത് കുത്തകകളുടെ അധിനിവേശം ഉറപ്പാക്കി. ഇക്കാലയളവില്‍ ബിപിഎല്ലുകാര്‍ വീണ്ടും തരംതിരിവിന് ഇരയായി. അന്ത്യോദയ-അന്നയോജന പദ്ധതിയിലൂടെ ബിപിഎല്ലിലെ ഗതിയില്ലാത്തവര്‍ക്കായി വീണ്ടും തിരച്ചില്‍ നടന്നു.
റേഷന്‍ രംഗത്തുനിന്നും സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പിന്മാറ്റം ഉറപ്പാക്കിക്കൊണ്ടാണ് ഭക്ഷ്യസുരക്ഷ നിയമം വന്നത്. എല്ലാ നയങ്ങളിലും എന്നതുപോലെ കൊട്ടിഘോഷത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല.

ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യപരിപാടിയുടെ ഭാഗമായാണ് ഈ നയം അറിയപ്പെടുന്നത്. 2012 ല്‍ ഇന്ത്യ യുഎന്നുമായി കരാറില്‍ ഏര്‍പ്പെട്ടു. 2013ല്‍ മന്‍മോഹന്‍സിംഗിന്റെ കാലത്ത് ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. കേന്ദ്രഭക്ഷ്യമന്ത്രിയായിരുന്ന കെ.വി.തോമസാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. ചില്ലറ കശപിശകള്‍ ഉണ്ടായെങ്കിലും ബില്‍ പാസ്സാക്കുന്നതിന് പ്രതിപക്ഷത്തിന്റെ നിരുപാധിക പിന്തുണ ലഭ്യമായി. അങ്ങനെ ‘നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് 2013’ പാര്‍ലമെന്റ് പാസ്സാക്കി, നിയമവുമായി.
എപിഎല്‍, ബിപിഎല്‍ വിഭജനം അതോടെ ഇല്ലാതെയായി. അതിന് പകരം ‘പ്രയോരിറ്റി ലിസ്റ്റ്’ അഥവാ മുന്‍ഗണന ലിസ്റ്റ് വന്നു. അര്‍ഹരെ കണ്ടെത്താന്‍ മാനദണ്ഡം മാറി. സ്ത്രീകള്‍ കാര്‍ഡ് ഉടമകളായി. സെന്‍സസിലെ രേഖകള്‍ അടിസ്ഥാനമാക്കി ‘മുന്‍ഗണനാ ലിസ്റ്റ’് തയ്യാറാക്കാന്‍ നിര്‍ദ്ദേശം വന്നു.

സ്ത്രീകള്‍, വിധവകള്‍, അവിവാഹിതകള്‍, മാനസികരോഗികള്‍, മാറാരോഗികളോ, മാരകരോഗികളോ ആയിട്ടുള്ളവര്‍, ഡയാലിസിസന് വിധേയരാകുന്നവര്‍, എയ്ഡ്‌സ്, കാന്‍സര്‍ രോഗികള്‍, ഓട്ടിസം ബാധിച്ചവര്‍, വീടില്ലാത്തവര്‍, വീടിന് അഞ്ഞൂറുമീറ്റര്‍ ചുറ്റളവില്‍ കുടിവെള്ളം ലഭ്യമല്ലാത്തവര്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗക്കാര്‍, പരമ്പരാഗത തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ ഇവരൊക്കെ മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടേക്കും എന്ന് ധാരണയായി.
മുന്‍ഗണനാ ലിസ്റ്റില്‍പെട്ടവരെ കണ്ടെത്താനുള്ള ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആയിരുന്നെങ്കിലും മുന്‍ഗണനാ ലിസ്റ്റില്‍ എത്രപേര്‍വരെയാകാം എന്ന് മുന്‍കൂട്ടി കേന്ദ്രത്തില്‍ തീരുമാനിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് ഓരോ സംസ്ഥാനത്തും എത്ര ആളുകള്‍ അര്‍ഹരാണ് എന്ന് ആസൂത്രണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് 2013 ജൂലൈയില്‍ കേന്ദ്ര ഭക്ഷ്യവകുപ്പില്‍നിന്നും സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ച കത്തില്‍ പറയുന്നത്. ഈ ലിസ്റ്റ് പ്രകാരം കേരളത്തിലെ ഗ്രാമങ്ങളില്‍നിന്ന് അര്‍ഹരായവര്‍ 52 ശതമാനവും നഗരങ്ങളില്‍നിന്ന് 39 ശതമാനവും മാത്രമേ വരൂ. ഭക്ഷ്യ സുരക്ഷാ പദ്ധതിയിലെ ഗുണഭോക്തളെ 40 ശതമാനമായി വെട്ടിക്കുറയ്ക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിന്‍ പ്രകാരം 2012ല്‍ത്തന്നെ റേഷന്‍ കാര്‍ഡുകളും പുതുക്കേണ്ടിയിരുന്നു. കേരളത്തില്‍ റേഷന്‍ കാര്‍ഡ് പുതുക്കല്‍ ഇപ്പോഴും പാതിവഴിയില്‍ത്തന്നെ.
മന്‍മോഹന്‍സിംഗിന്റെ കോണ്‍ഗ്രസ്സ് സര്‍ക്കാരാകട്ടെ, കുത്തകസംഭരണ നിയമംതന്നെ പൊളിച്ചെഴുതി. റേഷന്‍ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി മെക്കന്‍സിയെ ചുമതലപ്പെടുത്തി. റേഷന്‍ വെട്ടിച്ചുരുക്കാനും എഫ്‌സിഐ ഗോഡൗണുകള്‍ അടച്ചുപൂട്ടാനും തൊഴിലാളികളെ പരിച്ചുവിടാനും അവര്‍ നിര്‍ദ്ദേശിച്ചു. അടച്ചൂപൂട്ടിയ ഗോഡൗണുകള്‍ കുത്തകകള്‍ക്ക് പാട്ടത്തിന് നല്‍കി.

മോദിസര്‍ക്കാര്‍ എഫ്‌സിഐ ഉള്‍പ്പെടെ ഭക്ഷ്യമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ എംപി ചെയര്‍മാനായി പുതിയൊരു കമ്മിറ്റിയെ നിയോഗിച്ചു. ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ പരിധി വെട്ടിക്കുറയ്ക്കുക, ധാന്യസംഭരണം സമ്പൂര്‍ണ്ണമായും സ്വകാര്യവത്ക്കരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പുതിയ കമ്മിറ്റിക്കും വയ്ക്കാനുണ്ടായിരുന്നത്.
ഓരോ വര്‍ഷവും സര്‍ക്കാര്‍ സംഭരിക്കുന്ന അരിയുടെയും ഗോതമ്പിന്റെയും അളവ് ഗണ്യമായി കുറഞ്ഞു. തല്‍സ്ഥാനത്ത് സംഭരണരംഗത്തേയ്ക്ക് കുത്തകകള്‍ കടന്നുവന്നു. കുത്തകകള്‍ക്കുവേണ്ടി ഇറക്കുമതി തീരുവയും കുറച്ചുകൊടുത്തു. മുന്‍സര്‍ക്കാരിന്റെ കാലത്ത് 25 ശതമാനം ആയിരുന്ന ഇറക്കുമതി ചുങ്കം മോദിസര്‍ക്കാര്‍ 10ശതമാനമാക്കി.

ഈ പരിഷ്‌ക്കാരങ്ങളെല്ലാംകൂടെയായപ്പോള്‍ ജനങ്ങള്‍ക്ക് റേഷന്‍ ഇല്ലാതെയായി. പലപേരിലുള്ള പദ്ധതികള്‍ക്ക് ഒരു ലക്ഷ്യമേയുള്ളൂ, ജനങ്ങള്‍ക്കുള്ള സകല ആനുകൂല്യങ്ങളും നിര്‍ത്തലാക്കുക. പകരം കുത്തകകള്‍ക്ക് വാരിക്കോരി കൊടുക്കുക. നോട്ടുനിരോധനം ജനജീവിതത്തെ കടക്കെണിയിലും വറുതിയിലും ആക്കിയിരിക്കുമ്പോള്‍പോലും കുത്തകകളുടെ കോടികള്‍ നിര്‍ലജ്ജം എഴുതിത്തള്ളുന്നത് അതുകൊണ്ടാണ്.

കേരളത്തില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പ്രതിസന്ധിയ്ക്ക് മറ്റൊരു കാരണം കേന്ദ്രസബ്‌സിഡി ലഭ്യമായില്ല എന്നതാണ്. സബ്‌സിഡി ഇനി ലഭിക്കും എന്നും ഉറപ്പില്ല. സബ്‌സിഡി നിഷേധിക്കപ്പെടാനുള്ള കാരണമാകട്ടെ ഭക്ഷ്യസുരക്ഷ നിയമം നടപ്പിലാക്കിയില്ല എന്നതും. എന്നു പറഞ്ഞാല്‍ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കപ്പെട്ടില്ല എന്നര്‍ത്ഥം. അതില്‍ കുറ്റം ആരുടേത് എന്നതാണ് ഭരണ-പ്രതിപക്ഷ പോരിന്റെ സാരം. കിലോയ്ക്ക് 22 രൂപ നിരക്കില്‍ എഫ്‌സിഐയില്‍നിന്ന് അരിവാങ്ങി റേഷന്‍ കടകള്‍ വഴി നല്‍കേണ്ടിവരും എന്നതാണ് ഇപ്പോള്‍ സാഹചര്യം. അങ്ങനെയാണ് കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഫലത്തില്‍ റേഷന്‍ എന്നെന്നേയ്ക്കുമായി നിലയ്ക്കും.

ഭക്ഷ്യസുരക്ഷ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ യുഡിഎഫ് ആണ് കേരളം ഭരിച്ചിരുന്നത്. അനൂപ് ജേക്കബ് കേരളത്തിന്റെ ഭക്ഷ്യവകുപ്പുമന്ത്രിയും. ഭക്ഷ്യസുരക്ഷാ നിയമം കോണ്‍ഗ്രസ് നടപ്പിലാക്കിയപ്പോള്‍ സിപിഐ, സിപിഐ(എം), ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍ത്തില്ലെന്നുമാത്രമല്ല, അന്ന് കേരളത്തില്‍ അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാക്കാന്‍ ഉത്സാഹം കാണിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടവരാണ് സിപിഐ, സിപിഐ(എം), ബിജെപി കക്ഷികള്‍.
ഭക്ഷ്യസുരക്ഷാ നിയമം കേരളത്തില്‍ നടപ്പിലാക്കുമ്പോള്‍ ഒരു കോടി തൊണ്ണൂറു ലക്ഷം ആളുകള്‍ റേഷന്‍ സംവിധാനത്തിന് പുറത്താക്കപ്പെടും എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എപിഎല്‍, ബിപിഎല്‍ തരംതിരിവിനുപകരം പ്രയോറിറ്റി ലിസ്റ്റനുസരിച്ചാണ് റേഷന്‍. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനാ ലിസ്റ്റിനെക്കുറിച്ച് പതിനാറു ലക്ഷത്തില്‍പ്പരം പരാതികളാണ് ലഭിച്ചത്. അതില്‍ 12 ലക്ഷവും ശരിയാണ് എന്നും കണ്ടെത്തിയിരിക്കുന്നു.

റേഷനെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. റേഷന്‍ ഇല്ലാതെയാകുന്നു എന്നത് വലിയ തിരിച്ചടിക്ക് കാരണമാകും. സ്വതവേ പോഷകാഹാരക്കുറവിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്ന ആദിവാസി മേഖലകളില്‍ വളരെ പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടവരുത്തും. സ്‌കൂളുകളുടെയും അംഗന്‍വാടികളുടെയും പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.
ഇത് റേഷന്റെ മാത്രം പ്രശ്‌നമല്ല. പൊതുവിപണിയിലെ വിലയുടെയുംകൂടെ വിഷയമാണ്. മാത്രവുമല്ല, ഒരു ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരുകള്‍ ജനങ്ങളോട് വച്ചുപുലര്‍ത്തുന്ന സമീപനത്തിന്റെയും പ്രശ്‌നമാണ്.

1991 മുതലാണ് സാമ്പത്തിക രംഗത്തെ അടിമുടി ഉടച്ചുവാര്‍ക്കുന്ന പരിഷ്‌ക്കാരങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കിത്തുടങ്ങിയത്. പുതിയ സാമ്പത്തിക-വ്യവസായ നയങ്ങളെന്ന പേരില്‍ ആരംഭിച്ച ആഗോളവല്‍ക്കരണനയങ്ങളുടെ തുടര്‍ച്ചയായി രംഗപ്രവേശം ചെയ്ത നയങ്ങളും ഗാട്ടുകരാറും ഡങ്കല്‍ നിര്‍ദ്ദേശങ്ങളുമെല്ലാം മുന്നോട്ടുവച്ചത് ജനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി നിര്‍ത്തലാക്കുക എന്നതായിരുന്നു. അതില്‍ പ്രധാനമായിരുന്നു ‘ഭക്ഷ്യസബ്‌സിഡി. ‘1991ന് ശേഷം അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാരുകളും കക്ഷിേഭദമന്യേ, കോണ്‍ഗ്രസ്സും ഇടതുപക്ഷ പിന്തുണയോടെ ‘ഭരിച്ച ദേവഗൗഡ, ഐ.കെ.ഗുജറാള്‍ സര്‍ക്കാരുകളും വാജ്‌പേയിയുടെ ബിജെപി സര്‍ക്കാരും, ഗാട്ടുകരാറിനും ഡങ്കല്‍ നിര്‍ദ്ദേശങ്ങള്‍ക്കും വിധേയരായിക്കൊണ്ടാണ് നയങ്ങള്‍ ആവിഷക്കരിച്ചത്. തുടര്‍ന്നു ആവിഷ്‌ക്കരിക്കപ്പെട്ട നയങ്ങള്‍ ഇന്ത്യയിലെ കാര്‍ഷിക രംഗത്തിന്റെ നടുവൊടിച്ചു. നാലുലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വിളയ്ക്ക് വിലയില്ലാതെ ഓരോ വിളവെടുപ്പുകാലവും കര്‍ഷകന്റെ കണ്ണീരുകൊണ്ട് മണ്ണുനനയുകയാണ്. ആര്‍ത്തിപെരുത്ത കുത്തകകള്‍ക്കുവേണ്ടി നയങ്ങളാവിഷ്‌ക്കരിക്കുന്ന ‘ഭരണാധികാരികള്‍ക്ക് പക്ഷേ ആ കണ്ണീരോ ജനങ്ങളുടെ വേദനയോ കാണാനാകുന്നില്ല.

ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്ത പട്ടിണി മരണങ്ങളും ക്ഷാമങ്ങളും തുടര്‍ക്കഥയായപ്പോഴാണ് എല്ലാവര്‍ക്കും ‘ഭക്ഷണം ഉറപ്പാക്കുക എന്ന ജനക്‌ഷേമകരമായ കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തി സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം ആരംഭിച്ചത്. 1965ലാണ് കേരളത്തില്‍ റേഷന്‍ സമ്പ്രദായം നിലവില്‍വന്നത്. ഇന്ത്യയിലെ തന്നെ മെച്ചപ്പെട്ട സമ്പ്രദായമായിരുന്നു കേരളത്തിലേത്. ഒരുപക്ഷേ പൊതുവിതരണ സമ്പ്രദായത്തിനുതന്നെ ഒരു മാതൃകയും. അഞ്ചുപതിറ്റാണ്ടിലേറെയായി നിലനിന്നുപോരുന്ന സമ്പ്രദായത്തിന്റെ മരണമണിയാണ് ഇപ്പോള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നത്.

എല്ലാവിധ വിവേചനങ്ങളും ഒഴിവാക്കി മുഴുവന്‍ ആളുകള്‍ക്കും റേഷന്‍ ഉറപ്പാക്കുക എന്നതായിരിക്കണം സര്‍ക്കാരിന്റെ നിലപാട്. റേഷന്‍ സംവിധാനത്തെ അതേപടി നിലനിര്‍ത്തിക്കൊണ്ട് അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും പയറുവര്‍ങ്ങളുമടക്കം അവശ്യനിത്യോപയോഗ സാധനങ്ങളെല്ലാം ന്യായമായ വിലയ്ക്ക് ലഭ്യമാക്കണം. റേഷന്‍ ഉള്‍പ്പെടെ പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തണം. കര്‍ഷകന് ന്യായമായ വിലനല്‍കി ‘ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ച് മിതമായ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കണം. ജനാനുകൂല നിലപാടുള്ള ഒരു സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടുന്ന വിഷയങ്ങളാണിവ. ഭക്ഷ്യസുരക്ഷാ പദ്ധതി എന്ന ജനവിരുദ്ധ നിയമത്തിന്റെ നൂലാമാലകളില്‍ തട്ടി ജനങ്ങള്‍ക്ക് റേഷന്‍ നിഷേധിക്കപ്പെടുന്നില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം.

ഈ ആവശ്യങ്ങളെ മുന്‍നിര്‍ത്തി അതിശക്തമായ പ്രക്ഷോഭണം വളര്‍ത്തിയെടുക്കുക എന്നതാണ് ഇന്നത്തെ അടിയന്തര ആവശ്യകത. സങ്കുചിതമായ കക്ഷി-രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും ജാതി-മത ചിന്താഗതികള്‍ക്കും ഉപരിയായി ജനങ്ങള്‍ സംഘടിക്കണം.

Share this post

scroll to top