വാളയാറിലെ കുട്ടികളുടെ ദുരൂഹമരണത്തിന് ഉത്തരവാദി സർക്കാർ

Share

വാളയാറിൽ പെൺകുട്ടികൾ ദുരൂഹമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് യഥാർത്ഥ ഉത്തരവാദി സർക്കാരാണെന്ന് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന പാലക്കാട് ജില്ലാക്കമ്മിറ്റി അഭിപ്രായപ്പെട്ടു.
പന്ത്രണ്ടുവയസ്സുകാരിയായ മൂത്തകുട്ടി കൊല്ലപ്പെട്ടപ്പോൾ തന്നെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാൻ ഫലപ്രദമായ നടപടികൾ അധികൃതർ കൈക്കൊണ്ടിരുന്നെങ്കിൽ ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കുട്ടിയും കൊല്ലപ്പെടുകയെന്ന ദുരന്തം ഉണ്ടാകുമായിരുന്നില്ല. പോലീസിന്റെ കുറ്റകരമായ നിഷ്‌ക്രിയത്വമാണ് ഇതിനിടവരുത്തിയത്. ആത്മഹത്യ എന്തെന്ന് ചിന്തിക്കാൻ പോലും കഴിയാത്ത പ്രായത്തിലുളള പെൺകുട്ടികളുടെ ദുരൂഹമരണത്തെ ആത്മഹത്യയായി എഴുതിത്തള്ളാനുള്ള നീക്കം അപലപനീയമാണ്. പ്രശ്‌നത്തെ പോലീസ് എത്രമാത്രം നിസ്സാരവൽക്കരിച്ചുവെന്നാണ് ഇത് കാണിക്കുന്നത്. നിയമവും നീതിയും നടപ്പാക്കേണ്ട അധികാരികളുടെ കുറ്റകരമായ അലംഭാവം പ്രതിഷേധാർഹമാണ്. ഈ സംഭവത്തിലെ കുറ്റവാളികളെ കണ്ടെത്തി കർശനമായ ശിക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി കൈക്കൊളളണം. ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണം. കോളിളക്കം സൃഷ്ടിച്ച ജിഷവധം മുതൽ നടി ആക്രമിക്കപ്പെട്ടതുൾപ്പടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളുടെ ഒരു പരമ്പരയാണ് കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനുമുളള കാര്യക്ഷമമായ നടപടികൾ സംസ്ഥാനഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. സർക്കാരിന്റെ ഈ കുറ്റകരമായ നിഷ്‌ക്രിയത്വമാണ് വീണ്ടും വീണ്ടും നിഷ്ഠൂരമായ അക്രമങ്ങൾ അരങ്ങേറാൻ അവസരമൊരുക്കുന്നത്.
കൊല്ലപ്പെട്ട പെൺകുട്ടികളുടെ വീട് എഐഎംഎസ്എസ് ജില്ലാപ്രസിഡന്റ് സഖാവ് കെ.എം.ബീവി, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജില്ലാ സെക്രട്ടറി കെ.അബ്ദുൾ അസീസ്, മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ കമ്മിറ്റിയംഗം സഖാവ് കെ.ആർ. രജിത എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു.

 

Share this post

scroll to top