സംസ്ഥാന വിദ്യാഭ്യാസസംഗമം

sev-edu-con-tcr.jpg
Share

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തൊഴിൽ പഠിക്കലല്ലെന്നും വിജ്ഞാനവും സംസ്‌കാരവും ആർജ്ജിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കലാണ് അതിന്റെ ഉന്നത ലക്ഷ്യമെന്നും ജവഹർലാൽ നെഹ്‌റു സർവകലശാലയിലെ ഡോ.എ.കെ.രാമകൃഷ്ണൻ പറഞ്ഞു. നിലവാരത്തകർച്ചക്കെതിരെ സേവ് എജൂക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ ജൂൺ 10 ന് നടന്ന സംസ്ഥാന വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ കമ്പോളത്തിന്റെ സാധ്യതകൾക്കനുസരിച്ച് ഉടച്ചുവാർക്കാനാണ് കേന്ദ്ര സർക്കാർ പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപവൽക്കരിക്കുന്നത്. സാധാരണക്കാർക്ക് വിദ്യാഭ്യാസം നൽകാനുള്ള ചുമതലയിൽ നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമഗ്രമായ ധാരണകൾ ആർജ്ജിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ഏത് സാമൂഹിക സാഹചര്യത്തെയും അഭിമുഖീകരിക്കുവാൻ കഴിയും. മലയാളി ഒരു കാലത്ത് ലോകത്ത് മുഴുവൻ പോയി ജീവിച്ചത് നമ്മുടെ നാട്ടിലുണ്ടായിരുന്ന വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളിലൊന്നിനെയാണ് കാണിക്കുന്നത്. എന്നാൽ കമ്പോളത്തിനനുസരിച്ച് ഏകമുഖമായ രീതിയിൽ വിദ്യാഭ്യാസത്തെ തൊഴിലധിഷ്ഠിതമാക്കുന്നത് അപകടകരമാണ്.
പൊതുവിദ്യാഭ്യാസത്തിന്റെ ചുമതലയൊഴിയാനായി സംസ്ഥാന സർക്കാർ നടത്തുന്ന അഭ്യാസമാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് തുടർന്ന് സംസാരിച്ച സേവ് എജൂക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ പറഞ്ഞു. ഡോ.വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു, ശശികുമാർ, ജി.നാരായണൻ, പ്രൊഫ.ഫ്രാൻസിസ് കളത്തുങ്കൽ, മനോജ്, ഇ.വി.പ്രകാശ്, കെ.കെ.രാജൻ, ശരത് (ജെഎൻയു)എന്നിവർ സംസാരിച്ചു. എം.പ്രദീപൻ സ്വാഗതം പറഞ്ഞു. പ്രൊഫ.കെ.ബി.ഉണ്ണിത്താൻ അനുസ്മരണ പ്രഭാഷണം ഡോ.പി.എസ്.ബാബു നടത്തി.

Share this post

scroll to top