സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്ക് അറുതിവരുത്തുക

MSS-SSS-EKM-ARAV.jpg
Share

#  കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുക
# ഗൂണ്ടാ-മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുക
# കുറ്റവാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ
     ഇടപെടൽ അവസാനിപ്പിക്കുക
# സാംസ്‌കാരിക മുന്നേറ്റം വളർത്തിയെടുക്കുക

മലയാളത്തിലെ ഒരു പ്രമുഖ നടിക്ക്, കൊച്ചിയിൽ, ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിൽവച്ച് നേരിടേണ്ടിവന്ന ദുരനുഭവം, സ്ത്രീകളുടെ സാമൂഹ്യ അരക്ഷിതാവസ്ഥ എന്ന വിഷയത്തെ ചർച്ചകളുടെ കേന്ദ്രസ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിച്ചിരിക്കുകയാണ്. സ്ത്രീകളുടെ സുരക്ഷിതത്വം മാത്രമല്ല, ഗുണ്ടാ മാഫിയ സംഘങ്ങളുടെ സ്വാധീന ശേഷിയും കൂടുതൽ തെളിമയോടെ വെളിയിൽ വന്നിരിക്കുന്നു. സംഭവം ഞെട്ടലും ആശങ്കയും ഉളവാക്കുന്നതാണ്. നഗരത്തിൽ മൂന്ന് മണിക്കൂറോളമാണ് സംഘം പെൺകുട്ടിയെ കാറിൽ കൊണ്ടുനടന്ന് ഉപദ്രവിച്ചത്. ഒരു ‘സെലിബ്രിറ്റി’ യുടെ ഗതി ഇതാണെങ്കിൽ സാധാരണസ്ത്രീകളുടെ കാര്യം പിന്നെ പറയാനുണ്ടോ എന്ന ചോദ്യം പ്രസക്തമാകുകയാണ്.

ക്വട്ടേഷൻ ആണെന്നും, അത് സിനിമക്കാരുടേത് തന്നെയാണെന്നും, അല്ല പണം പിടുങ്ങലാണ് ഉദ്ദേശമെന്നും ഗൂഢാലോചന ഉണ്ടെന്നും ഇല്ലെന്നുമൊക്കെ കേൾക്കുന്നു. സത്യസന്ധമായ അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരൂ. അന്വേഷണം സത്യസന്ധമായി നടക്കും എന്ന് ഉറപ്പൊന്നുമില്ല. കാരണം അങ്ങനെയൊന്ന് നടന്നതിന് പൂർവ്വമാതൃകകളില്ല.
ഈ സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പ,് ശേഷം രണ്ടാഴ്ചകൊണ്ട് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് കുഞ്ഞുങ്ങൾക്കുനേരെയുണ്ടായ പൈശാചികമായ ആക്രമണങ്ങളടക്കം നിരവധി സംഭവങ്ങളാണ്. അടിയന്തരമായി ചികിത്സ വേണ്ടുംവിധം രോഗാതുരമാണ് സമൂഹമനസ്സ് എന്നതാണ് ഓരോ സംഭവവും തെളിയിക്കുന്നത്. കുഞ്ഞുങ്ങളോട് ചെയ്തുകൂട്ടുന്ന ക്രൂരതകൾക്ക് എന്ത് വിശദീകരണമാണുള്ളത്? ഇത്തരം ദുരനുഭവങ്ങളിലൂടെ സമൂഹം, മനുഷ്യൻ, മനുഷ്യബന്ധങ്ങൾ തുടങ്ങിയവയെക്കുറിച്ചൊക്കെ കുഞ്ഞുങ്ങൾക്കു ലഭിക്കുന്ന തികച്ചും തെറ്റായ ധാരണകൾ അവരുടെ ഇളംമനസ്സിന്റെ താളം തെറ്റിക്കുകയും മാനസികമായ അരക്ഷിതാവസ്ഥയിലേയ്ക്ക് അവരെ തള്ളിവിടുകയും ചെയ്യും. ഭാവി സമൂഹത്തെ കാത്തിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ്.

ഓരോ സംഭവവും എല്ലാവർക്കും ആഘോഷമാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയക്കാരെല്ലാം പതിവുപോലെ രംഗം കൈയടക്കിയിട്ടുണ്ട്. ഏവരും ചാനലുകൾ നിറഞ്ഞാടുകയാണ്. തൊട്ടുമുമ്പു നടന്ന സംഭവത്തിലും കെട്ടുകാഴ്ചകൾ ഇതു തന്നെയായിരുന്നു. ഇപ്പോൾ എന്താണ് സ്ഥിതി എന്നു ചോദിച്ചാൽ കൈമലർത്തുന്നതിന് യാതൊരു ഉളുപ്പുമില്ല.
ക്രമസമാധാന നില തകർന്നു എന്ന് ഒരു കൂട്ടർ. എന്തായാലും മുൻസർക്കാരിന്റെ കാലത്തെ അത്രയുമായിട്ടില്ല എന്ന് ‘ഭരണപക്ഷം. (അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് ‘ഭരണക്കാർ). ഉപവാസവും പ്രാർത്ഥനയും രാത്രി പിടിച്ചടക്കലുമൊക്കെയായി സാന്നിദ്ധ്യമുറപ്പിക്കാനും മുന്നേറാനും മത്സരാർത്ഥികൾ വേറെ. എല്ലാവരും രാഷ്ട്രീയം കളിക്കുകയാണ്. അതിനുമപ്പുറം വിഷയത്തിന്റെ ഗൗരവം ഭരണാധികാരികളെയും രാഷ്ടീയക്കാരെയും തെല്ലും അസ്വസ്ഥതപ്പെടുത്തുന്നില്ല. ക്രിമിനൽ ബന്ധമില്ലാത്തവരും ഗുണ്ടാ മാഫിയാ സംഘങ്ങളുടെ സഹായം സ്വീകരിക്കാത്തവരുമായ പ്രസ്ഥാനങ്ങളോ നേതാക്കളോ അപൂർവ്വങ്ങളിൽ അപൂർവ്വമായ മാതൃകമാത്രമായിരിക്കുന്നു.

എന്തുകൊണ്ട് കുറ്റകൃത്യങ്ങൾ പെരുകുന്നു?

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ കയറിയതിനുശേഷം 8 മാസത്തിനകം സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു(?)വെന്ന് രഹസ്യാന്വേഷണ ഏജൻസി ആഭ്യന്തരവകുപ്പിന് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 3200. പീഡനകേസുകൾ 1100. ഇതിൽ 630 കേസുകളിലും ഇരകൾ പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. സ്ത്രീപീഡനത്തിൽ മാത്രം 330 കേസുകൾ വർദ്ധിച്ചിരിക്കുന്നുവെന്നും ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നുവത്രേ. കുറ്റകൃത്യങ്ങളുടെ തോത് പെരുകുന്നതിനനുസരിച്ച് കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നുവെന്നതും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നതും ഗൗരവത്തോടെ കണക്കിലെടുക്കേണ്ട വിഷയമാണ്. ഇത് സമൂഹം നേരിടുന്ന ഗുരുതരമായ ധാർമ്മിക തകർച്ചയുടെ അനന്തരഫലമാണ്. കുട്ടികളുടെ നേരെ നടക്കുന്ന അതിക്രമങ്ങളുടെ തോത് ഭയപ്പെടുത്തുന്നതാണ്. ‘പോക്‌സോ’ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണം കേവലം 30 ശതമാനത്തിൽ താഴെ മാത്രമാണ്.
കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നത് കുറ്റകൃത്യങ്ങൾ പെരുകുന്നതിനുള്ള പ്രധാന കാരണമാണ്. നിയമത്തെയോ നീതിന്യായവ്യവസ്ഥയെയോ ഭയക്കേണ്ടതില്ല എന്ന് കുറ്റവാളികൾക്ക് നന്നായി അറിയാം. കാശുകൊടുത്ത് വിലയ്‌ക്കെടുക്കാൻ പറ്റാത്ത നിയമങ്ങളുണ്ട് എന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും ഞാൻ മുമ്പേ ഞാൻ മുമ്പേ എന്ന് നടിക്കുന്ന രാഷ്ട്രീയനേതാക്കൻമാർ സൂര്യനെല്ലി മുതലുള്ള സ്ത്രീപീഡന- പെൺവാണിഭ പരമ്പരകളുടെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് പരിശോധിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സൂര്യനെല്ലി, വിതുര, കോഴിക്കോട് ഐസ്‌ക്രീം പാർലർ, കിളിരൂർ, കവിയൂർ, പൂവരണി, പറവൂർ, സൗമ്യയും ജിഷയും ഉൾപ്പെടെയുള്ള കേസുകളിൽ യഥാർത്ഥ പ്രതികൾ അറസ്റ്റിലായോ, അറസ്റ്റിലായവരിൽ എത്ര പേർ ശിക്ഷിക്കപ്പെട്ടു, ഓരോ പാർട്ടികളും മുന്നണികളും ഓരോരോ കേസുകളിൽ എപ്രകാരമാണ് ഇടപെട്ടിട്ടുള്ളത് എന്നതിനെക്കുറിച്ചൊക്കെ സത്യസന്ധമായ ഒരു പ്രസ്താവന കേരളത്തിലെ ജനങ്ങളുടെ മുമ്പാകെ വയ്ക്കാമോ? കേരളത്തെയാകെ പിടിച്ചുലച്ച ഏതാനും സംഭവങ്ങൾ എടുത്തുപറഞ്ഞു എന്നേയുള്ളൂ. പത്രങ്ങളുടെ പ്രാദേശിക പേജുകളിൽ മാത്രമായി ഒതുങ്ങുന്ന എണ്ണമില്ലാത്തവ വേറെ.

കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുന്നതിന്റെ കാരണം രാഷ്ട്രീയ ഇടപെടൽ
കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഇൻക്വസ്റ്റ് തയ്യാറാക്കുന്നതുമുതൽ അന്വേഷണ ഉദ്യോഗസ്ഥർ ആരംഭിക്കുന്ന ആസൂത്രിത നിലപാടുകളുടെ ഫലമായിട്ടാണ്. ജിഷയുടെ സംഭവത്തിൽ ഇത് വളരെ വ്യക്തമാണ്. കൊലപാതകവാർത്തയറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസിന് ഛിന്നഭിന്നമാക്കപ്പെട്ടവിധം ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടിട്ട് അതിന്റെ ഗൗരവാവസ്ഥ മനസ്സിലാകാഞ്ഞിട്ടാണോ? പ്രാഥമിക പരിശോധന നടന്നത് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ, ഇൻക്വസ്റ്റ് തയ്യാറാക്കുന്നിടത്ത് ആർഡിഒയുടെ സാന്നിദ്ധ്യമില്ല. വീട് മുദ്രവച്ച് ബന്ദവസ്സാക്കിയില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം തിടുക്കപ്പെട്ട് ദഹിപ്പിച്ചു. പോസ്റ്റ്‌മോർട്ടംതന്നെ നടപടിക്രമങ്ങൾ പാലിച്ചല്ല നടന്നിരിക്കുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നടപടികളുടെ വീഡിയോ ചിത്രീകരണം നടന്നിട്ടില്ല. വാർത്ത അഞ്ചുദിവസം മൂടിവച്ച് പ്രതിക്ക്/പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കി. വാർത്ത മൂടിവയ്ക്കാൻ പോലീസിനെ പ്രേരിപ്പിച്ചത് എന്താണ്? പോലീസിന്റെ തീരുമാനത്തോടൊപ്പം മാദ്ധ്യമങ്ങൾ ഒന്നടങ്കം നിലകൊണ്ടത് എന്തുകൊണ്ട്? ആർക്കുവേണ്ടി, ആരുടെ നിർദ്ദേശപ്രകാരം?

ജിഷ സംഭവം നടക്കുമ്പോൾ യുഡിഎഫ് ആണ് അധികാരത്തിൽ. പോലീസ് തെളിവു നശിപ്പിച്ചു എന്ന് ഇടതുമുന്നണിക്കും ആക്ഷേപമുണ്ടായിരുന്നു. അനിശ്ചിതകാലസമരപ്രഖ്യാപനവുമുണ്ടായിരുന്നു. ഈ കോലാഹലത്തിനിടയിൽ ഭരണമാറ്റമുണ്ടായിട്ടും കേസിന്റെ കാര്യത്തിൽ വ്യത്യാസം വന്നിട്ടുണ്ടോ? പുനരന്വേഷണം പ്രഖ്യാപിച്ചോ? എന്തിന,് തെളിവു നശിപ്പിച്ചു എന്ന് ഇവർ തന്നെ ആക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വല്ലതും ഉണ്ടായോ? പോലീസിന്റെ ‘കുളിക്കടവ് സ്‌റ്റോറി’ ആരെ രക്ഷിക്കാനുള്ള കഥയാണ്. അമീർ എന്ന പ്രതിക്ക് അപ്പുറത്തേയ്ക്കും ഇപ്പുറത്തേയ്ക്കും അന്വേഷണം പോകില്ല എന്ന് മുന്നണിേഭദമെന്യേ സമവായത്തിലെത്തിയിട്ടുണ്ട് എന്ന് ജനങ്ങൾ സംശയിക്കുന്നതിൽ തെറ്റുപറയുന്നത് എങ്ങനെ?

ഗോവിന്ദച്ചാമി തള്ളിയിട്ടിട്ടാണ് സൗമ്യ ട്രെയിനിൽനിന്ന് താഴെ വീണത് എന്നതിന് തെളിവില്ല എന്ന വളരെ വിചിത്രമായ ന്യായം പറഞ്ഞാണ് സുപ്രീംകോടതി, കേരള ഹൈക്കോടതി പ്രഖ്യാപിച്ച വധശിക്ഷ ജീവപര്യന്തമാക്കിയത്. സൗമ്യയുടെ ശരീരത്തിൽ കണ്ട മുറിവുകൾ തള്ളിയിട്ടാൽ ഉണ്ടാകുന്നതാണ് എന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജന്റെ റിപ്പോർട്ട് അടക്കം കോടതി വേണ്ടും വിധം പരിശോധിച്ചിട്ടില്ല. വേണ്ടത്ര തെളിവുകൾ ഹാജരാക്കി, നടന്ന സംഭവത്തിന്റെ നിഷ്ഠുരതയും പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും കോടതിയെ ബോദ്ധ്യപ്പെടുത്തി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുവാൻ ബാദ്ധ്യതപ്പെട്ടയാളാണ് പ്രോസിക്യൂട്ടർ എന്നിരിക്കെ സുപ്രീംകോടതിയുടെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകാതിരുന്നത് പ്രതിക്ക് അനുകൂലമായ വിധിക്ക് കാരണമായിട്ടുണ്ട്.

നടിയുടെ സംഭവത്തിലും അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽത്തന്നെ ഗൂഢാലോചനയില്ല എന്ന് പോലീസ് മന്ത്രി പ്രഖ്യാപിക്കുന്നത് ആർക്കുള്ള സന്ദേശമാണ്? ജിഷ്ണു പ്രണോയിയുടെ ദാരുണ സംഭവത്തിലും ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തമ്മിൽ വ്യത്യാസമുണ്ട് എന്നത് ചൂണ്ടിക്കാണിക്കപ്പെട്ടിട്ട് മൃതദേഹം പ്രാഥമിക പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്തു നടപടി സ്വീകരിച്ചു? ആത്മഹത്യ പ്രേരണക്കുറ്റംപോലും നിലനിൽക്കാൻ സാധ്യതയില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാ കേസുകളിലും സംഭവിക്കുന്നത് ഇപ്രകാരം തന്നെ.

സൂര്യനെല്ലി കേസിലെ പ്രതികൾ ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കിൽ, രാഷ്ട്രീയ ഇടപെടലുകൾ ഇല്ലായിരുന്നുവെങ്കിൽ തുടർന്നുണ്ടായ സംഭവങ്ങൾ ഒരു പക്ഷേ ഉണ്ടാകുമായിരുന്നില്ല. ഓരോ സംഭവങ്ങളിലെയും രാഷ്ട്രീയ ഇടപെടൽ പരസ്പരമുള്ള വിഴുപ്പലക്കലിലൂടെയാണ് പുറത്തുവരുന്നത്. കിളിരൂർ കേസിലെ വിഐപി സാന്നിദ്ധ്യം വി.എസ്.അച്ചുതാനന്ദൻ പറഞ്ഞാണ് കേരളം അറിഞ്ഞത്. സൂര്യനെല്ലി സംഭവം ഇടതുമുന്നണിയെ സംബന്ധിച്ച് താൽപര്യമുള്ള കേസാണെങ്കിലും കിളിരൂർ അത്ര പഥ്യമല്ല. തിരിച്ചും. പ്രായപൂർത്തിയെത്താത്ത പെൺകുഞ്ഞുങ്ങൾ നരാധമന്മാരുടെ കൈകളാൽ കശക്കിയെറിയപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ആരുടെയും ഉള്ളു പൊള്ളിക്കുന്നില്ല. അധികാരാരോഹണത്തിനുള്ള ഉപാധിയെന്നതിനപ്പുറം ഈ കേസുകൾ മുന്നണികളെയും പാർട്ടികളെയും സംബന്ധിച്ച് അപ്രസക്തമാണ്.

സൂര്യനെല്ലി കേസിൽ ഇരയെ ജീവനോടെ വിട്ടയച്ചതിന്റെ ‘ഭവിഷ്യത്തുകൾ മനസ്സിലാക്കിയ പ്രതികൾ തുടർന്നുണ്ടായ സംഭവങ്ങളിൽ ഇരകളെ കൊന്നുകളയാനും മടിച്ചില്ല. പക്ഷേ ഒരു കേസിലും യഥാർത്ഥ പ്രതികൾ നിയമത്തിന്റെ മുമ്പാകെ എത്തിയില്ല. ഇടനിലക്കാരും വഴിയേ പോയവരുമായി ഏതാനും ആളുകൾ ശിക്ഷിക്കപ്പെടുന്നില്ല എന്നല്ല. അതുകൊണ്ട് കാര്യമെന്ത്? ഈ അവസ്ഥയ്ക്ക് ഭരണാധികാരികളാണ് ഉത്തരവാദികൾ.
സാംസ്‌കാരിക തകർച്ച കുറ്റകൃത്യങ്ങൾ പെരുകുവാൻ കാരണമാകുന്നു
പണവും സ്വാധീനവും നോക്കി കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കുകയും മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വ്യാപനത്തിന് കളമൊരുക്കി കുറ്റവാളികളെ സൃഷ്ടിച്ചുകൂട്ടുകയും ചെയ്യുന്ന സർക്കാരുകളാണ് യഥാർത്ഥ പ്രതികൾ. ആറുപതിറ്റാണ്ട് ജനായത്ത ഭരണം നീണ്ടപ്പോൾ കേരളം കുറ്റവാളികളുടെ സ്വന്തം നാടായി മാറിയിരിക്കുന്നു എന്നതിന്റെയും ക്രഡിറ്റ് ഇക്കാലമത്രയും മാറി മാറി നാടുഭരിച്ച മുന്നണികൾക്കുള്ളതാണ്. മദ്യവും മയക്കുമരുന്നും അശ്ലീലതയും വ്യാപിപ്പിച്ച് ചെറുതലമുറയെപ്പോലും വഴിതെറ്റിക്കുന്ന നയങ്ങളാണ് നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

വൈകൃതങ്ങൾ കുത്തിയൊഴുക്കുകയാണ്. പ്രായഭേദമെന്യേ മസ്തിഷ്‌ക്കങ്ങളെ പേപിടിപ്പിക്കുന്ന ദൃശ്യങ്ങൾ ഇന്റനെറ്റിലും മൊബൈലിലും സുലഭം. ഇത് വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന സൈറ്റുകൾ തന്നെ പതിനായിരക്കണക്കിന്. ഈ സൈറ്റുകൾ നിരോധിച്ചാൽ അത് ജനങ്ങളുടെ അവകാശങ്ങളിൻമേലുള്ള കടന്നുകയറ്റമായിരിക്കും എന്ന് അഭിപ്രായപ്പെടുന്ന കോടതി. ധാർമ്മികമായി ഒരു ജനസമൂഹം തകരാൻ ഇതിനുമപ്പുറം എന്താണ് വേണ്ടത്? കുട്ടികളുടെ പോലും കൈയെത്തുംദൂരത്ത് എല്ലാവിധ അശ്ലീല കാഴ്ചകളും ലഭ്യമാണ്.
ഇത്തരം കാഴ്ചകളിലൂടെ സ്ത്രീകളെക്കുറിച്ച്, സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ച് ഏറ്റവും വികലമായ ധാരണയാണ് സമൂഹത്തിന് ലഭിക്കുന്നത്. ഇതാകട്ടെ ഒരു വ്യാധിപോലെ സമൂഹമനസ്സിനെ കാർന്നു തിന്നുകയാണ്. ആൺകുട്ടികൾക്കും രക്ഷയില്ലാത്ത കാലമായി മാറിയിരിക്കുന്നു. വീടുകൾക്കുള്ളിൽ വൃദ്ധമാതാക്കൾപോലും ഈ അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുംവിധം സാഹചര്യം ഗൗരവമുള്ളതായിരിക്കുന്നു.

ജീവിതത്തെക്കുറിച്ച് സമൂഹം പകർന്നു നൽകുന്ന ഉൾക്കാഴ്ചയിൽ വന്നിരിക്കുന്ന ശോഷണമാണ് ഈ സാമൂഹ്യ തകർച്ചയുടെ മറ്റൊരു കാരണം. എവ്വിധവും പണം സമ്പാദിക്കുക എന്നതാണ് നടപ്പുകാലത്തിന്റെ സന്ദേശം. എവ്വിധവും പണം സ്വരുക്കൂട്ടുന്നവനാണ് ജീവിതവിജയം കൈവരിച്ചിരിക്കുന്ന മാതൃകാ വ്യക്തി. അതിന് എന്ത് അവിഹിത വഴിയും സ്വീകരിക്കാം.
വിദ്യാഭ്യാസരംഗം നേരിടുന്ന തകർച്ചയും സാസ്‌കാരിക രംഗത്ത് പ്രതിഫലിക്കുന്നു. ഉത്തമ മനുഷ്യനെ വാർത്തെടുക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമല്ലാതായി മാറി. വിദ്യാഭ്യാസം കച്ചവടമായപ്പോൾ, നിയമങ്ങൾ വിപണിയുടേതായി. ഉള്ളടക്കം അതിനനുസരിച്ച് പുനഃക്രമീകരിക്കപ്പെട്ടു. കുഞ്ഞുങ്ങൾ മനുഷ്യൻ എന്ന സത്തയുടെ അർത്ഥം അറിയാത്തവരായി.
ഈ സാഹചര്യത്തിൽ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനും സാംസ്‌കാരിക തകർച്ചയിൽനിന്നും സമൂഹത്തെ രക്ഷിക്കാനും സാമൂഹ്യ ഇടപെടൽ ഉണ്ടായേ മതിയാകൂ. കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുക, ഗുണ്ടാ മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുക, കുറ്റകൃത്യങ്ങളിലെ ‘ഭരണ രാഷ്ട്രീയ അവിഹിത ഇടപെടലുകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിക്കൊണ്ട് ജനങ്ങൾ പ്രക്ഷോഭ’രംഗത്ത് അണിനിരക്കണം. തീർച്ചയായും ആദിശയിൽ ഇന്ന് നടക്കുന്ന നീക്കങ്ങൾ ശുഭോദർക്കമാണ്. ഞാൻ എന്തിന് തലകുനിക്കണം എന്ന് ചോദിച്ചുകൊണ്ട് വളരെപ്പെട്ടെന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന സിനിമ നടിയെയും സ്വന്തം മകന്റെ ഘാതകരെ അറസ്റ്റുചെയ്യുന്നതുവരെ സമരം പ്രഖ്യാപിച്ചിരിക്കുന്ന ജിഷ്ണുവിന്റെ അമ്മയും സദാചാരഗുണ്ടകളുടെ ആക്രമണത്തിനെതിരെ രംഗത്തുവന്ന മാധ്യമ പ്രവർത്തകയുമൊക്കെ പൊതു സമൂഹത്തിന്റെ പിന്തുണ അർഹിക്കുന്നു. ഈ പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളും പരസ്പരം കണ്ണിചേർക്കപ്പെടണം. എല്ലാത്തരം ജീർണ്ണതകളുടെയും വിളനിലമായ നിലനിൽക്കുന്ന മുതലാളിത്ത സമ്പദ്ക്രമത്തിനെതിരായ ഒരു പോരാട്ടമായി അത് വളർന്നുവരണം. എങ്കിൽമാത്രമേ സ്ത്രീകളുടെ സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കാനാകൂ. അന്തസ്സോടെയുള്ള ഒരു ജീവിതം ഏതൊരാൾക്കും സാധ്യമാകൂ.

Share this post

scroll to top