സൗമ്യവധം: സുപ്രീംകോടതി വിധി പുനഃപരിശോധിക്കുക. കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുക

sss-tvm-soumya.jpg

സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീസുരക്ഷാ സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

Share

സൗമ്യ വധത്തിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണ് എന്നത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നതാണ് കോടതിയുടെ കണ്ടെത്തൽ. മരണകാരണമായി ചൂണ്ടിക്കാണിക്കുന്ന തലയിലെ മുറിവ് സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽനിന്ന് തള്ളിയിട്ടപ്പോൾ ഉണ്ടായതാണ് എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഗോവിന്ദച്ചാമി തള്ളിയിട്ടു എന്നതിന് തെളിവ് എവിടെ എന്നാണ് കോടതി ചോദിക്കുന്നത്. എന്തായാലും~വിചിത്രമായ ഈ വാദഗതിയുടെ മറവിൽ ഐപിസി 302-ാം വകുപ്പ് പ്രകാരമുള്ള വധശിക്ഷയിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടുത്തപ്പെട്ടു. കൊല്ലാൻ ഉദ്ദേശമില്ലെങ്കിലും മരണകാരണമാകാവുന്ന മുറിവേൽപ്പിക്കുന്നതിനെ കൊലപാതകമായി കണക്കാക്കാമെന്ന് 300-ാം വകുപ്പ് പറയുന്നുണ്ട്. കൊലപാതകത്തിന് 302-ാം വകുപ്പ് അനുസരിച്ച് വധശിക്ഷ നൽകാം.
വധശിക്ഷ വേണോ വേണ്ടേ എന്നതല്ല പ്രസക്തമായ വിഷയം. പൈശാചികമായ നിലയിൽ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ലഭിക്കേണ്ട പരമാവധി ശിക്ഷ ഉറപ്പാക്കപ്പെട്ടോ, കുറ്റവാളികൾക്ക് സുപ്രീംകോടതിയുടെ വിധി താക്കീതായോ എന്നതാണ് പ്രസക്തമായ വിഷയം. അത്തരം ഒരു നീതിബോധം ഉണ്ടായില്ല എന്നിടത്താണ് സുപ്രീംകോടതി വിധി അപലപിക്കപ്പെടുന്നത്. ട്രെയിനിനുള്ളിൽവച്ചുതന്നെ മാരകമായ നിലയിൽ മുറിവേൽപ്പിക്കപ്പെട്ട് അബോധാവസ്ഥയിലായ സൗമ്യ ട്രെയിനിൽനിന്ന് ചാടിയേക്കാം എന്ന് കോടതി കരുതുന്നത് എന്തടിസ്ഥാനത്തിലാണ്? സ്വയ രക്ഷാർത്ഥം ചാടിയതെങ്കിൽ അതെങ്ങനെയാണ് അപലപനീയമാകുന്നത്? സൗമ്യയുടെ ശരീരത്തിൽ കാണപ്പെട്ട മുറിവുകൾ സ്വയം ചാടുമ്പോഴുണ്ടാകുന്നതല്ല, മറിച്ച് തള്ളിയിടുമ്പോഴുണ്ടാകുന്നതാണ് എന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ ശരിവയ്ക്കുന്നു എന്ന അഭിപ്രായം കോടതി പരിഗണിക്കാത്തത് എന്തുകൊണ്ട്?
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിസ്സഹായയായ ഒരു പെൺകുട്ടിയെ മൃഗീയമായി ആക്രമിക്കുകയും ട്രാക്കിലേയ്ക്ക് വലിച്ചെറിഞ്ഞ് ക്രൂരമായി ബലാത്ക്കാരം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്ത പ്രതിക്ക് നിയമത്തിന്റെ രക്ഷാകവചം ഉറപ്പാക്കുന്നതിലൂടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമൂഹ്യമായ അരക്ഷിതാവസ്ഥ അധികാരകേന്ദ്രങ്ങളെ അശേഷം അലോസരപ്പെടുത്തുന്നില്ല എന്നത് വീണ്ടും തെളിയിക്കപ്പെടുകയാണ്. സുപ്രീംകോടതിവിധി സ്ത്രീകൾക്കുനേരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെയുള്ള കർശന താക്കീതല്ല, മറിച്ച് കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശമാണ് അത് നൽകുന്നത്. ശിക്ഷിക്കപ്പെടില്ല എന്ന് ഉറപ്പുണ്ടായിരുന്നു എന്നാണ് ഗോവിന്ദച്ചാമി വിധിയോട് പ്രതികരിച്ചത്. നിയമപരമായി പ്രതിക്ക് നൽകേണ്ടിയിരുന്ന പരമാവധി ശിക്ഷ സുപ്രീംകോടതി വിധിച്ചിട്ടില്ല.തെളിയിക്കപ്പെട്ടുവെന്ന് കോടതി തന്നെ അംഗീകരിച്ച ബലാത്സംഗക്കുറ്റത്തെ കുറച്ചൂകൂടി ഗൗരവത്തോടെ കാണേണ്ടിയിരുന്നു. ബലാത്സംഗക്കുറ്റത്തിന് വിധിക്കപ്പെട്ട ജീവപര്യന്തം തടവ് ജീവിതാവസാനംവരെ എന്ന് കോടതി വ്യക്തമായി നിർവ്വചിച്ചില്ല. പത്തോ പന്ത്രണ്ട്രോ വർഷങ്ങൾക്കു ശേഷം പ്രതി ജയിലിൽനിന്ന് പുറത്തുവരുന്ന സാഹചര്യം തന്മൂലം ഒഴിവാക്കാമായിരുന്നു. കൊലക്കുറ്റത്തിനും ബലാത്സംഗത്തിനുംപുറമേ തെളിയിക്കപ്പെട്ട മറ്റെല്ലാ കുറ്റകൃത്യങ്ങൾക്കും വെവ്വേറെ ശിക്ഷ നൽകാൻ കഴിയുമായിരുന്നു. എന്നാൽ അവയ്ക്കുള്ള ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് സുപ്രീംകോടതി വിധിച്ചത് നിർഭാഗ്യകരമാണ്. കേട്ടുകേൾവി കോടതിയിൽ പറയരുത് എന്ന് പ്രോസിക്യൂഷനെ ശാസിക്കുന്ന കോടതി കേട്ടുകേൾവിയെമാത്രം ആശ്രയിച്ചാണ് 302 -ാം വകുപ്പ് നിലനിൽക്കുന്നില്ല €€എന്ന വിധി പ്രസ്താവിച്ചിരിക്കുന്നത് എന്നതും വിരോധാഭാസമായിരിക്കുന്നു. പെൺകുട്ടി ട്രെയിനിൽനിന്ന് ചാടുന്നതുകണ്ടതായി ഒരു മധ്യവയസ്‌കൻ പറഞ്ഞു എന്ന് നാലാം സാക്ഷിയും നാൽപ്പതാം സാക്ഷിയും കോടതിയിൽ മൊഴിനൽകി. എന്നാൽ അങ്ങനെയൊരു മധ്യവയസ്‌കൻ കോടതിക്ക് മുന്നിൽ വന്നിട്ടില്ല താനും. ഈ മൊഴിയാണ് സൗമ്യ സ്വയം ചാടി എന്ന നിഗമനത്തിൽ എത്തിച്ചേരാൻ കോടതി അവലംബമാക്കിയിരിക്കുന്നത് എന്നത് വിചിത്രമാണ്.
2011 ഫെബ്രുവരി 1 ന് എറണാകുളം-ഷൊർണ്ണൂർ പാസഞ്ചറിൽ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെടുന്നത്. സൗമ്യയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് ഗോവിന്ദച്ചാമി അറസ്റ്റ് ചെയ്യപ്പെട്ടത്. പോലീസ് സമർപ്പിച്ച ആയിരം പേജുള്ള കുറ്റപത്രത്തിന്റെയും 82 സാക്ഷി മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തൃശൂർ അതിവേഗക്കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചാകട്ടെ സമാനതകളില്ലാത്ത ക്രൂരത എന്ന് സംഭവത്തെ വിശേഷിപ്പിച്ച് അതിവേഗക്കോടതിയുടെ ശിക്ഷ ശരിവയ്ക്കുകയാണുണ്ടായത്. ഗോവിന്ദച്ചാമി രക്തദാഹിയായ കൊലപാതകിയാണ് എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ലേഡീസ് കമ്പാർട്ട്‌മെന്റ് ട്രെയിനിന്റെ മദ്ധ്യഭാഗത്തേയ്ക്ക് മാറ്റണമെന്നും സുരക്ഷാ ചുമതല സായുധ ഭടൻമാരെ ഏൽപ്പിക്കണം എന്നും വിധി പ്രസ്താവിക്കവേ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. അതേ കേസിലാണ് ഇപ്പോൾ സുപ്രീംകോടതി തെളിവ് ചോദിച്ചിരിക്കുന്നത്.
വേണ്ടത്ര തെളിവുകൾ ഹാജരാക്കി, നടന്ന സംഭവത്തിന്റെ നിഷ്ഠുരതയും പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും കോടതിയെ ബോദ്ധ്യപ്പെടുത്തി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുവാനുള്ള ബാദ്ധ്യത പ്രോസിക്യൂഷനുണ്ട് എന്നിരിക്കെ സുപ്രീംകോടതിയുടെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ സർക്കാർ അഭിഭാഷകർക്ക് സാധിച്ചിട്ടില്ല എന്നതിൽ ദുരൂഹതയുണ്ട്. സർക്കാർ അഭിഭാഷകർ കേസ് പഠിക്കാതെയും വേണ്ടത്ര തയ്യാറെടുപ്പില്ലാതെയുമാണ് സുപ്രീം കോടതിയിൽ ഹാജരായിരിക്കുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതിവേഗക്കോടതിക്കും ഹൈക്കോടതിക്കും ബോദ്ധ്യപ്പെട്ട കാര്യങ്ങൾ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്തുക മാത്രമാണ് പ്രോസിക്യൂഷൻ ചെയ്യേണ്ടിയിരുന്നത്. അവർ ചെയ്യാതിരുന്നതും അതു തന്നെ. ആർക്കുവേണ്ടി? ആരെ സഹായിക്കാൻ? ആരാണ് ഗോവിന്ദച്ചാമിക്കുവേണ്ടി യഥാർത്ഥത്തിൽ വാദിക്കുന്നത്? ഗോവിന്ദച്ചാമി ആരാണ്? ഇവയും ഉത്തരങ്ങൾ ലഭിക്കേണ്ട ചോദ്യങ്ങൾ തന്നെ.
സമൂഹ മനഃസാക്ഷിക്കുമേൽ തീ കോരിയിടുന്ന ഒരു വിധിയാണ് സുപ്രീംകോടതിയുടേത്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും കുറ്റവാളികൾക്ക് കർശനമായ ശിക്ഷ ഉറപ്പുവരുത്തുന്നതിലും നമ്മുടെ നിയമ സംവിധാനങ്ങൾ സ്ഥിരമായി പരാജയപ്പെടുന്നത് എന്തുകൊണ്ട്? കുറ്റം എത്ര വലുതായാലും ഒരു പ്രതിപോലും നമ്മുടെ നാട്ടിൽ ശിക്ഷിക്കപ്പെടില്ലേ? മനുഷ്യ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന സംഭവങ്ങളിൽപ്പോലും കേസിന്റെ പ്രാധാന്യം നിയമപോരാട്ടത്തിൽ പ്രതിഫലിക്കാതെ പോകുന്നത് എന്തുകൊണ്ട്? നിയമത്തിന്റെ പരിരക്ഷ ആർക്ക്? സൗമ്യവധക്കേസിലെ സുപ്രീംകോടതിയുടെ വിധിയോടുകൂടി ഈ ചോദ്യങ്ങൾ ഒരിക്കൽക്കൂടി ഉയർത്തപ്പെടുകയാണ്. കേരളം ഇളകിമറിഞ്ഞ സംഭവമായിരുന്നു സൗമ്യയുടെ വധം. ഒരു സമൂഹത്തെ എത്രമേൽ വൈകാരികമായി സ്പർശിക്കുന്ന സംഭവമായാലും ശാസ്ത്രീയമായി തെളിവുകൾ സമാഹരിക്കുകയും തെളിവുകളെ ഏകോപിപ്പിക്കുകയും ചെയ്യുന്നില്ലെങ്കിൽ നിയമത്തിന്റെ പഴുതുകളും നൂലാമാലകളും പ്രതികൾക്ക് അനുകൂലമാകും. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നില്ല എന്നത് സ്ത്രീസമൂഹത്തോടും പൊതുസമൂഹത്തോടും നീതിന്യായ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്.

Share this post

scroll to top