മഹാനായ അയ്യങ്കാളി നയിച്ച കേരളത്തിലെ ആദ്യകാര്‍ഷിക പണിമുടക്കിന്റെ നൂറാം വാര്‍ഷികമാചരിച്ചു.

23.09.2013, എഴുപുന്ന

മഹാനായ അയ്യങ്കാളി നയിച്ച കേരളത്തിലെ ആദ്യകാര്‍ഷിക പണിമുടക്കിന്റെ 100-ാം വാര്‍ഷികം പൊക്കാളി സംരക്ഷണ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.

എഴുപുന്ന പേനാടിമുട്ടിനു സമീപം നടന്ന സമ്മേളനത്തില്‍, സംസ്ഥാന ആചരണസമിതി കണ്‍വീനര്‍ ജി.എസ്.പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.എന്‍.എ.കരീം അദ്ധ്യക്ഷനായിട്ടുള്ള സമിതിയാണ് സംസ്ഥാനതല ആചാരണ സമിതി. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന സാംസ്‌ക്കാരിക തകര്‍ച്ചയില്‍ നിന്ന് കരകയറ്റുവാന്‍ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ ജീവിതസമരം ഇന്നത്തെ തലമുറയുടെ ഇടയില്‍ ആഴത്തില്‍ പ്രചരിപ്പിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ‘ഒരു നെല്ലും ഒരു മീനും’ സമ്പ്രദായം തിരികെ കൊണ്ടുവരുവാനും, കര്‍ഷക തൊഴിലാളികളുടേയും മത്സ്യ തൊഴിലാളികളുടേയും തൊഴില്‍ സംരക്ഷിക്കുവാനും പൊക്കാളി സംരക്ഷണ സമര സമിതി വിവിധ ജനവിഭാഗങ്ങളെ സങ്കുചിത കക്ഷി രാഷ്ട്രീയത്തിനും ജാതിമതത്തിനും അതീതമായി അണിനിരത്തിയതിനു പിന്നിലുള്ള പ്രചോദനം അയ്യങ്കാളിയുടെ ധീരമായ സമര ചരിത്രമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നിരന്തരമായ ചെമ്മീന്‍ വാറ്റിലൂടെ തകര്‍ക്കപ്പെടുമായിരുന്ന പൊക്കാളി പാടങ്ങളെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് മഹാനായ അയ്യങ്കാളി കേരളത്തില്‍ തുടക്കം കുറിച്ച ജനകീയ സമരത്തിന്റെ പാത പിന്‍തുടര്‍ന്നതുകൊണ്ടാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പൊക്കാളി സംരക്ഷണ സമരസമിതി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ പറഞ്ഞു.

എം.ജി.ശ്രീകുമാര്‍ കമ്മത്ത്, കെ.എല്‍.ബെന്നി, പി.എസ്.മൈക്കിള്‍, എന്‍.കെ ശശികുമാര്‍, എം.കെ.വിജയന്‍, കെ.കെ.വിക്രമന്‍, കെ.ആര്‍.തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Share this