‘പാവങ്ങളുടെ’ 150-ാം വാര്‍ഷികം ആചരിച്ചു.

വിശ്വസാഹിത്യകാരന്‍ വിക്ടര്‍യ്യൂഗോവിന്റെ ‘പാവങ്ങള്‍’ എന്ന വ്യഖ്യാത കൃതിയുടെ നൂറ്റമ്പതാം വാര്‍ഷികം ആചരിച്ചുകൊണ്ട് ആചരണകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ബോസ്‌കോ കോളേജില്‍ സമ്മേളനം നടന്നു. ആചരണ സമ്മേളനം എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ ഒ.കെ. ജോണി ഉദ്ഘാടനം ചെയ്തു. ആചരണ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോ കോക്കണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി ജയ്‌സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

ലോകത്തെ ആകമാനം സംബന്ധിച്ച കാര്യങ്ങളും വലിയ ആശയങ്ങളും പ്രതിപാദിക്കത്തക്കവിധം മലയാള ഭാഷക്ക് കരുത്തുണ്ടായത് നാലപ്പാട്ട് നാരായണ മേനോന്‍ നിര്‍വ്വഹിച്ച ‘പാവങ്ങളുടെ’ പരിഭാഷയിലൂടെയാണെന്ന് ഒ.കെ. ജോണി പറഞ്ഞു. അജ്ഞാതരായ സാധാരണ മനുഷ്യര്‍ക്കും സാഹിത്യത്തില്‍ ഇടമുണ്ടെന്ന് ആദ്യമായി മലയാളത്തിന് മനസ്സിലാക്കികൊടുത്തതും ‘പാവങ്ങളുടെ’ പരിഭാഷയിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹ്യ ബന്ധങ്ങളും മാനുഷിക മൂല്യങ്ങളുമൊക്കെത്തന്നെ ശാശ്വതമായി നിലനില്‍ക്കുന്നതല്ലെന്നും എല്ലാം പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നുവെന്നും ഹൃദയാവര്‍ജ്ജകമായി കലാവിഷ്‌ക്കാരം ചെയ്ത മനോഹരമായ കൃതിയാണ് ‘പാവങ്ങളെ’ന്ന് മുഖ്യപ്രഭാഷണം നടത്തിയ ജയ്‌സണ്‍ ജോസഫ് പറഞ്ഞു. ഫ്രഞ്ച് വിപ്ലവത്തിലൂടെ ഉദയം ചെയ്ത ജനാധിപത്യ ദര്‍ശനങ്ങളുടെ പ്രകമ്പനം സമൂഹത്തിന്റെ വിവിധ തലങ്ങളിലെ മനുഷ്യരില്‍ സൃഷ്ടിച്ച പരിവര്‍ത്തനത്തിന്റെ കഥ, ഇന്നും ലോകമെങ്ങുമുള്ള പാവങ്ങളുടെ കഥയായി നിലകൊള്ളുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫാ. ജോയി ഉള്ളാട്ടില്‍, സാദിര്‍ തലപ്പുഴ, വിനയകുമാര്‍ അഴീപ്പുറത്ത്, ഡോ. പി.എ. മത്തായി, അഡ്വ.കെ. അബ്ദുറഹ്മാന്‍, പ്രൊഫ. ബാലഗോപാല്‍, ആലീസ് ട്രീസ, കസ്തൂരിബായി, ബിജു തോമസ്, സ്റ്റെഫി സ്റ്റീഫന്‍, അനുശ്രീ, എം.എം. ജോസഫ്, വി.കെ. സദാനന്ദന്‍ തുടങ്ങിയവര്‍ ‘പാവങ്ങളെ’ അധികരിച്ചുകൊണ്ട് സംസാരിച്ചു.

ആചരണ കമ്മിറ്റി കണ്‍വീനര്‍ എം.എ. പുഷ്പ സ്വാഗതം പറഞ്ഞു. മുഹമ്മദ് അബ്ദുറഹ്മാന്‍ നന്ദി രേഖപ്പെടുത്തി.

ജില്ലകളുടെ വിവിധ ഭാഗങ്ങില്‍ നിന്നെത്തിയ സാംസ്‌ക്കാരിക പ്രവര്‍ത്തകരും, കര്‍ഷകരും, തൊഴിലാളികളും വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പരിപാടിയില്‍ സംബന്ധിച്ചു.

 

Share this