45 മീറ്റർ ടോൾ പാതയ്‌ക്കെതിരെ പ്രതിഷേധം അലയടിച്ച സമരസംഗമം

NH-Sec-Dharna-2.jpg
Share

ദേശീയപാത 66 വികസനത്തിന്റെ മറയിൽ ബിഒടി അടിസ്ഥാനത്തിൽ ടോൾപാതയാക്കി മാറ്റുന്നതിനു വേണ്ടി 45 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പോലീസിനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. അതിനെതിരായി ഇരകളുടെ പ്രതിഷേധ സമരങ്ങൾ അതിശക്തമായ വിധത്തിൽ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നു. എറണാകുളത്ത് മൂത്തകുന്നത്തുനിന്ന് ആരംഭിച്ച സർവ്വേ നടപടികൾ തടയാൻ നൂറ് കണക്കിനാളുകളാണ് ഡിസംബർ 31-ാം തീയതി ഒത്തുകൂടിയത്. ആ സമരത്തിന് നേതൃത്വം നൽകിയ ആക്ഷൻ കൗൺസിൽ നേതാക്കളായ ഹാഷിം ചേന്ദാമ്പിള്ളി, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാകമ്മിറ്റിയംഗം സി.കെ.ശിവദാസൻ, കെ.വി.സത്യൻമാഷ് എന്നിവരുൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ്‌ചെയ്ത് കസ്റ്റഡിയിലാക്കി.
അതിനു തൊട്ടുമുമ്പ്, ഡിസംബർ 20ന് കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുളള ദേശീയപാത ഓരങ്ങളിലെ ഇരകൾ ആയിരക്കണക്കായി സംഘടിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിൽ വലിയ സമരസംഗമം സംഘടിപ്പിക്കുകയുണ്ടായി. ബിഒടി ചുങ്കപ്പാതയ്‌ക്കെതിരായ രണ്ടാമത്തെ സംസ്ഥാനതല സെക്രട്ടേറിയറ്റ് മാർച്ചായിരുന്നു അത്. ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധാപട്കറാണ് സമരസംഗമം ഉദ്ഘാടനം ചെയ്തത്. കേരളത്തിൽ നരേന്ദ്രമോദിയുടെ വികസന നയങ്ങളാണ് പിണറായി സർക്കാർ പിന്തുടരുന്നതെന്നും അത് അവസാനിപ്പിച്ച് ഇടതുപക്ഷ സമീപനത്തോടെയുള്ള ജനപക്ഷ വികസനം നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 2013-ലെ കേന്ദ്ര നിയമത്തിലെ ഇരകൾക്കനുകൂലമായ വ്യവസ്ഥകൾ തമസ്‌ക്കരിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ 1956-ലെ നിയമമനുസരിച്ച് ഭൂമി ഏറ്റെടുത്ത് റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് കൈമാറാൻ ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു.
മുഖ്യമന്ത്രിയെ കാണാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് ഒന്നരമണിക്കൂർ നേരം മേധാപട്ക്കറും സമരക്കാരും റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഒടുവിൽ അന്ന് വൈകുന്നേരം 4.45ന് തന്നെ കാണാമെന്ന് മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. കേരളത്തിലെ ദേശീയപാതാ വികസനം 30 മീറ്ററിൽ പൂർത്തിയാക്കുക, ബിഒടി പദ്ധതി ഒഴിവാക്കുക, കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, പരിസ്ഥിതി ആഘാത പഠനം മുൻകൂറായി നടത്തുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം പത്തംഗസംഘം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ഷൈല കെ.ജോണും മേധാപട്ക്കറോടൊപ്പമുള്ള നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റ് മാർച്ചിനും സമരസംഗമത്തിനും എസ്.പി.ഉദയകുമാർ, ഹാഷിം ചേന്ദാമ്പിള്ളി, ഇ.വി.മുഹമ്മദലി, കെ.സി.ചന്ദ്രമോഹൻ എന്നിവരും സഖാക്കൾ റ്റി.കെ.സുധീർകുമാർ, ഷൈല.കെ.ജോൺ, ഡോ.ഡി.സുരേന്ദ്രനാഥ്, എം.ഷാജർഖാൻ, സി.കെ.ശിവദാസൻ, കെ.കെ.സുരേന്ദ്രൻ, അനൂപ് ജോൺ, കെ.ജെ.ഷീല, വർഗ്ഗീസ് ജേക്കബ് എന്നിവരും അബുലൈസ്, എം.കെ.യൂസഫ്, രാജൻ ആന്റണി, എ.റ്റി.മഹേഷ്, ഉമയനല്ലൂർ അബ്ദുൾ അസീസ്, മുകുന്ദരാജ്, മുബാറക്, അപ്പുക്കുട്ടൻ, ബാലഗോപാൽ, ഉസ്മാൻ ഹാജി, ഷൗക്കത്ത് രണ്ടത്താണി, ജസ്റ്റിൻ ഇലഞ്ഞിക്കൽ എന്നിവരും നേതൃത്വം നൽകി.

Share this post

scroll to top