ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക

Share

മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകരുടെ താല്‍പ്പര്യങ്ങളെ ആകെ ഹനിക്കുന്നതാണെന്ന പ്രചാരണം ശക്തമായിരിക്കുന്നു. സാധാരണക്കാരായ കര്‍ഷകര്‍, തങ്ങളുടെ സ്വാഭാവികമായ ഉപജീവന സമ്പ്രദായങ്ങള്‍ തകിടംമറിക്കപ്പെടുമെന്നും തങ്ങള്‍ക്ക് നിയമപരമായി അര്‍ഹതപ്പെട്ട പട്ടയം പോലും നിഷേധിക്കപ്പെടുമെന്നും എന്തിന് തങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നു പോലും ഭയപ്പെടുന്നു. ഈ ഭയമാണ് ഹൈറേഞ്ച് മേഖലയില്‍ ഉണ്ടായിവന്നിട്ടുള്ള പ്രതിഷേധത്തിന്റെ അടിസ്ഥാനം. വന്‍കിടമുതലാളിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി നടപ്പാക്കപ്പെട്ട നയങ്ങള്‍ക്കിരയായി ജീവിതമാകെ തകര്‍ന്നവരാണ് കര്‍ഷകര്‍. ജീവിതത്തിന്റെ ഒരേയൊരു പിടിവള്ളിയായ മണ്ണും കൃഷിയും ഇല്ലാതാക്കപ്പെടുമെന്ന് ഒരു പ്രചാരണം ഉണ്ടായാല്‍ അത് കര്‍ഷകരെ ഉലയ്ക്കും. അതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഖനിമുതലാളിമാരും കരിങ്കല്‍ ക്വാറി ഉടമകളും വന്‍കിട ഭൂമികയ്യേറ്റക്കാരും ഹോട്ടല്‍ -റിസോര്‍ട്ട് ഗ്രൂപ്പുകളും വനംകൊള്ളക്കാരും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ രൂപംകൊണ്ടിട്ടുള്ള പ്രതിഷേധത്തില്‍ ആനന്ദിക്കുന്നു. പാവപ്പെട്ട കര്‍ഷകരെ കരുവാക്കി മുകളില്‍ സൂചിപ്പിച്ച മൂലധനശക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ആശങ്കയുടെയും ഭീതിയുടെയും ഈ സാഹചര്യം ആസൂത്രിതമായി അവര്‍തന്നെ സൃഷ്ടിച്ചതല്ലേ എന്ന് സന്ദേഹിക്കാന്‍ ന്യായമുണ്ട്.

പശ്ചിമഘട്ട ആവാസവ്യവസ്ഥയ്ക്ക് കീഴില്‍ പശ്ചിമഘട്ട മലനിരകളിലും താഴ്‌വാരങ്ങളിലും അധിവസിക്കുന്ന ജനങ്ങള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. വാസ്തവത്തില്‍ കേരളം ഉള്‍പ്പെടെയുള്ള 6 സംസ്ഥാനങ്ങളിലെ 25 കോടി ജനങ്ങളുടെ പാരിസ്ഥിതിക-ആവാസവ്യവസ്ഥയെ നിര്‍ണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും കന്യാകുമാരി മുതല്‍ ഗുജറാത്ത്‌വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടമാണ്. ഐക്യരാഷ്ട്രസഭതന്നെ അപൂര്‍വ്വ ജൈവവൈവിധ്യംകൊണ്ടും പ്രകൃതി സവിശേഷതകള്‍കൊണ്ടും ലോകത്തെ എട്ട് സുപ്രധാന മേഖലകളിലൊന്നായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ പ്രദേശം. ജീവന്റെ നിലനില്‍പ്പിനായി ഇന്നെന്നപോലെ നാളേക്കുംവേണ്ടി ശ്രദ്ധാപൂര്‍വ്വം സംരക്ഷിക്കപ്പെടേണ്ടതാണ് പശ്ചിമഘട്ട പ്രദേശമാകെ എന്നുചുരുക്കം. എന്നാല്‍ ദുരമൂത്ത, ലക്കും ലഗാനുംകെട്ട പ്രവര്‍ത്തനങ്ങള്‍ ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുകയാണെന്നുള്ളത് പകല്‍വെളിച്ചംപോലെ വ്യക്തമാണ്. ജലസ്രോതസ്സുകളുടെയും ജൈവ വൈവിധ്യത്തിന്റെയും ജീവന്റെതന്നെയും നിലനില്‍പ്പിന് ഹാനികരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്തുവിലകൊടുത്തും തടയപ്പെടേണ്ടതുതന്നെയല്ലേ? അതിനുവേണ്ടിയുള്ള വിവേകപൂര്‍വ്വവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നവരെ ശത്രുക്കളായി ചിത്രീകരിക്കുന്നവര്‍ ആരുടെ പക്ഷത്താണ്?

പശ്ചിമ ഘട്ടമേഖലയുടെ വര്‍ത്തമാനസ്ഥിതി വിലയിരുത്താനും 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ മേഖലയിലെ പാരിസ്ഥിതിക ലോല പ്രദേശങ്ങള്‍ വേര്‍തിരിക്കാനും ചുമതലപ്പെട്ട മാധവ് ഗാഡ്ഗില്‍ കമ്മിറ്റിക്ക് കേന്ദ്ര സര്‍ക്കാര്‍ 2010 മാര്‍ച്ച് 4 ന് രൂപം നല്‍കി. തുടര്‍ന്ന് 18 മാസത്തെ പ്രവര്‍ത്തനത്തിലൂടെ ഈ 14 അംഗ കമ്മിറ്റി സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് 9 മാസക്കാലത്തോളം രഹസ്യമാക്കിവച്ചു. ഒടുവില്‍ കോടതി ഇടപെടല്‍ ഉണ്ടായപ്പോള്‍ മാത്രമാണ് റിപ്പോര്‍ട്ട് വെളിച്ചം കണ്ടത്. എങ്കിലും റിപ്പോര്‍ട്ട് പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തണമെന്ന കോടതി നിര്‍ദ്ദേശം മഹാരാഷ്ട്ര സര്‍ക്കാര്‍ മാത്രമേ ഇതുവരെയും നടപ്പാക്കിയിട്ടുള്ളൂ.
ഈ റിപ്പോര്‍ട്ടിനെതിരെ സാമൂഹ്യ-സാമുദായിക-മതനേതൃത്വങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള ഹൈറേഞ്ച്് സംരക്ഷണ സമിതിയും കോണ്‍ഗ്രസ്സ്, സിപിഐ(എം) ഉള്‍പ്പടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനം, ഇടുക്കി, വയനാട് ജില്ലകളിലെ സാധാരണ കര്‍ഷകരെ റിപ്പോര്‍ട്ടിനെതിരെ അണിനിരത്താന്‍ ഇടയാക്കിയിട്ടുണ്ട്.

മാധവ് ഗഡ്ഗില്‍ കമ്മിറ്റി എന്താണോ റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുള്ളത് അതിന് നേര്‍ വിപരീതമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളവ എന്ന നിലയില്‍ മുകളില്‍ സൂചിപ്പിച്ചിട്ടുള്ള സംഘടനകളും നേതൃത്വങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചില കാര്യങ്ങളില്‍ കല്ലുവച്ച നുണകളാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെന്ന മട്ടില്‍ അവതരിപ്പിക്കുന്നത്. ഒരു റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ വസ്തുനിഷ്ഠമായി അവതരിപ്പിച്ചുകൊണ്ട് അതിന്‍മേല്‍ ആരോഗ്യകരമായ ചര്‍ച്ച സൃഷ്ടിക്കുക എന്ന ജനാധിപത്യമര്യാദ കാട്ടാന്‍ ഇക്കൂട്ടര്‍ ആരുംതന്നെ മുതിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഒരുദാഹരണം നോക്കുക. ഹൈറേഞ്ച് സംരക്ഷണ സമിതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ലഘുലേഖയില്‍ ഒരു കര്‍ഷകന്‍ 3-ല്‍ കൂടുതല്‍ പശുക്കളെ വളര്‍ത്താന്‍ പാടില്ല എന്ന് ഗാഡ്ഗില്‍ ശഠിക്കുന്നതായി പറഞ്ഞിരിക്കുന്നു. കന്നുകാലി പരിപാലനം തന്നെ ഗാഡ്ഗില്‍ നിരോധിക്കുന്നതായാണ് കൊണ്ടുപിടിച്ച പ്രചാരണം. യാഥാര്‍ത്ഥ്യമെന്താണ്? തദ്ദേശീയ ഇനങ്ങളില്‍പ്പെട്ട കന്നുകാലി പരിപാലനത്തിന് സബ്‌സിഡി നല്‍കുക, രണ്ടിലധികം കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്ക് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ ധനസഹായം നല്‍കുക, ഉപയോഗിക്കാതെ കിടക്കുന്ന ഭൂപ്രദേശങ്ങളെ പുല്‍ത്തോട്ടങ്ങളാക്കി മാറ്റി കാലിമേയ്ക്കലിന് സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നിങ്ങനെ കന്നുകാലി പരിപാലനത്തിന് 6 നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന റിപ്പോര്‍ട്ടില്‍ ഒരിടത്തും കന്നുകാലി പരിപാലനത്തിനെതിരായ ഒരു ചെറുപരാമര്‍ശം പോലുമില്ല! എന്നാല്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഗാഡ്ഗില്‍ പശുവളര്‍ത്തലിനെതിരാണ് എന്നാണ്. ഇതേ മട്ടിലാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന അസത്യ പ്രചാരണം മുഴുവന്‍.

ഈ പ്രചാരണരീതിക്ക് വ്യക്തമായും ചില ലക്ഷ്യങ്ങളുണ്ട്. പശ്ചിമഘട്ട മേഖലയപ്പാടെ എത്തിച്ചേര്‍ന്നിട്ടുള്ള വര്‍ത്തമാന സ്ഥിതി മനസ്സിലാക്കിയാല്‍ മാത്രമേ ഈ ലക്ഷ്യങ്ങളെ തിരിച്ചറിയാന്‍ കഴിയൂ. ഒറ്റനോട്ടത്തില്‍ നമ്മള്‍ കാണുന്ന കാഴ്ചയെന്താണ്? പതിനായിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വന്‍കിട സ്വകാര്യവ്യക്തികള്‍ തികച്ചും നിയമവിരുദ്ധമായി കൈയ്യേറിയിരിക്കുന്നു. ആദിവാസികളുടെയും പ്രാദേശിക ജനവിഭാഗങ്ങളുടെയും ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏതൊരു ഭരണസംവിധാനത്തെയും വിലയ്‌ക്കെടുത്തും വെല്ലുവിളിച്ചും ഈ വന്‍കിട ഭൂ മാഫിയ മുന്നേറുകയാണ്. 1976ല്‍ ആവിഷ്‌കരിച്ച ആദിവാസി ഭൂനിയമം പേരിനുപോലും നടപ്പാക്കാന്‍ ഈ മാഫിയയുടെ സ്വാധീനം മൂലം ഈ നിമിഷം വരെയും സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. നിയമവിരുദ്ധമായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതീവദൂര്‍ബലമായ പശ്ചിമ ഘട്ട ആവാസവ്യവസ്ഥയെ ഏതാണ്ട് തകര്‍ത്തുകഴിഞ്ഞു. അനധികൃതമായ നാനാതരം പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ നിര്‍ബാധം നടന്നുവരുന്നു. പാറതുരക്കലും പൊട്ടിക്കലും അനിയന്ത്രിതമായി മുന്നേറുന്നു. ഉടുമ്പഞ്ചോല താലൂക്കില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ 216 ആണ്. പത്തനംതിട്ടയില്‍ ഒരു പഞ്ചായത്തില്‍മാത്രം … പാറമടകളാണുള്ളത്. ഗോവയിലും മഹരാഷ്ട്രയിലും നിയമവിരുദ്ധമായ ഖനനം ആ മേഖലയെ ഏതാണ്ട് അടിമുടി കീഴ്‌മേല്‍മറിച്ച് കഴിഞ്ഞു. കഴിഞ്ഞ ആറ് പതിറ്റാണ്ടായി രാജ്യത്തിന്റെ പൊതുസമ്പത്തായ വനം കൊള്ളയടിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. പശ്ചിമഘട്ടത്തിലെ 26 ശതമാനം വനം അപ്രത്യക്ഷമായതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

അതായത് വനംകൊള്ളക്കാരും ഖനന – ക്വാറി മാഫിയയും വമ്പന്‍ ഭൂമി കൈയ്യേറ്റക്കാരും ടൂറിസത്തിന്റെ മറവില്‍ പ്രര്‍ത്തിക്കുന്ന വന്‍കിട ഹോട്ടല്‍ – റിസോര്‍ട്ട് ഗ്രൂപ്പുകളും ചേര്‍ന്ന് പശ്ചിമഘട്ടമേഖലയെ വീണ്ടെടുക്കാനാവാത്തവിധം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. മൂലധനത്തിന്റെ ഒടുങ്ങാത്ത ലാഭദുര ഉത്തരാഖണ്ഡില്‍ സൃഷ്ടിച്ച അതേ സാഹചര്യമാണ് ഇന്ന് പശ്ചിമഘട്ടമലനിരകളില്‍ നിലനില്‍ക്കുന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലും തമിഴ്‌നാട്ടിലെ ഊട്ടിയിലും കേരളത്തിന്റെ ഇടുക്കിയിലും വിശിഷ്യാ മൂന്നാറിലും സംഭവിക്കുന്നത് പശ്ചിമഘട്ടമാകെ പടര്‍ത്തുകയാണ് ഈ ശക്തികള്‍. സാധാരണ കര്‍ഷകരെയും കുടിയേറ്റകുടുംബങ്ങളെയും തെറ്റദ്ധരിപ്പിച്ച് ഈ റിപ്പോര്‍ട്ടിനതിരെ അണിനിരത്തുന്നത് ഈ മാഫിയാശക്തികളാണ്. സ്വകാര്യമൂലധനശക്തികള്‍ പശ്ചിമഘട്ടമേഖലയില്‍ നടത്തുന്ന അഴിഞ്ഞാട്ടത്തെ പ്രതിരോധിക്കാനുള്ള സമഗ്രപരിഹാരമായി ഗാഡ്ഗില്‍ കമ്മിറ്റിയെ കാണാനാവില്ലെങ്കിലും ഈ പ്രക്രിയയെ തടയുന്ന കൂറെയധികം ജനാനുകൂലമായ നിര്‍ദ്ദേശങ്ങള്‍ നിശ്ചയമായും റിപ്പോര്‍ട്ടില്‍ ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.
പശ്ചിമഘട്ടമേഖലയ്ക്ക് പൊതുവായുള്ള നിര്‍ദ്ദേശങ്ങളും ഈ മേഖലയെ മൂന്നായി വിഭജിച്ചുകൊണ്ട് അവയ്‌ക്കോരോന്നിനും പ്രത്യേകമായിട്ടുള്ള നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും അടങ്ങുന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഈ നിര്‍ദ്ദേശങ്ങളോ ശുപാര്‍ശകളോ ഒന്നും അന്തിമമല്ലെന്നും വിവിധ തലങ്ങളില്‍ നടത്തേണ്ടുന്ന ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും തീര്‍പ്പുണ്ടാക്കേണ്ടവയാണെന്നുമാണ് കമ്മിറ്റിയുടെ അഭിപ്രായം. പ്രത്യേകിച്ചും മൂന്നായി വിഭജിക്കുന്ന മേഖലകളില്‍ ഉള്‍പ്പെടുത്തേണ്ട പ്രദേശങ്ങളും അവയുടെ അതിര്‍ത്തികളും നിര്‍ണ്ണയിക്കുന്ന പ്രക്രിയ ശ്രദ്ധാപൂര്‍വ്വമുള്ള ചര്‍ച്ചകളിലൂടെ വേണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവശ്യം വേണ്ടുന്ന തിരുത്തലുകളും ഭേദഗതികളും വരുത്തുന്നതിനായി സാധ്യതകള്‍ തുറന്നിട്ടിരിക്കുന്ന ഒരു റിപ്പോര്‍ട്ടിനെ അടിച്ചേല്‍പ്പിക്കപ്പെടുന്ന അലംഘനീയമായ തീരുമാനങ്ങള്‍ എന്ന മട്ടില്‍ അവതരിപ്പിക്കുകയാണ്. ജനങ്ങളുടെ മനസ്സില്‍ ആശങ്കകള്‍ കുത്തിനിറയ്ക്കുക, അതിലൂടെ തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഹീനലക്ഷ്യം മാത്രമേ ഈ പ്രചാരണങ്ങള്‍ക്കുള്ളൂ.

ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍

സംരക്ഷണത്തെയും വികസനത്തെയും പരിഗണിച്ച് പശ്ചിമഘട്ടമേഖലയെ മൂന്ന് മേഖലകളാക്കി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിഭജിക്കുന്നു. സോണ്‍.1-അതീവ പരിഗണനീയ പാരിസ്ഥിതിക മേഖല, സോണ്‍.2- മിത പരിഗണനീയ പാരിസ്ഥിതിക മേഖല, സോണ്‍.3 – പരിഗണനീയ പാരിസ്ഥിതിക മേഖല എന്നിവയാണവ. കേരളത്തില്‍ സോണ്‍ ഒന്നില്‍ 15 താലൂക്കുകളെയും സോണ്‍ രണ്ടില്‍ 2 താലൂക്കുകളും സോണ്‍ മൂന്നില്‍ 8 താലൂക്കുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ മൂന്ന് സോണിനും ഒരു പോലെ ബാധകമായ ശുപാര്‍ശകളും വ്യത്യസ്ത സോണുകളിലേക്കുള്ള വ്യത്യസ്ത നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. വനം വകുപ്പിന്റെ നിര്‍വ്വചനപ്രകാരമുള്ള പാരിസ്ഥിതിക ദുര്‍ബ്ബലപ്രദേശങ്ങളില്‍(ഋരീഹീഴശരമഹഹ്യ എൃമഴശഹല ഘമിറ) നിന്നും വിഭിന്നമാണ് ഗാഡ്ഗില്‍ കമ്മിറ്റി വിഭാവനം ചെയ്യുന്ന സോണുകള്‍ വിഭജിക്കല്‍. വനംവകുപ്പിന്റെ ഇ.എഫ്.എല്‍ മേഖലയില്‍ ജനവാസം അനുവദിക്കുന്നില്ല. എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റി വിഭാവനം ചെയ്യുന്ന മൂന്ന് സോണുകളിലും ജനവാസം ഒഴിവാക്കാനുള്ള ഒരു നിര്‍ദ്ദേശവുമില്ല. ജനിതക പരിവര്‍ത്തനം വരുത്തിയ വിത്തുകള്‍ അനുവദിക്കരുത്, പശ്ചിമഘട്ടമേഖലയില്‍ പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കരുത്, ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇല്ലാതാക്കണം, പൊതുഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യ ഭൂമിയാക്കി പരിവര്‍ത്തനപ്പെടുത്തരുത്, പുതിയ ടൂറിസ്റ്റ് ഹില്‍ സ്റ്റേഷനുകള്‍ അനുവദിക്കരുത്, പാരിസ്ഥിതികമായി അതീവപ്രാധാന്യമുള്ള ചില പ്രത്യേക ഇടങ്ങളില്‍ ജനവാസം അനുവദിക്കരുത്, ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുക, 30ശതമാനത്തില്‍ അധികം ചരിവുള്ള സ്ഥലങ്ങളില്‍ വാര്‍ഷിക വിളകള്‍ നിരുല്‍സാഹപ്പെടുത്തുക, അവിടങ്ങളില്‍ ദീര്‍ഘകാല വിളകള്‍ പ്രോല്‍സാഹിപ്പിക്കുക, അനധികൃതമായ ഖനനവും പാറപൊട്ടിക്കലും നിരോധിക്കുക എന്നീ ശുപാര്‍ശകളാണ് പശ്ചിമഘട്ടമേഖലയ്ക്ക് പൊതുവായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. പരിസ്ഥിതിയ്ക്ക അനുകൂലമായ നിര്‍മ്മാണസാമഗ്രികള്‍ കൊണ്ടുള്ള നിര്‍മ്മിതി പ്രോല്‍സാഹിപ്പിക്കുക, സിമന്റും കമ്പിയും ഉപയോഗപ്പെടുത്തിയുള്ള നിര്‍മ്മാണങ്ങള്‍ നിരുല്‍സാഹപ്പെടുത്തുക എന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. ഈ നിര്‍ദ്ദേശങ്ങളില്‍ ഒന്നുംതന്നെ ജനങ്ങള്‍ക്കെതിരായിട്ടുള്ളവയല്ല.

പശ്ചിമഘട്ടമേഖലയിലെ മുഴുവന്‍ ജനങ്ങളെയും ഒറ്റയടിക്ക് കുടിയൊഴിപ്പിക്കാനുള്ള പദ്ധതിയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്നാണ് ഹൈറേഞ്ച് മേഖലയില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പച്ചക്കള്ളം. ഒരൊറ്റ കുടുംബത്തെപോലും കുടിയൊഴിപ്പിക്കാനുള്ള നിര്‍ദ്ദേശം ഈ റിപ്പോര്‍ട്ടിലില്ല. അര്‍ഹതയുള്ള ഒരാള്‍ക്ക് പോലും പട്ടയം നിഷേധിക്കുന്ന നിര്‍ദ്ദേശവും ഈ റിപ്പോര്‍ട്ടിലില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്നതും ഭാവിയിലുണ്ടാകാനിടയുള്ളതുമായ വന്‍കിട വനംകൈയ്യേറ്റങ്ങള്‍ തടയപ്പെടും. സാധാരണക്കാരായ കുടിയേറ്റക്കാരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി തുടര്‍ന്നും വനംകൈയ്യേറ്റവും സര്‍ക്കാര്‍ ഭൂമിയുടെ കൈവശപ്പെടുത്തലും നടത്താന്‍ ലക്ഷ്യമിടുന്നവരാണ് ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്. സാധാരണകര്‍ഷകരുടെ ഭാഗത്തായിരുന്നു ഭരണ-പ്രതിപക്ഷങ്ങളെങ്കില്‍ മൂന്നും നാലും ദശാബ്ദങ്ങളായി ഇവിടെ താമസിക്കുന്നവര്‍ക്ക് എന്തുകൊണ്ട് പട്ടയം നല്‍കിയില്ല? സാധാരണ കുടിയേറ്റക്കാര്‍ക്ക് പട്ടയം കൊടുക്കുന്നു എന്ന പ്രചാരണം നടത്തി വന്‍കിടക്കാരായ കൈയ്യേറ്റക്കാര്‍ക്ക് നിയമവിരുദ്ധമായി പട്ടയം നല്‍കിയതും ഇതേ നേതൃത്വങ്ങളാണ്. പശ്ചിമഘട്ടമേഖലയില്‍ ജനസംഖ്യാധിക്യം മൂലം പ്രദേശനിവാസികള്‍ക്ക് കൂടുതല്‍ താമസസൗകര്യം വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ അതിനായി കൃഷിഭൂമി അനുവദിക്കുന്നതിനുപോലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. സോണ്‍ മൂന്നില്‍ കൃഷിയിടങ്ങളെ കാര്‍ഷികേതര ഇടങ്ങളാക്കി മാറ്റുവാന്‍ ഉപാധികളോടെ റിപ്പോര്‍ട്ട് അനുവദിക്കുന്നു. പാരിസ്ഥിതികമായി അതീവപ്രാധാന്യമുള്ള ചില പ്രത്യേക ഇടങ്ങളില്‍ ജനവാസം അനുവദിക്കരുതെന്ന ശുപാര്‍ശ ഇപ്പോള്‍തന്നെ പശ്ചിമഘട്ടിത്തിന് വെളിയില്‍ പോലും നിലനില്‍ക്കുന്ന ഒന്നാണ്. ഇവയില്‍ ഏതാണ് ജനങ്ങളെ വന്‍തോതില്‍ കുടിയൊഴിപ്പിക്കാനിടവരുത്തുന്ന നിര്‍ദ്ദേശം?

റിപ്പോര്‍ട്ടിലൂടെ പശ്ചിമഘട്ടമേഖലയിലെ കൃഷിയെ നിരോധിക്കാനാണ് ഗാഡ്ഗിലും സംഘവും ശ്രമിക്കുന്നത് എന്നാണ് വ്യാപകമായ പ്രചാരണം. സാധാരണജനങ്ങളെ റിപ്പോര്‍ട്ടിനെതിരെ തെരുവിലിറക്കാനുള്ള കുതന്ത്രമല്ലാതെ മറ്റൊന്നുമല്ല ഇത്. സാമാന്യയുക്തിക്ക് നിരക്കാത്ത ഇപ്രകാരമൊരു ശുപാര്‍ശ റിപ്പോര്‍ട്ടിലുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുപോലൊരു വങ്കത്തരം മറ്റൊന്നുണ്ടോ! പശ്ചിമഘട്ടമേഖലയിലെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതവൃത്തിയെ ഇല്ലാതാക്കുന്ന ഒരു ശുപാര്‍ശ ഗാഡ്ഗിലിനെപ്പോലൊരു സുസമ്മതനായ പ്രതിഭയ്ക്ക് മുന്നോട്ടുവയ്ക്കാനാവുമെന്ന് സങ്കല്‍പ്പിക്കാന്‍പോലും കഴിയുമോ? യഥാര്‍ത്ഥത്തില്‍ കൃഷിയെ സംബന്ധിച്ച് ഒട്ടനവധി ശുപാര്‍ശകളാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. ഏറ്റവും സുപ്രധാനമായ നിര്‍ദ്ദേശം ജനിതകമാറ്റം വരുത്തിയ വിളകള്‍ ഈ മേഖലയില്‍ പാടില്ല എന്നതാണ്. ഇത് ഒരു വിധത്തിലും കര്‍ഷകര്‍ക്ക് ദ്രോഹകരമായ ഒന്നല്ല, മറിച്ച് അങ്ങേയറ്റം സഹായകരമായ നിര്‍ദ്ദേശമാണ്. ജനിതകമാറ്റം വരുത്തിയ വിളകളും അന്തക വിത്തുകളും എവ്വിധവും കര്‍ഷകരുടെ ശിരസ്സില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റ് ശക്തികളും അവരുടെ പിണിയാളുകളുമാണ് യഥാര്‍ത്ഥ കര്‍ഷക ദ്രോഹികള്‍. ജനിതക മാറ്റം വരുത്തിയ പരുത്തി വിത്ത് ഉപയോഗിച്ച് കൃഷിചെയ്ത കര്‍ഷകര്‍ വിദര്‍ഭയില്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ടി വന്നത് നാം കാണാതെ പോകരുത്.
രാസവളത്തെയും കീടനാശിനികളെയും അമിതമായി ആശ്രയിച്ചുകൊണ്ടുള്ള കൃഷിരീതികളെ ക്രമേണ നിരുല്‍സാഹപ്പെടുത്തിക്കൊണ്ട് പകരം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ജൈവകൃഷി നിലവില്‍ വരുത്തണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. ജൈവകൃഷി സ്ഥായിയായ ഒരു വരുമാന ഉറവിടമാകുന്നതുവരെയുള്ള കാലയളവില്‍ കര്‍ഷകര്‍ക്ക് മതിയായ സബ്‌സിഡിയും സാങ്കേതിക സഹായവും നല്‍കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. രാസവളത്തെയും കീടനാശിനിയെയും കളനാശിനിയെയും ഒറ്റയടിക്ക് നിരോധിക്കുന്ന ഒരു നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലില്ല. രാസവളത്തിന്റെ വന്‍തോതിലുള്ള ഉപയോഗം മണ്ണിന്റെ സ്വഭാവികജൈവഗുണങ്ങളെ ഇല്ലാതാക്കുന്നു എന്നതും കീടനാശിനികളുടെ അമിതപ്രയോഗം ഗുരുതരങ്ങളായ ആരോഗ്യപ്രശ്‌നങ്ങള്‍(കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ വ്യാപനം) സൃഷ്ടിക്കുന്നു എന്നതും പരിഗണിച്ച് പശ്ചിമഘട്ടമേഖലയിലെ കര്‍ഷകര്‍ തന്നെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജൈവകൃഷിയിലേക്ക് മാറാനുള്ള പ്രവണത കാട്ടുന്നുണ്ട്. സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ലഭിച്ചാല്‍ ഈ പ്രക്രിയ ശക്തിപ്പെടും. അതിനുള്ള ശക്തമായ ശുപാര്‍ശയാണ് ഗാഡ്ഗില്‍ കമ്മിറ്റി അവതരിപ്പിക്കുന്നത്. ജൈവകൃഷിനയത്തില്‍ ഘട്ടം ഘട്ടമായി ജൈവകൃഷി നിലവില്‍വരുത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ തന്നെ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നതില്‍ നിന്നും അവരെ നയിക്കുന്നത് മറ്റ് ചില ദുഷ്ടതാല്‍പ്പര്യങ്ങളാണെന്ന് വ്യക്തമാക്കുന്നു. 30 ശതമാനത്തിലധികം ചരിവുള്ള ഭൂമിയില്‍ വാര്‍ഷികവിളകള്‍ ഒഴിവാക്കി ദീര്‍ഘകാലവിളകള്‍ ചെയ്യണമെന്ന നിര്‍ദ്ദേശത്തെയും വളച്ചൊടിച്ച് മരച്ചീനിയും പച്ചക്കറിയും മേലില്‍ കൃഷിചെയ്യാന്‍ പാടില്ല എന്ന് റിപ്പോര്‍ട്ട് ശാസിക്കുന്നതായാണ് പ്രചാരണം. 30 ശതമാനത്തിലധികം ചരിവുള്ള ഭൂമിയില്‍ നിലവില്‍ത്തന്നെ കര്‍ഷകര്‍ വാര്‍ഷിക വിളകള്‍ സാധാരണ നിലയില്‍ കൃഷി ചെയ്യാറില്ല. ആരെങ്കിലും അങ്ങിനെ ചെയ്യുന്നുണ്ടെങ്കില്‍ അതൊഴിവാക്കണമെന്നത് എപ്രകാരമാണ് കര്‍ഷകവിരുദ്ധമാകുന്നത്? മറിച്ച് ഉരുള്‍പൊട്ടലിനെയും ജീവഹാനിയെയും വന്‍തോതിലുള്ള മണ്ണൊലിപ്പിനെയും തടയാനുതകുന്നതാണീ നിര്‍ദ്ദേശം എന്നു മനസ്സിലാക്കുമ്പോഴേ ഇതിനെതിരെയുള്ള പ്രചാരണങ്ങളുടെ കര്‍ഷകവിരുദ്ധവും മനുഷ്യത്വരഹിതവുമായ സ്വഭാവം വ്യക്തമാകൂ.

പശ്ചിമഘട്ടമേഖലയില്‍ അനധികൃതമായി നടക്കുന്ന(ലൈസന്‍സ് ഇല്ലാത്ത) എല്ലാത്തരം ഖനനപ്രവര്‍ത്തനങ്ങളും പാറപൊട്ടിക്കലും മലതുരക്കലും ഉടന്‍ അവസാനിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമം നടപ്പാക്കണമെന്നാണ് റിപ്പോര്‍ട്ട് ശക്തമായി ആവശ്യപ്പെടുന്നത്. ഇത് എപ്രകാരമാണ് വികസനത്തിനെതിരാകുന്നത്? ഖനനത്തിനായുള്ള പുതിയ ലൈസന്‍സ് സോണ്‍ ഒന്നിലും രണ്ടിലും ക്വാറിംഗിനുള്ളവ സോണ്‍ ഒന്നിലും നല്‍കരുതെന്നും നിലവിലുള്ളവ 2016ഓടുകൂടി പ്രവര്‍ത്തനം നിര്‍ത്തണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ ഖനനം, സോണ്‍ ഒന്നിലും ക്വാറിംഗ് സോണ്‍ ഒന്നിലും രണ്ടിലും കര്‍ശനമായ ഉപാധികളോടെയും ജനകീയ മേല്‍നോട്ടത്തിലും ആകാമെന്നും റിപ്പോര്‍ട്ട് പറയുന്നു. പശ്ചിഘട്ടം പോലൊരു മേഖലയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ലക്കും ലഗാനുമില്ലാത്ത ഖനനവും പാറതുരക്കലും ഒരു വിധത്തിലും തുടര്‍ന്ന് അനുവദിക്കാനാവില്ല എന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. അതിന് കര്‍ശനമായ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട് എന്നത് ഈ മേഖലയിലെ ജനങ്ങളുടെ ആവശ്യമാണ്. ഗോവയിലെയും സിന്ധുദുര്‍ഗ്ഗിലെയും നമ്മുടെ സംസ്ഥാനത്തെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെയും ഭൂമിഘടന തന്നെ ഖനനവും ക്വാറിംഗും വഴി കീഴ്‌മേല്‍ മറിഞ്ഞുകഴിഞ്ഞു. ഈ പ്രദേശങ്ങളിലെ സാധാരണജനങ്ങള്‍ നിലനില്‍പ്പിനായി പാറതുരക്കലിനും ഖനനത്തിനുമെതിരായ ജനകീയപ്രക്ഷോഭത്തിലാണ്. പശ്ചിമഘട്ടമേഖലയിലെ ജനങ്ങളുടെ ശക്തമായ ഈ അഭിലാഷമാണ് ഗാഡ്ഗില്‍ കമ്മിറ്റി പ്രതിഫലിപ്പിക്കുന്നത്.

ഭൂമിയുടെ വിനിയോഗം, കൃഷി, മൃഗപരിപാലനം, ഭൂമിഘടനയുടെ സംരക്ഷണം എന്നിങ്ങനെ മുകളില്‍ സൂചിപ്പിച്ചവയില്‍ മാത്രമല്ല, ജലസ്രോതസ്സുകളുടെ പരിപാലനം, വനസംരക്ഷണം, വ്യവസായം, ഊര്‍ജ്ജോല്‍പ്പാദനം തുടങ്ങി മറ്റ് വിഷയങ്ങളിലും ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നത് പശ്ചിമഘട്ടമേഖലയിലെ കൃഷിയുടെയും മണ്ണിന്റെയും ആകെത്തുകയില്‍ ജനങ്ങളുടെയും നിലനില്‍പ്പിനുവേണ്ടിയുള്ള ശുപാര്‍ശകളാണ്. ഈ ശുപാര്‍ശകളിലോ നിരീക്ഷണങ്ങളിലോ ഏതെങ്കിലും വിധത്തിലുള്ള പോരായ്മകളും പാരധീനകളും കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവ പരിഹരിക്കാനുള്ള സുനിശ്ചിതമായ സാധ്യതയും ഒരു ശുപാര്‍ശയായിത്തന്നെ അവതരിപ്പിക്കുന്നുണ്ട് ഗാഡ്ഗില്‍ കമ്മിറ്റി. വന്‍തോതിലുള്ള ജനകീയചര്‍ച്ചകളും പരിശോധനകളും നടത്തി, കൃത്യവും ശാസ്ത്രീയവുമായ ഒരു പദ്ധതി വിവിധതലങ്ങളില്‍ രൂപപ്പെടുത്തിക്കൊണ്ടുവേണം പശ്ചിമഘട്ടസംരക്ഷണത്തിനായി നടപടികള്‍ കൈക്കൊള്ളേണ്ടത് എന്ന് റിപ്പോര്‍ട്ട് പലവട്ടം ആവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു ചര്‍ച്ചയ്ക്കുള്ള രേഖയെന്ന നിലയിലാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. പശ്ചിമഘട്ട സംരക്ഷണത്തിനായി ജനങ്ങളുടെ പങ്കാളിത്തത്തോടെ പശ്ചിമഘട്ട ആവാസവ്യവസ്ഥ അതോറിറ്റി, അതിന് താഴെ സംസ്ഥാന പശ്ചിമഘട്ട ആവാസവ്യവസ്ഥ അതോറിറ്റി, വീണ്ടും ജില്ലാതലത്തില്‍ പശ്ചിമഘട്ട ആവാസവ്യവസ്ഥ കമ്മിറ്റി എന്നിവയുടെ രൂപീകരണവും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

സ്വകാര്യമൂലധനശക്തികളുടെ ഇംഗിതങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചത്തുവരാതിരിക്കുന്നതിനുവേണ്ടി പരിശ്രമിച്ചിരുന്നു. കോടതി ഇടപെലോടെ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് വന്നതോടെ അതിനെ ഇല്ലാതാക്കുക അല്ലെങ്കില്‍ ദുര്‍ബ്ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നീങ്ങാന്‍ തുടങ്ങി. അങ്ങിനെ ഖനനമാഫിയയുടെയും വന്‍കിടഭൂകയ്യേറ്റക്കാരുടെയും നീചമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ സമഗ്രമായി പരിശോധിച്ചുകൊണ്ട്, അതിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാനായി തുടര്‍നടപടികള്‍ നിര്‍ദ്ദേശിക്കാനാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചതെങ്കിലും ഫലത്തില്‍ അത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുഴിച്ചുമൂടുകയാണ് ചെയ്തത്. പശ്ചിമഘട്ടത്തിന്റെ 37 ശതമാനം പ്രദേശത്തിന് മാത്രമേ പരിസ്ഥിതി പ്രാധാന്യമുള്ളൂ എന്നും പരിസ്ഥിതി സംരക്ഷണത്തിനായുള്ള ചില നിയന്ത്രണങ്ങള്‍ അവിടെ മാത്രം നടപ്പാക്കിയാല്‍ മതിയെന്നുമാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം. ഈ മേഖലയില്‍ സുതാര്യതയോടെ വനഭൂമി, വനേതരാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രയോഗികമല്ലെന്നും ഈ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കസ്തൂരിരംഗന്‍ ഒരു തവണപോലും മാധവ് ഗാഡ്ഗിലിനെ കാണാന്‍ തയ്യാറായില്ല. ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം എത്ര ജനാധിപത്യപരമായിരുന്നെന്ന് ഇത് വെളിവാക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞുകൊണ്ട് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക എന്ന ഡിമാന്റാണ് ജനങ്ങള്‍ ഉയര്‍ത്തേണ്ടത്.
കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യാര്‍ത്ഥം കര്‍ഷകരെ മുച്ചൂടും തകര്‍ക്കുന്ന നയങ്ങള്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആവിഷ്‌കരിക്കുന്ന പ്രസ്ഥാനങ്ങളാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെയുള്ള സമരത്തിന്റെ നേതൃത്വത്തിലുള്ളത്. കര്‍ഷകദ്രോഹത്തിന്റെ മാത്രം ചരിത്രമുള്ള ഇക്കൂട്ടര്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ കാട്ടുന്ന കര്‍ഷകപ്രേമം തികഞ്ഞ കാപട്യമാണെന്ന്, വഞ്ചനയാണെന്ന് പാവപ്പെട്ട കര്‍ഷകര്‍ തിരിച്ചറിയണം. പശ്ചിമഘട്ടമേഖലയുടെ നിലനില്‍പ്പിനായി, കൃഷിയുടെ സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം. അത്തരമൊരു ഡിമാന്റാണ് ഏറ്റവും ശരിയും ദീര്‍ഘവീക്ഷണത്തോടെയുള്ളതും ന്യായവുമായത്.

മാധവ് ഗാഡ്ഗിലിന്റെ താഴെക്കൊടുത്തിരിക്കുന്ന പ്രതികരണത്തില്‍, റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ട്.

ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. അവ നടപ്പാക്കേണ്ടത് ജനാധിപത്യപരമായ മാര്‍ഗ്ഗത്തിലൂടെയാണ്. ഞങ്ങളുടെ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് അവാസ്തവിക കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സംഘടിതമായ ശ്രമങ്ങള്‍ നടന്നുവരുന്നുമാധവ് ഗാഡ്ഗില്‍. കോട്ടയം എം.ജി യൂണിവേഴ്‌സിറ്റിയില്‍ 2013 നവംബര്‍ 6-ന് നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കവെ) ദ ഹിന്ദു, 2013, നവംബര്‍ 7

Share this post

scroll to top