യൂണിവേഴ്‌സിറ്റി കോളേജ്: ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി വിളിച്ചുചേർത്ത യോഗം വിദ്യാർത്ഥിസംഘടനകൾ ബഹിഷ്‌ക്കരിച്ചു

aleena.jpg
Share

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ വിളിച്ചുചേർത്തയോഗത്തിൽ യൂണിവഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് പുറത്തുവന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുവാൻ വിസമ്മതിച്ചതിനെ തുടർന്ന് എഐഡിഎസ്ഒ ബഹിഷ്‌ക്കരിച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പ്രാഥമികമായ തെളിവായി സ്വീകരിച്ചുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുക, യൂണിവേഴ്‌സിറ്റി കോളേജിലെ ജനാധിപത്യലംഘനങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, വിദ്യാർത്ഥിനിക്ക് നേരെ ആത്മഹത്യശ്രമത്തിന് ചുമത്തിയിരിക്കുന്ന കേസ് പിൻവലിക്കുക, വിദ്യാർത്ഥിനിയുടെ തുടർപഠനത്തിന് സാഹചര്യമൊരുക്കുക എന്നീ ആവശ്യങ്ങൾ എഐഡിഎസ്ഒ ഉന്നയിച്ചെങ്കിലും പ്രസ്തുത വിഷയങ്ങൾ ചർച്ച ചെയ്യുവാൻ മന്ത്രി തയ്യാറായില്ല. മാത്രമല്ല, ഒന്നരമണിക്കൂർ യാത്ര ചെയ്യേണ്ടതുകൊണ്ടാണ് പെൺകുട്ടി ടിസിക്ക് അപേക്ഷിച്ചതെന്ന നിരുത്തരവാദപരമായ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. ഈ വിഷയം ഇവിടെ ചർച്ച ചെയ്യേണ്ടതില്ലെന്ന എസ്എഫ്‌ഐ പ്രതിനിധിയുടെ വാദത്തെ മന്ത്രി അംഗീകരിക്കുകയും ചെയ്തു. ഈ നിലപാടുകളിൽ പ്രതിഷേധിച്ച് എഐഡിഎസ്ഒ പ്രതിനിധികൾ ചർച്ച ബഹിഷ്‌ക്കരിച്ചു. കെഎസ്‌യു, എംഎസ്എഫ് എന്നീ സംഘടനകളും ചർച്ച ബഹിഷ്‌ക്കരിച്ചു.
സ്വകാര്യസർവ്വകലാശാലകളുടെ കടന്നുവരവിന് അനുരോധമായ വിധത്തിൽ കൂടുതൽ കോളേജുകൾക്ക് സ്വയംഭരണം നൽകണമെന്ന നിലപാടിലും അതിനുള്ള നിയമങ്ങൾ ലഘൂകരിക്കണമെന്നുമുള്ള മന്ത്രിയുടെ സമീപനത്തിലും എഐഡിഎസ്ഒ പ്രതിഷേധിച്ചു. റൂസ പ്രോജക്ടിന്റെ നടത്തിപ്പ് നിർത്തിവെയ്ക്കണമെന്നും കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകരുതെന്നും നിലവിൽ കോളേജുകൾക്ക് നൽകിയിരിക്കുന്ന സ്വയംഭരണ പദവി കൂടി പിൻവലിച്ചുകൊണ്ട് സർവകലാശാലകളെ സംരക്ഷിക്കണമെന്നും എഐഡിഎസ്ഒ ആവശ്യപ്പെട്ടു. ഗവേഷണമേഖലയിലെയും, കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെയും, പാരലൽ വിദ്യാഭ്യാസരംഗത്തെയും വിഷയങ്ങളും ചർച്ചയിൽ ഉന്നയിച്ചു. മുൻകൂട്ടി അജണ്ട അറിയിക്കാതെ വിദ്യാർത്ഥിസംഘടനകളുടെ യോഗം വിളിച്ചുചേർത്തതിലും ശക്തമായ വിമർശനമുണ്ടായി.
കലാലയങ്ങളിലെ ജനാധിപത്യ അന്തരീക്ഷവും വിദ്യാർത്ഥികളുടെ മനുഷ്യാവകാശങ്ങളും സംരക്ഷിക്കുക, ഓട്ടോണമസ് കോളേജ് സമ്പ്രദായം അവസാനിപ്പിക്കുക എന്നീ ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട് സമരം ശക്തമാക്കുമെന്നും എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.ഷൈജു, എസ്.അലീന എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Share this post

scroll to top