മഹാനായ അയ്യന്‍കാളി സംഘഗാനങ്ങള്‍ വിദ്യാധരന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്‌തു

അയ്യന്‍കാളി നയിച്ച കാര്‍ഷിക പണിമുടക്കത്തിന്റെ ശതാബ്‌ദി ആചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ മഹാനായ അയ്യന്‍കാളി സംഘഗാനങ്ങള്‍ പ്രശസ്‌ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്‌തു. ചാവക്കാട്‌ ബ്ലാങ്ങാട്‌ കേന്ദ്രമായി കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ജനകീയ സംഗീത സഭയും അയ്യന്‍കാളി നയിച്ച കാര്‍ഷികപണിമുടക്കത്തിന്റെ ശതാബ്‌ദി ആചരണ തൃശൂര്‍ ജില്ലാ കമ്മിറ്റിയും ചേര്‍ന്നാണ്‌ സി.ഡി പ്രകാശന പരിപാടി സംഘടിപ്പിച്ചത്‌. ശ്രീനാരായണ ഗുരുവിനെപ്പോലെ തന്നെ മനുഷ്യ സ്‌നേഹവും സമത്വ സങ്കല്‍പ്പങ്ങളും ഉയര്‍ത്തിപ്പിടിച്ച മഹത്‌ വ്യക്തിയായിരുന്നു മഹാത്മ അയ്യന്‍കാളിയെന്ന്‌ അദ്ദേഹം പറഞ്ഞു. മികവുറ്റ വരികളാണ്‌ അയ്യന്‍കാളിയെക്കുറിച്ചുള്ള സംഘഗാനങ്ങളിലുള്ളതെന്ന്‌ വിദ്യാധരന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. അയ്യന്‍കാളി സംഘഗാനങ്ങള്‍ ഒരുക്കിയ ടി.കെ സുധീര്‍കുമാര്‍, സിബി ഇറക്കത്തില്‍, ബിറ്റോ ജേക്കബ്‌, സന്തോഷ്‌ കെ.വി, സുജആന്റണി തുടങ്ങിയവരെ ജനകീയ സംഗീത സഭ പ്രസിഡന്റ്‌ കെ.കെ ബാലന്‍ ഇരട്ടപ്പുഴ പൂച്ചെണ്ടുകള്‍ നല്‍കി അനുമോദിച്ചു.
കര്‍മ്മംകൊണ്ട്‌ പ്രത്യയശാസ്‌ത്രം സൃഷ്‌ടിച്ച യുഗപ്രഭാവന്മാരാണ്‌ ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയുമെന്ന്‌ സംഗീത നിരൂപകന്‍ ജയകൃഷ്‌ണന്‍ പറഞ്ഞു. ലോകത്തിലുണ്ടായ ഏറ്റവും മഹത്തായ ഒക്‌ടോബര്‍ വിപ്ലവം നടക്കുന്നതിന്‌ വളരെമുമ്പ്‌ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ നടന്ന വളരെ വലിയ വിപ്ലവമായിരുന്നു കാര്‍ഷിക സമരം. മഹാനായ അയ്യന്‍കാളി നയിച്ച ആ കാര്‍ഷിക പണിമുടക്കത്തിന്റെയും നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും സന്ദേശം എല്ലായിടങ്ങളിലും നാം കൊണ്ടെത്തിക്കേണ്ടതുണ്ട്‌. നവോത്ഥാന പരിപാലനത്തിന്‌ പകരം ഇന്നു നടക്കുന്നത്‌ പുനരുത്ഥാനമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
അയ്യന്‍കാളി ആചരണ ജില്ലാ സമിതി ഉപദേശക സമിതിയംഗം പ്രൊഫ: കെ.ബി. ഉണ്ണിത്താന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ സുധീര്‍കുമാര്‍, മുസ്‌തഫ പാടൂര്‍, ശംഭുരീശന്‍, ഉണ്ണി ആര്‍ട്‌സ്‌, എം.എസ്‌ ബാബു, ഡോ. പി.എസ്‌. ബാബു, ഒ.കെ. ഗോപി, ജില്ലാ ആചരണ സമിതി കണ്‍വീനര്‍ എം.പ്രദീപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.ആര്‍ ഉണ്ണികൃഷ്‌ണന്‍ സ്വാഗതവും സംഗീത സഭ സെക്രട്ടറി സി.വി പ്രേംരാജ്‌ നന്ദിയും പറഞ്ഞു.

Share this