കുത്തകമൂലധനത്തിന്റെ കാര്യസ്ഥന്മാരായി ബിജെപി; ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചുമതല മറന്ന് സിപിഐ(എം)

download.jpg
Share

‘ഈരാജ്യത്ത് എന്താണ് സംഭവിക്കുന്നത്?’ മനുഷ്യത്വമുള്ള ഏതൊരു പൗരന്റെയും മനസ്സിൽ ഉയരുന്ന ഈ ചോദ്യമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉന്നാവോ കേസ് പരിഗണിക്കവെ ഉന്നയിച്ചത്. മാനവ മൂല്യങ്ങൾ, നീതിബോധം, മനുഷ്യാവകാശങ്ങൾ, അവ സംരക്ഷിക്കുന്ന നിയമങ്ങൾ ഇവയൊക്കെ ഇനിയും ഈ നാട്ടിൽ നിലവിലുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്ന വാർത്തകളുമായാണ് ഓരോ ദിവസവും പുലരുന്നത്. ചില കാര്യങ്ങൾ അപരാധങ്ങളാണെന്ന് ഒരുകൂട്ടർ നിശ്ചയിക്കുന്നു. അവ ആരോപിച്ച് മനുഷ്യരൂപമുള്ള പേക്കൂട്ടങ്ങൾ നിസ്സഹായരായ പാവങ്ങളെ വളഞ്ഞിട്ട് തല്ലി കൊല്ലുന്നു. ഒറ്റപ്പെട്ട സംഭവങ്ങളല്ല; ഒരിടത്ത് ഒതുങ്ങുന്നതുമല്ല അവ.

ഇതേതരം ആക്രമണമനോഭാവത്തോടെയാണ് നാട്ടിൽ നിലവിലുണ്ടായിരുന്ന പരിമിതമായ തൊഴിലവകാശങ്ങളെയും ജനാധിപത്യ അവകാശങ്ങളെയും വകവരുത്തുന്നത്. സകലവിധ കൃത്രിമങ്ങളും ഇടപെടലും നടത്തി, പണവും അധികാരവും പേശീബലവും മാധ്യമ പിന്തുണയും ഉപയോഗിച്ച് വീണ്ടും അധികാരത്തിലെത്തിയതോടെ ജനാധിപത്യക്രമത്തിന്റെ വിലക്കുകളെ മറികടക്കാൻ ആരംഭിച്ചിരിക്കുകയാണ് മോദി സർക്കാർ.

ഇന്ത്യൻ ജനത ചോരയും വിയർപ്പും സമ്പത്തും നൽകി കെട്ടിപ്പടുത്ത ജനങ്ങളുടെ പൊതുസമ്പാദ്യമായ റെയിൽവേയുടെ സർവീസുകൾ സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യപടിയായി തെരഞ്ഞെടുത്ത റൂട്ടുകൾക്ക് ടെൻഡർ വിളിച്ചു കൊണ്ടാണ് മോദിയുടെ രണ്ടാംവരവിന് വെടിപൊട്ടിച്ചത്. 17 ലക്ഷം തൊഴിലാളികൾ ഉണ്ടായിരുന്ന, ലോകത്തിലെതന്നെ ഏറ്റവും വലിയ തൊഴിൽ ദാതാവായിരുന്ന റെയിൽവേയുടെ പല സേവനങ്ങളും ഇതിനോടകം സ്വകാര്യവൽക്കരിച്ചുകഴിഞ്ഞു. റെയിൽവേക്കുള്ള പ്രത്യേക ബജറ്റ് അവസാനിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾക്കുവേണ്ടി പൊതു ഫണ്ട് കൂടുതൽ ചെലവഴിച്ചും തൊഴിലാളികളുടെ എണ്ണം വൻതോതിൽ വെട്ടിക്കുറച്ചും പ്രീമിയം തത്ക്കാൽ പോലുള്ള വൻ കൊള്ളനിരക്കുകൾ ഏർപ്പെടുത്തിയും റെയിൽവേ സ്വകാര്യ കുത്തകകൾക്ക് കൈമാറുന്നതിന് മുൻപുള്ള കളമൊരുക്കൽ ഇതിനോടകം നടത്തിയിട്ടുണ്ട്.

3 ലക്ഷം തൊഴിലാളികളെക്കൂടി നിർബന്ധപൂർവ്വം പിരിച്ചുവിടാനുള്ള തീരുമാനമെടുത്തുകഴിഞ്ഞു. അതുകൂടി നടപ്പിലാക്കിക്കഴിയുമ്പോൾ 7 ലക്ഷം തൊഴിൽകൂടി ഇല്ലാതാകും. കൃഷി തകർന്ന് ജീവിതം മുടിഞ്ഞ ദരിദ്രഗ്രാമീണർ നഗരങ്ങളിൽ തൊഴിൽ തേടാൻ ആശ്രയിക്കുന്ന റെയിൽ വണ്ടികൾ സ്വകാര്യവൽക്കരിക്കപ്പെടുന്നതോടെ അവന്റെ ജീവിതമാർഗങ്ങൾ കൊട്ടിയടക്കപ്പെടും. കടത്തുകൂലി നിയന്ത്രണങ്ങൾ എടുത്തുമാറ്റപ്പെടുന്നതോടെ ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ളവക്ക് വൻതോതിൽ വില വർദ്ധിക്കും. ടിക്കറ്റ് ചാർജ് 40 ശതമാനം സബ്‌സിഡി ആണെന്നും അത് ഉപേക്ഷിക്കണമെന്നുമുള്ള ക്യാമ്പയിൻ വരാൻപോകുന്ന ചാർജ് വർദ്ധനവിന് മുന്നൊരുക്കമാണ്. രാജ്യത്തിന് സംഭവിക്കാൻ പോകുന്ന വലിയൊരു വിപത്തായിമാറും റെയിൽവേയുടെ സ്വകാര്യവൽക്കരണം.
20,000 കോടി രൂപയുടെ നീക്കിയിരിപ്പ് പിടിച്ചെടുത്തും ഫോർ ജി സ്‌പെക്ട്രം അനുവദിക്കാതെയും മറ്റനവധി നടപടികളിലൂടെയും സർക്കാർ ബിഎസ്എൻഎല്ലിനെ കഴുത്തുഞെരിച്ച് മൃതപ്രായത്തിൽ എത്തിച്ചു. റിലയൻസിനെ വളർത്താനായി മാത്രം തകർക്കപ്പെട്ട ആ പ്രധാന പൊതുമേഖലാ സ്ഥാപനത്തിലെ 50000 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു. ശമ്പളം പോലും ഇന്ന് പ്രതിസന്ധിയിലാണ്. എയർഇന്ത്യയുടെ അന്ത്യം കുറിക്കാനുള്ള ചുമതല അമിത് ഷാ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ കാര്യശേഷി സംശയാതീതമാണ്. വൻലാഭം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നവരത്‌ന കമ്പനിയായ എൻടിപിസി(നാഷണൽ തെർമൽ പവർ കോർപ്പറേഷൻ)യുടെ ഭൂരിഭാഗം ഓഹരികളും വിറ്റഴിക്കാൻ തീരുമാനിച്ചുകഴിഞ്ഞു.

കൊച്ചിൻ റിഫൈനറിയുടെയും വിമാനത്താവളങ്ങളുടെയും മറ്റു പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും മരണ വാറണ്ട് പുറപ്പെടുവിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവയുടെ വിൽപ്പനയിലൂടെ ഈ വർഷം തന്നെ ഒരു ലക്ഷത്തി അയ്യായിരം കോടി രൂപയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതായത്, ഏറ്റവും കുറഞ്ഞത് 10 ലക്ഷം കോടി രൂപയെങ്കിലുംവരുന്ന പൊതുസ്വത്ത് വൻകിട കോർപ്പറേറ്റുകളുടെ കൈയിലെത്തുമെന്ന് സാരം. ഈ സ്ഥാപനങ്ങൾ വർഷംതോറും സർക്കാരിന് നൽകിക്കൊണ്ടിരുന്ന വരുമാനവും പൊതുജനങ്ങൾക്കുള്ള സേവനവും അവിടെ പ്രവർത്തിച്ചുവന്ന തൊഴിലാളികളിൽ വലിയൊരു വിഭാഗത്തിന് തൊഴിലും നഷ്ടപ്പെടുമെന്നർത്ഥം.

55 ശതമാനം പേർ എതിർത്ത് വോട്ട് ചെയ്‌തെങ്കിലും ലോക്‌സഭയിൽ 353 സീറ്റുകൾ നേടി അധികാരത്തിലെത്തിയതോടെ എന്തും ചെയ്യാനുള്ള ലൈസൻസ് കിട്ടിയ പോലെയാണ് മോദി സർക്കാർ മുന്നേറുന്നത്. വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും മെരുക്കിയെടുക്കപ്പെടാൻ തയ്യാറുള്ള, ആവശ്യാനുസരണം വാക്കൗട്ട് നടത്തി കളമൊഴിഞ്ഞു കൊടുക്കാൻ മടിയില്ലാത്ത അംഗങ്ങളുള്ള രാജ്യസഭയും കൂടെയായപ്പോൾ ഏത് നിയമവും പാസ്സാക്കാമെന്ന അവസ്ഥവന്നു. എല്ലാ കീഴ്‌വഴക്കങ്ങളും ചർച്ചകളും പാർലമെന്ററി കമ്മറ്റികളുടെ പരിശോധനകളും ഒഴിവാക്കപ്പെടുകയാണ്. ഒരുതരം കാർപെറ്റ് ബോംബിങ് ആണ് പാർലമെന്റിൽ നടക്കുന്നത്. ഒരു മുതലാളിത്തഭരണകൂടം പാർലമെന്റിലൂടെ ബൂർഷ്വാസിയുടെ താല്പര്യങ്ങൾ സ്വേച്ഛാപരമായി നടപ്പിലാക്കുന്നതാണ് നാം കാണുന്നത്.
ഇന്ത്യയിലും ലോകമെങ്ങുമുള്ള തൊഴിലാളികൾ ചോരയും ജീവനും നൽകിയുള്ള പോരാട്ടത്തിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങളടങ്ങിയ നിയമങ്ങളാണ് ഭരണഘടനാവിരുദ്ധമായി ഒരു ബജറ്റ് പ്രസംഗത്തിലൂടെ കവർന്നെടുത്തത്. അതനുസരിച്ചുള്ള ലേബർ കോഡ് ഭേദഗതി ബില്ലുകൾ പാർലമെൻറിൽ അവതരിപ്പിച്ചിരിക്കുന്നു. തൊഴിൽസമയം 14 മണിക്കൂറാക്കി. കിരാതമായ തൊഴിൽ ചൂഷണത്തിന് ഇത് വഴിവയ്ക്കും. മിനിമം വേതനം 4,625 രൂപയാക്കി കുറച്ചു. തന്റെ അദ്ധ്വാനം തുടർന്നുകൊണ്ടുപോകാനും അടുത്ത തലമുറ തൊഴിലാളികളെ വാർത്തെടുക്കാനും പരിഷ്‌കൃത കുടുംബജീവിതത്തിനുമുള്ള ഏറ്റവും ചുരുങ്ങിയ വേതനമാണ് മിനിമം വേതനം എന്ന് പറയുന്നത്.
ഇന്ത്യൻ ലേബർ കോൺഫറൻസ് അംഗീകരിച്ച തത്വത്തിന്റെ അടിസ്ഥാനത്തിലുള്ള മിനിമം വേതനം ഇന്ത്യയിൽ ഒരു സർക്കാരും സ്ഥാപനങ്ങളും ഇപ്പോഴും നൽകുന്നില്ല. ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണം 2016-ൽ 18000 രൂപയാണ് മിനിമം വേതനം ആയി നിർദ്ദേശിച്ചത്. ആ സ്ഥാനത്താണ് 14 മണിക്കൂർ അധ്വാനിക്കുന്ന ഒരു തൊഴിലാളിക്ക് പിച്ചക്കാശായ 4,625 രൂപ നിശ്ചയിക്കുന്നത്. അതിലും മെച്ചപ്പെട്ട മിനിമം വേതനം ലഭിച്ചുകൊണ്ടിരിക്കുന്ന കോടിക്കണക്കിന് തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാൻ ഇത് ഇടയാക്കും വിശ്രമമില്ലാതെ 14 മണിക്കൂർ പണിയെടുക്കാൻ നിർബന്ധിതമാക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും. ചിക്കാഗോയിലെ തൊഴിലാളികൾ 8 മണിക്കൂർ തൊഴിൽ സമയത്തിനായി ജീവൻ നൽകിയത് 1886-ലാണ്. അതിനുമുമ്പുള്ള പ്രാകൃതയുഗത്തിലേക്കാണ് ഇന്ത്യൻ ഭരണാധികാരികൾ രാജ്യത്തെ നയിക്കുന്നത്.

ബിജെപി സർക്കാർ എത്രമാത്രം ക്രൂരമായി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് വിവരാവകാശ നിയമത്തെ പൊടുന്നനവെ ഭേദഗതി ചെയ്തത്. വിവരാവകാശ കമ്മീഷനെ ഒരു നോക്കുകുത്തിയാക്കി മാറ്റാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ ഭേദഗതി. നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത പോലുള്ള ‘രാജ്യസുരക്ഷ’യെ ബാധിക്കുന്ന വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴേ വിവരാവകാശ നിയമത്തിന് എതിരെയുള്ള വാൾ ഉറയിൽനിന്ന് ഊരിയതാണ്. ഭരണവൃന്ദവും നിക്ഷിപ്ത താൽപര്യക്കാരുമായുള്ള അവിഹിതബന്ധങ്ങൾ ഇനി ഈ നിയമത്തിലൂടെ പുറത്തുവരില്ല എന്ന് ഉറപ്പിക്കാം.
രാജ്യത്തെ ഏതൊരു പൗരനെയും തീവ്രവാദി എന്ന് ആരോപിച്ച് സാധാരണ നീതി പരിരക്ഷകൾ ഒന്നും കൂടാതെ തടങ്കലിലാക്കാൻ ഭരണസംവിധാനത്തിന് അധികാരം നൽകുന്ന യുഎപിഎ നിയമം കൂടുതൽ കർക്കശമാക്കാനുള്ള ഭേദഗതിയും ലോക്‌സഭ പാസാക്കി. നിലവിലുള്ള നിയമത്തിലുള്ള പരിമിതമായ മനുഷ്യാവകാശങ്ങൾപോലും പുതിയ ഭേദഗതിയിൽ എടുത്തുകളയപ്പെട്ടു. ഇതേ സ്വഭാവത്തിലുള്ളതാണ് എൻഐഎ(നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) നിയമഭേദഗതി.

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളികൾക്കെതിരെ ബ്രിട്ടീഷ് ഗവണ്മെന്റ് കൊണ്ടുവന്ന കരിനിയമങ്ങളുടെ ചുവടുപിടിച്ചുള്ളതാണ് ഈ രണ്ടു നിയമങ്ങളും. നിരപരാധികളെ കുറ്റവാളികളാക്കി ചിത്രീകരിച്ച് തടവിലാക്കിയ എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുൻപിലുണ്ട്. ദേശീയ പൗരത്വ നിയമം ഇന്ത്യയിലാകെ ബാധകമാക്കും എന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അസമിലെ 40 ലക്ഷം പൗരന്മാരെ വിദേശികൾ എന്ന് മുദ്രകുത്തി കഴിഞ്ഞു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികൻ അടക്കമുള്ളവരെ വിദേശിയെന്ന് മുദ്രകുത്തി തടവറയിൽ അടച്ചത് നാം കേട്ടു. ചരിത്രപരമായ ആവശ്യകതയിൽനിന്ന് രൂപം കൊണ്ട, കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പ് എടുത്തുകളയാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ.
നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള പരിമിതമായ മേന്മകൾപോലും അപ്പാടെ തുടച്ചു നീക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. യുജിസിയെ പോലുള്ള സംവിധാനങ്ങളെ അട്ടിമറിച്ചും നിലവിലുള്ള അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ കണികപോലും ഇല്ലാതാക്കിയും ഹിന്ദുത്വ അജണ്ട വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കാനുള്ള പരിശ്രമമാണതിൽ. പരിപൂർണമായ വാണിജ്യവൽക്കരണവും സ്വകാര്യവൽക്കരണവും ആണ് ലക്ഷ്യം വയ്ക്കുന്നത്. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ കോർപ്പറേറ്റ് മൂലധനത്തിന്റെ സംരക്ഷകരും കാര്യസ്ഥരും എന്ന നിലയിലാണ് അധികാരത്തിൽ അവരോധിതരായിരിക്കുന്ന മോദി ഗവൺമെന്റ് ഈ നീക്കങ്ങളെല്ലാം നടത്തുന്നത്.

ജനരോഷത്തെ ഭയന്ന് മുൻ കോൺഗ്രസ് സർക്കാർ നടപ്പാക്കാൻ മടിച്ചുനിന്ന പല മുതലാളിത്താനുകൂല നടപടികളും ഒന്നാം മോദി ഗവൺമെൻറ് സ്വീകരിച്ചു. അതിന്റെയൊക്കെ ഫലമായി ഇന്ത്യൻ കുത്തകകൾ കരുത്താർജ്ജിച്ചു. മറുവശത്ത് പാപ്പരാക്കപ്പെടുന്ന സാധാരണക്കാരുടെ എണ്ണം അമ്പരപ്പിക്കുന്ന വേഗതയിലാണ് വർദ്ധിക്കുന്നത്. രാജ്യത്തെ 73 ശതമാനം വരുന്ന സമ്പത്ത് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈയിലെത്തി. അംബാനിയുടെ മാത്രം സമ്പത്ത് മൂന്നുമാസം കൂടുമ്പോൾ 10,000 കോടി രൂപ എന്ന നിലയിൽ വർധിച്ചുകൊണ്ടിരിക്കുന്നു. തുറമുഖങ്ങളും വിമാനത്താവളങ്ങളും എണ്ണ ഉൽപാദനവും ഇൻഷുറൻസും തുടങ്ങി ഭക്ഷ്യധാന്യ ഉൽപ്പാദന വിപണനംവരെ സകല മേഖലകളിലും കൈയ്യടക്കിക്കൊണ്ട് അദാനി, അംബാനി തുടങ്ങിയ ഒരുപിടി കുത്തകകൾ നാടിന്റെ സാമ്പത്തിക രംഗമാകെ വരുതിയിലാക്കിയിരിക്കുന്നു. ഇതുവരെ ജനങ്ങളുടെ സ്വത്തായിരുന്ന സ്ഥാപനങ്ങൾ രായ്ക്കുരാമാനം ഇക്കൂട്ടരുടെ കൈകളിൽ എത്തിച്ചേർന്നിരിക്കുന്നു. പടക്കോപ്പ് നിർമ്മാണം അടക്കമുള്ള സൈനിക രംഗത്തും അവർ എത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള മൂലധന കേന്ദ്രീകരണം വഴി ഇന്ത്യൻ കുത്തകകൾ വൻതോതിൽ നിക്ഷേപ മൂലധനം കയറ്റുമതി ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യൻ മുതലാളി വർഗത്തിന്റെ സാമ്രാജ്യത്വ സ്വഭാവം കൂടുതൽ പ്രകടമായിരിക്കുകയാണിന്ന്. ആയുധ കമ്പോളമടക്കം അന്തർദേശീയ കമ്പോളത്തിലെ ശക്തരായ മത്സരക്കാരായി അവർ മാറിയിരിക്കുന്നു.
കാർഷികരംഗമുൾപ്പെടെ കോടാനുകോടി മനുഷ്യർ ജീവനോപാധികൾ കണ്ടെത്തിയിരുന്ന മേഖലകൾ കുത്തകകളുടെ താൽപര്യാർത്ഥം ആവിഷ്‌കരിക്കുന്ന ആഗോളവൽക്കരണ നയങ്ങൾമൂലം തകർന്നടിഞ്ഞിരിക്കുകയാണ്. സർക്കാർ നയങ്ങൾ കാർഷിക ഉത്പാദന ചെലവ് വർദ്ധിപ്പിച്ചു. വില തകർച്ച കർഷകരെ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് തള്ളിവിടുകയാണ്. കടുത്ത വരൾച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും മുന്നിൽ അവർ പകച്ചുനിൽക്കുന്നു. കർഷക ആത്മഹത്യകൾ വർദ്ധിക്കുകയാണ്. കർഷകരെ സഹായിക്കാനെന്ന പേരിൽ കൊണ്ടുവന്ന ഇൻഷുറൻസ് പദ്ധതി വൻ തട്ടിപ്പ് ആയിമാറി. ഇൻഷുറൻസ് കമ്പനികൾക്ക് ലാഭമടിക്കാനുള്ള ഏർപ്പാട് മാത്രമാണത്. പണിയെടുക്കാൻ ആരോഗ്യം അവശേഷിക്കുന്ന ദരിദ്ര കർഷകരും കർഷകത്തൊഴിലാളികളും കൊടിയ ദാരിദ്ര്യം കാരണം പണി അന്വേഷിച്ച് നഗരങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ഇന്ത്യൻ നഗരങ്ങളിലെല്ലാം തൊഴിൽ തേടിയെത്തുന്ന ഇത്തരം വൻ സംഘങ്ങൾ നിറഞ്ഞിരിക്കുകയാണ്. ദീർഘദൂര ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിൽ ബഹുഭൂരിപക്ഷവും ഇത്തരം തൊഴിലന്വേഷകരാണ്.

തൊഴിലന്വേഷകരുടെ കണക്കുകൾ ഹൃദയഭേദകമാണ് എന്നതിനാൽ ആ കണക്കുകൾ പുറത്തുവരുന്നതുപോലും സർക്കാർ ഭയക്കുന്നു. ഉറപ്പുള്ള ഒരു തൊഴിൽ നേടുക എന്നത് ഒരു ജീവന്മരണ പോരാട്ടമായി മാറിയിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതി തുടരാനാവില്ല എന്ന് സൂചനയും നൽകപ്പെട്ടുകഴിഞ്ഞു. കുത്തകകൾ ശക്തിപ്പെട്ടുവരുന്നതിനൊത്ത് ചെറുകിട വ്യാപാരവും ചെറുകിട ഉല്പാദനവും അതുവഴിയുണ്ടാകുന്ന സാമ്പത്തികവളർച്ചയും തകരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച ആഘാതവും ഇന്ത്യൻ ജനതയുടെ നല്ലൊരു വിഭാഗത്തിന്റെ സാമ്പത്തിക ജീവിതം എന്നെന്നേക്കുമായി തകർത്തുകളഞ്ഞു. വളർച്ച കൈവരിക്കാത്ത ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സഹായിക്കുന്നത് നിർത്തും എന്ന സൂചന സർക്കാർ നൽകിയിട്ടുണ്ട്. മോദി സർക്കാരിന്റെ രണ്ടാംവരവിന് ശേഷമുള്ള എല്ലാ സാമ്പത്തിക സൂചികകളും താഴോട്ടാണ്. ഭക്ഷ്യ സാധനങ്ങൾക്ക് വൻവിലക്കയറ്റമാണ്. പണപ്പെരുപ്പവും കൂടുന്നു. ഇത് ഇടത്തരക്കാരുടെ വരുമാനത്തിൽ ഉണ്ടാക്കിയ വൻഇടിവിന്റെ സൂചനയായി ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ ഇടിവുണ്ടായി. കാറിന്റെ വിൽപ്പനയിലാകട്ടെ 25 ശതമാനമാണ് കുറവ്.
സാധാരണക്കാരുടെ ഉപഭോഗ വസ്തുക്കൾ നിർമിക്കുന്ന സകല മേഖലകളിലും ഡിമാൻഡ് കുറഞ്ഞതിനാൽ ഉൽപ്പാദനശേഷി കുറയ്ക്കുകയും ഫാക്ടറി അടച്ചുപൂട്ടുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്യുന്നു. ഇന്ധന വില്പനയിലെ കുറവും സാമ്പത്തിക ജീവിതത്തിലെ ശോഷണത്തെയാണ് കാണിക്കുന്നത്. ഓഹരി വിപണിയിലെ തകർച്ചകൾ തുടർക്കഥയാവുന്നു. ജിഡിപിയിൽ ഉണ്ടാകുന്ന താഴ്ച കള്ളക്കണക്കുകൊണ്ടൊന്നും മൂടിവയ്ക്കാനാവുന്നില്ല. ഇന്ത്യ ഭീതിതമായ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് പോകുന്നത്. ഏതാനുംചില കുത്തകകൾ തഴച്ചുവളരുമ്പോൾ വൻകിട കമ്പനികൾപോലും തകർന്നടിയുകയും മുതലാളിമാർ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യം എത്തുകയാണ്.
സാധാരണ ജനങ്ങളുടെ ജീവിത മാർഗ്ഗങ്ങൾ ഒന്നൊന്നായി കൊട്ടിയടക്കപ്പെടുന്നതിനുമാത്രം വഴിവയ്ക്കുന്ന ഭരണവർഗ നയങ്ങൾ വല്ലാത്തൊരു സാമൂഹ്യ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട് എന്നകാര്യം സർക്കാരിനും അവരെ നയിക്കുന്ന സംഘപരിവാറിനും നന്നായി അറിയാം. അത് സൃഷ്ടിക്കുന്ന പൊട്ടിത്തെറികളെ, ജനകീയ പ്രക്ഷോഭങ്ങളെ നേരിടാൻ സർക്കാരിന്റെ നിലവിലുള്ള അടിച്ചമർത്തൽ സംവിധാനങ്ങളൊന്നും മതിയാവാതെ വരുമെന്നും അവർക്കറിയാം. അതിനാൽതന്നെ മുതലാളിത്തം ഓരോ മനുഷ്യരുടെയും ജീവിതത്തിൽ വിനാശം വിതയ്ക്കുമ്പോൾ, സർക്കാരിനെതിരെയുള്ള സംഘടിതമായ ജനകീയ പ്രക്ഷോഭമായി അത് വളരാനുള്ള സാധ്യത തടയുകയെന്നത് അവരുടെ ദൗത്യം ആയി കരുതുന്നു. അതിനാലാണവർ മുതലാളിത്ത ചൂഷണത്തിന് ഇരകളായ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള സകല സാധ്യതകളെയും ഉപയോഗപ്പെടുത്തി പരസ്പരവൈരം വളർത്തുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ജനാധിപത്യ വിപ്ലവ കടമകൾ പൂർത്തീകരിക്കപ്പെടാത്തതിനാൽ സമൂഹത്തിൽ അവശേഷിച്ച മതബോധത്തെയും ജന്മിത്ത സാംസ്‌കാരിക അവശിഷ്ടങ്ങളെയും ജനങ്ങളെ ഭിന്നിപ്പിക്കാൻ അവർ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഭൂരിപക്ഷ മതത്തിന് പുറത്തുള്ള മതങ്ങളോട് മാത്രമല്ല, ഭൂരിപക്ഷത്തിനകത്തുള്ള അധഃസ്ഥിതർക്കെതിരെയും തിരിയുന്നത് ഇതുകൊണ്ടാണ്. പശുവിന്റെ പേരിലുള്ള വ്യാജ വാർത്ത കേട്ടാൽപോലും പ്രകോപിതരായി, സാധുമനുഷ്യരുടെ നിലവിളികളും ജീവന് വേണ്ടിയുള്ള യാചനകളും കണക്കിലെടുക്കാതെ അവരെ തല്ലിക്കൊല്ലാൻ വേണ്ടുന്ന മനോഘടന ഒരു വിഭാഗം ജനങ്ങളിലെങ്കിലും സൃഷ്ടിക്കുന്നതിൽ സംഘപരിവാർ വിജയിക്കുന്നു. മനുഷ്യത്വം ചോർത്തിക്കളയപ്പെടുന്ന ഇത്തരക്കാരുടെ സംഖ്യ കൂടുകയും സമൂഹത്തെയാകെ ഗ്രസിക്കുകയും ചെയ്യുമ്പോഴാണ് ഫാസിസത്തിന് സമ്പൂർണ ആധിപത്യം സ്ഥാപിക്കാൻ കഴിയുക. ഭൂരിപക്ഷ മതത്തിലുള്ള വരെ ഒഴിവാക്കി മുതലാളിത്തത്തിന് ഒരു സാമ്പത്തിക ചൂഷണനടപടികളും സ്വീകരിക്കാനാവില്ല. ഹിന്ദുക്കളെ ഒഴിവാക്കി ഒരു ഇന്ധന വില വർദ്ധനയും സർക്കാരിന് ചിന്തിക്കാൻ ആവില്ലല്ലോ. പക്ഷേ, വിദ്വേഷഭരിതമായ ഒരു സാഹചര്യത്തിൽ വിവിധ മതവിഭാഗത്തിലുള്ളവർ ഒത്തുചേർന്ന് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ഒരു യോജിച്ച പോരാട്ടം നടക്കില്ല. ഇതാണ് വർഗീയ വിദ്വേഷം ബോധപൂർവം ജനിപ്പിക്കുന്നതിന് പിന്നിലുള്ള യഥാർത്ഥലക്ഷ്യം എന്നത് മറക്കരുത്.
പശുവിന്റെ പേരിലും ജയ് ശ്രീറാം വിളിയുടെ പേരിലും തല്ലിക്കൊല്ലുന്നതും സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ കൊലവിളി നടത്തുന്നതുമെല്ലാം വർദ്ധിച്ചുവരുന്നത് ആശങ്കയോടെയും വേദനയോടെയും കാണുന്നവരാണ് ബഹുഭൂരിപക്ഷം ജനങ്ങളും. പക്ഷേ ഇവയ്‌ക്കെതിരെ ഉയർന്നുവരേണ്ടïപ്രതിഷേധങ്ങൾക്ക് സംഘടിതരൂപം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ആരാണിത് ചെയ്യേണ്ടത്? കോൺഗ്രസ് ആവിഷ്‌കരിച്ച കുത്തകാനുകൂല നയങ്ങൾ തന്നെയാണ് ബിജെപി സർക്കാർ വാശിയോടെ പിന്തുടരുന്നത്. അതിനാൽതന്നെ, മോദി സർക്കാരിനെതിരെ ദേശീയ തലത്തിൽ കോൺഗ്രസ് ജനങ്ങളുടെ ഭാഗത്തുനിന്ന് ആത്മാർത്ഥമായി നിലപാട് എടുക്കും എന്ന് കരുതുന്നത് വങ്കത്തരമാണ്. തന്നെയുമല്ല മോദിയുടെ രണ്ടാം വരവിൽ ജനങ്ങളുടെ മേലുള്ള ആക്രമണങ്ങളുടെ വേഗം കൂടിയിരിക്കുമ്പോൾ നാഥനില്ലാ പാർട്ടിയായി കളമൊഴിഞ്ഞു കൊടുത്തിരിക്കുകയാണ് അവർ.

ഈയൊരു സാഹചര്യത്തിൽ , അതിനിഷ്ഠുരമായ മുതലാളിത്ത കടന്നാക്രമണങ്ങൾക്കെതിരെ ഇടത്-ജനാധിപത്യ പ്രസ്ഥാനങ്ങളും സാമൂഹ്യ താൽപര്യം പേറുന്ന വ്യക്തികളും കഴിയുന്നത്ര വിശാലമായ ഐക്യം സൃഷ്ടിച്ചുകൊണ്ട് പൊരുതുക എന്നതാണ് ഇന്ത്യൻ സമൂഹമനസ് വ്യഗ്രതയോടെ ആവശ്യപ്പെടുന്നത്. ഇടത് എന്നവകാശപ്പെടുന്ന പാർട്ടികൾ അതിന് നേതൃത്വം നൽകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ ഇടതുഭരണം അവശേഷിക്കുന്ന കേരളത്തിൽ നാം കാണുന്നത് എന്താണ്? ബിജെപി സർക്കാർ പ്രദർശിപ്പിക്കുന്ന മുതലാളിത്ത നയങ്ങൾക്കെതിരായ, ജനപക്ഷത്തുനിന്നുകൊണ്ടുള്ള നയങ്ങൾ ആവിഷ്‌കരിച്ച് ദേശീയതലത്തിൽ മാതൃക കാണിക്കാവുന്ന ഭരണമാണോ ഇവർ കാഴ്ചവയ്ക്കുന്നത്? നേരെമറിച്ചാണ് കാര്യങ്ങളുടെ പോക്ക്. സംസ്ഥാനത്തെ കടക്കെണിയിൽ പെടുത്തുന്ന വിധത്തിൽ വൻതോതിൽ കടമെടുത്തു സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്താം എന്ന നയമാണ് അവർ പിന്തുടരുന്നത്. പ്രളയക്കെടുതിയുടെ പേരിൽ എല്ലാ ആഗോള സാമ്രാജ്യത്വ സാമ്പത്തിക ഏജൻസികളെയും വിളിച്ചുവരുത്തി കടമെടുത്ത് അവരുടെ നിബന്ധനകൾക്കൊത്ത് കേരളത്തിലെ സാമ്പത്തികരംഗത്തെ പരുവപ്പെടുത്തുകയാണവർ. ഇത്തരത്തിലുള്ള കടങ്ങൾ വഴി അടിച്ചേൽപ്പിക്കപ്പെട്ട വ്യവസ്ഥകൾപ്രകാരം വൈദ്യുതി, ഗതാഗതം, കുടിവെള്ളം തുടങ്ങിയമേഖലകൾ സമ്പൂർണ സ്വകാര്യവൽക്കരണത്തിന് മുന്നോടിയായുള്ള വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോവുകയാണ്.
അദാനിക്ക് വിഴിഞ്ഞം തുറമുഖം എഴുതി കൊടുത്തതുവഴി ആ പ്രദേശമാകെ കേരളത്തിന് നഷ്ടപ്പെട്ടതുപോലെയായി. തിരുവനന്തപുരം വിമാനത്താവളവും നിരവധി തുറമുഖങ്ങളും അദാനിയുടെ കൈയിലാകാൻ പോകുന്നു. സർക്കാർ ജീവനക്കാരുടെ സൗജന്യ ചികിത്സയും റീ-ഇമ്പേഴ്‌സ്‌മെൻറും നിർത്തലാക്കി പകരം മെഡിസെപ്പ് എന്ന ഇൻഷുറൻസ് തട്ടിപ്പ് പദ്ധതി അംബാനിയെ ഏൽപ്പിച്ചു. അതുപോലെ സംസ്ഥാന സർക്കാർ നേരിട്ട് നടപ്പിലാക്കിയിരുന്ന പല സേവന സംവിധാനങ്ങളും റിലയൻസിനെ ഏൽപ്പിച്ചു വരികയുമാണ്.
ചുങ്കപ്പാതകൾക്കായി കേരള സർക്കാർ വലിയ വാശിയോടെയാണ് പരിശ്രമിക്കുന്നത്. പാതയോരങ്ങളിൽ താമസിച്ച് ജീവിതമാർഗം കണ്ടെത്തുന്ന ലക്ഷങ്ങളെ കുടിയിറക്കിയിട്ടായാലും വേണ്ടില്ല എന്ന മട്ടിലാണ് സർക്കാർ നീങ്ങുന്നത്. മദ്യം-ലോട്ടറി-ചൂതാട്ടം, കൊള്ള നിരക്കിലുള്ള നികുതികൾ എന്നീ അധാർമിക വരുമാനങ്ങളും പിന്നെ മുച്ചൂടും മുടിഞ്ഞു പോകുന്ന വിധത്തിൽ കടമെടുപ്പും. ഇതാണ് വരുമാന സ്രോതസ്സുകൾ. നാടിനെ തകർത്തു കൊണ്ടിരിക്കുന്ന ജിഎസ്ടിയുടെ പുറത്ത് ഒരു ശതമാനം അധിക വർദ്ധനവും ഏർപ്പെടുത്തിയിരിക്കുന്നു. കൂടാതെ സകല സർക്കാർ സേവനങ്ങളുടെയും നിരക്കും കൂട്ടി. ഭീമമായ തോതിൽ വൈദ്യുതി നിരക്കും വർദ്ധിപ്പിച്ചു.

ഭരണകൂടത്തിന്റെ ക്രൗര്യം വെളിപ്പെടുത്തുംവിധം പോലീസ് അതിക്രമങ്ങൾ വർദ്ധിക്കവെതന്നെ പോലീസിന് മജിസ്റ്റീരിയൽ അധികാരങ്ങൾ നൽകാൻ ശ്രമിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുന്നുവെന്ന് മാത്രമല്ല, സിപിഐ(എം)തന്നെ അതു നടപ്പിലാക്കുകയും ചെയ്യുന്നു. കാർഷികമേഖല തകർന്നടിയുകയാണ്. വിലയിടിഞ്ഞും കടമെടുത്തും മുടിഞ്ഞ കർഷകരുടെ ആത്മഹത്യകൾ വീണ്ടും സംഭവിക്കുന്നു. തീരദേശത്തെ പ്രശ്‌നങ്ങൾ എണ്ണിയാലൊടുങ്ങില്ല. നിരവധി പ്രശ്‌നങ്ങളാൽ മത്സ്യത്തൊഴിലാളികൾക്ക് ജീവിതമാർഗ്ഗം ഇല്ലാതാകുന്നു. കടലെടുത്തും തീരസംരക്ഷണത്തിന്റെപേരിലും അവരെ കുടിയൊഴിപ്പിക്കുന്നു. ഹാരിസണെപോലെയുള്ള വൻകിടഭൂമി കൈയേറ്റക്കാരുടെ ഭാഗത്താണ് സർക്കാർ നിലകൊള്ളുന്നത്. കിടപ്പാടത്തിനു വേണ്ടി നിരവധി ഭൂസമരങ്ങൾ നടക്കുമ്പോഴാണിത്.
അസംഘടിതരുടെ, ദുർബ്ബലരുടെ, പ്രബല കക്ഷികൾ കൈയൊഴിഞ്ഞവരുടെ നിരവധി സമരങ്ങളാണ് കേരളത്തിൽ നടക്കുന്നത്. വിദ്യാഭ്യാസ വായ്പയെടുത്ത് മുടിഞ്ഞവരുടെ, ഭീകരമായ ചൂഷണം അനുഭവിക്കുന്ന നഴ്‌സുമാരുടെ, സ്വകാര്യ സ്‌കൂൾ അദ്ധ്യാപകരുടെ, പിരിച്ചുവിടപ്പെട്ട കെഎസ്ആർടിസി കണ്ടക്ടർമാരുടെ, ഡ്രൈവർമാരുടെ, ആശാവർക്കർമാരുടെ സമരങ്ങൾ. വീറോടെയാണ് അവർ പൊരുതുന്നത്. കാരണം അളമുട്ടിയവരുടെ സമരങ്ങളാണവ. പ്രബല പാർട്ടികൾ കൈയൊഴിഞ്ഞ ഈ സമരങ്ങളോടൊപ്പം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) രംഗത്തുണ്ട്.
ഒരുവശത്ത് മോദി സർക്കാർ ജനങ്ങൾക്കെതിരെ നഗ്‌നമായ ആക്രമണം അഴിച്ചുവിടുമ്പോൾ അതിന് ബദലായ നയങ്ങളിലൂടെ ജനങ്ങളുടെ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകുന്നതിന് ബാധ്യതപ്പെട്ടവർ ഇത്തരത്തിലുള്ള ഭരണമാണോ കാഴ്ചവയ്‌ക്കേണ്ടത്? സംഘപരിവാർ ഉയർത്തുന്ന അക്രമാസക്തമായ ഹിന്ദുത്വ അജണ്ടക്കെതിരെ കേരളത്തിന്റെ സാംസ്‌കാരിക ശക്തിയെ നയിക്കേണ്ടവർ സ്വയം ആക്രമണങ്ങൾക്ക് നേതൃത്വം നൽകുകയും എതിർ ശബ്ദങ്ങളെ അടിച്ചമർത്തുകയും ചെയ്താലോ? തികച്ചും ജനാധിപത്യ വിരുദ്ധമായ, ഇടതുപക്ഷ വിരുദ്ധമായ ഇത്തരം ചെയ്തികൾ കേരളത്തിന്റെ വലതുവൽക്കരണത്തെ ത്വരിതപ്പെടുത്തിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.

സംഘപരിവാർ ഉയർത്തുന്ന പിന്തിരിപ്പൻ ദർശനത്തെ സ്വീകരിക്കാൻ മനസ്സില്ലാത്ത, ഇടതുപക്ഷബോധമുള്ള ധാരാളംപേർ നിവൃത്തികേടുകൊണ്ട് അവരുടെ ചേരിയിൽ ചെന്ന് ചേർന്നിട്ടുണ്ട്. പുരോഗമന-സാംസ്‌കാരിക മേഖലയിലെ തികഞ്ഞ പാപ്പരത്തം കാരണം എത്ര പിന്തിരിപ്പൻ ആശയങ്ങളെയും ഏറ്റുവാങ്ങാൻ പാകമായ മാനസികാവസ്ഥ സ്വന്തം അണികളിലും അവർ സൃഷ്ടിച്ചിട്ടുണ്ട്. എസ്എഫ്‌ഐയിലൂടെയും ഡിവൈഎഫ്‌ഐയിലൂടെയും കടന്നുവരുന്ന ചെറുപ്പക്കാർ തികഞ്ഞ ജനാധിപത്യവിരുദ്ധ സംസ്‌കാരമാണ് ആർജ്ജിക്കുന്നത്. ചിലപ്പോൾ പ്രകടനപരതയോടെ അവതരിപ്പിക്കുന്ന നവോത്ഥാന-പുരോഗമന ജാഡകൾക്ക് സമൂഹത്തിൽ യാതൊരു ചലനവും സൃഷ്ടിക്കാനാവുന്നില്ല എന്ന് മാത്രമല്ല വിപരീത ഫലങ്ങളാണ് ഉളവാക്കുന്നത്. തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി കിട്ടിയപ്പോഴാണ് ഇനി ജനങ്ങളുടെ അടുത്തേക്ക് പോയിക്കളയാം എന്ന് തീരുമാനമെടുത്തത്. ‘സർക്കാരിന്റെ നന്മ ബോധ്യപ്പെടുത്തുന്നതിൽ സംഭവിച്ച പരാജയംകൊണ്ടാണ് തെരഞ്ഞെടുപ്പിൽ തോറ്റത്’ എന്നാണ് ജനസമ്പർക്ക പരിപാടിയിലൂടെ അവർക്ക് ബോധ്യപ്പെട്ടത്. വമ്പിച്ച തിരിച്ചടിയിൽനിന്നുപോലും ശരിയായ പാഠങ്ങൾ പഠിക്കാൻ ഈ പ്രസ്ഥാനത്തിന് ശേഷി നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാവുന്നത്. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിന്റെ അതിവേഗത്തിലുള്ള വലതു വൽക്കരണത്തിന് സിപിഐ(എം) വലിയ സംഭാവനകളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇടതുമുന്നണി സർക്കാരിന്റെ നയങ്ങൾ കേരളത്തിൽ ബിജെപി രാഷ്ട്രീയത്തെ ശക്തിപ്പെടുത്തും.

ഈ സാഹചര്യത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീഷണമായ കുത്തൊഴുക്കിനെ തടഞ്ഞു നിർത്താനും പുരോഗമന മുന്നേറ്റങ്ങൾക്ക് ശക്തി പകരാനും ആഗ്രഹിക്കുന്നവർ ചെയ്യേണ്ടതെന്താണ്? കേന്ദ്ര ബിജെപി സർക്കാരിന്റെ കിരാത നയങ്ങൾക്കെതിര ജനാധിപത്യ-മതേതര മൂല്യങ്ങൾ സംരക്ഷിക്കാനായി ഒരുമിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. ഭരണാധികാരം, ജനാഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നതും ന്യായമായ ജനാധിപത്യ സമരങ്ങളെ വിജയത്തിലെത്തിക്കാൻ സഹായിക്കുന്നതുമാക്കി മാറ്റിത്തീർത്തുകൊണ്ട് ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുവാൻ സിപിഐ(എം) നേതൃത്വത്തെ നിർബന്ധിക്കുന്ന തരത്തിൽ പ്രവർത്തകർ ഇടപെടണം. അങ്ങനെ ഇടതുരാഷ്ട്രീയത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള നിരന്തരവും സുദീർഘവുമായ സമരത്തിന് സിപിഐ(എം) അടക്കമുള്ള ഇടതു കക്ഷികൾ തയ്യാറാവണം. അതോടൊപ്പം പുരോഗമന-ജനാധിപത്യ വിശ്വാസമുള്ള വ്യക്തികളും സംഘടനകളും ഒന്നിച്ച്, ജാതി-മത-പരിഗണനകൾക്ക് അതീതമായ സമരശക്തി കെട്ടഴിച്ചുവിടാൻ ആകുമെങ്കിൽ ഫാസിസ്റ്റ് മുന്നേറ്റങ്ങളെ ചെറുത്ത് പരാജയപ്പെടുത്താനാവും. ഇത്തരം ഒരു ദൗത്യം ചുമലിലേറ്റിക്കൊണ്ട് മാർക്‌സിസം-ലെനിനിസം-സഖാവ് ശിബ്ദാസ് ഘോഷ് ചിന്ത നൽകുന്ന വെളിച്ചത്തിൽ അനിവാര്യമായ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പാതയിലൂടെ, അതെത്ര പ്രയാസകരമാണെങ്കിലും നിലവിലുള്ള കരാളമായ വ്യവസ്ഥിതിയുടെ ചൂഷണമനുഭവിക്കുന്ന ജനങ്ങളെ അണിനിരത്തി അടരാടി മുന്നേറുന്ന കാര്യത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പ്രതിജ്ഞാബദ്ധമാണ്.

Share this post

scroll to top